Follow Us On

28

November

2022

Monday

പ്രയാസങ്ങളുടെ നേരത്ത് വിശുദ്ധ യൗസേപ്പിതാവ്  വഴികാട്ടിയാകും; ദൈവജനത്തെ യൗസേപ്പിതാവിന്റെ മാധ്യസ്ഥത്തിന് സമർപ്പിച്ച് പാപ്പ

പ്രയാസങ്ങളുടെ നേരത്ത് വിശുദ്ധ യൗസേപ്പിതാവ്  വഴികാട്ടിയാകും; ദൈവജനത്തെ യൗസേപ്പിതാവിന്റെ മാധ്യസ്ഥത്തിന് സമർപ്പിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: സഭയുടെയും തിരുക്കുടുംബത്തിന്റെയും കാവൽക്കാരനായ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം പ്രയാസങ്ങളുടെ നേരത്ത് നമുക്ക് വഴികാട്ടിയാകുമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണം സമാപനത്തോട് അടുക്കുന്ന പശ്ചാത്തലത്തിൽ പൊതുസന്ദർശനമധ്യേ, വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ചുള്ള പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു പാപ്പ. സന്ദേശത്തിന്റെ ഒടുവിൽ വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന ചൊല്ലി ദൈവജനത്തെ വിശുദ്ധന്റെ മാധ്യസ്ഥത്തിന് സമർപ്പിക്കുകയും ചെയ്തു.

വിശുദ്ധ യൗസേപ്പിതാവിന്റെ സാന്നിധ്യം പ്രത്യക്ഷത്തിൽ നാമമാത്രവും വേറിട്ടുനിൽക്കുന്നതും രണ്ടാം സ്ഥാനത്തുള്ളതാണെങ്കിലും, അത് രക്ഷാകര ദൗത്യത്തിൽ സുപ്രധാനമാണെന്ന് മനസിലാക്കാൻ വിശുദ്ധ മത്തായിയുടെ സുവിശേഷം നമ്മെ സഹായിക്കുന്നു. രംഗം കൈയടക്കാൻ ഒരിക്കലും ആഗ്രഹിക്കാതെയാണ് യൗസേപ്പിതാവ് തന്റെ ദൗത്യം നിറവേറ്റുന്നത്. ചിന്തിച്ചാൽ, യൗസേപ്പിതാവിനെപ്പോലെ, പതിവായി വിസ്മരിക്കപ്പെടുന്ന നിരവധിപേർ ജീവിതവഴിയിൽ നമ്മെ കരുതുന്നുണ്ടെന്ന് മനസിലാക്കാനാകും.

അനുദിന ശീലങ്ങളെ പുനഃക്രമീകരിച്ചും നയനങ്ങൾ ഉയർത്തിയും പ്രാർത്ഥനയെ ഉത്തേജിപ്പിച്ചും എപ്രകാരം പ്രതിസന്ധികളെ തരണം ചെയ്യാമെന്ന് എത്രയോ മാതാപിതാക്കൾ മുത്തശ്ശീമുത്തശ്ശന്മാർ, അധ്യാപകർ നമുക്ക് കാട്ടിത്തരുന്നു. എല്ലാവരുടെയും നന്മയ്ക്കായി എത്രയോ പേർ പ്രാർത്ഥിക്കുകയും സ്വയം സമർപ്പിക്കുകയും മാധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്നു. അങ്ങനെ, ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്നവനും അനുദിന സാന്നിധ്യമുള്ളവനും വിവേകിയും മറഞ്ഞിരിക്കുന്നവനുമായ വിശുദ്ധ യൗസേപ്പിൽ ഒരു മധ്യസ്ഥനെ, സഹായിയെ പ്രയാസകരമായ സമയങ്ങളിൽ വഴികാട്ടിയെ കണ്ടെത്താൻ നമുക്കാവും.

പ്രത്യക്ഷത്തിൽ മറഞ്ഞിരിക്കുന്നവരോ ‘രണ്ടാം സ്ഥാനക്കരോ’ ആയ എല്ലാവർക്കും രക്ഷാകര ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു നായകസ്ഥാനമുണ്ടെന്ന് വിശുദ്ധ യൗസേപ്പിതാവ് നമ്മെ ഓർമിപ്പിക്കുന്നു. ഇത്തരം സ്ത്രീ പുരുഷന്മാരെ ലോകത്തിന് ആവശ്യമാണ്. ‘രണ്ടാം സ്ഥാനക്കാരായ’ സ്ത്രീപുരുഷന്മാർ നമ്മുടെ ജീവതത്തിന്റെ പുരോഗതിക്ക് താങ്ങായി നിലകൊള്ളുന്നു.

ലൂക്കായുടെ സുവിശേഷത്തിൽ, യൗസേപ്പിതാവ് യേശുവിന്റെയും മറിയത്തിന്റെയും കാവൽക്കാരനായി പ്രത്യക്ഷപ്പെടുന്നു. യൗസേപ്പിതാവിൽ പ്രകടമാകുന്ന കാവലിന്റെ ഈ മാനം ഉൽപ്പത്തിപ്പുസ്തകത്തിലെ വിവരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ സഹോദരങ്ങളുടെ, നമ്മുടെ ചാരത്തുള്ളവരുടെ, ജീവിതസാഹചര്യങ്ങളിലൂടെ കർത്താവ് നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നവരുടെ സംരക്ഷകരാണെന്ന അവബോധം നഎന്നും പുലർത്താൻ നാം സദാ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് തന്റെ ജീവിതത്തിലൂടെ നമ്മോട് പറയാൻ യൗസേപ്പ് ആഗ്രഹിക്കുന്നുണ്ടെന്നും പാപ്പ കൂട്ടിച്ചേർത്തു.

തുടർന്നാണ്, ‘വിശുദ്ധ യൗസേപ്പിതാവിൽ ഒരു ബന്ധുവിനെ, സുഹൃത്തിനെ കണ്ടെത്താൻ സകലരെയും സഹായിക്കുന്ന പ്രാർത്ഥനയോടെ സന്ദേശം ഉപസംഹരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,’ എന്ന് പറഞ്ഞുകൊണ്ട് പാപ്പ പ്രാർത്ഥനയിലേക്ക് കടന്നത്:

വിശുദ്ധ യൗസേപ്പേ,

മറിയത്തോടും യേശുവിനോടും ബന്ധം കാത്തുസൂക്ഷിച്ച അവിടുന്ന് ഞങ്ങളുടെ ജീവിതത്തിലെ ബന്ധങ്ങൾ പരിപാലിക്കാൻ ഞങ്ങളെ സഹായിക്കൂ. ഏകാന്തതയുടെ ഫലമായ പരിത്യക്തതാബോധം ആരും അനുഭവിക്കാതിരിക്കട്ടെ.

ഓരോരുത്തരും നമ്മുടെതന്നെ പൂർവകാലവുമായും നമ്മുടെ പൂർവീകരുമായും അനുരഞ്ജിതരാകുകയും ചെയ്തുപോയ തെറ്റുകളിലൂടെ ദൈവത്തിങ്കലേക്ക് ഒരു വഴി തുറന്നതും തിന്മയ്ക്കല്ല അവസാന വാക്ക് എന്നതും തിരിച്ചറിയുകയും ചെയ്യട്ടെ.

കൂടുതൽ ബുദ്ധിമുട്ടുന്നവർക്ക് നീ ഒരു സുഹൃത്തായിരിക്കണമെ. പ്രയാസകരമായ സമയങ്ങളിൽ അവിടുന്ന് മറിയത്തെയും യേശുവിനെയും താങ്ങിനിറുത്തിയതു പോലെ, ഞങ്ങളുടെ യാത്രയിൽ ഞങ്ങൾക്കും തുണയായിരിക്കണമെ. ആമേൻ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?