Follow Us On

19

April

2024

Friday

സുവിശേഷ ദൗത്യത്തിൽ യുവജനങ്ങൾ നിർണായക ഭാഗഭാക്കുകളാകണം; യുവജനങ്ങളുടെ മധ്യേനിന്ന് ആഞ്ചലൂസ് സന്ദേശം

സുവിശേഷ ദൗത്യത്തിൽ യുവജനങ്ങൾ നിർണായക ഭാഗഭാക്കുകളാകണം; യുവജനങ്ങളുടെ മധ്യേനിന്ന് ആഞ്ചലൂസ് സന്ദേശം

വത്തിക്കാൻ സിറ്റി: തിരുസഭയുടെ സുപ്രധാന ശുശ്രൂഷയായ സുവിശേഷവത്ക്കരണ ദൗത്യത്തിൽ യുവജനങ്ങൾ നിർണായക ഭാഗഭാക്കുകളായി മാറണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ക്രിസ്തുരാജത്വ തിരുനാൾ ദിനത്തിൽ ലോക യുവജനദിനം ആഘോഷിക്കുന്ന സാഹചര്യത്തിൽ നൽകിയ ആഞ്ചലൂസ് സന്ദേശത്തിലായിരുന്നു പാപ്പയുടെ ആഹ്വാനം. യുവജനങ്ങൾ തിരുസഭാ കുടുംബത്തിലെ പ്രധാന വക്താക്കളാണെന്ന് വ്യക്തമാക്കുംവിധം, രണ്ട് യുവജനങ്ങളെ ഇരുവശത്തും ചേർത്തുനിർത്തി പാപ്പ ആഞ്ചലൂസ് സന്ദേശം പങ്കുവെച്ചതും സവിശേഷതയായി.

ആഞ്ചലൂസിന്റെ സമാപനത്തിൽ ലോകമെമ്പാടുമുള്ള യുവജനങ്ങൾക്ക് ആശംസകൾ നേരാൻ പാപ്പ തന്റെ മൈക്ക് യുവജനങ്ങളിലൊരാൾക്ക് കൈമാറുകയും ചെയ്തു. റോം രൂപതാംഗങ്ങളായ 19 വയസുള്ള ഒരു യുവതിയെയും യുവാവിനെയുമാണ് പാപ്പ തന്റെ ഇരുവശത്തുമായി നിറുത്തിയത്. ഓശാന ഞായറാഴ്ചകളിൽക്രമീകരിച്ചിരുന്ന രൂപതാതല യുവജന ദിനാഘോഷം ഇതാദ്യമായാണ് ക്രിസ്തുരാജത്വ തിരുനാളിൽക്രമീകരിക്കുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ വർഷം പാപ്പ പ്രഖ്യാപിച്ചിരുന്നു.

പ്രധാന വചനസന്ദേശം പങ്കുവെച്ച ശേഷമാണ് ലോകയുവതയെ പാപ്പ അഭിസംബോധന ചെയ്തത്. ‘സഭയുടെ സജീവസാന്നിധ്യമാണെന്ന അനുഭവതലത്തിലേക്കും സഭാ ദൗത്യത്തിന്റെ പ്രധാനികളാണെന്ന ബോധ്യത്തിലേക്കും ലോകമെമ്പാടുമുള്ള യുവജനങ്ങൾ വന്നണയണമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ഭരിക്കുക എന്നാൽ ശുശ്രൂഷിക്കുക എന്നാണ് അർത്ഥം. ക്രിസ്തു നമ്മെ പഠിപ്പിച്ച ദൗത്യം നമുക്ക് ഒരുമിച്ച് തുടരാം,’ പാപ്പ ഉദ്‌ബോധിപ്പിച്ചു.

അതേ തുടർന്നാണ്, ലോകയുവതയ്ക്ക് ആശംസകൾ നേരാൻ പാപ്പ തനിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ക്ഷണിച്ചത്. ‘എല്ലാവർക്കും യുവജന ദിനാശംസകൾ നേരുന്നു,’ എന്ന വാക്കുകളിൽ ആശംസ ചുരുക്കാൻ ഒരുങ്ങവേ, ‘എന്തെങ്കിലും ക്രിയാത്മകമായി പറയൂ,’ എന്ന പാപ്പയുടെ വാക്കുകൾക്ക് മറുപടിയായി യുവാവ് തുടർന്നു: ‘ക്രിസ്തുവിൽ വിശ്വസിക്കുന്നത് എത്രയോ മനോഹരമാണെന്ന് നമുക്ക് സാക്ഷ്യപ്പെടുത്താം.’ വത്തിക്കാൻ ചത്വരത്തിൽ സമ്മേളിച്ച വിശ്വാസീസമൂഹം ഹർഷാരവത്തോടെയാണ് ഈ വാക്കുകളെ വരവേറ്റത്.

യുവജനങ്ങളാണ് സഭയുടെ ഭാവി എന്നത് ഉദ്ഘോഷിക്കാനും യുവജനപ്രേഷിതത്വത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താനും സംഘടിപ്പിക്കുന്ന ലോക യുവജനസംഗമം രണ്ടോ മൂന്നോ വർഷത്തിന്റെ ഇടവേളയിലാണ് നടക്കുക. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് 1985ൽ ലോക യുവജന ദിനത്തിന് തുടക്കമിട്ടത്. രൂപതാ തലങ്ങളിൽ ആഘോഷിച്ചിരുന്ന ദിനം പിന്നീട് രണ്ടോ മൂന്നോ വർഷംകൂടുമ്പോഴുള്ള ലോക യുവജനസംഗമമായി വളരുകയായിരുന്നു. 2023ലെ ലോക യുവജന സംഗമത്തിന് പോർച്ചുഗലാണ് ആതിഥേയത്വം വഹിക്കുക.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?