Follow Us On

29

November

2021

Monday

തിരുവചനമാകുന്ന പാറമേൽ നാം ജീവിതം കെട്ടിപ്പടുക്കണം; നിത്യതയിലേക്ക് നോക്കി തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും പാപ്പ

തിരുവചനമാകുന്ന പാറമേൽ നാം ജീവിതം കെട്ടിപ്പടുക്കണം; നിത്യതയിലേക്ക് നോക്കി തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും പാപ്പ

വത്തിക്കാൻ സിറ്റി: ക്രിസ്തുശിഷ്യർ ലൗകീകമായ കാര്യങ്ങളിലല്ല, മറിച്ച് തിരുവചനമാകുന്ന പാറമേൽ ജീവിതം കെട്ടിപ്പടുക്കണമെന്നും നിത്യതയിലേക്ക് നോക്കിക്കൊണ്ട് ജീവിത തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസ് പ്രാർത്ഥനയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ജീവിതം നാം എന്തിലാണ് നിക്ഷേപിക്കുന്നതെന്ന ചോദ്യം നിരന്തരം നമ്മോടുതന്നെ ഉന്നയിക്കണമെന്നും പാപ്പ ഓർമിപ്പിച്ചു.

‘ആകാശവും ഭൂമിയും കടന്നുപോകും. എന്നാൽ എന്റെ വാക്കുകൾ കടന്നുപോകുകയില്ല,’ എന്ന തിരുവചനഭാഗത്തെ ആസ്പദമാക്കിയായിരുന്നു പേപ്പൽ സന്ദേശം. ജീവിതം എവിടെ നിക്ഷേപിക്കുന്നതാണ് ഉചിതം എന്ന് ഈശോ ഈ തിരുവചനത്തിലൂടെ നമുക്ക് കാണിച്ചുതരുന്നു. നമ്മുടെ ഇന്ദ്രിയങ്ങൾക്ക്കീഴിലാവുകയും ഉടനടി സംതൃപ്തി നൽകുകയും ചെയ്യുന്ന കാര്യങ്ങളാകും നമ്മെ പലപ്പോഴും ആകർഷിക്കുക. കർത്താവിന്റെ വാക്കുകൾ മനോഹരമാണെങ്കിലും അത് ക്ഷമ ആവശ്യപ്പെടുന്നു.

നാം കാണുകയും സ്പർശിക്കുകയും ചെയ്യുന്നതിനെ മുറുകെ പിടിക്കാൻ നാം പ്രലോഭിതരാകും. അത് നമുക്ക് സുരക്ഷിതമാണെന്നും തോന്നും. അത് മാനുഷികമാണ്, അതാണ് പ്രലോഭനം. എന്നാൽ അത് ഒരു ചതിയാണ്. കാരണം, പ്രപഞ്ചത്തിലുള്ള സകലതും കടന്നുപോകും. പക്ഷേ, അവിടുത്തെ വചനംമാത്രം കടന്നുപോവില്ല. മണലിൽ ജീവിതം കെട്ടിപ്പടുക്കരുതെന്നാണ് ഇതിലൂടെ അവിടുന്ന് പറയുന്നത്. ഈശോയെ സംബന്ധിച്ചിടത്തോളം, തന്റെ വചനമാകുന്ന പാറമേൽ ജീവിതം കെട്ടിപ്പടുക്കുന്നവനാണ് യഥാർത്ഥ ശിഷ്യൻ. അതാണ് ഈശോ നമ്മിൽനിന്ന് ആഗ്രഹിക്കുന്നത്.

അതാണ് ജീവിതത്തിന്റെ അടിത്തറ, അത് കടന്നുപോകില്ല. ദൈവവചനത്തിന്റെ കേന്ദ്രം, തുടിക്കുന്ന ഹൃദയം എന്നത് ഉപവിയാണെന്ന് വിശുദ്ധ പൗലോസ് നമ്മോട് ഉദ്‌ബോധിപ്പിക്കുന്നു. അതെ, നന്മ ചെയ്യുന്നവൻ നിത്യതയ്ക്കായി മുതൽമുടക്കുന്നു. ഉദാരരും സേവനസന്നദ്ധരും സൗമ്യരും ക്ഷമാശീലരും അസൂയപ്പെടാത്തവരും വ്യർത്ഥഭാഷണത്തിലേർപ്പെടാത്തവരും ആത്മപ്രശംസ ചെയ്യാത്തവരും അഹങ്കാരമില്ലാത്തവരും അനാദരവ് കാണിക്കാത്തവരുമാണ് ഭൂമിയിൽ സ്വർഗം പണിയുന്നത്.

ഒരുപക്ഷേ അവർക്ക് ദൃശ്യപരത ഇല്ലായിരിക്കാം, അവർ ജീവിതത്തിൽ സ്ഥാനമാനങ്ങൾ പിടിച്ചടക്കില്ലായിരിക്കാം, അവർ വാർത്തകളിൽ ഇടം നേടില്ലായിരിക്കാം, എന്നിരുന്നാലും അവർ ചെയ്യുന്നത് വൃഥാവിലാകില്ല. കാരണം, നന്മ എന്നേക്കും നിലനിൽക്കും. അതിനാൽ, ജീവിതത്തെ ദൈവവചനത്തിൽ ഉറപ്പിക്കണം. അതുപോലെ, നിത്യതയിലേക്ക്, യേശുവിനെ നോക്കിക്കൊണ്ടാവണം നമ്മുടെ തീരുമാനങ്ങൾ. ഒരുപക്ഷേ, അത് എളുപ്പമുള്ള കാര്യമല്ല, പെട്ടെന്നെടുക്കാൻ സാധിക്കുന്നതുമല്ല. എന്നാൽ, അതുമാത്രമായിരിക്കും ഉറപ്പുള്ള വഴിയെന്നും പാപ്പ കൂട്ടിച്ചേർത്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?