Follow Us On

25

January

2022

Tuesday

യൂക്കരിസ്റ്റിക് റിവൈവൽ: വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിനെ സ്വർഗീയ മധ്യസ്ഥനായി നിയോഗിച്ച് യു.എസ്

യൂക്കരിസ്റ്റിക് റിവൈവൽ: വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിനെ സ്വർഗീയ മധ്യസ്ഥനായി നിയോഗിച്ച് യു.എസ്

ബാൾട്ടിമൂർ: ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കാൻ (യൂക്കരിസ്റ്റിക് റിവൈവൽ) അമേരിക്കയിലെ സഭ ആരംഭംകുറിക്കുന്ന വിശേഷാൽ ഉദ്യമത്തിന്റെ സ്വർഗീയ മധ്യസ്ഥനായി വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിനെ തിരഞ്ഞെടുത്ത് സഭാനേതൃത്വം. മൂന്ന് വർഷം നീളുന്ന ‘യൂക്കരിസ്റ്റിക് റിവൈവലി’ന്റെ പ്രഥമ വർഷത്തെ സ്വർഗീയ മധ്യസ്ഥനായാണ്, ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച വാഴ്ത്തപ്പെട്ട കാർലോയെ സഭാനേതൃത്വം നിശ്ചയിച്ചിരിക്കുന്നത്. ലുക്കീമിയ ബാധിതനായി 15-ാം വയസിൽ ഇഹലോകവാസം വെടിഞ്ഞ കാർലോയെ 2020ലാണ് തിരുസഭ വാഴ്ത്തപ്പെട്ടവരുടെ നിരയിൽ ഉൾപ്പെടുത്തിയത്.

ആഗോളസഭ 2022ലെ വിശുദ്ധ കുർബാനയുടെ തിരുനാൾ (കോർപ്പസ് ക്രിസ്റ്റി) ആഘോഷിക്കുന്ന ജൂൺ 19നാണ് മൂന്ന് വർഷത്തെ കർമപദ്ധതികൾക്ക് യു.എസിലെ സഭ തുടക്കം കുറിക്കുന്നത്. വാഴ്ത്തപ്പെട്ട കാർലോ വൈകാരിക അഭിനിവേശത്തോടെ പതിവായി പങ്കുവെച്ചിരുന്ന, ‘ദിവ്യകാരുണ്യം പതിവായി സ്വീകരിക്കുമ്പോൾ ഈശോയുമായി നാം കൂടുതൽ അനുരൂപരാകും. അപ്രകാരം സ്വർഗത്തിന്റെ മുന്നാസ്വാദനവും നമുക്ക് അനുഭവിക്കം,’ എന്ന സാക്ഷ്യത്തിന്റെ അന്തസത്ത പകരുക എന്നതുതന്നെയാണ് മൂന്ന് വർഷത്തെ കർമപദ്ധതികളുടെ ലക്ഷ്യവും.

വിശുദ്ധ കുർബാനയിൽ കൂദാശ ചെയ്യപ്പെടുന്ന അപ്പത്തിലും വീഞ്ഞിലും ക്രിസ്തുസാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം മൂന്നിൽ ഒന്നുമാത്രമാണെന്ന് വ്യക്തമാക്കുന്ന സർവേഫലം ‘പ്യൂ റിസർച്ച്’ നാളുകൾക്കുമുമ്പ് പുറത്തുവിട്ടിരുന്നു. ഇതിന്റെ ഗൗരവംകൂടി ഉൾക്കൊണ്ട്, ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കാൻ നടപ്പാക്കുന്ന പദ്ധതിക്ക് ഏറ്റവും അനുയോജ്യനായ സ്വർഗീയ മധ്യസ്ഥനെതന്നെയാണ് യു.എസിലെ സഭ നിശ്ചയിച്ചിരിക്കുന്നത്.

ടീഷർട്ടും സ്‌പോർട്‌സ് ഷൂംസും അണിഞ്ഞ പ്രഥമ വാഴ്ത്തപ്പെട്ടവൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാർലോ, ലോകമെമ്പാടുമുള്ള വിശ്വാസികളുടെ വിശിഷ്യാ, പുതുതലമുറയുടെ പ്രിയങ്കരനായി മാറുകയാണിപ്പോൾ. 2024 ജൂലൈ 17മുതൽ 21വരെ ഇന്ത്യാനോപ്പോളിസ് ആതിഥേയത്വം വഹിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസോടെയായിരിക്കും ‘യൂക്കരിസ്റ്റിക് റിവൈവലി’ന്റെ സമാപനം. മൂന്നു വർഷങ്ങളിൽ വിവിധ തലങ്ങളിൽ നടപ്പാക്കാൻ നിരവധി കർമപദ്ധതികൾക്കാണ് സഭാനേതൃത്വം രൂപം നൽകുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും വർഷങ്ങളിലെ സ്വർഗീയ മധ്യസ്ഥരെ പിന്നീട് പ്രഖ്യാപിക്കും.

1991ൽ ലണ്ടനിൽ ജനിച്ച അക്യൂറ്റിസ്, ലുക്കീമിയ ബാധിതനായി 2006 ഒക്ടോബർ 12 നാണ് ഇഹലോകവാസം വെടിഞ്ഞത്. കേവലം 15 വയസുവരെ മാത്രം ജീവിച്ചിരുന്നുള്ളുവെങ്കിലും അക്കാലംകൊണ്ടുതന്നെ തിന്മയുടെ നടുക്കടലിൽ അകപ്പെട്ട അനേകരെ വിശ്വാസവഴിയിലേക്ക് തിരിച്ച് വിടാൻ കഴിഞ്ഞതിലൂടെയാണ് അക്യുറ്റിസ് ശ്രദ്ധേയനായത്. കംപ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിൽ പ്രതിഭാശാലിയായിരുന്ന അവൻ, തന്റെ കഴിവുകൾ പൂർണമായും ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചത്.

ഈശോയോടുണ്ടായിരുന്ന സ്നേഹവും ഭക്തിയും കാർലോയെ സമപ്രായക്കാരിൽനിന്ന് വ്യത്യസ്തനാക്കി. ദിവ്യകാരുണ്യത്തിന് മുന്നിൽ അനേകം മണിക്കൂറുകൾ ചെലവഴിക്കുന്നതിലൂടെയും വിശുദ്ധ കുർബാനയുടെ അത്ഭുതങ്ങൾ കംപ്യൂട്ടറിൽ ശേഖരിക്കുന്നതിലൂടെയും കാർലോ സദാ ദൈവത്തോടൊപ്പമായിരുന്നു. 11-ാം വയസിൽ വിശുദ്ധ കുർബാനയുടെ അത്ഭുതങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അവൻ കംപ്യൂട്ടറിൽ ശേഖരിക്കാൻ തുടങ്ങി. അതിനായി ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങളിൽ തന്നെ കൊണ്ടുപോകണമെന്ന് കാർലോ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

രണ്ടര വർഷത്തെ പ്രയത്നത്തിനൊടുവിൽ കാർലോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഏതാണ്ട് എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളും കോർത്തിണക്കി ഒരു വെബ്സൈറ്റും തയാറാക്കി. നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളിൽ സംഭവിച്ചതും സഭ അംഗീകരിച്ചതുമായ 136 ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് അവൻ ശേഖരിച്ചത്. അഞ്ചു ഭൂഖണ്ഡങ്ങളിൽ വെർച്വൽ ലൈബ്രറിയുടെ പ്രദർശനവും നടത്തി. കാൻസർ രോഗത്തിന്റെ വേദനയാൽ പുളയുമ്പോഴും ആ വേദന കാർലോ പാപ്പയ്ക്കും സഭയ്ക്കുംവേണ്ടി കാഴ്ചവെച്ചു. 2018 ജൂലൈ അഞ്ചിന് ഫ്രാൻസിസ് പാപ്പതന്നെയാണ് അക്യുറ്റിസിനെ ധന്യരുടെ നിരയിൽ ഉൾപ്പെടുത്തിയത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?