Follow Us On

04

June

2023

Sunday

മണിയംകുന്നിലെ അല്‍ഫോന്‍സാമ്മ

മണിയംകുന്നിലെ അല്‍ഫോന്‍സാമ്മ

സിസ്റ്റര്‍ ആനി കല്ലറങ്ങാട്ട്‌

അല്‍ഫോന്‍സാമ്മയെ ഭാരതത്തിനും ആഗോളസഭയ്ക്കും സമ്മാനിച്ച എഫ്‌സിസി സന്യാസിനിസമൂഹത്തിന്റെ സുകൃതാരാമത്തില്‍ നിന്ന് മറ്റൊരു സുകൃതപുഷ്പം കൂടി. ”കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും, അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായിരിക്കും” എന്ന തിരുവചനം ജീവിതത്തിലുടനീളം ഉദ്‌ഘോഷിച്ച കൊളേത്താമ്മ ദൈവദാസി പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. ദിവ്യകാരുണ്യഭക്തിയും, ശുദ്ധീകരണാത്മാക്കളോടുള്ള സ്‌നേഹവും പ്രാര്‍ഥനവഴിയായുള്ള മിഷന്‍ ചൈതന്യവുമായിരുന്നു കൊളേത്താമ്മയുടെ ജീവിതത്തിന്റെ പ്രധാന സവിശേഷതകള്‍. മരുഭൂമിയിലെ ഏകാന്തതയില്‍ ലോകസുഖങ്ങളും മനുഷ്യസാമീപ്യവും വെടിഞ്ഞ് തങ്ങളുടെ ആത്മശുദ്ധീകരണവും ലോകനന്മയും ലക്ഷ്യമാക്കി ജീവിച്ച മരുഭൂമിയിലെ പിതാക്കന്‍മാരോടൊണ് കൊളേത്താമ്മയെ പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് താരതമ്യം ചെയ്യുന്നത്.

1904 മാര്‍ച്ച് 13-ന് ചേര്‍പ്പുങ്കല്‍ ആരംപുളിക്കല്‍ തറവാട്ടിലായിരുന്നു കൊളേത്താമ്മയുടെ ജനനം. മറിയം എന്നായിരുന്നു പേര്. അമ്മ നേരത്തെ മരിച്ചതിനാല്‍ അവള്‍ക്കുശേഷം പിറന്ന നാലു സഹോദരങ്ങള്‍ക്കും അമ്മയായത് മറിയമായിരുന്നു. അവര്‍ക്ക് കൊളേത്താമ്മ ‘ആയിയമ്മ’യാണ്. നിരവധി കഷ്ടപ്പാടുകള്‍ സഹിച്ച് പഠനം പൂര്‍ത്തിയാക്കിയ മറിയം കുറച്ചുകാലം വാകമല സെന്റ് ജോസഫ്‌സ് പ്രൈമറി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തു.

1932-ല്‍ മണിയംകുന്ന് സ്‌കൂളില്‍ അധ്യാപികയായി. അങ്ങനെ ആരംപുളിക്കലെ മറിയം ക്ലാരമഠത്തിലെ സഹോദരിമാരോടൊത്ത് താമസം ആരംഭിച്ചു. അവരുടെ പ്രാര്‍ത്ഥന, പരസ്പരസ്‌നേഹം, ത്യാഗജീവിതം, ദീനാനുകമ്പ തുടങ്ങിയവ അവളെ സ്വാധീനിച്ചു. വിശുദ്ധ ഫ്രാന്‍സിസും ക്ലാര പുണ്യവതിയും തന്നെ മാടി വിളിക്കുന്നതായി മറിയം തിരിച്ചറിഞ്ഞു. അങ്ങനെ 1933 സെപ്റ്റംബര്‍ 11-ന് മറിയം മറ്റ് രണ്ട് യുവതികളോടൊപ്പം ക്ലാരമഠത്തില്‍ ചേര്‍ന്ന് സഭാവസ്ത്രം സ്വീകരിച്ചു. മാര്‍ച്ച് ആറിന് തിരുനാള്‍ ആഘോഷിക്കുന്ന വിശുദ്ധ കൊള്ളറ്റിനെ സ്വര്‍ഗീയ മധ്യസ്ഥയാക്കി ഉണ്ണീശോയുടെ കൊള്ളറ്റ് എന്ന് പേരും സ്വീകരിച്ചു. കൊള്ളറ്റ് എന്ന പേര് കാലക്രമത്തില്‍ കൊളേത്താ എന്നായി. 1938-ല്‍ നിത്യവ്രത വാഗ്ദാനം നടത്തിയ കൊളേത്താമ്മ അധ്യാപനത്തോടൊപ്പം നവസന്യാസിനികളുടെ പരിശീലകയായും സേവനം അനുഷ്ഠിച്ചു.

1942 മുതല്‍ വിവിധ രോഗങ്ങള്‍ നിരന്തരമായി അലട്ടിക്കൊണ്ടിരുന്നു. ക്ഷയരോഗമെന്നു സംശയിച്ച് മഠത്തില്‍നിന്ന് കൊളേത്താമ്മയെ മാറ്റിത്താമസിപ്പിക്കുവാന്‍ അധികാരികള്‍ തീരുമാനമെടുത്തു. ഉപകാരികളുടെ സഹായത്തോടെ ആദ്യം കിഴക്കേതോട്ടംകാരുടെ വക നെടുങ്ങനാക്കുന്നേല്‍ പുരയിടത്തിലും 1944 മുതല്‍ മഠത്തിന് സമീപമുള്ള താഴത്തുചിറയ്ക്കല്‍ വീട്ടിലും കൊളേത്താമ്മ ഏകയായി താമസിച്ചു. പിന്നീട് അല്പം അകലെയുള്ള മങ്ങാട്ടുതാഴെ വീട്ടില്‍ കൊളേത്താമ്മയെ താമസിപ്പിച്ചു. 1952-ല്‍ പാണംകുളം പുരയിടം വാങ്ങി രോഗിക്കെട്ടിടം വെഞ്ചരിച്ചു താമസം തുടങ്ങുന്നതുവരെ കൊളേത്താമ്മ ഏകയായാണ് കഴിഞ്ഞത്.

ദുരിതങ്ങളെ പുഞ്ചിരിയോടെ നേരിടാന്‍ കഴിഞ്ഞു എന്നതാണ് കൊളേത്താമ്മയുടെ പ്രത്യേകത. ഇന്നത്തെ സാഹചര്യത്തില്‍ പീഡനമെന്നും മനഃപൂര്‍വം തീര്‍ത്ത ഒറ്റപ്പെടുത്തലെന്നും മറ്റും ആരോപിക്കപ്പെടാവുന്ന കാര്യങ്ങളാണ് ആ ജീവിതത്തില്‍ അനുഭവിച്ചത്. എന്നാല്‍ എല്ലാറ്റിനെയും ദൈവഹിതമായി കണ്ട് സ്‌നേഹപൂര്‍വം സ്വീകരിക്കുവാനുള്ള ദൈവകൃപ അമ്മ സ്വന്തമാക്കിയിരുന്നു. കുമ്പസാരവും ആത്മീയ ഉപദേശങ്ങളും ആ ജീവിതത്തെ ശക്തിപ്പെടുത്തി. യഥാര്‍ത്ഥ ആത്മീയതയെന്നത് ഒറ്റപ്പെടലിനെയും ഏകാന്തതയെയും ഒഴിവാക്കുന്നതല്ല എന്ന് കൊളേത്താമ്മയ്ക്ക് ബോധ്യമുണ്ടായിരുന്നു. വീട്ടില്‍ കൊണ്ടുപോയി ചികിത്സിച്ച് രോഗം ഭേദമാക്കുവാന്‍ അമ്മയ്ക്കും വീട്ടുകാര്‍ക്കും അനുവാദം നല്‍കിയപ്പോള്‍ കൊളേത്താമ്മ പറഞ്ഞത് ഇപ്രകാരമാണ്, ”ഇവിടെ ചികിത്സിച്ചിട്ട് രോഗം ഭേദമാകുന്നില്ലെങ്കില്‍ ഞാന്‍ ഈ സന്യാസഭവനത്തില്‍കിടന്ന് മരിച്ചുകൊള്ളട്ടെ. ദൈവത്തിന്റെ സ്‌നേഹകൂടാരത്തില്‍ അവിടുത്തെ സാന്നിധ്യം നുകര്‍ന്ന് ജീവിക്കുവാനാണ് ഞാന്‍ സന്യാസിനിയായത്.”

സഹനങ്ങളും അസൗകര്യങ്ങളുമെല്ലാം വിശുദ്ധി നേടാനുള്ള സാധ്യതകളാക്കി മാറ്റുന്ന സന്യാസസിദ്ധിയുടെ പ്രായോഗികത മുഴുവന്‍ ആവാഹിച്ചെടുത്ത ധീരമായ മറുപടിയായിരുന്നു അത്. 1952 മുതല്‍ ദീനമുറിയില്‍ സഹോദരങ്ങളോടൊത്ത് ജീവിച്ചു. കൊന്ത കൈകളിലേന്തി മുറ്റത്തുകൂടി നടന്നു പ്രാര്‍ഥിച്ചുകൊണ്ടും മുറ്റത്തെ പുല്ല് പറിച്ചു നീക്കിയും മുറ്റം ഭംഗിയാക്കിയും ജീവിതത്തെ സജീവമാക്കി. തന്റെ രോഗപീഡകള്‍, ഏകാന്തത, തിരസ്‌കരണങ്ങള്‍ തുടങ്ങിയവയെല്ലാം സ്‌നേഹപൂര്‍വം സഹിച്ച് മിഷനറിമാര്‍ക്കുവേണ്ടിയും ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കള്‍ക്കുവേണ്ടിയും കാഴ്ചവയ്ക്കുവാന്‍ അമ്മ ഏറെ ഉത്സുകയായിരുന്നു. ദിവ്യകാരുണ്യ ഈശോയോട് കൊളേത്താമ്മ അതീവഭക്തി പുലര്‍ത്തിയിരുന്നു. സാധിക്കുന്ന ചെറിയ സഹായങ്ങള്‍ മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കുവാന്‍ അമ്മ വളരെ ശ്രദ്ധിച്ചിരുന്നു. അങ്ങനെ ‘നിസാരസഹായങ്ങളുടെ സഹോദരി’ എന്നും കൊളേത്താമ്മ വിളിക്കപ്പെട്ടിരുന്നു.

ഏകദേശം നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ രോഗം ക്ഷയമല്ല എന്നു പരിശോധനയില്‍ തെളിഞ്ഞു. എങ്കിലും നിരന്തരമായ ശ്വാസംമുട്ടലും കിതപ്പും ഞരമ്പുവേദനയും ശമിക്കാതെ മരണംവരെ ചികിത്സയിലും സഹനത്തിലുമാണ് കൊളേത്താമ്മ കഴിഞ്ഞത്. വേദനയുടെ നടുവിലും സഹായം യാചിച്ച് എത്തിയവര്‍ക്കെല്ലാം പ്രാര്‍ത്ഥനയിലൂടെ കൊളേത്താമ്മ മറുപടി നല്‍കി. 1984 ഡിസംബര്‍ പതിനെട്ടാം തിയതി ദിവ്യകാരുണ്യം സ്വീകരിച്ച കൊളേത്താമ്മ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ശാന്തമായി തന്റെ സ്വര്‍ഗീയ മണവാളന്റെ അടുത്തേക്ക് പറന്നുയര്‍ന്നു. ചരമപ്രസംഗം നടത്തിയ ഭാഗ്യസ്മരണാര്‍ഹനായ ജോര്‍ജ് മങ്ങാട്ടച്ചനാണ് കൊളേത്താമ്മയെ ‘മണിയംകുന്നിലെ അല്‍ഫോന്‍സാമ്മ്’ യെന്ന് ഒരുപക്ഷെ ആദ്യമായി വിശേഷിപ്പിച്ചത്. ‘നിസാരകാര്യങ്ങളുടെ സിസ്റ്റര്‍’ എന്നറിയപ്പെട്ടിരുന്ന കൊളേത്താമ്മയുടെ മണിയംകുന്നിലുള്ള കബറിടം ഇന്ന് അനേകര്‍ക്ക് ആശാകേന്ദ്രമാണ്.

‘ഞാനൊരു പാവം നിസാര കാര്യങ്ങളുടെ മധ്യസ്ഥ’ എന്ന് ഫലിതോക്തിയായി സ്വയം വിശേഷിപ്പിച്ചിരുന്നവള്‍ മരണശേഷം നിസാരമല്ലാത്ത കാര്യങ്ങളുടെ മധ്യസ്ഥയായി മാറി. കൊളേത്താമ്മയുടെ മധ്യസ്ഥം വഴി വിവാഹതടസങ്ങള്‍ മാറാനും, സന്താനഭാഗ്യം ലഭിക്കാനും, നഷ്ടപ്പെട്ട വസ്തുക്കള്‍ അതിശയകരമായി തിരിച്ചുകിട്ടാനും തുടങ്ങിയതോടെ അടച്ചുപൂട്ടിവെച്ചിരുന്ന ആ നാര്‍ദീന്‍ പരിമതളതൈലത്തിന്റെ സുഗന്ധം ലോകം മുഴുവനിലേക്കും വ്യാപിച്ചു തുടങ്ങി. പാരതിയും പരിഭവുമില്ലാതെ രോഗപീഡകളുടെയും മാനസികക്ലേശങ്ങളുടെയും ഒറ്റപ്പെടലിന്റെയും അനുഭവങ്ങള്‍ മാധുര്യമുള്ള പ്രാര്‍ഥനകളാക്കിയ ഈ തപസ്വനിയുടെ വിരോജ്ജ്വല മാതൃകയും മധ്യസ്ഥതയും കേരളസഭയ്ക്കും ഭാരതസഭയ്ക്കും മാര്‍ഗദീപമായി പ്രശോഭിക്കട്ടെ.
(എഫ്.സി.സി ഭരണങ്ങാനം പ്രൊവിന്‍സ്  പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറാണ് ലേഖിക)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?