Follow Us On

28

March

2024

Thursday

ചിത്രവീട്ടിലെ വര്‍ണ്ണ വരകള്‍

ചിത്രവീട്ടിലെ  വര്‍ണ്ണ വരകള്‍

ബാബു വടക്കേടത്ത്

വീടാകെ ആര്‍ട്ട് ഗാലറിയാക്കിരിക്കുകയാണ് ഈ കുടുംബം. ചിത്രവീടെന്ന് നാട്ടുകാര്‍ പേരിട്ടിരിക്കുന്ന പുല്‍പ്പള്ളി കേളക്കവലയിലെ മങ്ങാരത്ത് ബിനുവിന്റെ വീടാണ് വര്‍ണ വരകളാല്‍ ആരുടെയും മനംനിറയ്ക്കുന്നത്. പുല്‍പ്പള്ളി സെന്റ് ജോര്‍ജ് സിംഹാസന കത്തീഡ്രല്‍ ഇടവകാംഗവും നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചിത്രകല അധ്യാപകനുമാണ് ബിനു.

കേളക്കവലയിലെ ബിനുവിന്റെ വീടിന്റെ പുറം ചുമരുകളിലെ മയിലും വേഴാമ്പലും ഇല്ലിക്കാടുകളുമാണ് മനം കവരുന്നത്. എന്നാല്‍ അകത്തെ ചുമരുകളില്‍ ഇല്ലിക്കാടും കാട്ടുകൊമ്പനും പൂമരവുമെല്ലാം ആരെയും വിസ്മയിപ്പിക്കുന്ന വരകളാണ്. പ്രാര്‍ത്ഥനാ മുറിയില്‍ ആട്ടിടയനെ കൈകളില്‍ എടുത്ത യേശുവിന്റെ രൂപവും മറ്റ് രൂപങ്ങളുമെല്ലാം ജീവസുറ്റതുപോലെ തോന്നിക്കുന്നു. വീടിന്റെ പുറം ഭിത്തികളിലെ വര തന്റെ വീടന്വേഷിച്ചെത്തുന്നവര്‍ക്ക് തിരിച്ചറിയാന്‍ സഹായകമായിട്ടുണ്ടെന്നും ബിനു പറഞ്ഞു.

ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മിനി അബ്രഹാമിന്റെയും സഹ അധ്യാപകരുടെയും പ്രചോദനവും പ്രോത്സാഹനവും തനിക്ക് കൂടുതല്‍ കരുത്താണെന്ന് ബിനു പറഞ്ഞു. അധ്യാപനത്തിന്റെ ഇടവേളകളില്‍ കേരളീയ ചിത്രകലയുടെ പ്രാചീന രൂപങ്ങളായ കളമെഴുത്ത്, കോലമെഴുത്ത്, മുഖമെഴുത്ത് തുടങ്ങിയവയിലുള്ള പഠനവും ബിനു നടത്തുന്നുണ്ട്. രവിവര്‍മ്മ ചിത്രകലാ വിദ്യാലയമെന്ന പേരില്‍ ബിനു ആരംഭിച്ച പരിശീലന കേന്ദ്രത്തില്‍നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് ചിത്രകലയില്‍ പ്രാവീണ്യം നേടിയത്.

ചിലര്‍ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് പരിശീലനം നേടി വിവിധ രാജ്യങ്ങളിലായി ജോലി ചെയുന്നുണ്ട്. വയനാടിന്റെ വിവിധ പഞ്ചായത്തുകളില്‍ നിരവധി ശിഷ്യഗണങ്ങളാണുള്ളത്. 1994 മുതല്‍ ബിനു വരയുടെ ലോകത്ത് സജീവമായി. 2008- ലായിരുന്നു വിവാഹം. ഭാര്യ ഷിനിയും ചിത്രകാരിയാണ്. വിവാഹാനന്തരം ഷിനിയും ബിനുവിന്റെ വരയുടെ ലോകത്തെ പിന്‍തുടരുകയായിരുന്നു. 2015-ല്‍ കല്ലോടി സ്‌കൂളില്‍ ചിത്രകലാധ്യാപകനായി ബിനുവിന് ജോലി ലഭിച്ചതോടെ രവിവര്‍മ്മ ചിത്രകലാ വിദ്യാലയത്തിന്റെ പൂര്‍ണ്ണ ചുമതല ഷിനിക്കായി.

ഇവരുടെ മക്കളായ എട്ടാം ക്ലാസുകാരി അക്‌സ അന്ന ബിനൂസും അഞ്ചാം ക്ലാസുകാരി സൂസന്‍ ബിനൂസും നഴ്‌സറി വിദ്യാര്‍ത്ഥി സാമുവല്‍ ജോണ്‍ ബിനൂസുമെല്ലാം ചെറുപ്രായത്തിലെ വരയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞു. കുടുംബം മുഴുവനും വരയുടെ ലോകത്തെ സ്‌നേഹിക്കുമ്പോള്‍ ചിത്ര വീടെന്ന വിളിപ്പേര് അന്വര്‍ത്ഥമാവുകയാണിവിടെ.

കോവിഡിനെ തുടര്‍ന്ന് അടഞ്ഞുകിടന്ന നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ തുറന്നപ്പോള്‍ ചുമരുകളിലെ ബിനുവിന്റെ ചിത്രങ്ങളാണ് കുട്ടികളെ വരവേറ്റത്. പ്രകൃതിയുടെ വിവിധ ദൃശ്യങ്ങളും മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് ഡോ. അബ്ദുള്‍ കലാമിന്റെയും ചിത്രങ്ങള്‍ ജീവസുറ്റ വരയുടെ നേര്‍രേഖകളായിരുന്നു. 2016-ല്‍ മാനന്തവാടിയില്‍ ആര്‍ട്ട് ഗാലറിയില്‍ നടത്തിയ ചിത്രപ്രദര്‍ശനത്തില്‍ ബിനുവിന്റെ 60-ഓളം ചിത്രങ്ങള്‍ വില്‍ക്കപ്പെട്ടു. വിദേശികളടക്കമുള്ളവരാണ് ചിത്രങ്ങള്‍ വാങ്ങിയത്.

തന്റെ ചിത്രങ്ങളുടെ വിപുലമായ പ്രദര്‍ശനം നടത്താനുള്ള തയാറെടുപ്പിലാണ് ഈ ചിത്രകലാധ്യാപകന്‍. മങ്ങാരത്ത് തോമസ് – അന്നക്കുട്ടി ദമ്പതികളുടെ മൂത്ത മകനാണ് ബിനു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?