Follow Us On

25

January

2022

Tuesday

മൊസൂളിൽനിന്ന് വീണ്ടുമൊരു സദ്വാർത്ത; ഇസ്ലാമിക തീവ്രവാദികൾ തല്ലിത്തകർത്ത ദൈവാലയം കൂദാശയ്‌ക്കൊരുങ്ങുന്നു

മൊസൂളിൽനിന്ന് വീണ്ടുമൊരു സദ്വാർത്ത; ഇസ്ലാമിക തീവ്രവാദികൾ തല്ലിത്തകർത്ത ദൈവാലയം കൂദാശയ്‌ക്കൊരുങ്ങുന്നു

മൊസൂൾ: ഇറാഖീ ക്രൈസ്തവരെ പ്രതീക്ഷയുടെ പുതിയ ദിനങ്ങളിലേക്ക് വിളിച്ചുണർത്താൻ ദൈവാലയ മണിനാദം മുഴങ്ങിയതിന് പിന്നാലെ മൊസൂളിൽനിന്ന് വീണ്ടുമൊരു സദ്വാർത്ത: ഇസ്ലാമിക തീവ്രവാദികളായ ഐസിസുകാർ തകർത്ത സെന്റ് ജോർജ് മൊണാസ്ട്രി (മാർ ഗോർജിസ്) ദൈവാലയം കൂദാശയ്‌ക്കൊരുങ്ങുന്നു. 10-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഈ ദൈവാലയത്തിന് ഐസിസ് അധിനിവേശകാലത്ത് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ സാമ്പത്തിക പിന്തുണയോടെ പുനർമിച്ച ദൈവാലയം നവംബർ അവസാനത്തോടെ കൂദാശ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

‘ദ ഇറാഖ് ഹെറിറ്റേജ് സ്റ്റെബിലൈസേഷൻ പ്രോജക്ടി’ന്റെ (ഐ.എച്ച്.എസ്.പി) ഭാഗമായിട്ടായിരുന്നു ദൈവാലയ പുനർനിർമാണം. വടക്കൻ ഇറാഖിൽ ദൈവാലയങ്ങളും സ്മാരകങ്ങളും പുനരുദ്ധരിക്കാൻ അമേരിക്കയിലെ പെന്നിസിൽവാനിയ സർവകലാശാലയുടെ ഹെറിറ്റേജ് ആൻഡ് സിവിലൈസേഷൻ വിഭാഗം നടപ്പാക്കുന്ന സംരംഭമാണ് ‘ഐ.എച്ച്.എസ്.പി’. വിശുദ്ധ സെന്റ് ഓർമിസ്ദായുടെ നാമധേയത്തിലുള്ള കൽദായ സന്യാസ സമൂഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തനങ്ങൾ. പ്രാദേശിക തൊഴിലാളികളുടെയും പങ്കാളിത്തം പുനരുദ്ധാരണത്തിൽ ഉറപ്പാക്കിയതും ശ്രദ്ധേയമായി.

മൊസൂൾ നഗരകേന്ദ്രത്തിൽനിന്ന് 10 കിലോമീറ്റർ അകലെ മൊസൂൾ- ദോഹുക് റോഡിൽ ടൈഗ്രിസ് നദിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന മാർ ഗോർജിസ് ആശ്രമത്തിലെ പ്രധാന ദൈവാലയമാണിത് 2015ൽ ഐസിസുകാർ ദൈവാലയത്തിന്റെ മുഖപ്പും താഴികക്കുടങ്ങളും തല്ലിത്തകർക്കുകയായിരുന്നു. മേൽക്കൂരയിലും താഴികക്കുടങ്ങളിലും സ്ഥാപിച്ചിരുന്ന കുരിശുകൾ നീക്കം ചെയ്ത ഇവർ, സമീപത്തെ സെമിത്തേരിയിലും ആക്രമണം അഴിച്ചുവിട്ടു.

ഇറാൻ- ഇറാഖ് യുദ്ധത്തിൽ കൊല്ലപ്പെട്ട നിരവധി ക്രൈസ്തവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്തിരുന്ന സെമിത്തേരി തകർക്കുന്ന ദൃശ്യങ്ങൾ ആയിടെ പുറത്തുവന്നിരുന്നു. ആശ്രമം ജയിലറയാക്കി മാറ്റിയ അവർ, ഐസിസ് എതിരാളികളായ സുന്നി ഗോത്ര മുഖ്യൻമാരെയും ബാദുഷ് ജെയിലിൽ തടവിലായിരുന്ന മുൻ സുരക്ഷാസേനാ ഉൾപ്പെടെയുള്ളവരെയും ഇങ്ങോട്ട് മാറ്റുകയായിരുന്നു.

ഐസിസ് തീവ്രവാദികൾ തകർത്ത, മൊസൂളിലെ സെന്റ് തോമസ് ദൈവാലയത്തിലെ മണിനാദം ഇക്കഴിഞ്ഞ സെപ്തംബറിൽ പുനസ്ഥാപിച്ചത് വലിയ വാർത്തയായിരുന്നു. ഇറാഖിലെ ന്യൂനപക്ഷങ്ങളെ സഹായിക്കാൻ ‘ഫ്രറ്റേർണിറ്റി ഇൻ ഇറാഖ്’ എന്ന പേരിൽ സ്ഥാപിതമായ ഫ്രഞ്ച് സന്നദ്ധ സംഘടനയുടെ സാമ്പത്തിക സഹായത്തോടെയാണ് ദൈവാലയ മണി പുനരുദ്ധരിച്ചത്. പ്രതീക്ഷയുടെ ഊർജം പകരുന്ന ആ മണിമുഴക്കത്തിനൊപ്പം ഒരു ദൈവാലയംകൂടി തിരുക്കർമങ്ങൾക്കായി ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഇറാഖീ ക്രൈസ്തവർ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?