Follow Us On

19

April

2024

Friday

ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി അഞ്ചു പേർ കൊല്ലപ്പെട്ടു, വൈദികനും കുട്ടികളും ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക്

ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി അഞ്ചു പേർ കൊല്ലപ്പെട്ടു, വൈദികനും കുട്ടികളും ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക്

മിൽവോക്കി: ക്രിസ്മസിന് മുന്നോടിയായി അമേരിക്കയിൽ പരമ്പരാഗതമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി ചുരുങ്ങിയത് അഞ്ചുപേരെങ്കിലും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. കത്തോലിക്കാ വൈദികനും ഇടവകാംഗങ്ങളും കത്തോലിക്കാ സ്‌കൂൾ വിദ്യാർത്ഥികളും ഉൾപ്പെടെ 40ൽപ്പരം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അമേരിക്കൻ സംസ്ഥാനമായ വിസ്‌കോൺസിനിലെ വൗകേഷാ നഗരത്തിൽ ഇന്നലെ (നവംബർ 21) വൈകിട്ടായിരുന്നു ദാരുണ സംഭവം.

കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഭീകരാക്രമണമാണോ എന്നത് പരിശോധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കത്തോലിക്കാ വൈദികനും കത്തോലിക്കാ സ്‌കൂൾ വിദ്യാർത്ഥികളും ഇടവകാംഗങ്ങളും അപകടത്തിൽപെട്ട വിവരം മിൽവാക്കി അതിരൂപതയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. അപകടത്തിൽ ഇരകളായവർക്കായി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും ചെയ്തു.

ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറുന്നു.

‘ഞങ്ങളുടെ പ്രാർത്ഥനകൾ ദാരുണമായ സംഭവത്തിൽ പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്തവർക്കൊപ്പമുണ്ട്. അപകടത്തിൽ പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും അപകടരംഗം കണ്ടതിന്റെ ആഘാതത്തിൽനിന്ന് മുക്തരാകാത്തവർക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ എല്ലാവരും പങ്കുചേരണം,’ അതിരൂപതാ കമ്മ്യൂണിക്കേഷൻ ഡയറക്ടർ സാന്ദ്ര പീറ്റേഴ്‌സൺ പറഞ്ഞു.

അധികാരികളുടെ റിപ്പോർട്ടുകൾ പ്രകാരം, മിൽവാക്കി നഗരപ്രാന്തത്തിലെ പ്രധാന തെരുവിലൂടെ കടന്നുപോയ ചുവന്ന എസ്.യു.വി ബാരിക്കേഡുകൾ തകർത്ത് പരേഡിലേക്ക് ഇരച്ചുകയറുകയായിരുന്നു. തങ്ങളുടെ ഇടവകയിലുള്ള നിരവധിപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാല് ഇടവകകൾ ഉൾപ്പെടുന്ന വൗകെഷയിലെ കത്തോലിക്കാ സമൂഹം സ്ഥിരീകരിച്ചു. അപകടത്തിൽ പെട്ടവർക്കായി പ്രാർത്ഥിക്കാൻ ഇവിടത്തെ കത്തോലിക്കാ സമൂഹം ഇന്ന് (നവംബർ 22) സെന്റ് വില്യം ദൈവാലയത്തിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷ ക്രമീകരിച്ചിട്ടുണ്ട്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?