Follow Us On

25

January

2022

Tuesday

പ്രാർത്ഥന സമ്മാനിച്ച അത്ഭുതം! കോവിഡ് ബാധിതയായ മുത്തശ്ശി ‘ഉയിർത്തെണീറ്റു’ വെന്റിലേറ്ററിൽനിന്ന്

പ്രാർത്ഥന സമ്മാനിച്ച അത്ഭുതം! കോവിഡ് ബാധിതയായ മുത്തശ്ശി ‘ഉയിർത്തെണീറ്റു’ വെന്റിലേറ്ററിൽനിന്ന്

പോർട്ട്‌ലാൻഡ്: കൊറോണാ രോഗം മൂർച്ഛിച്ച് ആഴ്ചകളോളം വെന്റിലേറ്ററിൽ കഴിയുകയും, ‘കോമാ’ സ്റ്റേജിൽനിന്ന് ജീവിതത്തിലേക്ക് ഇനി തിരിച്ചുവരവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതുകയും ചെയ്ത മുത്തശ്ശി ഉയിർത്തെഴുന്നേറ്റു! വെന്റിലേറ്റർ സഹായം ഒഴിവാക്കി മരണത്തിന് വിട്ടുകൊടുക്കാൻ നിശ്ചയിച്ച തിയതിയിൽതന്നെ മുത്തശ്ശി ജീവിതത്തിലേക്ക് തിരിച്ചെത്തി എന്നതും അത്ഭുതം! അവിശ്വസനീയമായി തോന്നാമെങ്കിലും, അമേരിക്കൻ സംസ്ഥാനമായ ഒറിഗണിലെ പോർട്ട്‌ലൻഡാണ്, കേട്ടുകേൾവിയില്ലാത്ത ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചത്. മരണത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ 69 വയസുകാരിയായ ആ മുത്തശ്ശിയുടെ പേര്, ബെറ്റിന ലെർമാൻ.

‘സി.എൻ.എൻ’, ‘ദ വാഷിംഗ്ടൺ പോസ്റ്റ്’ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത വാർത്ത തരംഗമാകുകയാണിപ്പോൾ. ബെറ്റിന ലെർമാന്റെ മകൻ ആൻഡ്രൂ ലെർമാനുമായി സംസാരിച്ച് തയാറാക്കിയ റിപ്പോർട്ടിൽ, അവർ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന ആശുപത്രി അധികൃതരുടെ സ്ഥിരീകരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിലേക്ക് തിരിച്ചെത്തില്ലെന്ന് വൈദ്യശാസ്ത്രത്തിന്റെ സ്ഥിരീകരണമുണ്ടെങ്കിൽ ദയാവദം അനുവദിക്കാമെന്ന ചർച്ചകളും നിയമ നിർമാണശ്രമങ്ങളും ലോകമെമ്പാടും നടക്കുമ്പോൾ വളരെ പ്രസക്തമാണ്, ഏതാണ്ട് അഞ്ച് ആഴ്ച നീണ്ട ‘കോമാ’ സ്റ്റേജിൽനിന്നുള്ള മുത്തശ്ശിയുടെ തിരിച്ചുവരവ്.

പ്രമേഹവും ഹൃദ്‌രോഗവും ഉൾപ്പെടെയുള്ള നിരവധി രോഗങ്ങൾ അലട്ടുന്ന ബൈറ്റിന സെപ്തംബർ 12നാണ് കോവിഡ് ബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. രോഗാവസ്ഥ ഗുരുതരമായി ‘കോമാ’ സ്റ്റേജിൽ ആയതോടെ സെപ്തംബർ 21ന് വെന്റിലേറ്ററിലേക്ക് മാറ്റി. ശ്വാസകോശത്തിന് ഗുരുതരമായ തകരാർ സംഭവിച്ചതിനാൽ ജീവിതത്തിലേക്ക് തിരിച്ചെത്തില്ലന്നായിരുന്നു ഡോക്ടർമാരുടെ വിധിയെഴുത്ത്. വെന്റിലേറ്റർ മാറ്റിയാൽ മരണം സംഭവിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ, അവരുടെ മരണം അംഗീകരിക്കാൻ മാനസികമായി ഒരുങ്ങുകയായിരുന്നു ബന്ധുക്കൾ. ബെറ്റിനയ്ക്കായി ശവമഞ്ചം വാങ്ങുകവരെ ചെയ്തു.

വീട്ടുകാരുടെ അനുവാദത്തോടെ വെന്റിലേറ്ററിൽനിന്ന് മാറ്റാനൊരുങ്ങവേ ഒക്‌ടോബർ 29നാണ് ആ അത്ഭുതം സംഭവിച്ചത്- ബെറ്റിന കണ്ണു തുറന്നു. ആന്തരിക പരിശോധനകളിൽ ശ്വാസകോശത്തിന് കേടുപാടുകൾ ഇല്ലെന്ന് കണ്ടെത്തിയ വിവരവും ഡോക്ടർ അദ്ഭുതത്തോടെ അറിയിക്കുകയായിരുന്നു. ‘വെന്റിലേറ്റർ മാറ്റിയശേഷം അമ്മ മണിക്കൂറുകളോളം എന്നോടു സംസാരിച്ചു. കൈകളും കാലുകളും ചലിപ്പിക്കാൻ കഴിയുന്നുണ്ട്. നേരിയ ഓക്‌സിജൻ മാത്രമാണ് ഇപ്പോൾ നൽകുന്നത്. അമ്മയ്ക്ക് എല്ലാം ഓർമയുണ്ട്. താൻ ഇപ്പോൾ എവിടെയാണെന്ന് അമ്മയ്ക്ക് അറിയാം. എല്ലാവരെയും തിരിച്ചറിയാനും കഴിയുന്നുണ്ട്,’ ആൻഡ്രൂ വെളിപ്പെടുത്തി.

അമ്മയുടെ രോഗസൗഖ്യത്തിനു പിന്നിൽ ഇടവകാംഗങ്ങൾ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുടെ പ്രാർത്ഥനയ്ക്കും പങ്കുണ്ടെന്ന മകന്റെ സാക്ഷ്യവും ശ്രദ്ധേയമാണ്. ‘എന്റെ അമ്മ വലിയ വിശ്വാസിയാണ്. അതുപോലെ തന്നെ അമ്മയുടെ നിരവധി സുഹൃത്തുക്കളും ഇടവക സമൂഹവും മറ്റെല്ലാവരും അമ്മയ്ക്കായി പ്രാർത്ഥിക്കുന്നുണ്ട്. അമ്മയ്ക്ക് ലഭിച്ച രോഗസൗഖ്യത്തെ ഒരുപക്ഷേ, വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാനാവില്ലായിരിക്കാം. പക്ഷേ, വിശ്വാസത്തിന്റെ തലത്തിൽ അത് സാധ്യമാകാം. ഞാൻ അത്ര വിശ്വാസിയൊന്നുമല്ല, പക്ഷേ എനിക്കറിയാത്ത ഏതോ ശക്തി അമ്മയെ സഹായിച്ചെന്നാണ് എന്റെ വിശ്വാസം.’

‘കോമ’യിൽ ആയിരിക്കുമ്പോൾ താൻ പ്രാർത്ഥിക്കുകയായിരുന്നു എന്ന അമ്മ പറഞ്ഞ കാര്യവും ആൻഡ്രൂ സാക്ഷിക്കുന്നു. ‘കോമ അവസ്ഥയിൽ കഴിയുന്നവർക്ക് എല്ലാം കാണാനും കേൾക്കാനും കഴിയുമെന്ന് എനിക്കുറപ്പായി. അതുകൊണ്ട് അത്തരം രോഗികളെ സന്ദർശിക്കുമ്പോൾ പ്രതീക്ഷ കൈവിടാതെ അവർക്കായി ആശ്വാസ വാക്കുകൾ പറയണം,’ തന്നെ മറ്റുള്ളവർ സന്ദർശിച്ചതും അവരുടെ സംസാരവുമെല്ലാം മനസിലാക്കാൻ സാധിച്ചെന്ന അമ്മയുടെ വാക്കുകൾ ഓർമിപ്പിച്ചുകൊണ്ട് ആൻഡ്രൂ ലെർമാൻ ഓർമിപ്പിച്ചു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?