Follow Us On

15

August

2022

Monday

അരനൂറ്റാണ്ടിലെ അനുഭവങ്ങള്‍

അരനൂറ്റാണ്ടിലെ  അനുഭവങ്ങള്‍

ആന്‍സണ്‍ വല്യാറ

പൗരോഹിത്യ ജീവിതത്തെ വിലയിരുത്തുമ്പോള്‍ വൈദികന്റെ ഉദ്ദേശശുദ്ധിയാണ് പരമപ്രധാനമെന്ന് വിശ്വസിക്കുന്ന പാലക്കാട് രൂപതയുടെ മുന്‍ വികാരി ജനറാളാള്‍ മോണ്‍. ജോസഫ് ചിറ്റിലപ്പള്ളി അജപാലന ശുശ്രൂഷയുടെ അരനൂറ്റാണ്ട് പിന്നിടുകയാണ്. മലയോര മക്കളുടെ ജീവിത പ്രതിസന്ധികളിലേക്ക് മിഷനറിയുടെ ആര്‍ജവത്തോടെ കടന്നുവന്ന വൈദികനാണ് സുവര്‍ണജൂബിലി ആഘോഷിക്കുന്ന ചിറ്റിലപ്പള്ളിയച്ചന്‍. ‘ഇതാ ഞാന്‍ എന്നെ അയച്ചാലും’ എന്ന വിശുദ്ധ വചനത്തെ ആപ്തവാക്യമായി സ്വീകരിച്ച അദ്ദേഹത്തിന്റെ സ്പര്‍ശനമേല്‍ക്കാത്ത മേഖലകളൊന്നും പാലക്കാട് രൂപതയുടെ വളര്‍ച്ചയിലില്ല.
നിരവധി ദൈവാലയങ്ങള്‍ക്കും സാമൂഹിക സേവനകേന്ദ്രങ്ങള്‍ക്കും തുടക്കംകുറിച്ചു.

പാലക്കാട് രൂപതയുടെ സാമൂഹിക സേവനകേന്ദ്രമായ പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി പാലക്കാട് (പിഎസ്എസ്പി), ഗാന്ധിപുരം സോഷ്യല്‍ സര്‍വീസ് സെന്റര്‍, സ്‌കൂളുകളുടെ നിര്‍മാണം എന്നിവയിലെ അദ്ദേഹത്തിന്റെ സുദീര്‍ഘമായ കാഴ്ചപ്പാടുകളും മുന്നേറ്റങ്ങളും എടുത്തുപറയത്തക്കതാണ്. ദൈവജനത്തിന് സ്വയംപര്യാപ്തതയും പുരോഗതിയും ഉറപ്പുവരുത്തുവാനായി ഇളവംപാടം വികസന സമിതിയും അദ്ദേഹം രൂപീകരിച്ചു. സാധാരണക്കാര്‍ക്ക് ആലംബവും കൈത്താങ്ങുമായി നിലകൊള്ളുന്ന പാലക്കാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സ്ഥാപിച്ചതിലൂടെ ‘സോഷ്യല്‍ ചിറ്റിലപ്പള്ളി’ എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി. കൂടാതെ വിവിധ കാലഘട്ടങ്ങളിലായി മുപ്പത്തിരണ്ടോളം പ്രസ്ഥാനങ്ങളുടെ ഡയറക്ടര്‍, പ്രസിഡന്റ് എന്നീ പദവികളിലും അച്ചന്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

വിവിധ പുസ്തകങ്ങളും അച്ചന്‍ രചിച്ചിട്ടുണ്ട്. നിരവധി കവിതകളും ചരിത്രഗ്രന്ഥങ്ങളുടെ മുഖപ്രസംഗത്തിലൂടെയും അച്ചന്റെ രചനാവൈഭവത്തിന്റെ മികവ് മനസിലാക്കാന്‍ കഴിയും. വിദ്യാഭ്യാസ മേഖലയിലും മാധ്യമരംഗത്തും ന്യൂനപക്ഷ അവകാശങ്ങള്‍ക്കുവേണ്ടിയും ശക്തമായ നിലപാട് എടുത്ത വ്യക്തിയാണ് അദ്ദേഹം. ‘ദീപിക’ ദിനപത്രത്തിന്റെ വളര്‍ച്ചയിലും അച്ചന്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.

വിഘടിച്ചു കഴിയാനുള്ള ന്യായങ്ങളെക്കാളേറെ സഭകള്‍ തമ്മില്‍ ഐക്യത്തില്‍ ജീവിക്കാനുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ വിവിധ സഭകളെ കൂട്ടിച്ചേര്‍ത്ത് പാലക്കാട് എക്യുമെനിക്കല്‍ മൂവ്‌മെന്റ് രൂപീകരണത്തിന് ചുക്കാന്‍പിടിച്ചത് ജോസഫ് ചിറ്റിലപ്പള്ളിയച്ചനാണ്. 2002 ല്‍ പാലക്കാട് സെന്റ് റാഫേല്‍ കത്തീഡ്രലില്‍ വികാരിയായിരിക്കുമ്പോള്‍ ആണ് ഇത് ആരംഭിച്ചത്. പാലക്കാടിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലത്തില്‍ ഈ പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുന്നതിലും അച്ചന്റെ സ്വാധീനം നിര്‍ണായകമായിരുന്നു.

1945 മാര്‍ച്ച് ഒന്നിന് തൃശൂര്‍ ജില്ലയിലെ ചെവൂര്‍ സെന്റ് സേവ്യേഴ്‌സ് ഇടവകയിലെ ചിറ്റിലപ്പള്ളിയില്‍ റപ്പായിയുടെയും മേരിയുടെയും ആറുമക്കളില്‍ മൂത്തമകനാണ് ജോസ് ജനിച്ചത്. ദൈവം ദാനമായി നല്‍കിയ മക്കളില്‍ പകുതി ദൈവത്തിനുതന്നെ ശുശ്രൂഷയ്ക്കായി നല്‍കിയ പിതാവായിരുന്നു ചിറ്റിലപ്പള്ളി റപ്പായി. അച്ചന്റെ രണ്ട് സഹോദരിമാര്‍ കന്യാസ്ത്രീകളാണ്. ചെവൂര്‍ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലും നടവരമ്പ് ഗവണ്‍മെന്റ് സ്‌കൂളിലുമായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇടവകയിലെ സാഹിത്യമത്സരങ്ങളില്‍ വിജയിക്കുകയും മരിയന്‍ സൊഡാലിറ്റി പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ ഉത്തരവാദിത്വം വഹിക്കുകയും ചെയ്തതുമൂലം തൃശൂര്‍ വികാരി ജനറാളായിരുന്ന സഖറിയാസ് വാഴപ്പള്ളിയച്ചനുമായി കൂടുതല്‍ അടുക്കുകയും ഒരു മിഷനറി വൈദികനാകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

1962-ല്‍ തൃശൂര്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് പഠിക്കുകയും 1964-ല്‍ കോട്ടയം സെന്റ് തോമസ് സെമിനാരിയില്‍ ഫിലോസഫി, തിയോളജി പഠനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. 1971 മാര്‍ച്ച് 13-ന് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന ദൈവാലയത്തില്‍വച്ച് മാര്‍ ജോസഫ് കുണ്ടുകുളം പിതാവില്‍നിന്നും പട്ടം സ്വീകരിച്ച് ജോസഫ് എന്ന പേര് സ്വീകരിച്ചു. രണ്ടുവര്‍ഷം ലൂര്‍ദ് കത്തീഡ്രലില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ചെയ്തു. അതിനുശേഷം 1973-ല്‍ രാമനാഥപുരം ഹോളി ട്രിനിറ്റി ഇടവകയിലേക്കായിരുന്നു മാറ്റം ലഭിച്ചത്. ദൈവാലയമില്ലാത്ത സ്ഥലമായിരുന്നു അത്. അതിനാല്‍ പലയിടത്തായി ചിതറി കിടന്നിരുന്ന ദൈവമക്കളെ കണ്ടെടുത്ത് ഒന്നിപ്പിക്കുക എന്നതായിരുന്നു അച്ചന്റെ ആദ്യശ്രമം. അതിന്റെ ഭാഗമായി മാസധ്യാനങ്ങള്‍, കുടുംബസമ്മേളനങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. പിന്നീട് പുതിയ ഇടവകകള്‍, ദൈവാലയങ്ങള്‍ എന്നിവയ്ക്കും രൂപം നല്‍കി. 1978-ല്‍ കാരമട ഗുഡ് ഷെപ്പേര്‍ഡ് ദൈവാലയത്തിലും 1979-ല്‍ മേട്ടുപ്പാളയം സെന്റ് ജോസഫ് ദൈവാലയത്തിലും സേവനം ചെയ്തു. 1974-ല്‍ തമിഴ്‌നാട് പാരീഷ് ബുള്ളറ്റിന്‍, 1977-ല്‍ ഗാന്ധിപുരത്ത് സോഷ്യല്‍ സര്‍വീസ് സെന്റര്‍, 1978-ല്‍ കാരമടയില്‍ ഗുഡ്‌ഷെപ്പേര്‍ഡ് സെന്റര്‍ തുടങ്ങിയവയ്‌ക്കെല്ലാം അദ്ദേഹം തുടക്കംകുറിച്ചു.

ആദ്യകാല പ്രേഷിതരംഗമായ മേട്ടുപ്പാളയത്തെയും കാരമടയിലെയും സേവനങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതാണെന്ന് അച്ചന്‍ പറയുന്നു. യേശുവിനെ ആദ്യമായി അറിയുമ്പോള്‍ മനുഷ്യരുടെ മുഖത്ത് തെളിയുന്ന ആനന്ദമാണ് അച്ചന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായി പങ്കുവെക്കുന്നത്.
1974-ല്‍ പാലക്കാട് രൂപത സ്ഥാപിതമായതിനെ തുടര്‍ന്ന് പാലക്കാട് രൂപതാംഗമായി പ്രവര്‍ത്തനമാരംഭിച്ചു. തന്റെ സഭാശുശ്രൂഷയോടൊപ്പം സോഷ്യല്‍ വര്‍ക്ക് ഡിപ്ലോമ, എം.എ, ബി.എഡ്, എം.എഡ് തുടങ്ങിയ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി. കൂടാതെ തമിഴ്, ലാറ്റിന്‍, സിറിയന്‍ എന്നീ ഭാഷകളും പഠിച്ചു. അരനൂറ്റാണ്ട് പിന്നിടുന്ന തന്റെ അജപാലന ശുശ്രൂഷയില്‍ മുപ്പത്തിരണ്ടോളം ഇടവകകളില്‍ സേവനം ചെയ്തു.

ദൈവിക പ്രവൃത്തികള്‍ ചെയ്യാനാണ് നാമൊക്കെ വൈദികരായതെന്നും മടുപ്പില്ലാതെ അധികാരികളോട് ചേര്‍ന്നുനിന്നാവണം നമ്മുടെ പ്രേഷിതശുശ്രൂഷകളെന്നും അദ്ദേഹം യുവ വൈദികരെ ഓര്‍മിപ്പിക്കുന്നു. അത്തരം അജപാലനദൗത്യം നിര്‍വഹിക്കുമ്പോഴാണ് അനുഗ്രഹമുണ്ടാകുന്നതും പ്രതിസന്ധികളെ കരുത്തോടെ നേരിടാന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികാരി ജനറാള്‍ സ്ഥാനത്തുനിന്നും മറ്റ് ഔദ്യോഗിക തിരക്കില്‍നിന്നുമൊക്കെ പടിയിറങ്ങിയെങ്കിലും ചിറ്റിലപ്പള്ളിയച്ചന്‍ ഏറെ തിരക്കിലാണ്. രൂപതയുടെ പല ഗ്രന്ഥങ്ങളും തയാറാക്കുന്നതിന്റെ പണിപ്പുരയിലാണ്. എല്ലാവരോടും സ്‌നേഹത്തോടും സൗഹൃദത്തോടും പിതൃവാത്സല്യത്തോടുംകൂടി ഇടപെടുന്ന ഈ താപസവര്യന്‍ ജീവിതചക്രത്തിന്റെ മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും മുന്നോട്ടുള്ള സ്വപ്‌നങ്ങളുടെ കുതിപ്പിലാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?