Follow Us On

29

March

2024

Friday

കേരളത്തിലെ മദര്‍ തെരേസ

ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

കേരളത്തിലെ  മദര്‍ തെരേസ

‘ഒരു മനുഷ്യന്റെ ആന്തരിക സൗന്ദര്യം എത്രയധികമാണോ അതനുസരിച്ച് ബാഹ്യമായ ആഡംബരം വളരെ കുറച്ചുമതി. അമിതമായ ബാഹ്യാലങ്കാരവും സുഖസൗകര്യങ്ങളോടുള്ള അസാധാരണാഭിമുഖ്യവും ആന്തരിക അന്ധതയുടെ അടയാളമാണ്.’ ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ഈ വാക്കുകള്‍ കാലഘട്ടത്തെ അതിജീവിക്കുന്ന ആത്മീയ സന്ദേശമാണ്. ഈ സന്ദേശം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ ഒരു സന്യാസിനിയുടെ വിശുദ്ധമായ ഓര്‍മകള്‍ നമ്മുടെ ജീവിതത്തെ പ്രചോദിപ്പിക്കുന്നു. ദൈവസ്‌നേഹം സഹജീവികളോടുള്ള കരുതലും കരുണയുമായി പരിണമിക്കുമ്പോള്‍ ചില വ്യക്തികള്‍ക്ക് അവരനുഭവിക്കുന്ന സുരക്ഷിതത്വത്തിന്റെ കെട്ടുകള്‍ പൊട്ടിക്കേണ്ടതായി വന്നേക്കാം. പരമ്പരാഗതമായി അരക്കിട്ടുറപ്പിച്ചിരിക്കുന്ന ചില ചിന്താഗതികളെയും ജീവിതരീതികളെയും ഭാവാത്മകമായി വെല്ലുവിളിക്കേണ്ടയും വരും. ഇത്തരമൊരു വെല്ലുവിളി സ്വന്തം ജീവിതത്തില്‍ ഏറ്റെടുത്ത മഹത്‌വ്യക്തിത്വമാണ് സിസ്റ്റര്‍ ഡോ. മേരി ലിറ്റിയുടേത്. തങ്ങളുടേതല്ലാത്ത കാരണങ്ങള്‍കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ സാധിക്കാത്ത നിരാലംബരും പാവങ്ങളുമായ ആയിരങ്ങള്‍ക്ക് അമ്മയായി മാറിയ ഈ അതുല്യവ്യക്തിത്വം മണ്‍മറഞ്ഞിട്ട് അഞ്ചുവര്‍ഷം പിന്നിടുന്നു.

കേരളത്തിലെ മദര്‍ തെരേസ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ സന്യാസിനിയുടെ വീരോചിതമായ വിശുദ്ധ ജീവിതമാതൃക നമ്മുടെ നാടിന് നല്‍കുന്ന ആത്മീയ ഊര്‍ജം ചെറുതല്ല. സ്വാര്‍ത്ഥതയുടെയും തിന്മയുടെയും ബന്ധനങ്ങള്‍ ശക്തമാകുന്ന ഇക്കാലത്ത് മദര്‍ മേരി ലിറ്റി എന്ന നാമം നമ്മുടെ ആത്മബോധത്തെ ആവോളം പ്രകാശിപ്പിക്കുന്നുണ്ട്. ഇത്തരം മഹത്‌വ്യക്തിത്വങ്ങളെക്കുറിച്ചുള്ള എഴുത്തും വായനയും സംസാരവും നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ദൈവികതയെ തൊട്ടുണര്‍ത്തും. നമ്മെയും നമ്മുടെ ബന്ധങ്ങളെയും സാമൂഹിക-സാംസ്‌കാരിക ഇടപെടലുകളെയും ഇത്തരം ആത്മീയ വിചാരങ്ങള്‍ വിമലീകരിക്കും. പാവപ്പെട്ടവര്‍ കൂടുതല്‍ ദരിദ്രരാവുകയും കഷ്ടതയനുഭവിക്കുന്നവര്‍ കൂടുതല്‍ കഷ്ടനഷ്ടങ്ങളിലേക്ക് വഴുതിവീഴുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടവരെപ്പറ്റിയുള്ള പ്രാര്‍ത്ഥനാനിര്‍ഭരമായ വിചാരങ്ങള്‍ക്ക് മദര്‍ മേരി ലിറ്റിയെപ്പോലുള്ളവരുടെ ദീപ്തസ്മരണ നമ്മെ സഹായിക്കും. 2016 നവംബര്‍ അഞ്ചിന് എണ്‍പത്തിയൊന്നാം വയസില്‍ ഇഹലോകവാസം വെടിഞ്ഞ ഈ സന്യാസിനിയുടെ ജീവിതത്തിന്റെ സമാനതകളില്ലാത്ത വിശുദ്ധ ഭാവങ്ങളുടെ കാരണങ്ങള്‍ തേടിയുള്ള യാത്ര അക്ഷരാര്‍ത്ഥത്തില്‍ ഒരു തീര്‍ത്ഥാടനമാണ്.

കുടുംബം നല്‍കിയ കുലീനത്വം
മദര്‍ മേരി ലിറ്റിയുടെ ഉള്ളിലെ നന്മകളുടെ വിത്ത് എവിടെനിന്നാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം. അത് സ്വന്തം കുടുംബം എന്നാണ്. ദൈവത്തോടുള്ള അചഞ്ചലമായ വിശ്വാസവും സമൂഹത്തോടുള്ള സ്‌നേഹനിര്‍ഭരമായ പ്രതിബദ്ധതയും അനുഭവിക്കാനുള്ള ഭാഗ്യം സ്വന്തം കുടുംബത്തില്‍നിന്ന് മദറിന് ലഭിച്ചു. മാതാപിതാക്കളുടെ വിശുദ്ധമായ ജീവിതവും ത്യാഗോജ്വലമായ മാതൃകയും മക്കളുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുമെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് മദര്‍ മേരി ലിറ്റി. ആധുനിക കുടുംബങ്ങളുടെ ആഭിമുഖ്യങ്ങളെയും മുന്‍ഗണനാക്രമങ്ങളിലെ പാകപ്പിഴകളെയും ഇത്തരം മാതൃകാ കുടുംബങ്ങള്‍ വെല്ലുവിളിക്കുന്നുണ്ട്. കുടുംബബന്ധങ്ങള്‍ക്കും മക്കളുടെ മൂല്യബോധനത്തിനും മാതാപിതാക്കള്‍ എത്രമാത്രം പ്രാധാന്യം കൊടുക്കുന്നുവോ അത് വളര്‍ന്നുവരുന്ന തലമുറകളുടെ കാഴ്ചപ്പാടുകളെയും ചിന്താധാരകളെയും ധാര്‍മിക നിലപാടുകളെയും ആഴത്തില്‍ സ്വാധീനിക്കും. അനേകം പാവപ്പെട്ടവരും രോഗികളും ശാരീരിക മാനസികവെല്ലുവിളികള്‍ നിറഞ്ഞവരും മദര്‍ മേരി ലിറ്റിയുടെ കരുണാര്‍ദ്രമായ കരവലയത്തില്‍ സുരക്ഷിതരായിരിക്കാനുള്ള കാരണം ജീവിതത്തിലെ ഉന്നതമായ ആത്മീയ മൂല്യങ്ങളായിരുന്നു. ഇവ ലഭിച്ചതാകട്ടെ സ്വന്തം കുടുംബത്തില്‍നിന്നും. ‘അപ്പനിലും അമ്മയിലും ഒരു തിന്മയും കാണാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അവരില്‍നിന്നാണ് ഞാന്‍ യഥാര്‍ത്ഥ ആത്മീയത പഠിച്ചത്.’ മദര്‍ മേരി ലിറ്റിയുടെ സ്വന്തം മാതാപിതാക്കളെക്കുറിച്ചുള്ള ഈ വാക്കുകള്‍ ആധുനിക മാതാപിതാക്കള്‍ക്ക് ഒരേസമയം പ്രചോദനവും വെല്ലുവിളിയുമാണ്.

 

പാവപ്പെട്ടവര്‍ കൂടുതല്‍ ദരിദ്രരാവുകയും കഷ്ടതയനുഭവിക്കുന്നവര്‍കൂടുതല്‍ കഷ്ടനഷ്ടങ്ങളിലേക്ക് വഴുതിവീഴുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്മാറ്റിനിര്‍ത്തപ്പെട്ടവരെപ്പറ്റിയുള്ള പ്രാര്‍ത്ഥനാനിര്‍ഭരമായ വിചാരങ്ങള്‍ക്ക് മദര്‍ മേരി ലിറ്റിയെപ്പോലുള്ളവരുടെ ദീപ്തസ്മരണ നമ്മെ സഹായിക്കും. ഇത്തരം മഹത്‌വ്യക്തിത്വങ്ങളെക്കുറിച്ചുള്ള എഴുത്തും വായനയും സംസാരവും നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ദൈവികതയെ
തൊട്ടുണര്‍ത്തും.

 

വൈദ്യശാസ്ത്രപഠനം
ഒരു മനുഷ്യന്റെ ജീവിതത്തിലെ അമൂല്യമായ സമ്പത്ത് എന്താണെന്ന് ഉത്തമമായ ബോധ്യം മദറിനുണ്ടായിരുന്നു. ഈശ്വരവിശ്വാസം, ആരോഗ്യം, വിദ്യാഭ്യാസം ഇവ മൂന്നും സുപ്രധാനമായി അവര്‍ കരുതി. തന്റെ പിതാവില്‍നിന്നു ലഭിച്ച ഉറച്ച ബോധ്യങ്ങളായിരുന്നു ഇതിന്റെ അടിസ്ഥാനം. സര്‍വശക്തനും കരുണാമയനുമായ ദൈവത്തില്‍ അടിയുറച്ച് വിശ്വസിക്കുക, ആരോഗ്യം അത് ആത്മീയമായാലും ശാരീരികമായാലും മാനസികമായാലും ഗൗരവത്തോടെ കണ്ട് കാത്തുസൂക്ഷിക്കുക, കൂടാതെ ഈ രംഗത്ത് പലവിധത്തില്‍ ക്ലേശിക്കുന്നവരെ ആവുന്നത്ര സഹായിക്കുക, അറിവ് നേടാനുള്ള സാധ്യതകളെയും സാഹചര്യങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുക. ഈ ത്രിവിധ നന്മകള്‍ ആര്‍ജിച്ചെടുക്കാനും പങ്കുവയ്ക്കാനുംവേണ്ടി കഠിനാധ്വാനം ചെയ്യാന്‍ മദര്‍ മേരി ലിറ്റി ബദ്ധശ്രദ്ധയായിരുന്നു. 1957-ല്‍ വൈദ്യശാസ്ത്രപഠനത്തിനായി ഇറ്റലിയിലേക്ക് പോകാന്‍ മദറിന് അവസരം ലഭിച്ചു. അപൂര്‍വമായി ലഭിക്കുന്ന ഈ സാധ്യത ദൈവപരിപാലനയുടെ പ്രത്യക്ഷസാക്ഷ്യങ്ങളുടെ തുടക്കമാവുകയായിരുന്നു.

ഇറ്റലി, അയര്‍ലന്റ്, ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിലെ വൈദ്യശാസ്ത്രപഠനവും അനുഭവസമ്പത്തും വിലമതിക്കാനാവാത്തതായിരുന്നുവെന്ന് അവര്‍ പലപ്പോഴും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരു സന്യാസിനി എന്ന നിലയില്‍ ക്രൈസ്തവ ധാര്‍മികതയിലും വിശ്വാസസത്യങ്ങളിലും അടിസ്ഥാനമുറപ്പിച്ച ആതുരശുശ്രൂഷാരീതികളും ധാര്‍മിക നിലപാടുകളും സഹപാഠികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരേ സമയം അത്ഭുതവും ആവേശവുമായി മാറി. ശക്തമായ ദൈവവിശ്വാസത്തില്‍ അടിസ്ഥാനമുറപ്പിച്ചതായിരുന്നു മദറിന്റെ ആരോഗ്യരംഗത്തെ ഇടപെടലുകളും തന്റെ ഉപരിപഠനത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളും. മനുഷ്യജീവന് പ്രത്യേകിച്ച് ഗര്‍ഭസ്ഥശിശുക്കളുടെ ജീവനുപോലും വില കല്പിക്കാത്ത നിയമങ്ങളും നിയമപരിഷ്‌കാരങ്ങളും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യത്തില്‍ സര്‍വസാധാരണമാകുമ്പോള്‍ ദൈവികനിയമങ്ങളോടുചേര്‍ന്ന് മാനുഷിക കണ്ടുപിടുത്തങ്ങളെയും ആധുനിക സാങ്കേതിക സാധ്യതകളെയും എങ്ങനെ പരിപക്വതയോടെ കൈകാര്യം ചെയ്യണമെന്ന് മദര്‍ മേരി ലിറ്റി പതിറ്റാണ്ടുകള്‍ക്കുമുമ്പേ നമുക്ക് മാതൃകയായി നല്‍കി.

വിളിക്കുള്ളിലെ വിളി
ഉദാത്തവും ഉന്നതവും ദൈവികവുമായ ദൗത്യനിര്‍വഹണത്തിനുവേണ്ടി ജീവിതത്തില്‍ ഒരു വ്യക്തി കൈക്കൊള്ളുന്ന ധീരവും ദൃഢവുമായ തീരുമാനത്തെ നമുക്ക് സന്യാസമെന്ന് പേരുവിളിക്കാം. കേവലമൊരു ജീവിതാന്തസിന്റെ തിരഞ്ഞെടുപ്പും അതില്‍ മുന്നോട്ട് പോകാനുള്ള തീരുമാനം എന്നതിലുപരി സമാനതകളില്ലാത്ത സമര്‍പ്പണവും ത്യാഗനിര്‍ഭരമായ ആത്മനിയന്ത്രണവും ആവശ്യപ്പെടുന്ന ജീവിതാന്തസാണിത്. ഇത്രമാത്രം ശ്രേഷ്ഠമായ ഈ ജീവിതാവസ്ഥയെ അതിന്റെ സര്‍വ ഔന്നത്യത്തോടുംകൂടി കാത്തുസൂക്ഷിക്കാന്‍ മദര്‍ ചെലുത്തിയ ശ്രദ്ധയും കരുതലും അത്ഭുതകരമാണ്. ദൈവപരിപാലനയുടെ സന്യാസിനി സമൂഹത്തിന് രൂപംകൊടുക്കുന്നതിന് മുന്നോടിയായി 1973 ജൂണ്‍ 30-ന് തന്റെ പതിനേഴുവര്‍ഷത്തെ ‘ധര്‍മഗിരി’യിലെ വാസം അവസാനിപ്പിച്ച് ‘വിളിക്കുള്ളിലെ വിളി’ തിരഞ്ഞെടുക്കുമ്പോള്‍ വെല്ലുവിളികളും ആശങ്കകളും പ്രതിസന്ധികളും ഏറെയുണ്ടായിരുന്നു. ഇത്തരം സങ്കീര്‍ണമായ സാഹചര്യങ്ങളെ നിതാന്തമായ പ്രാര്‍ത്ഥനകൊണ്ടും ധ്യാനനിര്‍ഭരമായ ആലോചനകള്‍കൊണ്ടും ആത്മീയ പക്വതയോടെ നേരിട്ടാണ് മദര്‍ മേരി ലിറ്റി എന്ന കേരളത്തിലെ മദര്‍ തെരേസ ജന്മമെടുക്കുന്നത്. ഏറെക്കുറെ വിപ്ലവാത്മകമായ ഇത്തരമൊരു തീരുമാനമെടുക്കുമ്പോഴും സഭയോടും അധികാരികളോടും തികഞ്ഞ വിശ്വസ്തതയും സന്യാസോചിതമായ അനുസരണവും വ്രതബദ്ധമായ വിധേയത്വവും പുലര്‍ത്താന്‍ അവര്‍ ബദ്ധശ്രദ്ധയായിരുന്നു.

ആധുനിക സന്യാസ സമര്‍പ്പിത ജീവിതങ്ങള്‍ക്ക് മദര്‍ മേരി ലിറ്റിയെന്നത് പ്രാര്‍ത്ഥനാപൂര്‍വം ധ്യാനിക്കാനുള്ള ഒരു പാഠപുസ്തകമാണ്. സ്വന്തം താല്‍പര്യങ്ങളും ആഭിമുഖ്യങ്ങളും മാത്രം കണക്കിലെടുക്കുകയും പൊതുവായ നിലപാടുകളെ നിരന്തരം അനാവശ്യമായി എതിര്‍ക്കുകയും കാരണംകൂടാതെ വിമര്‍ശിക്കുകയും ചെയ്യുന്ന ആനുകാലിക പ്രവണതകള്‍ക്കുമുമ്പില്‍ മദര്‍ മേരി ലിറ്റി എന്ന സന്യാസിനി വെല്ലുവിളിയായി മാറുന്നു. സങ്കടപ്പെടുന്ന ആയിരങ്ങള്‍ക്ക് അമ്മയാകുവാനും സഹോദരിയാകാനും ദൈവം ഒരാളെ പരുവപ്പെടുത്തുന്നതിന്റെ ആത്മീയസുഖം മദര്‍ തന്റെ ജീവിതത്തില്‍ ഉടനീളം ആസ്വദിച്ചു. ചുറ്റുമുള്ളവര്‍ക്കുവേണ്ടി സവിശേഷമായി ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്നതാണ് ക്രൈസ്തവ സന്യാസത്തിന്റെ എക്കാലത്തെയും അടിസ്ഥാനലക്ഷ്യം.

രോഗികളെയും അനാഥരെയും ശുശ്രൂഷിക്കാന്‍ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ ആതുരാലയങ്ങളും അഗതിമന്ദിരങ്ങളും ഏറെയുണ്ടെങ്കിലും ‘ദൈവപരിപാലനയുടെ ചെറിയ ദാസികള്‍’ നേതൃത്വം കൊടുക്കുന്ന ഭവനങ്ങളുടെ തനിമ പ്രസിദ്ധമാണ്. ആകുലതകളോ ഉത്ക്കണ്ഠകളോ ഭാവിയെക്കുറിച്ചുള്ള അനാവശ്യഭാരങ്ങളോ ഇല്ലാതെ ദൈവപരിപാലനയില്‍മാത്രം ആശ്രയിക്കുക എന്നുള്ളതാണിത്. ഓരോ ഭവനത്തിലുമുള്ള നൂറുകണക്കിന് അന്തേവാസികളുടെ ഭക്ഷണം, വസ്ത്രം എന്നീ അടിസ്ഥാനാവശ്യങ്ങള്‍ക്കുവേണ്ടി മദര്‍ ലിറ്റിയുടെ കൈയിലുള്ള ഏകമാര്‍ഗം പ്രാര്‍ത്ഥനയും ദൈവത്തിലുള്ള പരിപൂര്‍ണ ആശ്രയത്വവുമാണ്. അതുകൊണ്ടാകണം ഈ സന്യാസഭവനങ്ങളിലും ആതുരാലയങ്ങളിലും അനേകരുടെ സന്മനസും ഉദാരതയും ദൈവസ്‌നേഹത്തിന്റെയും സ്വര്‍ഗീയ പരിപാലനയുടെയും നേര്‍സാക്ഷ്യമായിത്തീരുന്നത്.
ക്രൈസ്തവ സന്യാസവും സമര്‍പ്പിതജീവിതവും അനാവശ്യ വിമര്‍ശനങ്ങള്‍ക്കും മാധ്യമവിചാരണകള്‍ക്കും ഇരയാക്കപ്പെടുന്ന ഇക്കാലത്ത് ഇത്തരം വിശുദ്ധമായ സന്യാസമാതൃകകളെയും അവരുടെ പകരംവയ്ക്കാനില്ലാത്ത സംഭാവനകളെയും കാണാതെ പോകുന്നത് കാലത്തോട് കാണിക്കുന്ന വഞ്ചനയാണ്.

അതിരുകളില്ലാത്ത സ്‌നേഹശുശ്രൂഷ
അടിയുറച്ച ദൈവവിശ്വാസത്തിന്റെയും ആഴമേറിയ സഹോദരസ്‌നേഹത്തിന്റെയും ശക്തമായ പിന്‍ബലം ഉള്ളതുകൊണ്ടാണ് ദൈവപരിപാലനയുടെ ചെറിയ ദാസികള്‍ എന്ന ഈ സന്യാസിനി സമൂഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിറകു വിരിച്ചിരിക്കുന്നത്. ഭൗതിക സൗഹചര്യങ്ങളോ സാമ്പത്തിക സുരക്ഷിതത്വമോ ഇവരുടെ പ്രവര്‍ത്തനങ്ങളെ ലവലേശം സ്വാധീനിക്കുന്നില്ലായെന്നത് ദൈവപരിപാലനയില്‍ ഇവര്‍ എത്രമാത്രം ആശ്രയിക്കുന്നു എന്നതിന്റെ പ്രകടസാക്ഷ്യമാണ്. 1978-ല്‍ കോട്ടയം ജില്ലയിലെ കുന്നന്താനത്ത് പരിമിതമായ സാഹചര്യങ്ങളുടെ നടുവില്‍ ആരംഭിച്ച ഈ സ്‌നേഹശുശ്രൂഷ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ആഫ്രിക്കയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലും സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. 16 ഭവനങ്ങളിലായി ആയിരത്തോളം മക്കളെ ഈ സന്യാസിനിമാര്‍ സ്‌നേഹിച്ച്, പരിപാലിച്ച് സംരക്ഷിക്കുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നതും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മാറിനില്‍ക്കാന്‍ പലവിധ കാരണങ്ങള്‍കൊണ്ട് നിര്‍ബന്ധിതരായവരുമാണ്.

മദര്‍ മേരി ലിറ്റി സ്ഥാപിച്ച സന്യാസിനി സമൂഹത്തിന്റെ ഏത് ഭവനത്തില്‍ ചെന്നാലും നമ്മെ അത്ഭുതപ്പെടുത്തുന്ന ഒട്ടേറെ രംഗങ്ങള്‍ കാണാനാവും. ദൈവപരിപാലനയുടെ ചെറിയ ദാസികള്‍ എന്ന പേരിനെ അന്വര്‍ത്ഥമാക്കുംവിധം ഓരോ ചെറിയ കാര്യത്തിലും ലാളിത്യവും കാരുണ്യം നിറഞ്ഞ സമീപനവും മിഴിവാര്‍ന്ന് നില്‍ക്കുന്നത് അനുഭവവേദ്യമാണ്. മദര്‍ തെരേസയുടെ വാക്കുകള്‍ ശ്രദ്ധേയമാണ് ”സ്‌നേഹിക്കുന്നതിലുള്ള സന്തോഷമാണ് ജീവിക്കുന്നതിലുള്ള സന്തോഷം.” സ്‌നേഹമില്ലാത്ത ജീവിതം അര്‍ത്ഥശൂന്യമാണെന്നു സാരം. ദൈവം സ്‌നേഹമാണെന്ന് വിശുദ്ധ ബൈബിള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ സ്‌നേഹമെന്ന വികാരത്തിന്റെ വ്യാപ്തി സ്വര്‍ഗത്തോളം ഉന്നതമാണെന്ന് നാം മനസിലാക്കണം. ഈ ഉത്കൃഷ്ടഭാവത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായി മദര്‍ മേരി ലിറ്റി മാറുകയായിരുന്നു.

ദൈവവിശ്വാസത്തില്‍ അധിഷ്ഠിതവും സഹോദരങ്ങളെ കരുതുന്നതുമായ സ്‌നേഹശുശ്രൂഷ നമ്മെ നല്ല മനുഷ്യരാക്കിത്തീര്‍ക്കും. ഇത്തരമൊരു ആത്മനവീകരണത്തിനും സ്‌നേഹസംസ്‌കാരത്തിന്റെ പുനര്‍നിര്‍മിതിക്കും മദറിന്റെ ഓര്‍മ നമ്മെ പ്രചോദിപ്പിക്കണം. മാനസികമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍, മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട കൊച്ചുകുട്ടികള്‍ എന്നിവരെയെല്ലാം ജാതി മത വ്യത്യാസങ്ങള്‍ക്കതീതമായി ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കാനും അവര്‍ക്കാവശ്യമായതെല്ലാം നല്‍കാനും പരിപാലിക്കാനും ഈ അമ്മ കാണിച്ച സന്മനസും പ്രകടിപ്പിച്ച ത്യാഗബുദ്ധിയും തലമുറകള്‍ എത്ര കടന്നുപോയാലും നന്മയുടെയും സ്‌നേഹത്തിന്റെയും അടയാളങ്ങളായിത്തന്നെ നിലനില്‍ക്കും.
ലോകത്തില്‍ അധര്‍മവും തിന്മയും വ്യാപിക്കുമ്പോള്‍ അവ പരിഹരിക്കാനും ധര്‍മവും നന്മയും പുനഃസ്ഥാപിക്കാനും ദൈവം തന്റെ വിശ്വസ്ത ദൂതരെ നിയമിക്കും. അവര്‍ കാലഘട്ടത്തിന്റെ ആത്മീയ ധാര്‍മിക ആവശ്യങ്ങളോട് ക്രിയാത്മകമായും കാരുണ്യത്തോടെയും പ്രതികരിക്കും. ഇത്തരം നന്മനിറഞ്ഞ ജീവിതങ്ങളെ ആദരവോടെ പൊതുസമൂഹം വീക്ഷിക്കും. മദര്‍ മേരി ലിറ്റി എന്ന നക്ഷത്രത്തില്‍ ദൃഷ്ടി പതിപ്പിച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് ഒരിക്കലും ഇരുട്ടിനെ ഭയക്കേണ്ടതില്ല. അവര്‍ക്ക് വഴി തെറ്റുകയുമില്ല. കാരണം അവര്‍ സ്വര്‍ഗത്തില്‍നിന്നും ചൊരിയുന്ന പ്രകാശധാര അത്രമേല്‍ വലുതാണ്. മദറിന്റെ വിശുദ്ധമായ ഓര്‍മകള്‍ക്കുമുമ്പില്‍ പ്രണാമം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?