Follow Us On

29

November

2021

Monday

വിശുദ്ധര്‍ തിരിച്ചറിഞ്ഞ രഹസ്യം

വിശുദ്ധര്‍ തിരിച്ചറിഞ്ഞ രഹസ്യം

തങ്കച്ചന്‍ തുണ്ടിയില്‍

”വേറെ ആരെയും ഏല്‍പിച്ചിട്ടില്ലാത്ത ഒരു ജോലി ദൈവം എന്നെ ഏല്‍പിച്ചിട്ടുണ്ട്. എനിക്ക് എന്റേതായ ഒരു ദൗത്യമുണ്ട്.” വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ ഈ വാക്കുകള്‍ ആഴത്തില്‍ ധ്യാനിച്ചാല്‍ നമുക്കൊരു സത്യം മനസിലാകും. ഇത് അദ്ദേഹത്തെ സംബന്ധിച്ചു മാത്രമല്ല, നമ്മെ ഓരോരുത്തരെയുംകുറിച്ച് വാസ്തവമാണിത്. ഈ സത്യം തിരിച്ചറിഞ്ഞവരാണ് വിശുദ്ധരെല്ലാം. ”സുവിശേഷം ശ്രവിക്കാന്‍ എല്ലാ മനുഷ്യര്‍ക്കും അവകാശമുണ്ട്” (ചാക്രികലേഖനം-രക്ഷകന്റെ മിഷന്‍ 44:3). നാമായിരിക്കുന്ന അവസ്ഥയില്‍ (ജീവിതാന്തസില്‍) നിന്നുകൊണ്ട് അത് അറിയിക്കണം.

ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല
ഇതില്‍നിന്ന് ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല. നമ്മുടെ ആത്മരക്ഷയും നമ്മിലൂടെയുള്ള മറ്റുള്ളവരുടെ ആത്മരക്ഷയും നാം പൂര്‍ത്തിയാക്കിയേ പറ്റൂ. അതാണ് ”ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ദുരിതമെന്ന്” 1 കോറി. 9:16-ല്‍ പറയുന്നത്. ”മാമ്മോദീസായിലൂടെയാണ് ഈ മിഷന്‍ നമുക്ക് ലഭിച്ചിരിക്കുന്നത്” (രക്ഷകന്റെ മിഷന്‍ 45:1). അതായത്, മാമ്മോദീസാ സ്വീകരിച്ച നാമോരോരുത്തരും നമ്മാലാകുംവിധം ഇത് നിര്‍വഹിച്ചേ മതിയാവൂ. വേറെ ആരെയും ഏല്‍പിച്ചിട്ടില്ലാത്ത ഒരു ജോലി എന്നെ ഏല്‍പിച്ചിട്ടുണ്ടെന്ന ന്യൂമാന്റെ വാക്കുകളുടെ അര്‍ത്ഥം ഇവിടെയാണ് നാം വിലയിരുത്തേണ്ടത്. എന്നെ ഏല്‍പിച്ചിരിക്കുന്ന ദൗത്യം അത് മറ്റാരും ചെയ്യില്ല. അത് ഞാന്‍തന്നെ ചെയ്‌തേ മതിയാവൂ. ”മിഷനറി തനിച്ചാണെങ്കില്‍പോലും ഒറ്റയ്ക്കല്ല. സഭയുടെ മുഴുവനുമായി ബന്ധപ്പെട്ടിരിക്കുന്നു” (രക്ഷകന്റെ മിഷന്‍ 45:1) എന്ന വാക്കുകളും ഇതിനോട് ചേര്‍ന്നു വായിക്കണം.

വിധിക്കപ്പെടാതിരിക്കാന്‍
”എന്നാല്‍ സുവിശേഷം പങ്കുവയ്ക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ബഹുഭൂരിപക്ഷം വിശ്വാസികളും ബോധവാന്മാരല്ല. പ്രേഷിതത്വത്തില്‍ എല്ലാ വിശ്വാസികളും പങ്കുചേരേണ്ടതിന്റെ ആവശ്യകത ഓരോരുത്തരുടെയും ജ്ഞാനസ്‌നാനത്തില്‍ അധിഷ്ഠിതമായ ഒരവകാശവും കടമയുമാണ്” (രക്ഷകന്റെ മിഷന്‍ 2). ഈ സത്യമാണ് പൗലോസ് ശ്ലീഹായും പറയുന്നത് ”അതെന്റെ കടമയാണ്” (1 കോറി. 9:16). ”മാമ്മോദീസായിലൂടെ നാം സഭയുടെ ദൗത്യത്തില്‍ പങ്കുകാരാക്കപ്പെടുകയും ചെയ്യുന്നു” (സിസിസി 1213). കടമയില്‍നിന്ന് നമുക്കാര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ”മാമ്മോദീസാ സ്വീകരിച്ചവര്‍ ക്രിസ്തുവിന്റെ ഈ അനുഗ്രഹത്തോട് വിചാരം, വാക്ക്, പ്രവൃത്തി എന്നിവമൂലം സഹകരിക്കുന്നില്ലെങ്കില്‍ അവര്‍ രക്ഷപ്രാപിക്കില്ലെന്നു മാത്രമല്ല, അവര്‍ കര്‍ശനമായി വിധിക്കപ്പെടുകയും ചെയ്യും” (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തിരുസഭ 14). ”ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ദുരിത”മെന്ന (1 കോറി. 9:16) വാക്യങ്ങളും ഇതിനോട് ചേര്‍ത്ത് വായിക്കണം. സത്യത്തില്‍ നമ്മുടെ ആത്മരക്ഷയും മറ്റുള്ളവരുടെ ആത്മരക്ഷയും തമ്മില്‍ ബന്ധമുണ്ടെന്നുള്ള സത്യം നാമൊരിക്കലും മറക്കരുത്. ”ദൈവത്തെയും മനുഷ്യനെയും കുറിക്കുന്ന സത്യങ്ങള്‍ അറിയാനും പാപത്തില്‍നിന്നും മരണത്തില്‍നിന്നും എപ്രകാരം മോചനം പ്രാപിക്കാമെന്ന് ഗ്രഹിക്കാനുമുള്ള പ്രത്യാശ എല്ലാ മനുഷ്യരിലുമുണ്ട്” (രക്ഷകന്റെ മിഷന്‍ 44:4).

പ്രസംഗത്തിലൂടെ മാത്രമല്ല…
സുവിശേഷപ്രസംഗമെന്നു പറഞ്ഞപ്പോള്‍ ഇവിടെ ഞാനുദ്ദേശിച്ചത് പ്രസംഗം മാത്രമല്ല. കാരണം ഫ്രാന്‍സിസ് സേവ്യര്‍ ലക്ഷങ്ങള്‍ക്ക് മാമ്മോദീസ നല്‍കി, അനേകം സ്ഥലങ്ങളില്‍ പ്രസംഗിച്ച് അദ്ദേഹം തന്റെയും മറ്റുള്ളവരുടെയും ആത്മരക്ഷയ്ക്കായി പ്രവര്‍ത്തിച്ച് വിശുദ്ധനുമായി. എന്നാല്‍ വിശുദ്ധ കൊച്ചുത്രേസ്യ ഇതൊന്നും ചെയ്തില്ല. കൊച്ചുത്രേസ്യയുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക. ”കര്‍മ്മലമഠത്തില്‍ ചേര്‍ന്നതിന്റെ കാരണം ഞാന്‍ ആത്മാക്കളെ രക്ഷിക്കുന്നതിനും പ്രത്യേകിച്ച് വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുമായിട്ടാണ്.” അപ്പോള്‍ ആത്മരക്ഷ പ്രസംഗത്തിലൂടെ മാത്രമല്ല. കൊച്ചുത്രേസ്യയുടെ ആത്മരക്ഷയ്ക്കായുള്ള ദാഹം വിശുദ്ധയുടെ ഈ വാക്കുകളിലൂടെ നമുക്ക് മനസിലാക്കാം. ”എന്റെ ദിവ്യനാഥന്റെ വിളിയെ അനുസരിക്കുന്നതിന് തീയിലും വെള്ളത്തിലുംകൂടി സഞ്ചരിക്കേണ്ടി വന്നാലും ഞാന്‍ അതിന് സന്നദ്ധയാകത്തക്ക വിധത്തില്‍ അത് ശക്തിമത്തായിത്തീരുന്നു.”

മനുഷ്യനെക്കൊണ്ട് സാധിക്കില്ല
ആത്മാക്കളെ ദൈവത്തിലേക്ക് നയിക്കാന്‍ നമുക്ക് എങ്ങനെയാണ് കഴിയുക? ഈ ജനത്തിന്റെ മുമ്പില്‍ ദൈവത്തിനുവേണ്ടി നിലകൊള്ളാന്‍ എങ്ങനെയാണ് നാം ശക്തരാകുക. തീര്‍ച്ചയായും ഇത് മനുഷ്യനെക്കൊണ്ട് സാധിക്കുന്നതല്ല. ഇത് ദൈവത്തിന്റെ പ്രവൃത്തിയാണ് എന്ന യാഥാര്‍ത്ഥ്യം നാം മനസിലാക്കണം. നമ്മെ ശക്തിപ്പെടുത്തുന്ന, നയിക്കുന്ന ദൈവവുമായി സദാ സമ്പര്‍ക്കത്തിലായിരിക്കുക എന്ന ഏറ്റം പ്രധാനമായ കാര്യം നാം മറന്നുപോകരുത് (വിശുദ്ധ വിന്‍സന്റ് ഡി പോള്‍ കോണ്‍ഗ്രിഗേഷനിലെ സഹപ്രവര്‍ത്തകരോട് പറഞ്ഞത്). ഇനി വിശുദ്ധ വിന്‍സന്റ് ഡി പോള്‍ പറയുന്ന ഈ കാര്യം നമുക്ക് ചെയ്യാനാവില്ലേ? ”സുവിശേഷം പകര്‍ന്നു കൊടുക്കേണ്ടത് വിജ്ഞാനത്തിലൂടെ എന്നതിനെക്കാള്‍ നിങ്ങളുടെ മാതൃകാപരമായ ജീവിതത്തിലൂടെ ആകണം. പാവപ്പെട്ട ജനം ശ്രദ്ധിക്കുന്നത് നിങ്ങളുടെ വാക്കുകളെക്കാള്‍ നിങ്ങളുടെ ജീവിതമാണ്. നിങ്ങള്‍ വിശുദ്ധിയില്‍ ജീവിച്ചാല്‍ ദൈവസാന്നിധ്യം അവര്‍ നിങ്ങളില്‍ ദര്‍ശിക്കും.”

ഭാരമായി തോന്നരുത്
സുവിശേഷവേലയെ നമുക്ക് പ്രാര്‍ത്ഥനകൊണ്ടും സമ്പത്തുകൊണ്ടും സഹായിക്കാനാവും. ”മിശിഹായുടെ സ്വന്തമായ ആത്മാക്കളെ കൈവശപ്പെടുത്തുവാന്‍ പിശാച് ഭാഗീരഥപ്രയത്‌നം ചെയ്യുന്നു. ആ ആത്മാക്കളെ പിശാചുക്കളില്‍നിന്ന് അകറ്റി മിശിഹായെ ഏല്‍പിക്കാനായുള്ള ശ്രമം നമുക്ക് ഭാരമായി തോന്നരുത്.” വിശുദ്ധ സെബസ്റ്റ്യാനോസിന്റെ ഈ വാക്കുകള്‍ സുവിശേഷവേലക്ക് പ്രചോദനമാകട്ടെ.
ദൈവവിളിക്കുസൃതമായി സുവിശേഷവേല ചെയ്ത് നീതിമാന്മാരോടൊപ്പം സ്വര്‍ഗരാജ്യത്തിന് അര്‍ഹരാകുവാന്‍ ഞങ്ങളെ അനുവദിക്കണമേയെന്ന കൈത്താക്കാലത്തെ പ്രാര്‍ത്ഥന നമുക്കോര്‍ക്കാം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?