Follow Us On

29

November

2021

Monday

‘ചലിക്കുന്ന പുൽക്കൂട്’ തയാർ! വചനാഭിമുഖ്യം വളർത്തുന്ന വിഖ്യാത ക്രിസ്മസ് ക്രിബ് വീണ്ടും തുറന്ന് ഡബ്ലിൻ

‘ചലിക്കുന്ന പുൽക്കൂട്’ തയാർ! വചനാഭിമുഖ്യം വളർത്തുന്ന വിഖ്യാത ക്രിസ്മസ് ക്രിബ് വീണ്ടും തുറന്ന് ഡബ്ലിൻ

ഡബ്ലിൻ: പല വലുപ്പത്തിലും ശൈലിയിലുമുള്ള പുൽക്കൂടുകൾ നിരവധി കണ്ടിട്ടുണ്ടാകും. പക്ഷേ, ചലിക്കുന്ന പുൽക്കൂട് കണ്ടിട്ടുണ്ടോ? സംശയമില്ല, ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലെ വിഖ്യാതമായ ‘ചലിക്കുന്ന പുൽക്കൂട്’ (ദ മൂവിംഗ് ക്രിബ്) കാണേണ്ട കാഴ്ചതന്നെയാണ്. ഐറിഷ് ക്രിസ്മസ് ആഘോഷങ്ങളിലെ പ്രധാന ആകർഷണമായ ‘ചലിക്കുന്ന പുൽക്കൂട്’ സന്ദർശകർക്കായി തുറന്നുകഴിഞ്ഞു. ജനുവരി ഒൻപതുവരെ ഇനി കാണാം ആ കൗതുകക്കാഴ്ചകൾ.

സെന്റ് മാർട്ടിൻ അപ്പസ്‌തോലേറ്റ് 1956 മുതൽ ഡബ്ലിനിലെ പാർനൽ സ്‌ക്വയറിൽ ക്രമീകരിക്കുന്ന ‘ചലിക്കുന്ന പുൽക്കൂട്’ കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം പ്രദർശിപ്പിച്ചിരുന്നില്ല. മഹാമാരിയുടെ ഭീതി ഇപ്പോഴും അകന്നിട്ടില്ലെങ്കിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഈ വർഷം സന്ദർശകരെ അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. സന്ദർശനം സൗജന്യമാണെങ്കിലും മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് സംഘാടകർ അറിയിച്ചു.

‘ചലിക്കുന്ന പുൽക്കൂട്’ എന്നാണ് പേരെങ്കിലും, പ്രധാന ബൈബിൾ സംഭവങ്ങൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുംവിധം ക്രമീകരിച്ചിരിക്കുന്നു എന്നതാണ് ഈ പ്രദർശനത്തിന്റെ സവിശേഷത. ക്രിസ്മസുമായി ബന്ധിപ്പിച്ച്, ജനങ്ങളിൽ വിശിഷ്യാ, കുട്ടികളിൽ ബൈബിൾ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ഫാ. ലൂയിസ് കൊഫെ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ‘ദ മൂവിംഗ് ക്രിബ്’. മുഖവും കൈകാലുകളും ചലിപ്പിക്കുന്ന ബൈബിൾ കഥാപാത്രങ്ങളുടെ സാന്നിധ്യമാണ് ഈ പേരിന് കാരണം. ദൃശ്യങ്ങളിലെ പക്ഷിമൃഗാദികളും ചലനാത്മകമാണ്.

ആദ്യത്തെ പ്രദർശനത്തിൽ, തിരുപ്പിറവി ദൃശ്യവത്ക്കരിക്കുന്ന പുൽക്കൂട് മാത്രമാണ് ഉണ്ടായിരുന്നത്. സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ, ഏതാണ്ട് ഒരു ലക്ഷം പേർ ‘ചലിക്കുന്ന പുൽക്കൂട’് കാണാനെത്തിയതോടെ പുൽക്കൂടിനൊപ്പം വിവിധ ബൈബിൾ സംഭവങ്ങളും ചലനാത്മകമായി ദൃശ്യവത്ക്കരിച്ചു തുടങ്ങുകയായിരുന്നു. ആദ്യ മാതാപിതാക്കളും നോഹയുടെ പെട്ടകവും ഉണ്ണീശോയെ ദൈവാലയത്തിൽ കാഴ്ചവെക്കുന്നതും ഉൾപ്പെടെയുള്ള രംഗങ്ങൾ പ്രദർശനത്തിന്റെ ആകർഷണമാണ്.

പ്രദർശനത്തിന്റെ 65-ാം പിറന്നാളാണ് ഈ വർഷം. കോവിഡ് നിയന്ത്രണങ്ങൾ ഐറിഷ് സർക്കാർ എടുത്തുമാറ്റിയ സാഹചര്യത്തിലാണ് ‘ദ മൂവിംഗ് ക്രിബി’ന് ജീവൻ വെച്ചതെന്ന് സെന്റ് മാർട്ടിൻ അപ്പസ്‌തോലേറ്റ് ജനറൽ മാനേജർ ഡറാഗ് മർഫി പറഞ്ഞു. ‘ദ മൂവിങ് ക്രിബ്’ ആസ്വദിക്കാൻ സന്ദർശകരെ സ്വീകരിക്കുക എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?