Follow Us On

29

March

2024

Friday

സോഷ്യല്‍ മീഡിയകളില്‍ എന്താണ് സംഭവിക്കുന്നത്?

സോഷ്യല്‍ മീഡിയകളില്‍  എന്താണ് സംഭവിക്കുന്നത്?

സോഷ്യല്‍ മീഡിയകളെ വലിയ പ്രതീക്ഷകളോടെയായിരുന്നു ലോകം ഒരു കാലത്ത് കണ്ടിരുന്നത്. സാധാരണക്കാരുടെ ശബ്ദവും പ്രശ്‌നങ്ങളും അധികാരികളുടെയും സമൂഹത്തിന്റെയും ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന വേദി ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു സമൂഹം. സോഷ്യല്‍ മീഡിയകളുടെ ഇടപെടലുകളിലൂടെ അനേകം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. നിയമനിര്‍മാണങ്ങളില്‍നിന്നുപോലും ഗവണ്‍മെന്റുകള്‍ക്ക് പിന്‍വലിയേണ്ടതായി വന്നിട്ടുണ്ട്. മാധ്യമങ്ങള്‍ മനഃപൂര്‍വം കണ്ടില്ലെന്നു നടിക്കുന്ന വാര്‍ത്തകളും ഒതുക്കുന്ന വാര്‍ത്തകളുമൊക്കെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ സോഷ്യല്‍ മീഡിയകള്‍ക്ക് കഴിയുമെന്നൊരു തോന്നല്‍ സമൂഹത്തിന് ഉണ്ടായി. മാധ്യമങ്ങള്‍ മുഖംതിരിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളുടെ ഇടപെടലുകള്‍കൊണ്ട് മാധ്യമങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടിവന്ന സംഭവങ്ങളും നിരവധിയാണ്. സോഷ്യല്‍ മീഡിയകളെ അധികാരികള്‍ ഭീതിയോടെ കണ്ടിരുന്ന കാലം ഉണ്ടായിരുന്നു. സ്വന്തം അഭിപ്രായം നിര്‍ഭയമായി പ്രകടിപ്പിക്കാന്‍ കഴിയുന്ന ഇടമായി സോഷ്യല്‍ മീഡിയകള്‍ വളരെ വേഗം വളര്‍ന്നു. എന്നാല്‍ അത്തരമൊരു സ്വാതന്ത്ര്യം സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ നിലനില്ക്കുന്നുണ്ടോ?

ശത്രുക്കളെ വകവരുത്തുന്ന യുദ്ധക്കളമായി സോഷ്യല്‍ മീഡിയകള്‍ മാറുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ദിവസങ്ങള്‍ക്കുമുമ്പ് നടത്തിയ ഒരു നിരീക്ഷണം ഏറെ ശ്രദ്ധേയമായിരുന്നു. 36-മത ലോക യുവജനദിനാഘോഷത്തിന് നല്‍കിയ സന്ദേശത്തിലായിരുന്നു മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയകളുടെ ഇപ്പോഴത്തെ അവസ്ഥ മാര്‍പാപ്പയുടെ വാക്കുകളില്‍ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. എതിരാളികളെ കായികമായി നേരിടുന്നതിനായി ക്വട്ടേഷന്‍ നല്‍കുന്നതിനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. കാലംചെന്നപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ അതിനു സമാനമായ രീതിയിലേക്ക് കാര്യങ്ങള്‍ മാറി. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം പ്രകടിപ്പിക്കുന്നവരെ മറഞ്ഞിരുന്ന് സംഘടിതമായി ആക്രമിക്കുന്ന ശൈലി രൂപപ്പെട്ടിരിക്കുന്നു. നിര്‍ഭയമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയുന്ന വേദി ലഭിച്ചല്ലോ എന്നാശ്വസിച്ചവര്‍ക്ക് അതു വെറും ആഗ്രഹമായി ചുരുങ്ങിയിരിക്കുന്നു.

അഭിപ്രായം പറഞ്ഞതിന്റെയും വിയോജിപ്പ് രേഖപ്പെടുത്തിയതിന്റെയും പേരില്‍ എത്രയോ ആളുകളാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരകളായത്. രാഷ്ട്രീയ നേതാക്കന്മാര്‍ മുതല്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരെ ഇത്തരം ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. വളരെ മോശമായ ഭാഷയും പദപ്രയോഗങ്ങളുമൊക്കയാണ് അവിടെ ഉയോഗിക്കുന്നത്. വ്യാജ പ്രൊഫൈലുകളില്‍നിന്നായിരിക്കും ഇത്തരം ചീത്തവിളികള്‍ ഉയരുന്നത്. ഇരുട്ടിന്റെ മറവില്‍ ഒളിഞ്ഞിരുന്ന് ആക്രമിക്കുന്നതിന്റെ മറ്റൊരു പതിപ്പ്. സാമൂഹിക- രാഷ്ടീയ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നത് വിസ്മരിക്കപ്പെടുന്നു. വ്യക്തികളെയോ സംഘടനകളെയോ തമ്മില്‍ തല്ലിക്കുന്നതിന് സോഷ്യല്‍ മീഡിയകളെ കൗശലപൂര്‍വം ഉപയോഗിക്കുന്നവരുണ്ട്. രണ്ടുപക്ഷത്തും നില്ക്കുന്നവര്‍ ചിലപ്പോഴെങ്കിലും ഒരേ ആളുകളായിരിക്കും. അവരുടെ ലക്ഷ്യം തമ്മിലടിപ്പിച്ച് അതില്‍നിന്നുള്ള മുതലെടുപ്പാണ്.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് ഗവണ്‍മെന്റ് ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ കേട്ടിരുന്നു. എന്നാല്‍, അധികം മുമ്പോട്ടുപോയില്ല. കാരണം, വ്യാജ അക്കൗണ്ടുകളെ ഉപയോഗപ്പെടുത്തുന്നതില്‍ മുമ്പില്‍നില്ക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ്. പഴയകാലങ്ങളില്‍ എതിര്‍ പാര്‍ട്ടികളില്‍പ്പെട്ടവര്‍ക്ക് എതിരെ ഊമക്കത്തുകളും പേരില്ലാത്ത നോട്ടീസുകളുമൊക്കെ അടിച്ച് രാത്രിയുടെ മറവില്‍ രഹസ്യമായി വിതരണം ചെയ്തിരുന്നു. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കാലങ്ങളില്‍. എന്നാല്‍ ആ സ്ഥാനം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് സോഷ്യല്‍ മീഡികളാണ്. നോട്ടീസിന് പരിമിതികള്‍ ഉണ്ടായിരുന്നു. അതു വളരെ കുറച്ചു സ്ഥലത്തേ എത്തൂ. എന്നാല്‍ സോഷ്യല്‍ മീഡിയകള്‍വഴി ലോകം മുഴുവന്‍ എത്തിക്കാനാകും. പലരുടെയും രാഷ്ട്രീയ വളര്‍ച്ചയെ ഇല്ലാതാക്കാന്‍ ഇതു ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയകളെ വിദ്വേഷ പ്രചാരണത്തിനും സംഘടിതമായ ആക്രമണങ്ങള്‍ക്കും ഉപയോഗിക്കുമ്പോള്‍ ക്രമേണ ആ മേഖല ദുര്‍ബലമാകും. മാധ്യമങ്ങളുടെ വിലയിടിയുന്നതിന് പ്രധാന കാരണം മാധ്യമങ്ങളുടെ നിഷ്പക്ഷത നഷ്ടപ്പെട്ടതാണെന്നു പറയാറുണ്ട്. പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ കരുത്ത് നഷ്ടപ്പെടും. ഇന്ന് ആരെ സഹായിച്ചുവോ അവര്‍ കുറച്ചുകഴിയുമ്പോള്‍ ശത്രുപക്ഷത്തായെന്നുവരാം. സോഷ്യല്‍ മീഡിയകളും ഏതാണ്ട് അതേ അവസ്ഥയില്‍ എത്തിക്കഴിഞ്ഞു. സമൂഹം ഏറെ പ്രതീക്ഷയര്‍പ്പിച്ച സോഷ്യല്‍ മീഡികളുടെ ശക്തി നഷ്ടപ്പെടാതിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. താല്ക്കാലികമായ നേട്ടങ്ങള്‍ക്കുവേണ്ടി വലിയ സാധ്യതകളുള്ള ഒരു മേഖലയെ തകര്‍ക്കുന്നതിന് കൂട്ടുനില്ക്കരുത്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?