Follow Us On

29

March

2024

Friday

ഇസ്ലാമിക തീവ്രവാദി കൊലപ്പെടുത്തിയ അമെസിന് വിടചൊല്ലി യു.കെ; ക്രിസ്തുവിശ്വാസത്താൽ നയിക്കപ്പെട്ട ജനനായകന് ആദരം അർപ്പിച്ച് പാപ്പ

ഇസ്ലാമിക തീവ്രവാദി കൊലപ്പെടുത്തിയ അമെസിന് വിടചൊല്ലി യു.കെ; ക്രിസ്തുവിശ്വാസത്താൽ  നയിക്കപ്പെട്ട ജനനായകന് ആദരം അർപ്പിച്ച് പാപ്പ

ലണ്ടൻ: ഇസ്ലാമിക തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പാർലമെന്റംഗം ഡേവിഡ് അമെസിന്റ (69) മൃതസംസ്‌ക്കാര കർമത്തിൽ, ജീവിതത്തിലൂടെ അദ്ദേഹം പകർന്ന ക്രിസ്തീയ സാക്ഷ്യത്തിന് ആദരം അർപ്പിച്ച് ഫ്രാൻസിസ് പാപ്പ. വെസ്റ്റ്മിനിസ്റ്റർ കത്തീഡ്രലിലെ മൃതസംസ്‌ക്കാര തിരുക്കർമമധ്യേയാണ്, വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയാത്രോ പരോളിൻ മുഖാന്തിരം ഫ്രാൻസിസ് പാപ്പ അയച്ച കത്ത് ഗ്രേറ്റ് ബ്രിട്ടൺ അപ്പസ്‌തോലിക് ന്യുൺഷ്യോ ആർച്ച്ബിഷപ്പ് ക്ലൗഡിയോ ഗ്യുവരോട്ടി വായിച്ചത്. ഇന്നലെ, നവംബർ 23നായിരുന്നു മൃതസംസ്‌ക്കാര ശുശ്രൂഷകൾ.

അടിയുറച്ച കത്തോലിക്കാ വിശ്വാസത്താൽ നയിക്കപ്പെട്ട് പൊതുസമൂഹത്തിൽ ഡേവിഡ് അമെസ് കാഴ്ചവെച്ച സേവനങ്ങളെ പ്രശംസിച്ച പാപ്പ, അദ്ദേഹത്തിന്റെ സ്മരണകളെ ആദരിക്കുന്നവർ തിന്മയെ നന്മകൊണ്ട് നേരിടുന്നതിൽ ദൃഢചിത്തരാകണമെന്നും ഓർമിപ്പിച്ചു. ‘ദരിദ്രരോടും ക്ലേശിതരോടുമുള്ള അദ്ദേഹത്തിന്റെ വലിയ കരുതലും ദൈവദാനമായ ജീവന്റെ സംരക്ഷണത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയും വിശുദ്ധ സിംഹാസനത്തിന്റെ സാർവത്രിക ദൗത്യത്തിലുള്ള സഹകരണവുമെല്ലാം അദ്ദേഹത്തിന്റെ ആഴമായ കത്തോലിക്കാ വിശ്വാസത്തിന്റെ സാക്ഷ്യങ്ങളാണ്.

‘ഡേവിഡിന്റെ സ്മരണയെ ബഹുമാനിക്കുന്ന സർവരും അക്രമത്തിന്റെ വഴികൾ നിരസിക്കാനും തിന്മയെ നന്മകൊണ്ട് ചെറുക്കാനും ദൃഢനിശ്ചയം ചെയ്യണം. നീതിയും സാഹോദര്യവും ഐക്യവുമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും വ്യാപരിക്കണം,’ പാപ്പ കൂട്ടിച്ചേർത്തു. ഡേവിഡിന്റെ മാതൃരൂപതയായ ബ്രെന്റ്വുഡിലെ ബിഷപ്പ് അലൻ വില്യംസിന് അയച്ച അനുശോചന കുറിപ്പിൽ, അമേസ് കുടുംബത്തോടുള്ള ആത്മീയ സാന്നിധ്യവും പാപ്പ അറിയിച്ചു.ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനും വെസ്റ്റ്മിൻസ്റ്റർ ആർച്ചുബിഷപ്പുമായ കർദിനാൾ വിൻസെന്റ് നിക്കോൾസിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു മൃതസംസ്‌ക്കാര തിരുക്കർമങ്ങൾ.

മൃതസംസ്‌ക്കാര കർമത്തിൽനിന്ന്.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ, പ്രതിപക്ഷ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ എന്നിവർക്കൊപ്പം മുൻ പ്രധാനമന്ത്രിമാരായ തെരേസാ മേ, ഡേവിഡ് കാമറൂൺ, ജോൺ മേജർ എന്നിവരും സന്നിഹിതരായിരുന്നു. സ്വന്തം നിയോജകമണ്ഡലമായ സൗത്ത്എൻഡ് വെസ്റ്റിലെ മെത്തഡിസ്റ്റ് ദൈവാലയത്തിൽ നിയോജകമണ്ഡല നിവാസികളുടെ യോഗത്തിൽ പങ്കെടുക്കവേ, സൊമാലയൻ വംശജൻ നടത്തിയ കത്തി ആക്രമണത്തിൽ ഒക്ടോബർ 15നാണ് ഡേവിഡ് അമേസ് കൊല്ലപ്പെട്ടത്. 25 വയസുള്ള ആക്രമിയെ സംഭവസ്ഥലത്തുവെച്ചുതന്നെ പൊലീസ് പിടികൂടിയിരുന്നു. അതിനു പിന്നാലെയാണ്, ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക തീവ്രവാദബന്ധമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടത്.

വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കത്തോലിക്കാ വിശ്വാസം മുറുകെപ്പിടിക്കുകയും ധാർമികമൂല്യങ്ങൾക്കായി നിലയുറപ്പിക്കുകയും ചെയ്ത പൊതുപ്രവർത്തകനായിരുന്നു അമെസ്. സമൂഹത്തിലെ ഏറ്റവും ദുർബലരെ സഹായിക്കാൻ ഉതകുന്ന നിയമങ്ങൾ പാസാക്കിയ, നാല് പതിറ്റാണ്ടോളം പാർലമെന്റിൽ സേവനമനുഷ്ഠിച്ച അദ്ദേഹം പാർലമെന്റിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ആദരണീയനായിരുന്നു. വിവാഹിതനും അഞ്ചു മക്കളുടെ പിതാവുമായ അദ്ദേഹം, ഗർഭച്ഛിദ്രത്തിനെതിരെയുള്ള പ്രചാരണത്തിന്റെ മുന്നണിപ്പോരാളിയായും വിശേഷിപ്പിക്കപ്പെട്ടിരുന്നു.

മൃതസംസ്‌ക്കാര കർമത്തിൽനിന്ന്.

കൺസർവേറ്റീവ് പാർട്ടിയംഗമായ സർ ഡേവിഡ് അമെസ് 1983ലാണ് ആജ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1997 മുതൽ സൗത്ത് എൻഡ് വെസ്റ്റ് മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. 2010ൽ ബ്രിട്ടീഷ് പാർലമെന്റിൽ ബെനഡിക്ട് 16-ാമൻ പാപ്പ നടത്തിയ ചരിത്ര സന്ദർശനത്തിൽ നിർണായ പങ്കുവഹിച്ച ഡേവിഡ്, പരിശുദ്ധ സിംഹാസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി വിവിധ മതവിശ്വാസങ്ങൾ പിന്തുടരുന്നവരെ ഉൾപ്പെടുത്തി ഓൾ പാർട്ടി പാർലമെന്റ് സമിതിക്ക് രൂപംകൊടുത്തതും ശ്രദ്ധേയമായിരുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?