Follow Us On

29

November

2021

Monday

കാണ്ഡമാലിലെ ദൈവവിളി വയലായി ‘ടിയാങ്ങിയ’; ഫാ. ബികാഷ് അഭിഷിക്തനായി, 10-ാമത്തെ തിരുപ്പട്ടം ഉടൻ

കാണ്ഡമാലിലെ ദൈവവിളി വയലായി ‘ടിയാങ്ങിയ’; ഫാ. ബികാഷ് അഭിഷിക്തനായി, 10-ാമത്തെ തിരുപ്പട്ടം  ഉടൻ

കാണ്ഡമാൽ: ക്രിസ്തുവിന്റെ സഭ എവിടെ പീഡിപ്പിക്കപ്പെടുന്നോ, അവിടെ സഭ തഴച്ചുവളരും! ഇക്കാര്യത്തിൽ, ഭാരതത്തിലെ ക്രൈസ്തവ വിരുദ്ധ പീഡനഭൂമിയായ കാണ്ഡമാലിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. രക്തസാക്ഷികളുടെ ചുടുനിണത്താൽ സഭ പടുത്തുയർത്തപ്പെടുന്നുമെന്ന ചരിത്രസത്യത്തിന് വീണ്ടും വീണ്ടും സാക്ഷ്യം വഹിക്കുന്ന കാണ്ഡമാലിൽനിന്ന് ഒരു നവവൈദികൻകൂടി. അതും ക്രൈസ്തവർക്കെതിരെ തീവ്ര ഹിന്ദുത്വ വാദികൾ അഴിഞ്ഞാടിയ ടിയാങ്ങിയ ഗ്രാമത്തിൽനിന്നാണെന്നുകൂടി അറിയണം.

29 വയസുകാരൻ ബികാഷ് നായക് നവംബർ ആറിന് തിരുപ്പട്ടം സ്വീകരിച്ചതോടെ ടിയാങ്ങിയ ഗ്രാമത്തിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചവരുടെ എണ്ണം ഒൻപതായി. രണ്ടു മാസങ്ങൾക്കുള്ളിൽ ഒരാൾകൂടി പൗരോഹിത്യം സ്വീകരിക്കും- കലാപാനന്തരമുള്ള 13 വർഷത്തിനിടെ 10 നവവൈദികർ. ഇവരിൽ ഏഴു പേരും ക്രൈസ്തവ വിരുദ്ധ പീഡനത്തിന്റെ ഇരകളാണെന്നുകൂടി അറിയണം. ഒറീസയിലെ കാണ്ഡമാൽ ജില്ലയിലെ ഒരു ഗ്രാമത്തിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചവരുടെ എണ്ണംമാത്രമാണിത്.

കട്ടക്- ഭുവനേശ്വർ രൂപതാ വക്താവായ ഫാ. ദിവാകർ പരീച്ചയാണ്, രണ്ട് മാസത്തിനുള്ളിൽ ടിയാങ്ങിയ ഗ്രാമത്തിൽനിന്ന് ഒരാൾക്കൂടി തിരുപ്പട്ടം സ്വീകരിക്കുമെന്ന വിവരം പങ്കുവെച്ചത്. നൂറിൽപ്പരം ക്രൈസ്തവർ കൊല്ലപ്പെടുകയും 400ന് അടുത്ത് ദൈവാലയങ്ങളും 4000ന് അടുത്ത് വീടുകളും തകർക്കപ്പെടുകയും ആയിരക്കണക്കിന് ക്രൈസ്തവ ഭവനങ്ങൾ കൊള്ളയടിക്കപ്പെടുകയും ചെയ്ത 2008ലെ കാണ്ഡമാൽ കലാപം ഇന്നും നീറുന്ന വേദനയാണെങ്കിലും അവിടെനിന്ന് പ്രത്യാശാനിർഭരമായ വാർത്തകൾ കേൾക്കുന്നതിന്റെ ആശ്വാസത്തിലാണ് ക്രൈസ്തവ സമൂഹം.

ബിഹാറിലെ പാറ്റ്‌ന ആർച്ച്ബിഷപ്പ് എമരിത്തൂസും ബക്‌സാർ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ ഡോ. സെബാസ്റ്റ്യൻ കല്ലുപുരയിലിന്റെ മുഖ്യകാർമികത്വകത്തിലായിരുന്നു തിരുപ്പട്ട സ്വീകരണ തിരുക്കർമങ്ങൾ. ബിഹാറിലെ ബക്‌സാർ രൂപതയ്ക്കുവേണ്ടിയാണ് ഫാ. ബികാഷ് തിരുപ്പട്ടം സ്വീകരിച്ചത്. നവംബർ 13ന് സ്വന്തം ഗ്രാമമായ ടിയാങ്ങിയയിലായിരുന്നു നവവൈദികന്റെ പ്രഥമ ദിവ്യബലിയർപ്പണം. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിലെത്തി രക്തസാക്ഷികൾക്കായി പ്രാർത്ഥിക്കുകയും ചെയ്തു അദ്ദേഹം. 2010ൽ ഉത്തർപ്രദേശിലെ വാരണാസി മാസി ഗുരുകുൽ സെമിനാരിൽ പഠനം ആരംഭിച്ച ബികാഷ് നാഗ്പൂരിലും ഡൽഹിയിലുമായാണ് പഠനം പൂർത്തിയാക്കിയത്.

വർഗീയ വാദികളുടെ പീഡനങ്ങളും ഭീഷണികളും ക്രിസ്തുവിനെ കൂടുതൽ കരുത്തോടെ പ്രഘോഷിക്കാനുള്ള തന്റെ ആഗ്രഹത്തെ ശക്തമാക്കുകയായിരുന്നുവെന്ന് ദിവ്യബലി മധ്യേ നടത്തിയ പ്രസംഗത്തിൽ ഫാ. ബികാഷ് പറഞ്ഞു. 2008ലെ കലാപത്തിൽ, മാതാപിതാക്കളോടൊപ്പം കാട്ടിലേക്ക് പലായനം ചെയ്തതുകൊണ്ടാണ് തനിക്ക് ജീവൻ രക്ഷിക്കാനായതെന്നും അദ്ദേഹം അനുസ്മരിച്ചു.കലാപത്തിൽ രക്തസാക്ഷിത്വം വരിച്ച കട്ടക്- ഭൂവനേശ്വർ രൂപതയിലെ മുൻ ട്രഷററും ബന്ധുവുമായ ഫാ. ബെർണാർഡ് ഡീഗലിന്റെ ജീവിതമാണ് വൈദികനാകാനുള്ള തന്റെ ആഗ്രഹത്തെ പ്രചോദനമായതെന്നും ഫാ. ബികാഷ് കൂട്ടിച്ചേർത്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?