Follow Us On

29

March

2024

Friday

പുസ്തകങ്ങള്‍ക്കുള്ളിലെ ആയുധങ്ങള്‍

പുസ്തകങ്ങള്‍ക്കുള്ളിലെ ആയുധങ്ങള്‍

റ്റോം ജോസ് തഴുവംകുന്ന്

ആത്മസത്തയുടെ അവിഭാജ്യഘടകമായിരിക്കണം അഹിംസയെന്ന് ഉദ്‌ബോധിപ്പിച്ച ഗാന്ധിജിയുടെ നാട്ടില്‍ ഓരോ ദിവസവും സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. അടിച്ചമര്‍ത്താനും പിടിച്ചടക്കാനും പിടിച്ചുവാങ്ങാനും അന്യരെ നിഗ്രഹിക്കാനും ശ്രമിക്കുന്ന തലമുറയെ എന്തുപറഞ്ഞ് വിശേഷിപ്പിക്കും? തിരികെ നടക്കാനും മാറ്റിച്ചിന്തിക്കാനും മറ്റുള്ളവരെ ആദരിക്കാനും പലര്‍ക്കും എന്തുകൊണ്ടാണ് കഴിയാത്തത്? സമാധാനവും സൈ്വരജീവിതവും മറ്റെന്തിനെക്കാളും വിലപ്പെട്ടതല്ലേ? ഭാഷയ്ക്കും കാലദേശങ്ങള്‍ക്കുമപ്പുറം ആര്‍ക്കും വായിക്കാവുന്ന ലളിതവും സുന്ദരവുമായ പാഠങ്ങളാണ് നല്ല മാതൃകകള്‍.

വിജയമല്ല, വ്യവസ്ഥകളാണ് പ്രധാനം
കുടുംബമാണ് ആദ്യത്തേതും ആത്യന്തികവുമായ വിദ്യാലയം. കുടുംബത്താണ് സകലവിധ സദ്ഗുണങ്ങളും വിളങ്ങേണ്ടതും വിളയേണ്ടതും. സമൂഹത്തിന്റെ കൊച്ചുപതിപ്പാണ് കുടുംബം. സൗഹൃദങ്ങളുടെ ആഴവും നിഷ്‌കളങ്കതയും പരസ്പര ബഹുമാനവും കുടുംബത്തില്‍നിന്നു പഠിക്കേണ്ടതാണ്. മനുഷ്യത്വത്തിനും ജീവിക്കാനുള്ള അവകാശത്തിനും ആണ്‍-പെണ്‍ വ്യത്യാസമില്ല. ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന ഇടമായി കുടുംബം മാറരുത്. ദുഃശാഠ്യം നല്ലതിലേക്കുള്ള സഞ്ചാരമല്ല. അതിരുകളുള്ളതാണ് സ്വാതന്ത്ര്യമെന്നും തലമുറ അറിയണം. ആരെയും നോവിക്കാതെ സ്വയം ജീവിച്ചു വളരാനുള്ള സാഹചര്യത്തെക്കുറിച്ച് മക്കളെ ബോധ്യപ്പെടുത്തണം. വൈവിധ്യങ്ങളാണ് സൗന്ദര്യത്തിനാധാരം. വിജയത്തിലേക്കുള്ള വ്യവസ്ഥകളാണ് വിജയത്തെക്കാള്‍ പ്രധാനമെന്ന് വരുംതലമുറയെ ബോധ്യപ്പെടുത്തണം.
സ്വന്തം ആഗ്രഹങ്ങളും കഴിവുകളും തമ്മിലുള്ള വ്യത്യാസം സ്വയം ബോധ്യപ്പെടുത്തുന്നതിലേക്ക് കുടുംബത്തുതന്നെ ബോധനമുണ്ടാകണം. മത്സരമാകാം, പക്ഷേ ഫലം വിജയം മാത്രമല്ല പരാജയം കൂടിയാകാം എന്നൊരു മനോബലം രൂപപ്പെടുത്താനും കഴിയണം. ‘കുടുംബത്തു പിറന്നവന്’ ചെയ്യുവാനാകുന്നതിന് പരിമിതികളും പരിചിന്തനങ്ങളുമുണ്ടാകണം. വ്യക്തിത്വവികാസത്തിന് ഏറ്റം പറ്റിയ ഇടം കുടുംബംതന്നെ. നന്മനിറഞ്ഞവരെ രൂപപ്പെടുത്തുന്ന സര്‍വകലാശാലകളാണ് കുടുംബങ്ങള്‍. ഭാര്യയ്ക്ക് ഭര്‍ത്താവിനോടും ഭര്‍ത്താവിന് തന്റെ മാതാപിതാക്കളോടും മുത്തച്ഛനും മുത്തശിക്കും കൊച്ചുമക്കളോടുമുള്ള ആര്‍ദ്രമായ സ്‌നേഹവായ്പുണ്ട്; അതൊരു പാഠമല്ല പാഠപുസ്തകമാണ്. ഈ പുസ്തകത്തില്‍ സമൂഹത്തിലേക്കുള്ള പുറപ്പാടിനുള്ള കുറിപ്പുകള്‍ ആലേഖനം ചെയ്തിട്ടുണ്ടാകും.

അടുത്തിരിക്കുന്ന അപരിചിതന്‍
ആധുനികതയുടെ ഏറ്റം വലിയ ദുരവസ്ഥയാണ് ഏകാന്തത. കളിക്കൂട്ടുകാരും കളിക്കളവും കളികളുമെല്ലാം സ്മാര്‍ട്ട് ഫോണ്‍ ഏറ്റെടുത്തുകഴിഞ്ഞു. ഏകാന്തതയുടെ തടവറയില്‍ ഏകാന്തമായിരുന്നു സംവദിക്കുന്നത് സംഭവിക്കാന്‍ പാടില്ലാത്തതിലേക്കുള്ള നീക്കങ്ങളാകാം. ബാറ്റ് ചെയ്യുന്നതും ബൗള്‍ ചെയ്യുന്നതും ഓടുന്നതും സിക്‌സര്‍ അടിക്കുന്നതും സെഞ്ചുറി അടിക്കുന്നതും സ്വയംതന്നെ… റഫറിയും സ്വന്തംവിരല്‍തന്നെ! കളിക്കുന്നതും ഗോളടിക്കുന്നതും സ്വയമാകുമ്പോള്‍ പരാജയപ്പെടാന്‍ ആര്‍ക്കാണ് കഴിയുക? മനസിന്റെ തുറവിയും തുറക്കാനുള്ള ഇടവും നഷ്ടമാകുന്ന ഇന്നിന്റെ സാഹചര്യത്തില്‍ ‘ഒറ്റയാള്‍ പട്ടാളം’ ശക്തി പ്രാപിക്കുന്നുവെന്നത് സാധാരണല്ലേ? ഒഴുക്കില്ലാത്ത ജലത്തില്‍ അഴുക്കടിഞ്ഞുകൂടുമെന്ന് ആര്‍ക്കാണ് അറിയാത്തത്? അലസന്റെ മനസ് സാത്താന്റെ പണിപ്പുരയാകുന്നതും സ്വാഭാവികം?
പണ്ടൊക്കെ സൗഹൃദത്തിന് അവസരങ്ങളുണ്ടായിരുന്നു; ഒപ്പം പങ്കിട്ടു വളരുന്നതിന്റെ ആഴവും പരപ്പും ആസ്വദിച്ചിരുന്നു. നാലുപേര്‍ക്കിരിക്കാവുന്ന സ്‌കൂള്‍ബെഞ്ചില്‍ ആറുപേര്‍ അഡ്ജസ്റ്റ് ചെയ്ത് ഇരുന്നിരുന്ന കാലം ഓര്‍മകളായി ചുരുങ്ങുകയാണ്. തനിച്ചു മത്സരിച്ച് തനിച്ചു ജയിക്കുന്ന ഒരു സ്വാര്‍ത്ഥമനസ് ഇന്നത്തെ തലമുറയില്‍ രൂപംകൊള്ളുന്നതിനോട് മുതിര്‍ന്നവരും അധ്യാപകരും മനഃശാസ്ത്രജ്ഞരും ക്രിയാത്മകമായി പ്രതികരിക്കണം. മനസ് തുറക്കാത്ത ‘ശാന്തത’ സ്‌ഫോടനാത്മകതയുടെ പ്രതീകമാണെന്ന് അറിയുക. സുഹൃത്തിനെ പഠിച്ചാല്‍ അപരനെ അറിയാമെന്നുള്ള സാധാരണതത്വം നഷ്ടപ്പെട്ടിരിക്കുന്നു. തുറക്കാത്ത മനസിന്റെ ജാലകവുമായി അടുത്തിരിക്കുന്ന ‘പരിചയ’മില്ലാത്തവരായി നാമൊക്കെ സമൂഹത്തില്‍ ഒറ്റയ്ക്ക് ഓടുകയാണിന്ന്; ഞെട്ടിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴാണ് ജാലകവാതിലുകള്‍ തുറക്കുന്നത്.

സിലബസില്‍ ഇല്ലാത്ത പാഠങ്ങള്‍
പഠനമുറികളില്‍ മക്കളെ ആഴത്തില്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പാഠ്യപദ്ധതിയിലെ ‘പെര്‍ഫോമെന്‍സും ഇന്റലിജന്‍സും’ മാത്രം കരുതലായി എടുക്കാതെ ഓരോരുത്തരിലെയും ‘മനുഷ്യന്‍’ എത്രമാത്രം സജീവമാണെന്ന് പഠിക്കണം. കാമ്പസുകളിലെ സൗഹൃദത്തിന്റെ റേഞ്ചും നിരീക്ഷിക്കണം. വിദ്യാര്‍ത്ഥികളെ വ്യക്തിപരമായി നിരീക്ഷിക്കാനുള്ള ജാഗ്രത അധ്യാപകരിലുണ്ടാകണം. തന്റെതന്നെ മക്കളാണ് കാമ്പസിലൂടെ ചരിക്കുന്നതെന്ന മനഃസാക്ഷി ഗുരുക്കന്മാരിലുണ്ടാകണം. തന്നിഷ്ടവും താന്തോന്നിത്തവും അനുവദിക്കാത്ത സ്വാതന്ത്ര്യം മാത്രമേ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകാവൂ. സിലബസിനും കരിക്കുലത്തിനുമപ്പുറം മനുഷ്യരെങ്ങനെയായിരിക്കണമെന്ന് പഠിപ്പിക്കണം. സന്മാര്‍ഗപാഠം സകല പാഠത്തിനുമപ്പുറം ‘പാഠ’മായി മാറ്റണം. എങ്ങനെ നല്ല മനുഷ്യരാകണമെന്നത് പഠനത്തിന്റെ മൂല്ലക്കല്ലാകണം. ഹൃദയതുറവിയില്ലാത്തവര്‍ക്ക് കൗണ്‍സലിങ്ങ് കൊടുക്കണം. കലുഷിത മനസിനെ ശാന്തമാക്കാനും നേര്‍വഴിയെ നയിക്കാനും പാഠശാലകള്‍ക്ക് ആകുന്നില്ലെങ്കില്‍ റിസല്‍ട്ട് വികലമാകും; സൂക്ഷിക്കുക. തൊഴിലിലെ പ്രാവീണ്യമോ ശമ്പളത്തിന്റെ ഔന്നത്യമോ എന്നതിനെക്കാള്‍ വ്യക്തിപ്രാഭവം മഹത്തുക്കളുടെ വഴിയിലേക്ക് എത്തിപ്പെടണം. മഹാത്മാക്കളുടെ ജീവിതങ്ങള്‍ പഠനമുറികളില്‍ നിര്‍ബന്ധമായും പഠിപ്പിക്കണം. മുഖാഭിമുഖമുള്ള സംവാദങ്ങളും സംഭാഷണങ്ങളും സൗഹൃദങ്ങളും വളരണം. പരസ്പര ധാരണ വളര്‍ത്താന്‍ സംഭാഷണം സഹായിക്കും; ഇന്ന് അതിന്റെ അഭാവം ഗൗരവതരംതന്നെ!

‘നോ’ പറയാം
ലഭിച്ചില്ലെങ്കില്‍ തച്ചുടയ്ക്കുകയോ തകിടംമറിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന പ്രവണതയെ തികഞ്ഞ ബോധവല്‍ക്കരണത്തിലൂടെ ഇല്ലായ്മ ചെയ്യണം. ആര്‍ക്കും ആരോടും ‘നോ’ പറയാന്‍ കഴിയില്ലെന്നത് വ്യക്തിത്വ വൈകല്യമല്ലേ? പുസ്തകത്തിനും പേനയ്ക്കുമൊപ്പം ആയുധം കൊണ്ടുനടക്കുന്ന ഇന്നത്തെ യുവമനസിനെ തിരുത്തേണ്ടത് സകലരുടെയും ചുമതലയാണ്. ക്രൈം ത്രില്ലര്‍ സിനിമയും ത്രില്ലര്‍ സിനിമയും കാമ്പസ് പ്രണയ കഥകളും ഗുരുശിഷ്യ പ്രണയങ്ങളും തുടങ്ങി അവിഹിതമായ ഒരുപിടി ദൃശ്യാവിഷ്‌കാരങ്ങള്‍ യുവതയെ വഴിതെറ്റിക്കുന്നുണ്ടെന്ന് നാമറിയണം. നല്ല മെസേജുകള്‍ ദൃശ്യശ്രാവ്യ വാര്‍ത്താമാധ്യമങ്ങളിലൂടെ ഉണ്ടാകണം. അനുകരണമെന്നത് കൗമാരക്കാരുടെയും യുവാക്കളുടെയും കൗതുകമാണ്; അതുകൊണ്ട് അനുകരണങ്ങള്‍ ആപത്തിലേക്കും ക്രൂരതകളിലേക്കും മറ്റുള്ളവരെ നിഗ്രഹിക്കുന്നതിലേക്കും എത്തിപ്പെടുത്തരുത്. യുവജനതയാണ് രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവി നിശ്ചയിക്കുന്നതെന്ന് നാം മറക്കരുത്.
ഞാന്‍ മാത്രമുള്ള ലോകം വളര്‍ത്തിയെടുക്കരുത്. വികലമാക്കുന്ന വികൃതിയുടെ ഉടമകളല്ല മറിച്ച്, പടുത്തുയര്‍ത്തുന്ന വിശുദ്ധമായ സുകൃതിയുടെ വക്താക്കളാണ് യുവതീയുവാക്കള്‍; ഹൃദയം വായിക്കാതെയുള്ള കാഴ്ചയുടെ ഭ്രമത്തെ പ്രണയമെന്നു വിളിച്ചതുതന്നെ തെറ്റ്. ജാഗ്രതയുടെ സൂക്ഷ്മകണ്ണുകള്‍ തുറക്കണം. ജീവിതത്തിന്റെ നൈമിഷികതയില്‍ ഭ്രമിക്കാതെ ജീവിതത്തിന്റെ അമൂല്യതയില്‍ ആകൃഷ്ടരാകുക; ജീവിതം ജീവിച്ചുതീര്‍ക്കുന്നതില്‍ ത്രില്‍ കാണിക്കണം; മറ്റുള്ളവരെ ജീവിക്കാനും അനുവദിക്കണം.

ദൃശ്യങ്ങളുടെ വശ്യതകള്‍
എന്ത് ആഗ്രഹിക്കണം എന്ത് നിഷേധിക്കണം എന്നു പഠിപ്പിക്കുന്ന ശാസ്ത്രമാണ് വിവേകമെന്ന് വിശുദ്ധ ആഗസ്തീനോസ് പറയുന്നു. മനുഷ്യജീവിതമാകെ വിവേകത്താല്‍ എന്നും നവീകരിക്കപ്പെടേണ്ടതാണ്. ഇന്നത്തെ തലമുറയെ വിവേകം പരിശീലിപ്പിക്കാന്‍ ശ്രമമുണ്ടാകണം. സമചിത്തതയോടെ കാര്യങ്ങളെ നേരിടാന്‍ മക്കളെ പഠിപ്പിക്കണം. വിജ്ഞാനിയാകുന്നതിനെക്കാള്‍ പ്രധാനമാണ് വിവേകിയാകുകയെന്നത്. വിവേകം ലഭിക്കാത്ത വിജ്ഞാനത്തിന് ശുഭോദര്‍ക്കമായ ഭാവിയുണ്ടാകുമോ? എല്ലാം ലാഘവബുദ്ധിയോടെ പരിഗണിക്കുന്ന ‘നിസംഗത’യുടെ ഭാവം മനുഷ്യന് ചേര്‍ന്നതല്ല! എല്ലാത്തിനും അതിന്റേതായ ഗൗരവവും പ്രസക്തിയുമുണ്ട്; സ്വയം പ്രണയമില്ലാത്തതുകൊണ്ടാണ് അന്യരെ മനുഷ്യത്വത്തോടുകൂടി ദര്‍ശിക്കാനാകാത്തത്. സാങ്കല്പികലോകത്തുനിന്നും യുവത പ്രായോഗിക ജീവിതത്തിന്റെ ഗൗരവത്തിലേക്കെത്തണം. സ്വയം തിരിച്ചറിയണം. ആത്മവിശ്വാസവും ആത്മധൈര്യവും ഉറച്ചതാകണം. ക്രൂരതകൊണ്ട് ഞെട്ടിക്കാനല്ല, ധീരതകൊണ്ട് അത്ഭുതപ്പെടുത്താനുമല്ല, സൗമ്യനായി സല്‍കൃത്യങ്ങളില്‍ മുഴുകാനാണ് യുവതയെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിലേക്ക് ക്ഷണിക്കുന്നത്.
സോഷ്യല്‍ മീഡിയ സജീവമായിരിക്കുന്ന ഇന്നത്തെ കാലത്ത് ‘പ്രണയ സാധ്യത’ പെട്ടെന്നായിരിക്കും. വഴിവിടുമ്പോഴായിരിക്കും ചുറ്റുമുള്ളവര്‍ തിരിച്ചറിയുക. നവമാധ്യമ ബോധവല്‍ക്കരണം അനിവാര്യംതന്നെ. സോഷ്യല്‍ മീഡിയയിലെ അപകടങ്ങളും സാധ്യതകളും മക്കള്‍ തിരിച്ചറിയണം. ദൃശ്യങ്ങളുടെ വശ്യതയില്‍ മണ്ടന്മാരെപ്പോലെ അനുധാവനം ചെയ്യാതെ തിരിച്ചറിവോടെ നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്താനാകണം. ഒരു കളിപ്പാട്ടം കണക്കെ കുഞ്ഞുങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുകയും കുഞ്ഞിന്റെ കഴിവും മികവും പഠനവും പഠിപ്പിക്കലും കണ്ട് മുതിര്‍ന്നവര്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നത് നിര്‍ത്തി; സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ഒരു ‘തീക്കളി’കൂടിയാണെന്നറിയുന്നത് നല്ലതായിരിക്കും.
എല്ലാം ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും വാട്‌സാപ്പിലൂടെയുമാക്കാതെ നമുക്ക് മുഖാമുഖം സന്ദേശം പങ്കുവയ്ക്കാം. യാന്ത്രികത വിട്ട് മാനുഷികതയില്‍ വളരാനും വളര്‍ത്താനും നാളെയുടെ തലമുറയെ പഠിപ്പിക്കണം. സ്മാര്‍ട്ട് ഫോണ്‍ അത്ഭുതമല്ല; ആവശ്യമാണ്. പക്ഷേ അപകടം പതിയിരിക്കുന്നു, ജാഗ്രതയുണ്ടാകണം. അച്ചടക്കത്തിലും അനുസരണയിലും അനുകരണീയമാംവിധം ജീവിക്കുവാന്‍ യുവതയെ ബോധവല്‍ക്കരിക്കണം. ശിക്ഷണം ശിക്ഷയല്ല; തലമുറയുടെ രക്ഷയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?