Follow Us On

28

November

2022

Monday

കാലം കരുതിവച്ച കൈചൂണ്ടികള്‍

കാലം കരുതിവച്ച  കൈചൂണ്ടികള്‍

സിസ്റ്റര്‍ സാലി സി.എസ്.എസ്

സാമൂഹ്യമാധ്യമങ്ങളിലൂടെ മനസില്‍ പതിഞ്ഞ ഒരു ചിത്രമുണ്ട്- കോവിഡ് രോഗബാധയെതുടര്‍ന്ന് മരണപ്പെട്ട ഒരു അമ്മയുടെ മൃതദേഹം മറ്റു വാഹനസൗകര്യങ്ങള്‍ ഒന്നും ലഭിക്കാത്തതിനാല്‍ ബൈക്കിലിരുത്തി സംസ്‌കാര ശുശ്രൂഷയ്ക്കായി കൊണ്ടുപോകുന്ന രണ്ട് യുവാക്കള്‍. ഈ ചിത്രം കണ്ടപ്പോള്‍ അറിയാതെ മനസ് വീണ്ടും പ്രാര്‍ത്ഥിച്ചു, ദൈവമേ കാഴ്ച നേടുവാന്‍ കണ്ണിലെഴുതാനുള്ള അജ്ഞനം നീ എനിക്ക് തരണമേ എന്ന്.

കോവിഡ് 19-ന്റെ പിടിയില്‍ നിന്ന് ഇനിയും ലോകം മോചിതമായിട്ടില്ല. കണ്ണു നനയ്ക്കുന്ന കാഴ്ചകള്‍ തുടരുകയാണ്. ഉറ്റവരുടെയും ഉടയവരുടെയും വേര്‍പാടിന്റെ നൊമ്പരങ്ങള്‍ ദിഗന്തങ്ങളില്‍ അലയടിച്ചുയരുമ്പോള്‍ ബാക്കിയാകുന്നത് ചില ചോദ്യങ്ങള്‍ മാത്രം. ഈ ജീവിതത്തിന്റെ അര്‍ത്ഥം എന്ത്? ഈ ജീവിതം ഇനി എങ്ങോട്ട്? ഒരു നിമിഷം ആത്മാര്‍ത്ഥമായി നാം നമ്മിലേക്ക് തിരിഞ്ഞാല്‍ ഉത്തരം കണ്ടെത്താന്‍ എളുപ്പമാകും.

കൂകിപ്പായുന്ന ആംബുലന്‍സിന്റെ വിലാപവും എരിഞ്ഞടങ്ങുന്ന ഉറ്റവരുടെ ചിതയുടെ ചൂടും ഒരുപോലെ ഉള്ളം പൊള്ളിക്കുമ്പോള്‍ പലരും അറിയാതെ നമ്മിലേക്ക് നോക്കുന്നില്ലേ? അവിടെ കാലം അടയാളപ്പെടുത്തിത്തരുന്ന ചില കൈചൂണ്ടികള്‍ ആത്മഗതങ്ങള്‍ നമുക്ക് സമ്മാനിക്കുന്നില്ലേ? നൂറ്റാണ്ടുകള്‍തോറും ചില വെട്ടിയൊരുക്കലുകള്‍ നടന്നതായി പത്രമാധ്യമങ്ങളും ചരിത്രവും സാക്ഷ്യപ്പെടുത്തുന്നു. സാധാരണയായി വെട്ടിയൊരുക്കലുകള്‍ നാം നടത്തുന്നത് കൂടുതല്‍ കായ്ക്കുവാനായിട്ടല്ലേ? അങ്ങനെ നോക്കിയാല്‍ നമ്മുടെയൊക്കെ സത്തയിലും ചില വെട്ടിയൊരുക്കലുകള്‍ ആവശ്യമാണ്.
ഇന്നിവിടെ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന ഒരുപാട് സുമനസുകളുണ്ട്. സ്വജീവന്‍ അപകടത്തില്‍ ആകുമ്പോഴും സഹജീവിയെ കരുതാന്‍

വെമ്പല്‍കൊള്ളുന്ന മനസിനുടമകള്‍.
നിസ്വാര്‍ത്ഥമായി മറ്റൊരാളെ സ്‌നേഹിക്കാന്‍ കഴിയുന്ന സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ ഇല്ലാതെ അപരനെ നെഞ്ചോടു ചേര്‍ക്കുന്ന ഒരുപാടുപേര്‍.
ക്രിസ്തുപഠനങ്ങളില്‍ വിശ്വപ്രസിദ്ധമായ നല്ല സമരിയാക്കാരന്റെ ഉപമ വ്യക്തമാക്കുന്നത് സഹജനിലെ ദൈവത്തെ കാണണമെങ്കില്‍ എന്നിലെ സ്വാര്‍ത്ഥത മരിക്കണം. കാലത്തിന്റെ വേഗതക്കൊപ്പം ഓടിയെത്താന്‍ ശ്രമിക്കവേ, നാമറിയാതെ നമുക്ക് പലതും കൈമോശം വരുന്നുണ്ട്. അതിന്റെ നേര്‍ക്കാഴ്ചകളാണ് ഇന്ന് പത്രമാധ്യമങ്ങളില്‍ നാം കാണുന്ന വൈരുധ്യങ്ങള്‍.

ഒരു വശത്ത് മരണക്കിടക്കയില്‍ ജീവശ്വാസത്തിനായി നിലവിളിക്കുമ്പോള്‍ മറുവശത്ത് പണത്തിന്റെ പേരില്‍, സുഖേച്ഛകളുടെ പേരില്‍ സംഭവിക്കുന്ന വീര്‍പ്പുമുട്ടലുകള്‍ അസഹ്യമാകുന്നു. ജീവശ്വാസത്തിലൂടെ രോഗാണു ഉള്ളിലെത്തുമ്പോള്‍ മറുവശത്ത് പാപത്തിലൂടെ ജീവിതത്തിന്റെ താളക്രമം തെറ്റുന്നു. അധികാരങ്ങളും ആള്‍ക്കൂട്ടങ്ങളും തെറ്റിന് പക്ഷം ചേര്‍ന്നാലും ഒരു തെറ്റും ഒരിക്കലും ശരിയാകുന്നില്ല. സഹജന്റെ വഴിയില്‍ സ്‌നേഹത്തിന്റെ എണ്ണയും സൗഖ്യത്തിന്റെ വീഞ്ഞും പകരേണ്ട നമ്മള്‍ സുഖേച്ഛകളില്‍ മുഴുകുമ്പോള്‍ അവന്റെ വഴിയില്‍ കെണി തീര്‍ക്കുകയാണ്. മാത്രമല്ല ഞാന്‍ ആരാണ് എന്ന ചോദ്യത്തിന്റെ ഉത്തരം മാറിമറിയുകയും ആണ്.

ചില സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി നാം നമ്മെത്തന്നെ മാറ്റിനിര്‍ത്തി എന്ന് വാദിക്കുമ്പോള്‍ അല്ലെങ്കില്‍ ഭയം മൂലം സാഹചര്യങ്ങളില്‍നിന്നും ഓടിയൊളിക്കുമ്പോള്‍ അതുമല്ലെങ്കില്‍ കണ്ണടച്ച് കടന്നുപോകുമ്പോള്‍, ഫ്രാന്‍സിസ് മാര്‍പാപ്പ ഫ്രത്തെല്ലി തൂത്തിയിലൂടെ നമ്മെ വീണ്ടും ഓര്‍മിപ്പിക്കുകയാണ്  “I must myself be a neighbor to others (ഞാന്‍ മറ്റുള്ളവര്‍ക്ക് നല്ല അയല്‍ക്കാരനായി മാറണം) (ഫ്രത്തെല്ലി തൂത്തി 2:81). സ്വയം നവീകരണത്തിന്റെ വാതില്‍പ്പടിയില്‍ ഇരുന്ന് ഞാന്‍ ആരെന്നും ഈ ജീവിതത്തിന്റെ അര്‍ത്ഥം എന്തെന്നുമൊക്കെ ചിന്തിക്കുമ്പോള്‍ കാലഘട്ടത്തിന്റെ ശബ്ദമായ ഫ്രത്തെല്ലി തൂത്തിയിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും ഓര്‍മപ്പെടുത്തിയ നല്ല സമറിയാക്കാരന്റെ ചൈതന്യം നമുക്ക് വെളിച്ചമേകട്ടെ.

കോവിഡിന്റെ ഭീതിയിലും നൊമ്പരങ്ങളിലും കഴിയുന്ന മാനവകുലത്തെ കരുണയുള്ള അയല്‍ക്കാരന്റെ സാന്നിധ്യത്തിലൂടെ നമുക്ക് വീണ്ടെടുക്കാം. തിന്മയില്‍നിന്ന് അകന്ന് പ്രാര്‍ത്ഥനയിലൂടെ, ത്യാഗത്തിലൂടെ, സ്‌നേഹശുശ്രൂഷയിലൂടെ, ദാനധര്‍മത്തിലൂടെ ”നീയും പോയി അതുപോലെ ചെയ്യുക” (ലൂക്കാ 10:37) എന്ന ക്രിസ്തുവചനം നമുക്ക് പൂര്‍ത്തിയാക്കാം. തീരാനഷ്ടത്തിന്റെ കഥപറയുന്ന, സങ്കടങ്ങളുടെ നെരിപ്പോട് ഉള്ളിലെരിയുന്ന സഹജന്റെ നൊമ്പരത്തില്‍ ആത്മനാ പങ്കാളിയായി ഈ ജന്മം നവീകരിക്കാന്‍ ദൈവകൃപ യാചിക്കാം.”മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല. അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്ക് ഉറപ്പേകുന്നു” (സങ്കീ. 23:4) എന്ന തിരുവചനം നമുക്ക് കരുത്തേകട്ടെ! കരുത്ത് ആകട്ടെ!

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?