Follow Us On

25

January

2022

Tuesday

കമ്മ്യൂണിസ്റ്റ് ഭരണകൂടം അറസ്റ്റ് ചെയ്ത ചൈനീസ് ബിഷപ്പ് മോചിതനായി; ദൈവത്തിന് നന്ദി പറഞ്ഞ് വിശ്വാസീസമൂഹം

കമ്മ്യൂണിസ്റ്റ് ഭരണകൂടം അറസ്റ്റ് ചെയ്ത ചൈനീസ് ബിഷപ്പ് മോചിതനായി; ദൈവത്തിന് നന്ദി പറഞ്ഞ് വിശ്വാസീസമൂഹം

ബെയ്ജിംഗ്: ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്ത ബിഷപ്പ് പീറ്റർ ഷാവോ ചുമിൻ ദിനങ്ങൾക്കുശേഷം മോചിതനായെന്ന് റിപ്പോർട്ടുകൾ. അദ്ദേഹത്തെ എന്നാണ് വിട്ടയച്ചതെന്ന് വ്യക്തമല്ലെങ്കിലും ബിഷപ്പ് താമസസ്ഥലത്ത് സുരക്ഷിതനായി തിരിച്ചെത്തിയെന്ന് പ്രദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ‘ഏഷ്യാ ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു. ഒക്‌ടോബർ 25ന് അറസ്റ്റ് ചെയ്യപ്പെട്ട ബിഷപ്പ് ഷാവോയുടെ സുരക്ഷിതമോചനത്തെപ്രതി വിശ്വാസീസമൂഹം ദൈവത്തിന് നന്ദി അർപ്പിക്കുകയാണെന്നും വാർത്താ ഏജൻസി വ്യക്തമാക്കുന്നു.

ഭരണകൂട നിയന്ത്രണത്തിലുള്ള സഭ (പാട്രിയേട്ടിക് ചർച്ച്), വത്തിക്കാനെ അംഗീകരിക്കുന്ന സഭ (അണ്ടർഗ്രൗണ്ട് ചർച്ച്) എന്നീ നിലയിലാണ് ചൈനയിൽ സഭയുടെ പ്രവർത്തനം. വത്തിക്കാനെ അംഗീകരിക്കുന്ന ബിഷപ്പ് ഷുമിൻ ഇത് ആറാം തവണയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഭരണകൂട നിയന്ത്രണത്തിലുള്ള സഭയിൽ ചേരാൻ വിസമ്മതിച്ചതിന്റെ പേരിൽ 2018ലാണ് ഇതിനുമുമ്പ് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. 2017ലും ഏതാനും ആഴ്ചകൾ അദ്ദേഹത്തെ വീട്ടുതടങ്കലിൽ അടച്ചിരുന്നു.

2011ൽ യോങ്ജിയ രൂപതയുടെ സഹായമെത്രാനായി നിയമിതനായ ബിഷപ്പ് ഷാവോ 2016ലാണ് വെൻചുവിലെ ബിഷപ്പായി ചുമതലയേറ്റത്. ഭരണകൂട നിയന്ത്രണത്തിലുള്ള സഭയിൽ ചേരാൻ നിരന്തരം ബ്രെയിൻ വാഷ് ചെയ്യപ്പെടുന്ന ബിഷപ്പുകൂടിയാണ് ഇദ്ദേഹം. തന്റെ കപ്പേളയിൽ വിശ്വാസികൾക്കുവേണ്ടി ദിവ്യബലി അർപ്പിച്ചതിന് നാളുകൾക്കുമുമ്പ് കമ്മ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തിന് 27,000 യൂറോ പിഴയിട്ടതും വാർത്തയായിരുന്നു. അദ്ദേഹത്തിന്റെ അനുയായികളായ മോൺ. ജിയ ഷാവോ, മോൺ. ഗുവോ ഷിൻ, മോൺ. ഷ്വാങ് തുടങ്ങിവരും ഭരണകൂട പീഡനത്തിന് ഇരയാകുന്നുണ്ട്.

പാട്രിയേട്ടിക് ചർച്ച്, അണ്ടർഗ്രൗണ്ട് ചർച്ച് എന്നീ നിലയിലുള്ള സഭയുടെ ഭിന്നിപ്പിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ ഭിന്നിപ്പ് അനുരഞ്ജനപ്പെടുത്തുന്നതിന്റെ ആദ്യപടിയെന്നോണം 2018ൽ ചൈനയും വത്തിക്കാനും തമ്മിൽ ഒപ്പുവെച്ച (സിനോ- വത്തിക്കാൻ) കരാർ ഇരു സഭകളുടെയും സഹകരണം ശക്തമാക്കുമെന്നായിരുന്നു വിലയിരുത്തൽ. രണ്ട് വർഷത്തിനുശേഷം 2020ൽ കരാർ രണ്ടു വർഷത്തേക്കുകൂടി പുതുക്കുകയും ചെയ്തു. പക്ഷേ, അണ്ടർഗ്രൗണ്ട് സഭയെ തകർക്കാനുള്ള ശ്രമം ഭരണകൂടം ഉപേക്ഷിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?