Follow Us On

29

November

2021

Monday

ഉദാത്തമായ സൃഷ്ടികള്‍

ഉദാത്തമായ സൃഷ്ടികള്‍

ഫാ. ജോസഫ് അരാശേരി

”സന്താന പുഷ്ടിയുള്ളവരായി പെരുകുവിന്‍, ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍, കടലിലെ മത്സ്യങ്ങളെയും ആകാശത്തിലെ പറവകളെയും ഭൂമിയില്‍ ചരിക്കുന്ന സര്‍വജീവികളുടെയുംമേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ” (ഉല്‍പത്തി 1:28). പ്രപഞ്ചത്തെ നയിക്കാനും ഭരിക്കാനുമുള്ള നായകനും ഭരണകര്‍ത്താവുമായിട്ടാണ് ബൈബിളില്‍ മനുഷ്യന്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. പുരാതന മതഗ്രന്ഥങ്ങളിലും നിയമസംഹിതയിലും മനുഷ്യന്‍ മഹത്വപൂര്‍ണനായിരുന്നെങ്കിലും, ചിലപ്പോഴെങ്കിലും മൃഗങ്ങളെക്കാള്‍ താഴെയാകുന്നില്ലേ മനുഷ്യന്റെ സ്ഥാനം. മൃഗങ്ങളെ സ്‌നേഹിക്കുന്ന മനുഷ്യന്‍ മനുഷ്യനെ അവഗണിക്കുന്നത് ആത്മഹത്യാപരമാണ്. പട്ടിയെ ഓമനിക്കുന്ന അമ്മയ്ക്ക് രോഗാവസ്ഥയില്‍ മരുന്ന് കൊടുക്കാനും പരിചരിക്കാനും പട്ടിക്ക് സാധിക്കില്ല. മനുഷ്യനെയും അവന്റെ ആവശ്യങ്ങളെയും മനസിലാക്കാന്‍ മറ്റൊരു മനുഷ്യനേ കഴിയൂ.
ലൈംഗികത സഹജീവികളിലേക്കുള്ള തുറവിയും ജീവന്റെയും തലമുറകളുടെയും തുടക്കവുമാണ്. ഈ തുടക്കത്തെ തടസപ്പെടുത്തരുത്. വംശനാശം നേരിടുന്ന മൃഗങ്ങള്‍ നശിച്ചുപോകാതിരിക്കുവാന്‍ നാം മുന്‍കരുതലുകള്‍ എടുക്കുന്നു. ആ കരുതലും ശ്രദ്ധയും മനുഷ്യനും അര്‍ഹിക്കുന്നുണ്ട്. നശിപ്പിക്കുവാനല്ല, സൃഷ്ടിക്കുവാനാണ് നാം ശ്രമിക്കേണ്ടത്.
മനുഷ്യനെ ദൈവം സമൂഹജീവിതത്തിലേക്ക് നയിക്കുന്നത് അവന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്ന് പറഞ്ഞുകൊണ്ടാണ്. ”അവന് ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും” (ഉല്‍പത്തി 2:19). മനുഷ്യന്‍ വര്‍ധിച്ചുപെരുകണമെന്ന് മാത്രമല്ല, അവന് സമ്പൂര്‍ണമായ ജീവിതം ഉണ്ടാകണമെന്നും ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അവന് ചേര്‍ന്ന ഇണയെ നല്‍കുന്നത്. മനുഷ്യനെ മനസിലാക്കാനും അവനെ ഉള്‍ക്കൊള്ളാനും അവനോട് സഹതപിക്കാനും സഹകരിക്കാനും കഴിവുള്ള ഇണയാണ് അവന് ചേര്‍ന്ന ഇണ. പട്ടിക്കും പൂച്ചയ്ക്കും മനുഷ്യനെ സ്‌നേഹിക്കാന്‍ പറ്റും. പക്ഷേ മനസിലാക്കി സ്‌നേഹിക്കാന്‍ മനുഷ്യനേ കഴിയൂ. മനുഷ്യന് ചേര്‍ന്ന ഇണയെ നല്‍കുന്നതിലൂടെ ദൈവം മനുഷ്യനെ കുടുംബജീവിതത്തിലേക്കാണ് നയിക്കുന്നത്.
സമൂഹജീവിയായി വളരേണ്ട മനുഷ്യന്റെ പ്രഥമ വേദി കുടുംബമാണ്. മനുഷ്യന്റെ ശാരീരിക, വൈകാരിക, മാനസിക, ബുദ്ധിപര തലങ്ങളെ വളര്‍ത്താനും പരിപോഷിപ്പിക്കാനും പറ്റിയ ഏറ്റവും നല്ല മാര്‍ഗം കുടുംബജീവിതമാണ്. എന്നാല്‍ കുടുംബത്തിന് എതിരായി വാദിക്കുന്നവരും ഇന്നുണ്ട്. ഒരു ശിശുവിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഏറ്റവും നല്ല മാര്‍ഗം കുടുംബജീവിതമാണെന്നും അതിന്റെ അടിസ്ഥാനം ലൈംഗികതയാണെന്നും അറിയുന്ന മനുഷ്യന്‍ ലൈംഗികതയെ എങ്ങനെയാണ് മനസിലാക്കുന്നത്; എത്ര ആദരവോടെയാണ് അതിനെ അവന്‍ നോക്കിക്കാണേണ്ടത്? ലൈംഗികതയെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ അതൊക്കെ മോശമാണെന്ന അര്‍ത്ഥത്തിലായിരിക്കും കുട്ടികളോട് മുതിര്‍ന്നവര്‍ പലപ്പോഴും പ്രതികരിക്കുക. യുവജനങ്ങള്‍ക്ക് ലൈംഗികതയെക്കുറിച്ച് പറഞ്ഞുകൊടുക്കുവാന്‍ മുതിര്‍ന്നവര്‍ക്ക് നാണവും ഭയവുമാണ്. അതിനാല്‍ അപക്വമതികളില്‍നിന്ന് ലൈംഗിക കാര്യങ്ങളെക്കുറിച്ച് അറിവ് സമ്പാദിക്കുവാന്‍ യുവജനങ്ങള്‍ നിര്‍ബന്ധിതരാകുന്നു. അത് ആപല്‍ക്കരമാണ്.
ഒരുപക്ഷേ ലൈംഗികതയോട് നാം കാണിക്കുന്ന ഈ സമീപനം ഈ യാഥാര്‍ത്ഥ്യത്തോട് നമുക്കുണ്ടായിരുന്ന വികലമായ കാഴ്ചപ്പാടുകൊണ്ടാകാം. ദാമ്പത്യജീവിതം സന്യാസജീവിതത്തെക്കാള്‍ ഒരു പടി താഴെയാണെന്ന ചിന്ത സമൂഹത്തിലുണ്ട്. അത് ദമ്പതികളെ അപകര്‍ഷതാബോധത്തിലേക്ക് തള്ളിയിടും. നമ്മുടെ ആധ്യാത്മികത തപോധനന്മാരുടെയും വിശുദ്ധരുടെയും ആത്മീയജീവിതം സാധാരണ കുടുംബജീവിതക്കാരുടെമേല്‍ കെട്ടിയേല്‍പിക്കുന്നു എന്നതാണ്. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. സന്യാസജീവിതം ശ്രേഷ്ഠമാണ്. കുടുംബജീവിതവും ശ്രേഷ്ഠമാണ്. മക്കള്‍ ജനിക്കാതിരുന്നാല്‍ സന്യാസത്തിന് ആളുണ്ടാവുകയില്ല. സന്യാസജീവിതവും കുടുംബജീവിതവും ദൈവം ആഗ്രഹിക്കുന്നതാണ്. ഒന്ന് മറ്റേതിനെക്കാള്‍ മെച്ചമാണെന്ന കാഴ്ചപ്പാട് നമ്മുടെ പാളിച്ചയാണ്. ദൈവം നിശ്ചയിച്ചതും നിയോഗിച്ചതും ഉന്നതവും ഉദാത്തവുമാണ്. നമ്മള്‍ അതിനെ തരംതിരിക്കേണ്ടതില്ല.
ലൈംഗികതയെക്കുറിച്ച് സമൂഹത്തിനുണ്ടായിരുന്ന വികലമായ കാഴ്ചപ്പാടും അജ്ഞതയും തലമുറകള്‍ക്ക് വരുത്തിയ നഷ്ടം ചെറുതല്ല. ലൈംഗികതയെക്കുറിച്ച് ആരോഗ്യകരമായ അറിവ് വളരുന്ന തലമുറയ്ക്ക് പകരാന്‍ കഴിയാതെ പോയതും പരിഹരിക്കാനാവാത്ത കൃത്യവിലോപമായി. ലൈംഗികതയെക്കുറിച്ച് ആരോഗ്യകരമായ അറിവും അതുപയോഗിക്കേണ്ട വിധവും തലമുറകള്‍ പകര്‍ന്ന് കൊടുത്തിരുന്നെങ്കില്‍ ലൈംഗികാസക്തിയും അരാജകത്വവും സമൂഹത്തില്‍ ഇത്രയേറെ വര്‍ധിക്കുമായിരുന്നില്ല.
സന്യസ്തര്‍ക്കും തെറ്റു പറ്റാം. പരിപൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെറ്റുകള്‍ പറ്റാം. പലവട്ടം വീഴുമ്പോള്‍ നടക്കാന്‍ പഠിക്കും. പരാജയങ്ങളെ അതിജീവിച്ചാണ് പരിപൂര്‍ണത കൈവരിക്കുന്നത്. സെന്റ് അഗസ്റ്റിനും ഫ്രാന്‍സിസ് അസീസിയുമൊക്കെ ഒറ്റദിവസംകൊണ്ട് വിശുദ്ധരായവരല്ല. ഒരു പട്ടണവും ഒറ്റദിനംകൊണ്ട് പണിതുയര്‍ത്തപ്പെട്ടിട്ടില്ല. പരിപൂര്‍ണതയുടെ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്ക് വീഴ്ച സംഭവിച്ചാല്‍ എന്തിനാണീ ഒച്ചപ്പാടും ബഹളവും? തെറ്റ് ചെയ്താല്‍ ശിക്ഷ ഏറ്റുവാങ്ങി കൂടുതല്‍ നിഷ്ഠയോടെ മുമ്പോട്ട് പോകട്ടെ. ആരും കല്ലെടുക്കേണ്ട. കല്ലെടുത്താല്‍ നീതിമാന്റെ മുമ്പില്‍ അത് താഴെയിടേണ്ടിവരും. സഭ പാപികളുടേതാണ്. പാപികള്‍ക്കുവേണ്ടിയാണ്. പാപികളെ വിശുദ്ധരാക്കിയ പാരമ്പര്യമാണ് സഭയുടേത്.

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?