Follow Us On

29

November

2021

Monday

മതനിന്ദാ കുറ്റം ചുമത്തപ്പെട്ട രണ്ട് ക്രൈസ്തവ നഴ്‌സുമാർക്ക് ജാമ്യം നൽകി പാക് കോടതി

മതനിന്ദാ കുറ്റം ചുമത്തപ്പെട്ട രണ്ട് ക്രൈസ്തവ നഴ്‌സുമാർക്ക് ജാമ്യം നൽകി പാക് കോടതി

ഫൈസലാബാദ്: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് ക്രിസ്ത്യൻ നഴ്‌സുമാർക്ക് കോടതി ജാമ്യം അനുവദിച്ചെന്ന് റിപ്പോർട്ടുകൾ. ജാമ്യം ലഭിച്ചതിനെ തുടർന്ന് സെപ്തംബറിൽ അവർ ജയിൽ മോചിതരായെങ്കിലും തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രതികരണങ്ങൾ ഭയന്ന് അക്കാര്യം രഹസ്യമാക്കി വെക്കുകയായിരുന്നുവെന്ന്, കേസ് വാദിച്ച അറ്റോർണി അറ്റിഫ് ജമിൽ പഗാനെ ഉദ്ധരിച്ച് ‘മോർണിംഗ് സ്റ്റാർ ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു. ലോകമെമ്പാടും നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറംലോകത്തെ അറിയിക്കാൻ ശ്രമിക്കുന്ന മാധ്യമമാണ് ‘മോർണിംഗ് സ്റ്റാർ ന്യൂസ്’.

സെപ്തംബർ 23 നാണ് മറിയം ലാലിനും നെവിഷ് അരൂജിനും ഫൈസലാബാദ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പാക്കിസ്ഥാനിൽ മതനിന്ദ കുറ്റം ആരോപിക്കപ്പെട്ടവർ വിചാരണകൂടാതെ വർഷങ്ങളോളം ജയിലിൽ കഴിയേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ, ജാമ്യം അനുവദിച്ച കോടതി നടപടിയെ അസാധാരണമെന്നാണ് അറ്റോർണി പഗാൻ വിശേഷിപ്പിച്ചത്. ‘ഫൈസലാബാദ് ജില്ലാ ജയിൽ അധികാരി മുഖാന്തിരം ഫയൽ ചെയ്ത ജാമ്യാപേക്ഷയിലാണ് കോടതി നടപടി ഉണ്ടായത്. മതനിന്ദയുമായി ബന്ധപ്പെട്ട കേസുകളിൽ സെഷൻസ് കോടതിയിൽനിന്ന് ഇപ്രകാരമൊരു നടപടി ഉണ്ടായത് അപൂർവമാണ്. അവർ ഇരുവരും സുരക്ഷിതരാണിപ്പോൾ.’ വാദം പൂർത്തിയാകുമ്പോൾ, ഇവരുടെ നിരപരാധിത്യം കോടതിക്ക് ബോധ്യപ്പെടുമെന്നും അറ്റോർണി പ്രത്യാശ പ്രകടിപ്പിച്ചു.

ഖുറാനെ അവഹേളിച്ചു എന്ന് ആരോപിച്ച് 2021 ഏപ്രിലിലാണ് ഫൈസലാബാദ് ഡിസ്ട്രിക്ട് ആശുപത്രിയിലെ നഴ്സുമാരായ ഇവരെ അറസ്റ്റ് ചെയ്തത്. 2021 ഏപ്രിൽ ഒമ്പതിനായിരുന്നു പ്രശ്നങ്ങൾക്ക് ആസ്പദമായ സംഭവം. പഴയ സ്റ്റിക്കറുകളും മറ്റും നീക്കം ചെയ്ത് അലമാര വൃത്തിയാക്കാൻ ഹെഡ് നഴ്സ് റുക്സാന നിർദേശിക്കുകയായിരുന്നു. മറിയം ലാലിനോട് വിദ്വേഷം ഉണ്ടായിരുന്ന റുഖ്‌സാന, ചുമരിലെ ഖുറാൻ വാക്യങ്ങൾ ഉൾക്കൊള്ളുന്ന സ്റ്റിക്കറുകൾ മറിയം പൊളിച്ചുകളഞ്ഞെന്ന് ആരോപിച്ചതോടെ ആശുപത്രിയിലെ മറ്റു മുസ്ലിം ജീവനക്കാർ അക്രമാസക്തരായി.

ആരു ആശുപത്രി ജീവനക്കാരൻ കത്തിയുമായി നടത്തിയ ആക്രമണത്തിൽ മറിയത്തിന് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിന്റെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. മറിയത്തിനൊപ്പം നെവിഷ് അരൂജിന്റെമേലും മെഡിക്കൽ സൂപ്രണ്ട് കുറ്റാരോപണം നടത്തുകയായിരുന്നു. നഴ്സുമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി ജീവനക്കാർക്കൊപ്പം പ്രാദേശിക മുസ്ലിം പുരോഹിതരും രംഗത്തെത്തിയതോടെ പ്രശ്‌നം ഗുരുതരമായി.

പാക്കിസ്ഥാനിലെ മതനിന്ദാക്കുറ്റവും ഇതിനുള്ള ശിക്ഷയും അന്താരാഷ്ട്ത തലത്തിൽതന്നെ കുപ്രസിദ്ധമാണ്. വ്യക്തിവൈരാഗ്യങ്ങളെ തുടർന്നുള്ള പരാതികളുടെ പേരിലും മതനിന്ദാക്കുറ്റം ആരോപിക്കപ്പെടാറുണ്ട്. മതനിന്ദക്കുറ്റം ചുമത്തപ്പെട്ട 80 പേരെങ്കിലും പാക്കിസ്ഥാനിലെ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. ദുരുപയോഗ സാധ്യതകൾ ഏറെയുള്ള മതനിന്ദാ നിയമത്തിനെതിരെ അന്താരാഷ്ട്രതലത്തിൽതന്നെ പ്രതിഷേധങ്ങളുണ്ടെങ്കിലും നിയമം റദ്ദാക്കാനോ ഭേദഗതിചെയ്യാനോ പാക് ഭരണകൂടം ഇതുവരെ തയാറായിട്ടില്ല.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?