Follow Us On

29

November

2021

Monday

പ്രതിസന്ധികളിൽ ജപമാലചൊല്ലി ദൈവമാതാവിന്റെ സഹായം തേടണം; വിശ്വാസികളെ സധൈര്യരാക്കി നൈജീരിയൻ ആർച്ച്ബിഷപ്പ്

പ്രതിസന്ധികളിൽ ജപമാലചൊല്ലി ദൈവമാതാവിന്റെ സഹായം തേടണം; വിശ്വാസികളെ സധൈര്യരാക്കി നൈജീരിയൻ ആർച്ച്ബിഷപ്പ്

അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങളും കൊലപാതകങ്ങളും നൈജീരിയയിൽ രൂക്ഷമാകുമ്പോൾ, പരിശുദ്ധ ജപമാല അർപ്പണത്തിലൂടെ നിത്യസഹായനാഥയുടെ സഹായം തേടാൻ വിശ്വാസീസമൂഹത്തോട് ആഹ്വാനം ചെയ്ത് നൈജീരിയൻ ആർച്ച്ബിഷപ്പ്. എനുഗു രൂപതയിലെ പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രമായ ഉഗ്വോഗോ- നിക്കേ ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേയായിരുന്നു അബൂജ ആർച്ച്ബിഷപ്പ് ഇഗ്‌നേഷ്യസ് കയിഗാമയുടെ ആഹ്വാനം.

പരിശുദ്ധ ദൈവമാതാവിന്റെ സഹനങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ടാണ്, ജപമാല അർപ്പണത്തിലൂടെ ആശങ്കകൾക്കും സഹനങ്ങൾക്കുംമേൽ വിജയം വരിക്കാൻ നൈജീരിയൻ ജനതയെ അദ്ദേഹം പ്രചോദിപ്പിച്ചത്. ദിവ്യകാരുണ്യ ഭക്തിയും മരിയൻ വണക്കവുമാണ് കത്തോലിക്കരുടെ ആത്മീയ ജീവിതയാത്രയിലെ രണ്ട് സവിശേഷ സ്തംഭങ്ങളെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ‘നിത്യസഹായനാഥാ സഖ്യത്തി’ന്റെ 10-ാമത് ദേശീയ കൺവെൻഷനോട് അനുബന്ധിച്ചായിരുന്നു ആർച്ച്ബിഷപ്പിന്റെ ദിവ്യബലി അർപ്പണം.

‘നമ്മെ ഇല്ലായ്മചെയ്യുന്ന കൊലപാതകളെയും ആക്രണങ്ങളെയും കുറിച്ച് നമ്മുടെ അമ്മയായ നിത്യസഹായിനിയോട് പറയണം. നാം പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും മഹാമാരിയുടെയും പിടിയിലാണിപ്പോൾ. അതേസമയം, സർക്കാരിന്റെ സേവനങ്ങളിൽ അഴിമതിയും വംശീയതയും മതദ്രുവീകരണവും നിറയുന്നു. രാജ്യം നേരിടുന്ന സകല പ്രശ്‌നങ്ങളും ദൈവത്തിന് സമർപ്പിച്ച് നമുക്ക് ഇടമുറിയാതെ ജപമാല അർപ്പിക്കാം, ദിവ്യകാരുണ്യ ആരാധനയിൽ അണിചേരാം,’ ആർച്ച്ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.

പരിശുദ്ധ അമ്മയിലൂടെ സംഭവിച്ച കാനായിലെ അത്ഭുതം ഓർമിച്ച അദ്ദേഹം, നൈജീരിയക്ക് വേണ്ടിയും ദൈവമാതാവ് മാധ്യസ്ഥം യാചിക്കുമെന്നും കൂട്ടിച്ചേർത്തു: ‘തന്റെ മക്കൾക്കുവേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കാനും നമ്മെ സഹായിക്കാനും പരിശുദ്ധ അമ്മ നിത്യം സന്നദ്ധയാണ്. ആത്മീയമായി ആരും അനാഥരാകാൻ പരിശുദ്ധ അമ്മ ഇടവരുത്തില്ല.’ നന്മയ്ക്കുവേണ്ടി വ്യക്തിതാൽപ്പര്യങ്ങളും ഗൂഢലക്ഷ്യങ്ങളും ത്യജിക്കാനുള്ള ദൈവീകജ്ഞാനത്തിലേക്ക് ഭരണാധിപന്മാരും മതനേതാക്കളും നയിക്കപ്പെടാൻ പ്രാർത്ഥിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പകളിൽനിന്നും ക്രിമിനലുകളിൽനിന്നും തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വയ്ക്കൽ, കൊലപാതകം ഉൾപ്പെടെയുള്ള ആക്രമണങ്ങളാണ് നൈജീരിയൻ ക്രൈസ്തവർക്ക് നേരിടേണ്ടി വരുന്നത്. നൈജീരിയയിൽ 2021 ജനുവരി ഒന്നു മുതൽ ജൂലൈ 18 വരെയുള്ള 200 ദിനങ്ങൾക്കിടയിൽ ക്രിസ്തുവിശ്വാസത്തെപ്രതി 3462 പേർ കൊല്ലപ്പെട്ടെന്ന നടുക്കുന്ന റിപ്പോർട്ട്, ‘ഇന്റർ സൊസൈറ്റി’ എന്ന സന്നദ്ധ സംഘടന ഈയിടെ പുറത്തുവിട്ടിരുന്നു. ഇസ്ലാമിക തീവ്രവാദികൾ ശക്തിപ്രാപിക്കുമ്പോഴും അതിനെ പ്രതിരോധിക്കാൻ ഭരണകൂടം കൈക്കൊള്ളുന്നില്ല എന്നതാണ് ഖേദകരം.

(വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഫയൽ ചിത്രം)

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?