യു.കെ: വിശ്വാസത്തെപ്രതി ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ വ്യാപ്തി ലോകത്തിനു മുന്നിൽ തുറന്നുകാട്ടാനും പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) രാജ്യാന്തര തലത്തിൽ സംഘടിപ്പിക്കുന്ന ‘റെഡ് വെനസ്ഡേ’ ആചരണത്തിന് മണിക്കൂറുകൾ മാത്രം. നാളെ, നവംബർ 23നാണ് ഇത്തവണത്തെ ‘റെഡ് വെനസ്‌ഡേ’ (ചുവപ്പ് ബുധൻ) ആചരണം.
രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ ചുവപ്പ് നിറത്തിൽ ദൈവാലയങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ നിർമിതികൾ വർണാഭമാക്കുന്നതാണ് അന്നേ ദിനത്തിന്റെ പ്രധാന സവിശേഷത. ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉദ്യമത്തിൽ ഈ വർഷം നിരവധി ദൈവാലയങ്ങളും സ്മാരകങ്ങളും പൊതുമന്ദിരങ്ങളും അണിചേരുമെന്ന് സംഘാടകർ അറിയിച്ചു. അതോടൊപ്പം ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ചുള്ള സവിശേഷ റിപ്പോർട്ടും ‘എ.സി.എൻ’ യു.കെ പാർലമെന്റിന് സമർപ്പിച്ചിട്ടുണ്ട്.
പീഡിത ക്രൈസ്തവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന ‘എ.സി.എൻ’ 2015 മുതൽ ക്രമീകരിക്കുന്ന ‘റെഡ് വീക്ക്’ ക്യാംപെയിന്റെ സമാപനദിനമാണ് ‘റെഡ് വെനസ്ഡേ’യായി ആചരിക്കുന്നത്. ഈ വർഷം നവംബർ 16മുതൽ 23വരെയാണ് റെഡ് വീക്ക് ആചരണം. നവംബർ 16ന് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ സെന്റ് കാൾ ദൈവാലയത്തിൽ ക്രമീകരിക്കുന്ന ശുശ്രൂഷകളോടെയാണ് ‘റെഡ് വീക്ക്’ കാംപെയിന് തുടക്കമായത്.
കാനഡയിലെ മോൺട്രിയലിലെയും ടൊറന്റോയിലെയും കത്തീഡ്രലുകൾ, പാരീസിലെ മോണ്ട്മാർട്രെ ബസിലിക്ക, സ്ലൊവാക്യയിലെ പ്രധാന കെട്ടിടങ്ങളും ചുവപ്പ് നിറം അണിണിയുന്ന നിർമിതികളിൽ ഉൾപ്പെടും. ഇതോടൊപ്പം, വിവിധ രൂപതകളിലെ ദൈവാലയങ്ങളും സ്‌കൂളുകളും പങ്കുചേരുന്നുണ്ട്. ഇത്തവണ ചുവന്ന ലൈറ്റുകൾ കുറച്ചുസമയം മാത്രം തെളിക്കാനും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, ദൈവാലയ മണികളും മുഴങ്ങും.
Leave a Comment
Your email address will not be published. Required fields are marked with *