Follow Us On

29

November

2021

Monday

ദിശ തെറ്റിയോ ?

ദിശ തെറ്റിയോ ?

ഫാ. ലൂക്ക് പൂത്തൃക്കയില്‍

സഭാമാതാവിനോടുള്ള വിശ്വസ്തതയ്ക്കും സ്‌നേഹത്തിനും ഭംഗം വന്നിട്ടും വേദനിക്കാത്ത ഒരു കാലത്തിലാണ് നാമിപ്പോള്‍. സഭ വളരുന്നത് താഴോട്ടോ എന്ന് തോന്നിപ്പിക്കുന്ന കാഴ്ചകളാണ് പലയിടത്തും. അതിവേഗം വളരുന്നുവെന്ന് തോന്നുമ്പോഴും പല തും സഭയെ പിന്നോട്ടടിക്കുന്നു.
സഭ സ്ഥാപിതമായതിന്റെ ലക്ഷ്യം നേടാനായോയെന്ന് വിലയിരുത്തപ്പെടുകതന്നെ വേണം. ദൈവരാജ്യസ്ഥാപന മേഖലയില്‍ നമ്മള്‍ പരാജിതരാണോ? സമൂഹം ഒന്നിനൊന്ന് ക്ഷയിക്കുകയും തിന്മയിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. സാമ്പത്തികാസമത്വം സമൂഹത്തില്‍ വളരുന്നു. ജാതിവര്‍ഗീയ ചിന്തകള്‍ ശക്തിപ്പെടുന്നു. ദളിത് പ്രശ്‌നങ്ങള്‍ വലുതാവുന്നു. സാധാരണക്കാരനും ദരിദ്രനും കൂടുതല്‍ ക്ഷയിക്കുന്നു. എക്യുമെനിക്കല്‍ ശക്തി ചോര്‍ന്നുപോകുന്നു. ചുരുക്കത്തില്‍ ദൈവരാജ്യ സ്ഥാപനത്തിനാവശ്യമായവ നമ്മുടെ ശ്രദ്ധയില്‍പെടാതെ പോകുന്നു. നമ്മുടെ നാട്ടിലെ രാഷ്ട്രീയ സാമ്പത്തിക അസ്വസ്ഥതകളും വളരുകയാണ്. ജാതിഭ്രാന്തും മതഭ്രാന്തും ശക്തിപ്പെടുന്നതാണ് നാം നിത്യവും ദിനപത്രങ്ങളില്‍ കാണുന്നത്.
ഊര്‍ജം നഷ്ടപ്പെടുന്നു
അതുപോലെ പൗരോഹിത്യത്തിന്റെ ഊര്‍ജം ചോര്‍ന്നുപോകുന്നതുപോലെയും തോന്നുന്നു. സമൂഹത്തിന്റെ പുളിപ്പാകാനും ലോകത്തിന്റെ പ്രകാശമാകാനും വൈദികര്‍ക്ക് സാധിക്കുന്നുണ്ടോ എന്ന ആത്മശോധനയും ആത്മവിമര്‍ശനവും നടത്തേണ്ടിയിരിക്കുന്നു. പ്രേഷിതപ്രവര്‍ത്തനം ഒട്ടുംതന്നെ ഇല്ലെന്നതിന്റെ തെളിവാണ് ഭാരതത്തില്‍ ക്രൈസ്തവരുടെ എണ്ണം കുറയുന്നത്. ക്രൈസ്തവസഭയില്‍ പ്രേഷിതവേലയ്ക്ക് വൈദികര്‍ പോകുന്നില്ല; അയക്കപ്പെടുന്നില്ല. ചെറുപ്പക്കാരായ വൈദികര്‍ക്ക് മിഷനനുഭവം ലഭിക്കാത്തതും സഭയുടെ വളര്‍ച്ചയ്ക്ക് കുറവുണ്ടാക്കുന്നു.
പ്രവര്‍ത്തനം ഭാഗികമോ
സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സഭാത്മക പ്രവര്‍ത്തനമല്ല; ഭാഗികം മാത്രമാണ്. വസ്ത്രവും പാര്‍പ്പിടവും ഭക്ഷണവും കിടക്കാനിടവും കുടിക്കാന്‍ ജലവും തൊഴില്‍സാധ്യതയും ജനത്തിന് ലഭിക്കാനുള്ള അവകാശംതന്നെയാണ്. ഈ മേഖലയില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആകാശപറവകള്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, വികലാംഗര്‍, അനാഥര്‍ തുടങ്ങിയവര്‍ക്കുള്ള പ്രവര്‍ത്തനം നല്ലതെങ്കിലും അതും ഒരു പ്രസ്ഥാനവും ഏകലക്ഷ്യവും ആക്കുന്നത് ശരിയല്ല. ഇവയൊക്കെ സര്‍ക്കാരിനെകൊണ്ട് ചെയ്യിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടത്. സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങള്‍കൊണ്ട് കഷ്ടപ്പാടനുഭവിക്കുന്ന ദരിദ്രര്‍ക്കുവേണ്ടി നീതിയുടെ പ്രവര്‍ത്തനമാണ് സഭ നടത്തേണ്ടത്. ഭക്ഷണമില്ലാത്തവന് ഭക്ഷണം കൊടുക്കുന്നതില്‍ തീരുന്നതല്ല സാമൂഹ്യപ്രവര്‍ത്തനം. ഭക്ഷണം കൊടുക്കാനുള്ള സ്ഥിരം വരുമാനം ഉണ്ടാക്കാനുള്ള ശ്രമമാണ് വലുത്. ഓരോ ദിവസവും ദൗത്യത്തോട് ചേര്‍ന്നുപോകുന്ന മിഷന്‍ പ്രവര്‍ത്തനമാണ് സമര്‍പ്പിതര്‍ നടത്തേണ്ടത്.
പകരമല്ല ഇവയൊന്നും
സഭയുടെ മിഷന്‍ സ്പിരിറ്റ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിതി ഭീതിജനകമാംവിധം വളരുകയാണ്. ആളുകൊണ്ടും അര്‍ത്ഥംകൊണ്ടും സമ്പന്നമായ കേരളസഭ അക്ഷരാര്‍ത്ഥത്തിലുള്ള മിഷനറിമാരെ ആവശ്യമുള്ളിടത്തേക്ക് അയക്കുന്നില്ല. ആശുപത്രികളും വിദ്യാഭ്യാസ മന്ദിരങ്ങളും അഗതിമന്ദിരങ്ങളും സാമൂഹ്യപ്രവര്‍ത്തനങ്ങളുംകൊണ്ട് സഭാപ്രവര്‍ത്തനം പൂര്‍ണമാകില്ലല്ലോ. ഇവിടെനിന്ന് ജനം ആനുകൂല്യം അനുഭവിക്കുന്നു എന്നേയുള്ളൂ. പ്രേഷിത പ്രവര്‍ത്തനത്തിന് പകരംവയ്ക്കാവുന്ന വയല്ല ഇവയൊന്നും. പുതുതലമുറയെ മിഷന്‍ സ്പിരിറ്റിലേക്ക് കൊണ്ടുവരുന്നതിലും നേതൃത്വം പരാജയപ്പെടുകയാണ്. പട്ടം ലഭിക്കുന്നതിനുമുമ്പ് രണ്ടോ മൂന്നോ വര്‍ഷത്തെ മിഷന്‍ അനുഭവത്തിന് പോകണമെന്ന നിര്‍ദേശത്തോടുകൂടിയായിരിക്കണം പട്ടം നല്‍കേണ്ടത്. ഡോക്ടര്‍മാരുടെ റൂറല്‍ സര്‍വീസ് ചിന്തനീയം.
ഇപ്പോഴും പാലു കുടിക്കുന്നവരാണോ?
ആധുനിക കാലത്തിലെ ആത്മീയ വിചിന്തനവും ആത്മീയ അനുഷ്ഠാനങ്ങളും പ്രസംഗങ്ങളും പതിനെട്ടാം നൂറ്റാണ്ടിന് പറ്റിയതാണെന്ന ഒരു ചിന്തയും നിലനില്‍ക്കുന്നുണ്ട്. പണ്ടുള്ളത് അതുപോലെ തുടരുമ്പോള്‍ ‘നിങ്ങള്‍ ഇപ്പോഴും പാലു കുടിക്കുന്നവരാണോ? ഖരപദാര്‍ത്ഥങ്ങള്‍ കഴിക്കേണ്ടവരല്ലേ’ എന്ന പൗലോസ് ശ്ലീഹായുടെ ചിന്ത ഈ കാലഘട്ടത്തിന് പ്രസക്തമാണ്. പ്രസംഗമാകട്ടെ, കഥകളും സംഭവങ്ങളും അനുഭവങ്ങളും പറഞ്ഞ് രസിപ്പിച്ചോ ബോറടിപ്പിച്ചോ തീര്‍ക്കുമ്പോള്‍ നഷ്ടപ്പെടുന്ന വിപ്ലവവീര്യവും മതതീക്ഷ്ണതയും ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്. ബൈബിള്‍ ഒരു ആത്മീയഗ്രന്ഥം മാത്രമല്ല, സാമൂഹികബന്ധങ്ങളുടെയും മനുഷ്യഇടപെടലുകളുടെയും മാഗ്നാകാര്‍ട്ട കൂടിയാണ്. അതിന്റെ വായനക്ക് പുനര്‍വായനയുണ്ടാകണം.
സമകാലിക വിശദീകരണങ്ങള്‍
വൈദികരുടെ പ്രസംഗങ്ങള്‍ ആവര്‍ത്തനവും കഴമ്പില്ലാത്തതും പ്രചോദനാത്മകമല്ലാത്തതുമായി പോകുന്നതിനാല്‍ സുവിശേഷത്തോട് വിശ്വാസികള്‍ക്ക് താല്‍പര്യം ജനിക്കുന്നില്ല. പ്രസംഗങ്ങള്‍ വെറും സാധാരണക്കാരെയും ഭക്തരെയും മാത്രമാണ് ഉദ്ദേശിക്കുക. എല്ലാറ്റിലും ഭക്തിയും പുണ്യവും നിറച്ച് പറയുന്നതിനാല്‍ ഭക്തര്‍ അലോസരപ്പെടുന്നില്ലെന്നുമാത്രം. സുവിശേഷം മാറാതെ സുവിശേഷപ്രസംഗത്തിന് മാറ്റമുണ്ടാകണം. ദൈവാലയ പ്രസംഗങ്ങള്‍ക്കും ധ്യാനപ്രസംഗങ്ങള്‍ക്കും സുവിശേഷത്തിന്റെ യഹൂദപാരമ്പര്യവും ചരിത്രപശ്ചാത്തലവുമല്ല കൂടുതല്‍ പറയേണ്ടത്. സുവിശേഷത്തെ ഈ കാലഘട്ടത്തോട് ബന്ധപ്പെടുത്തി സമകാലികമാക്കണം. കാലത്തിന്റെ ആവശ്യവും സാഹചര്യവും പറയാതെ വചനത്തിന്റെ പൗരാണിക വ്യാഖ്യാനമാണ് നമ്മള്‍ ഇന്ന് നല്‍കിക്കൊണ്ടിരിക്കുക. അതുകൊണ്ട് ശ്രോതാക്കള്‍ തൃപ്തിപ്പെടുന്നില്ല. ബൈബിളിന്റെ ഒരു വാക്യമോ ഒരു ഖണ്ഡികയോ ഒരു സംഭവമോ ആകരുത്, മറിച്ച് ബൈബിളിന്റെ പൊതുസന്ദേശം ചെറിയ ഭാഗത്തെക്കാള്‍ അതിജീവിച്ച് നില്‍ക്കണം. സഭയിലും സഭയോട് ചേര്‍ന്നും വിവിധ പ്രസ്ഥാനങ്ങളും സംഘടനകളും ക്ലബുകളും ഉണ്ട്. ഇവയുടെയൊക്കെ ഇന്നത്തെ പ്രവര്‍ത്തനത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വൃദ്ധരെ ആദരിക്കല്‍, പത്തിലും പന്ത്രണ്ടിലും എ പ്ലസ് വാങ്ങിച്ചവര്‍ക്ക് ഫ്‌ളെക്‌സ് കെട്ടി വയ്ക്കുക, പാരിതോഷികം നല്‍കുക, വല്ലപ്പോഴും പാവപ്പെട്ടവര്‍ക്ക് ഒരു ചെറിയ സാമ്പത്തിക സഹായം നല്‍കുക, മീറ്റിംഗുകള്‍ നടത്തുക, അതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കുക എന്നിവയൊക്കെയാണ് പ്രവര്‍ത്തനങ്ങള്‍. സഭാമൂല്യങ്ങളുടെ നിലനില്‍പ്പിനും പാവപ്പെട്ടവരുടെ ചൂഷണത്തിനും എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും തെറ്റായ സര്‍ക്കാര്‍ നയങ്ങളെ ചോദ്യം ചെയ്യാനും സംഘടനകള്‍ മുമ്പോട്ടുവരുന്നില്ല.
തെറ്റായ പഠനങ്ങള്‍
തെറ്റായ ദിശയിലുള്ള പഠനങ്ങളും വിശ്വാസികള്‍ക്ക് ലഭിച്ചിട്ടുണ്ട്. 1980-കള്‍ തുടങ്ങി റെസ്‌പോണ്‍സിബിള്‍ പേരന്റ്ഹുഡ് എന്ന ആശയം പ്രചരിച്ചപ്പോള്‍ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. ഇക്കാലയളവില്‍ ക്രൈസ്തവ ദമ്പതികള്‍ക്ക് മക്കള്‍ വളരെ കുറഞ്ഞുപോയി. അതിന്റെ ദൂരവ്യാപക ഫലമാണ് ഇന്നത്തെ ‘യൂത്ത്’ കാണിച്ചുകൊണ്ടിരിക്കുന്നത്. പണം, ജോലി സമ്പാദനം, വിദേശവിസ സംഘടിപ്പിക്കല്‍ തുടങ്ങിയവ ഒരു ലഹരിയായി ക്രൈസ്തവര്‍ക്കിടയില്‍ വളര്‍ന്നു. അതുംകൂടിയായപ്പോള്‍ വിവാഹം നീട്ടിവച്ചു. 21-23-ല്‍ വിവാഹം കഴിക്കേണ്ടവര്‍ 30-32-ലേക്ക് കടന്നു.
സഭാപ്രബോധനങ്ങള്‍ എപ്പോഴും മൗലികവും ഏകപക്ഷീയവും ദൃഢവുമായിരുന്നു. വലിയ പണ്ഡിതരുടെ മേശയില്‍നിന്നും വരുന്ന, വിശ്വാസികളെ സ്പര്‍ശിക്കാത്ത തത്വചിന്തകളും സിദ്ധാന്തങ്ങളും പാരമ്പര്യാധിഷ്ഠിത പഠനങ്ങളും വിശ്വാസികള്‍ ശ്രദ്ധിച്ചതേയില്ല. കൂടുതല്‍ മക്കളുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമര്‍പ്പിതരുള്ള വീട്ടുകാരെ സഭാതലത്തില്‍ കൂടുതല്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇക്കണക്കിന് പോയാല്‍ 2090 ആകുമ്പോഴേക്കും ഇന്ത്യയില്‍ സഭ രണ്ടു ശതമാനംപോലും കാണുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?