Follow Us On

19

April

2024

Friday

ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ഊർജമായി, ഇറാഖിലെ സഭയെ ശക്തീകരിക്കാൻ ഒരുങ്ങി ക്രിസ്ത്യൻ യുവത

ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ഊർജമായി, ഇറാഖിലെ സഭയെ ശക്തീകരിക്കാൻ ഒരുങ്ങി ക്രിസ്ത്യൻ യുവത

ബാഗ്ദാദ്: ഫ്രാൻസിസ് പാപ്പയുടെ ഐതിഹാസിക സന്ദർശനം പകർന്നു നൽകിയ ഊർജവുമായി, ക്രിസ്തുവിന്റെ സഭയെ ശക്തീകരിക്കാൻ ഒരുങ്ങി ഇറാഖിലെ ക്രിസ്ത്യൻ യുവത. ഇറാഖിലെ ഏറ്റവും വലിയ കത്തോലിക്കാ വിഭാഗമായ കൽദായ സഭയിലെ യുവജന സംഗമത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് തലസ്ഥാന നഗരിയായ ബാഗ്ദാദ്. നവംബർ 18മുതൽ 20വരെ നടക്കുന്ന സംഗമത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 400ൽപ്പരം യുവജനങ്ങൾ പങ്കെടുക്കും.

പേപ്പൽ പര്യടനത്തിന്റെ ഭാഗമായി, ബാഗ്ദാദിലെ സെന്റ് ജോസഫ് കൽദായ കത്തീഡ്രലിൽ ദിവ്യബലി അർപ്പിക്കവേ, ഫ്രാൻസിസ് പാപ്പ പറഞ്ഞ ‘ജീവിക്കുന്ന സഭയാണ് നിങ്ങൾ,’ എന്ന വാക്യമാണ് സംഗമത്തിന്റെ ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഐസിസ് അധിനിവേശത്തിൽനിന്ന് മുക്തമായെങ്കിലും സാമ്പത്തിക പ്രതിസന്ധികൾമൂലവും മറ്റും ക്രൈസ്തവ യുവജനങ്ങൾ ഇതര രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന സാഹചര്യത്തിൽ ഈ സംഗമത്തിന് വളരെ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തൽ.

ദിവ്യബലി അർപ്പണം ഉൾപ്പെടെയുള്ള ആത്മീയ ശുശ്രൂഷകൾക്കും ചർച്ചകൾക്കുമൊപ്പം കൽദായ പാത്രിയാർക്കീസ് ലൂയിസ് റാഫേൽ സാക്കോയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും സംഘടിപ്പിച്ചിട്ടുണ്ട്. ‘കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ വിശ്വസിക്കുന്നു’ എന്നതാണ് കർദിനാളുമായുള്ള കൂടിക്കാഴ്ചയുടെ ആപ്തവാക്യം. ഈശോയുമായുള്ള വ്യക്തിബന്ധം, മതബോധനത്തിന്റെ പ്രാധാന്യം, ബൈബിൾ പഠനത്തിന്റെ പ്രസക്തി എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി യുവജനങ്ങൾ അനുഭവങ്ങൾ പങ്കുവെക്കുന്ന സെഷനും സവിശേഷതയാകും. കത്തോലിക്കാസഭയിൽ തുടക്കം കുറിച്ച മെത്രാൻ സിനഡിനെ കുറിച്ചുള്ള പ്രതീക്ഷകളും യുവജനങ്ങൾ പങ്കുവെക്കും.

2021 മാർച്ച് അഞ്ചുമുതൽ എട്ടുവരെ പാപ്പ ഇറാഖിൽ നടത്തിയ പര്യടനം വലിയ ഊർജമാണ് ഇവിടത്തെ ക്രൈസ്തവർക്ക് പകർന്നിരിക്കുന്നത്. മതസ്വാതന്ത്ര്യവും സഹിഷ്ണുതയും ഉറപ്പാക്കാനും സഹവർത്തിത്വത്തോടെ എല്ലാ മതസ്ഥരും ജീവിക്കാനുമുള്ള ആഹ്വാനവുമായി പാപ്പ നടത്തിയ പര്യടനം മേഖലയിലെ സമാധാന ശ്രമങ്ങളിൽ നിർണായകമാകും. അതിലുപരി അവിടുത്തെ സഭയുടെ ശക്തീകരണത്തിനും സഹായകമാകും. അക്കാര്യം ശരിവെക്കുന്ന നിരവധി കാര്യപരിപാടികളിൽ ഏറ്റവും പുതിയതാണ് ഈ യുവജന സംഗമം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?