Follow Us On

29

November

2021

Monday

മുല്ലപ്പെരിയാറിലെ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടോ?

മുല്ലപ്പെരിയാറിലെ  ആശങ്കകള്‍ക്ക്  അടിസ്ഥാനമുണ്ടോ?

ജോസഫ് മൂലയില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മുല്ലപ്പെരിയാറിലെ ജനനിരപ്പ് ഉയരുകയും സ്പില്‍വേയിലൂടെ ഇടുക്കിയിലേക്ക് വെള്ളം ഒഴുക്കുന്നതിനുള്ള സൈറണ്‍ മുഴുങ്ങുകയും ചെയ്തപ്പോള്‍ ജനങ്ങളുടെ ഉത്ക്കണഠകളും ഉയര്‍ന്നു. മുല്ലപ്പെരിയാറിന്റെ ആയുസ് നിര്‍ണയിക്കാന്‍ ഞാന്‍ സാങ്കേതിക വിദഗ്ധനല്ല. അതേസമയം ജനങ്ങളുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പറയാന്‍ സാമാന്യബോധം അനുവദിക്കുന്നതുമില്ല. മുല്ലപ്പെരിയാറിന്റെ പേരില്‍ ഉയര്‍ന്നുവരുന്ന ആശങ്കകള്‍ ഗൗരവത്തോടെ എടുക്കണമെന്ന അഭിപ്രായക്കാരനാണുതാനും. 50 വര്‍ഷം കാലാവധി പറഞ്ഞ് നിര്‍മിച്ച അണക്കെട്ട് 126 വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ കരയില്‍ താമസിക്കുന്നവര്‍ക്ക് ആശങ്കകള്‍ ഉണ്ടാകുന്നത് സ്വഭാവികമല്ലേ?
തമിഴ്‌നാട് ഗവണ്‍മെന്റ് വാദിക്കുന്നതുപോലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് നൂറ് ശതമാനം സുരക്ഷിതമാക്കിയെങ്കില്‍ അതിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിടണം. സാങ്കേതികത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവസാന വാക്ക് പറയേണ്ട ഐഐടിപോലുള്ള സ്ഥാപനങ്ങള്‍ അതു പരിശോധിച്ച് തീരുമാനത്തില്‍ എത്തുമല്ലോ. തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തിയിട്ടുണ്ടെന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍, ഇപ്പോള്‍ അതിലും പ്രധാനപ്പെട്ട മറ്റൊന്നുണ്ട്. ഭൂമിശാസ്ത്രപരമായി ആ പ്രദേശത്തു സംഭവിച്ചിരിക്കുന്ന മാറ്റങ്ങളാണ്. റൂര്‍ക്കി ഐഐടി നടത്തിയ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന പ്രദേശം. രാജ്യത്തെ ഭൂചലന മാനദണ്ഡപ്രകാരം സോണ്‍ മൂന്നിലാണ് മുല്ലപ്പെരിയാര്‍ പ്രദേശം. സോണ്‍ മൂന്ന് എന്നു പറയുന്നത് റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലയാണ്. ഡാം ബലപ്പെടുത്താന്‍ മാത്രമേ സാധിക്കൂ, അല്ലാതെ ഭൂകമ്പ സാധ്യത ഇല്ലാതാക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യകളൊന്നും കണ്ടുപിടിച്ചിട്ടില്ലല്ലോ. ഗാഡ്ഗിലും പരിസ്ഥിതി സ്‌നേഹികളുമൊക്കെ എന്തേ ഇവിടെ നിശബ്ദരാകുന്നു?
മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി അണക്കെട്ട് താങ്ങുമെന്നാണ് മറ്റൊരു വാദം. ഇടുക്കിയുടെ പ്രധാന കെട്ടിന് അതു കഴിഞ്ഞാലും ചെറുതോണിയും കുളമാവിനും കഴിയുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇനി കഴിയുമെന്ന് തന്നെ വിശ്വസിക്കുക. അവിടെയും മറ്റൊരു ഗൗരവമായ പ്രശ്‌നമുണ്ട്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ആ വെള്ളം ഇടുക്കിയിലേക്ക് എത്തുന്നത് കടലിലൂടെയല്ല. പതിനായിരക്കണക്കിന് മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടുക്കി ജില്ലയിലെ വള്ളക്കടവ്, മ്ലാമല, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, അയ്യപ്പന്‍കോവില്‍, ചപ്പാത്ത് തുടങ്ങി പ്രദേശങ്ങളിലൂടെയാണ്. മനുഷ്യര്‍ക്കൊന്ന് ഓടിമാറാന്‍ സാവകാശം ലഭിക്കുന്നതിനുമുമ്പ് വെള്ളം അവിടേക്ക് കുതിച്ചെത്തും. പിന്നീട് ജീവനുള്ളവയൊന്നും അവിടെ അവശേഷിക്കില്ല.
മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്ന് ഗവണ്‍മെന്റിന് വേണമെങ്കില്‍ അവകാശവാദം ഉന്നയിക്കാം. എന്നാല്‍, അതിനെ സാധൂകരിക്കുന്ന ശാസ്ത്രീയമായ എന്തു തെളിവുകളാണ് ജനങ്ങളുടെ മുമ്പില്‍ വയ്ക്കാനുള്ളത്? അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അതുപുറത്തുവിട്ട് ജനങ്ങളുടെ ഭീതിയകറ്റുകല്ലേ ചെയ്യേണ്ടത്? എന്നാല്‍, ഡാം സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടുകള്‍ സമീപദിവസവും പുറത്തുവന്നിരുന്നു. യുഎന്‍-ന്റെ കാനഡ ആസ്ഥാനമാക്കിയുള്ള ‘ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഹെല്‍ത്ത്’ പുറത്തുവിട്ട റിപ്പോര്‍ട്ടതനുസരിച്ച് അപകടാവസ്ഥയിലാണ് മുല്ലപ്പെരിയാര്‍ ഡാം. ഇനി ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് സംസ്ഥാന ഗവണ്‍മെന്റിന് തീര്‍ച്ചയുണ്ടെങ്കില്‍ അക്കാര്യവും അടിയന്തിരമായി ജനങ്ങളെ അറിയിക്കണം. ആധുനിക സാങ്കേതികവിദ്യകള്‍ അന്യമായിരുന്ന കാലത്ത് സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിക്കപ്പെട്ടതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ചതില്‍ ഇപ്പോള്‍ ലോകത്ത് നിലനില്ക്കുന്ന ഏക അണക്കെട്ടും മുല്ലപ്പെരിയാറാണ്.
കേരളത്തിലും തമിഴ്‌നാട്ടിലും വൈകാരികമായി പ്രതികരണങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉള്ള വിഷയമായതിനാല്‍ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യുകയും വേണം. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കോടതി വ്യവഹാരങ്ങളില്‍ ഏതാണ്ട് എല്ലായ്‌പ്പോഴും വിധി തമിഴ്‌നാടിന് അനുകൂലമായിട്ടാണ്. അതിനെ മറ്റുവിധത്തില്‍ വ്യാഖ്യാനിക്കുന്നതില്‍ കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. പ്രധാനപ്പെട്ടത് കേസ് നടത്തിപ്പില്‍ തമിഴ്‌നാടിന്റെ ശുഷ്‌കാന്തിയും കേരളത്തിന്റെ അനാസ്ഥയുമാണ്. ഉദ്യോഗസ്ഥന്മാര്‍ മുതല്‍ ഭരണനേതൃത്വത്തിന് വരെ ആ വീഴ്ചകളുടെ ഉത്തരവാദിത്വത്തില്‍ നിന്നും മാറിനില്ക്കാനാവില്ല.
ഈ കരാറില്‍ കള്ളച്ചൂതുകള്‍ നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നവരെ കുറ്റംപറയാന്‍ കഴിയില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് നിലവില്‍ വന്ന കരാര്‍ തമിഴ്‌നാട്ടിലെ ജലസേചനത്തിനായിരുന്നു. 1970 ല്‍ കേരളവുമായി പുതിയ കരാര്‍ ഉണ്ടാക്കുന്നു. അതില്‍ പുതിയൊരു വ്യവസ്ഥകൂടി എഴുതിചേര്‍ത്തു, വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുകൂടി വെള്ളം. നാമമാത്രമായ ഒരു തുകയും കരാറില്‍ വ്യവസ്ഥ ചെയ്തു. പൂര്‍ണമായും കേരളത്തിന്റെ അധീനതയിലുള്ള നദിയില്‍ കെട്ടി ഉയര്‍ത്തിയ അണക്കെട്ടിന്റെ അധികാരം വീണ്ടും തമിഴ്‌നാടിനാകുകയും ചെയ്യുന്നു. ഇവിടെ നമ്മള്‍ ആരെയാണ് പഴിക്കേണ്ടത്? അതുകൊണ്ടാണ് ഇപ്പോള്‍ തമിഴ്‌നാടിന്റെ ദയാവായ്പിനായി കേഴേണ്ട അവസ്ഥയിലേക്ക് എത്തിയത്. കേരളം തമിഴ്‌നാടിന് ചെയ്യുന്ന സൗജന്യമാണ് മുല്ലപ്പെരിയാറിലെ വെള്ളം. പക്ഷേ, സൗജന്യം സ്വീകരിക്കുന്നവരാണ് ഇവിടെ യജനമാന്മാര്‍. ലോകത്തൊരൊരിടത്തും കേട്ടുകേള്‍വി ഇല്ലാത്ത കാര്യം. മുല്ലപ്പെരിയാറിന്റെ മുഴുവന്‍ ഗുണങ്ങളും അനുഭവിച്ചിട്ട് കേരളത്തിലെ ജനങ്ങള്‍ക്ക് ആശങ്കകള്‍ മാത്രം സമ്മാനിക്കുന്ന തമിഴ്‌നാടിന്റെ പ്രവൃത്തി നല്ല അയല്‍ക്കാരന് ചേര്‍ന്നതല്ല.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങള്‍ നിശബ്ദരായിരിക്കണമെന്ന് ഗവണ്‍മെന്റ് പറയുന്നതില്‍ അര്‍ത്ഥം ഉണ്ടെന്നുതോന്നുന്നില്ല. സോഷ്യല്‍ മീഡിയകള്‍ വഴി ഭീതി പരത്തണമെന്നല്ല പറയുന്നത്. ജനങ്ങളുടെ ആശങ്കകള്‍ അകറ്റേണ്ട ഉത്തരവാദിത്വം ഗവണ്‍മെന്റിനാണ്. തമിഴ്‌നാടിനാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ദോഷമാകുന്നതെങ്കില്‍ വര്‍ഷങ്ങളോളം കോടതികളില്‍ ഈ പ്രശ്‌നം ഇങ്ങനെ വലിച്ചുനീട്ടപ്പെടുമായിരുന്നോ? തീര്‍ച്ചയായും ഇല്ലെന്നാണ് ഉത്തരം. പദ്ധതിക്ക് അനുകൂലമല്ലാതിരുന്ന അന്നത്തെ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മയെ ഭീഷണിപ്പെടുത്തിയാണ് ബ്രിട്ടീഷുകാര്‍ മുല്ലപ്പെരിയാര്‍ കരാറില്‍ ഒപ്പുവയ്പ്പിച്ചത്. ഒപ്പിട്ടതിനുശേഷം വ്യസനത്തോടെ അദ്ദേഹം പറഞ്ഞത്, എന്റെ ഹൃദയരക്തംകൊണ്ടാണ് ഞാന്‍ ഒപ്പുവയ്ക്കുന്നത്’ എന്നായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറിയ കേരളത്തിലെ ‘പ്രഗത്ഭരായ’ ഭരണാധികാരികള്‍ക്ക് ആ ഹൃദയഭാരം ഇല്ലാതെപോയോ? അവര്‍ അന്നെടുത്ത ദൂരക്കാഴ്ച ഇല്ലാത്ത തീരുമാനങ്ങളുടെ അനന്തരഫലമാണ് കേരളം ഇപ്പോള്‍ നേരിടുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?