Follow Us On

19

April

2024

Friday

സ്‌കൂളുകള്‍ തുറക്കുമ്പോള്‍ വിസ്മരിക്കരുതാത്ത കാര്യങ്ങള്‍

സ്‌കൂളുകള്‍ തുറക്കുമ്പോള്‍  വിസ്മരിക്കരുതാത്ത കാര്യങ്ങള്‍

അഡ്വ. ചാര്‍ളി പോള്‍

ആരോഗ്യമേഖല കഴിഞ്ഞാല്‍ കോവിഡ് ഏറ്റവുമധികം ആഘാതം സൃഷ്ടിച്ചത് വിദ്യാഭ്യാസ മേഖലയിലാണ്. ഒന്നരവര്‍ഷത്തിലധികമായി വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നു. പ്രൈമറിക്കാരും പ്ലസ് ടുക്കാരും അവരുടെ പുതിയ അധ്യയനാന്തരീക്ഷവുമായി പരിചയപ്പെട്ടുപോലും ഉണ്ടായിരുന്നില്ല. ഇത് സാമൂഹ്യവും വിദ്യാഭ്യാസപരവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പുറംലോകവുമായ ഇടപെടലുകളിലൂടെയാണ് മൂന്ന് വയസുവരെ കുട്ടികളില്‍ മസ്തിഷ്‌ക വികാസം നടക്കുക. കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയും സംസാരശേഷിയും സാമൂഹിക ഇടപെടല്‍ കുറഞ്ഞതിനാല്‍ ആനുപാതികമായ വളര്‍ച്ച കൈവരിച്ചിട്ടില്ല. തന്നിലേക്ക് അവര്‍ ചുരുങ്ങി. ഓടിനടക്കാനും മറ്റുള്ളവരോട് ഇടപെടാനും താല്പര്യം കാട്ടുന്നില്ല. അംഗന്‍വാടികളിലും എല്‍കെജിയിലും യുകെജിയിലുമൊക്കെ ലഭിക്കേണ്ടിയിരുന്ന മാനസിക വളര്‍ച്ച ലഭ്യമാകാതെയാണ് കുട്ടികള്‍ ഒന്നാം ക്ലാസിലെത്തിയത്. സ്‌കൂളുകള്‍ പാഠശാലകളാണെന്നതിലുപരി ജീവിതം കരുപ്പിടിപ്പിക്കുന്ന കേന്ദ്രങ്ങളാണ്. ചുറ്റുപാടുകളുമായി സംവദിച്ചു കൊണ്ടാണ് അവരുടെ സ്വഭാവരൂപവത്കരണവും പെരുമാറ്റരീതികളും വികസിക്കുന്നത്. പുറത്തിറങ്ങാനോ കളിക്കാനോ സാധിക്കത്തതിന്റെ പ്രശ്‌നങ്ങള്‍, സാമൂഹ്യ ജീവിയെന്ന നിലയില്‍ പരുവപ്പെടുത്തേണ്ട കൂട്ടായ്മകളുടെ അഭാവം, അധ്യാപകരുമായി നേരിട്ടുള്ള ബന്ധമില്ലായ്മ, സഹപാഠികളുമായുള്ള ബന്ധമല്ലായ്മ തുടങ്ങിയവ കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
മുന്നൂറോളം കുട്ടികളാണ് കോവിഡ് കാലത്ത് ആത്മഹത്യ ചെയ്തത്. പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, മാതാപിതാക്കള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, ബന്ധങ്ങളിലെ വിള്ളലുകള്‍, ലഹരി ഉപയോഗം സാമ്പത്തിക ബുദ്ധിമുട്ടുകള്‍, സൈബര്‍ കുരുക്കുകള്‍, ഗാര്‍ഹിക പീഡനങ്ങള്‍, പ്രിയപ്പെട്ടവരുടെ മരണം, ഭാവിയെക്കുറിച്ചുള്ള ആശങ്ക, അകാരണ ഭയം, വിഷാദം, ഒറ്റപ്പെടല്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഓരോ ആത്മഹത്യയുടെ പിറകിലും ഉണ്ടാകാം. കോവിഡ് മഹാമാരി കുട്ടികളുടെ മാനസിക ബലം വലിയ തോതില്‍ കുറച്ചു. കേരള വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതിയുടെ പഠനപ്രകാരം ഇന്റര്‍നെറ്റിന്റെയും മൊബൈലിന്റെയും അമിതോപയോഗം, അതുവഴി വിഷാദരോഗത്തിന്റെയും അമിത ഉത്ക്കണ്ഠയുടെയും ലക്ഷണങ്ങള്‍, ഏകാന്തത, തുടങ്ങിയവ വിദ്യാര്‍ത്ഥികളില്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കണക്കുകളനുസരിച്ച് 23.44 ശതമാനം പേര്‍ക്ക് വിഷാദ ലക്ഷണങ്ങളുണ്ട്. ഗണ്യമായ ഉത്ക്കണ്ഠയുള്ളവര്‍ 11.16 ശതമാനമാണ്. ഒരിക്കലെങ്കിലും ജീവനൊടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുള്ളവരുടെ എണ്ണം 10.13 ശതമാനം വരും. ഡിജിറ്റല്‍ പഠനംമൂലം പലര്‍ക്കും തലവേദന, കണ്ണിന് ക്ഷീണം, മങ്ങിയ കാഴ്ച തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്.
കോവിഡ് കാലത്ത് 36.05 ശതമാനം രക്ഷിതാക്കള്‍ക്ക് ജോലി നഷ്ടപ്പെട്ടു. 78.35 ശതമാനം പേര്‍ക്ക് വരുമാനത്തില്‍ നഷ്ടമുണ്ടായി. ഇത് രക്ഷിതാക്കളില്‍ അസ്വസ്ഥതയും ദേഷ്യവും സങ്കടവും വര്‍ധിപ്പിച്ചു. കുടുംബാന്തരീക്ഷത്തില്‍ ഉണ്ടായ ഈ പ്രതിസന്ധി കുട്ടികളെയും ബാധിച്ചിട്ടുണ്ട്. കുട്ടികളുടെയിടയില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കോവിഡ് കാലത്ത് ലഹരി ഉപയോഗം വര്‍ധിച്ചു. നീണ്ട ഇടവേള കുട്ടികളുടെ പാഠ്യേതര കഴിവുകളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ടാകാം. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കുന്നതിനാല്‍ മൂന്നുമാസമെങ്കിലും മാനസികാരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ ക്ലാസുകള്‍ നല്‍കണം. ടൈംടേബിളില്‍ കൗണ്‍സിലിംഗ് ക്ലാസുകള്‍ ഉള്‍പ്പെടുത്തണം.
ഡല്‍ഹി ഐഐടിയിലെ സാമ്പത്തിക ശാസ്ത്രവിഭാഗം നടത്തിയ പഠനത്തില്‍ ഗ്രാമീണമേഖലയില്‍ 37 ശതമാനവും നഗരങ്ങളില്‍ 19 ശതമാനവും ഓണ്‍ലൈന്‍ പഠനകാലത്ത് തീരെ പഠിച്ചിരുന്നില്ലെന്ന് കണ്ടെത്തിരുന്നു. നന്നായി പഠിച്ചവരും പഠിക്കാന്‍ കഴിയാത്തവരും ഒന്നിച്ചുചേരുമ്പോള്‍ പഠന പ്രതിസന്ധി ഉണ്ടാകും. അതുകൊണ്ട് കാര്യങ്ങള്‍ വിലയിരുത്തി, പ്രത്യേക പരിഗണന ആവശ്യമുള്ള വിഭാഗക്കാര്‍ക്ക് അത് നല്‍കി, പഠനപ്രക്രിയ പുന:രാവിഷ്‌കരിക്കണം. പ്രീസ്‌കൂള്‍ തലത്തിലുള്ള അനുഭവങ്ങള്‍ ഇല്ലാതെ കുട്ടികള്‍ സ്‌കൂളിലേക്ക് എത്തുമ്പോള്‍ സ്‌കൂളിന്റെ ദൈംനദിന പ്രക്രിയയെ അവര്‍ക്ക് ആസ്വാദ്യകരമായ രീതിയില്‍ മാറ്റിയെടുക്കുന്നതിന് ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠനപ്രക്രിയ ഘടനാപരമായി പുന:ക്രമീകരിക്കണം.
വീട്ടിലിരിപ്പ്, മൊബൈല്‍/ലാപ്‌ടോപ് ഉപയോഗം, ജങ്ക്ഫുഡ്, എന്നിവയെല്ലാം കാരണം 45 ശതമാനം കുട്ടികള്‍ക്ക് തൂക്കം വര്‍ധിച്ചിട്ടുണ്ടെന്ന പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വേണ്ടത്ര വെയിലും മറ്റും കിട്ടാത്തതിനാല്‍ വൈറ്റമിന്‍ ഡി കുറഞ്ഞ് കുട്ടികളില്‍ ഉന്മേഷക്കുറവും ശ്രദ്ധക്കുറവും കാണാനിടയുണ്ട്. സ്വന്തം കാര്യങ്ങളിലും ഒപ്പം ചേരുന്നതിലും വിമുഖത, പെരുമാറ്റത്തില്‍ വ്യത്യാസങ്ങള്‍ എന്നിവ കണ്ടാല്‍ മാനസികാരോഗ്യവിദഗ്ധരുടെ സേവനം തേടണം. എല്ലാ വിദ്യാലയങ്ങളിലും ‘ഡോക്ടര്‍ ഇന്‍ കോള്‍’ പദ്ധതിയും കൗണ്‍സിലിംഗ് സേവനവും ലഭ്യമാക്കണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?