Follow Us On

29

March

2024

Friday

ഗ്ലാസ്‌ഗോ സമ്മിറ്റ്: ലോക നേതൃത്വത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

ഗ്ലാസ്‌ഗോ സമ്മിറ്റ്: ലോക നേതൃത്വത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ഭൂമിയുടെ കാര്യസ്ഥർ എന്ന നിലയിൽ ദൈവം ഭരപ്പെടുത്തിയ കടമകൾ ഉത്തരവാദിത്വത്തോടെ നിറവേറ്റാനും അന്താരാഷ്ട്ര സമൂഹത്തെ നയിക്കാൻ നിയുക്തരായവർക്കുവേണ്ടി പ്രാർത്ഥിക്കാനും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. കാലാവസ്ഥാ വ്യത്യയാനവുമായി ബന്ധപ്പെട്ട് സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌കോയിൽ ‘COP26’ സമ്മിറ്റ് നടക്കുന്ന പശ്ചാത്തലത്തിൽ, സ്‌കോട്ടിഷ് കത്തോലിക്കർക്ക് അയച്ച കത്തിലാണ് പാപ്പയുടെ ആഹ്വാനം.

‘കാലാവസ്ഥയുമായി ബന്ധപ്പെട്ട ഗുരുതര വെല്ലുവിളികൾക്കു മുന്നിൽ, ഇപ്പോഴത്തെയും വരാനിരിക്കുന്നതുമായ തലമുറകളെക്കുറിച്ചുള്ള ഉത്തരവാദിത്വത്താൽ പ്രചോദിതരായി ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാനാവശ്യമായ ജ്ഞാനത്തിന്റെയും ശക്തിയുടെയും ദൈവീകദാനങ്ങൾ അന്താരാഷ്ട്ര സമൂഹത്തെ നയിക്കുന്നവർക്ക് ലഭിക്കാൻവേണ്ടി പ്രാർത്ഥിക്കാം,’ പാപ്പ ആഹ്വാനം ചെയ്തു.

സമ്മിറ്റിൽ പങ്കെടുക്കാനും സ്‌കോട്‌ലൻഡിലെ സഹോദരങ്ങൾക്കൊപ്പം സമയം ചെലവിടാനും താൻ ആഗ്രഹിച്ചെങ്കിലും അതിന് സാധിക്കാത്തതിലുള്ള ഖേദം അറിയിച്ചുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. ഭൂമി എന്നത്, കൃഷി ചെയ്യാനുള്ള പൂന്തോട്ടമായും മനുഷ്യകുടുംബത്തിന് പൊതുഭവനമായും ദൈവം നൽകിയതാണ്. ഭൂമിയുടെ കാര്യസ്ഥർ എന്ന നിലയിൽ മാത്രമല്ല, മറ്റുള്ളവരോട് ഉത്തരവാദിത്വമുള്ളവരെന്ന നിലയിലുമാവണം നമ്മുടെ പ്രവൃത്തികൾ.

നമുക്ക് ലഭിച്ചിരിക്കുന്ന സമയം അവസാനിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ പരിപാലനത്തിനായി ദൈവം നമ്മെ ഏൽപ്പിച്ച ഈ ഭൂമിയുടെ കാര്യസ്ഥർ എന്ന നിലയിൽ നാം പരാജയപ്പെട്ട് ദൈവത്തിന്റെ ന്യായവിധിയെ നേരിടാതിരിക്കാൻ ഇപ്പോൾ നമുക്ക് ലഭിച്ചിരിക്കുന്ന അവസരം വിനിയോഗിക്കണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.

കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പേപ്പൽ നിയോഗങ്ങൾക്കായി സ്‌കോട്ടിഷ് കത്തോലിക്കർ പ്രാർത്ഥിക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. പാപ്പയുടെ സ്ഥാനീക ദൈവാലയമായ ലാറ്ററൻ ബസിലിക്കയുടെ പ്രതിഷ്ഠാ തിരുനാളിൽതന്നെ (നവംബർ ഒൻപത്) സ്‌കോട്ടിഷ് കത്തോലിക്കരെ അഭിസംബോധന ചെയ്യാൻ ലഭിച്ച അവസരത്തെപ്രതിയും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

‘നിങ്ങളെ ഓരോരുത്തരെയും ഞാൻ ഹൃദയത്തിൽനിന്ന് അഭിവാദ്യം ചെയ്യുന്നു. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ചെറുപ്പക്കാർക്കും പ്രായമായവർക്കും രോഗികൾക്കും മഹാമാരിയുടെ വിഷമതകൾ അനുഭവിക്കുന്നവർക്കും വേണ്ടിയുള്ള എന്റെ പ്രാർത്ഥനകൾ ഞാൻ ഉറപ്പ് നൽകുന്നു.’ തനിക്കുവേണ്ടിയും സഹോദര ബിഷപ്പുമാർക്കുവേണ്ടിയും പ്രാർത്ഥിക്കണമെന്നും പാപ്പ ഓർമിപ്പിച്ചു. ഓക്‌ടോബർ 31ന് ആരംഭിച്ച ‘COP26’ന് ഇന്ന് (നവംബർ 12) സമാപനമാകും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?