Follow Us On

25

January

2022

Tuesday

തിരുസഭയുടെ വിശേഷാൽ സമ്മാനം! വിശുദ്ധ യൗസേപ്പിതാവിനെ സ്‌നേഹിച്ച ഒൻപതു വയസുകാരി ധന്യരുടെ നിരയിലേക്ക്

തിരുസഭയുടെ വിശേഷാൽ സമ്മാനം! വിശുദ്ധ യൗസേപ്പിതാവിനെ സ്‌നേഹിച്ച ഒൻപതു വയസുകാരി ധന്യരുടെ നിരയിലേക്ക്

വത്തിക്കാൻ സിറ്റി: തിരുക്കുടുംബത്തിന്റെ നാഥനായ വിശുദ്ധ യൗസേപ്പിതാവിനെ സ്‌നേഹിക്കുകയും ദിവ്യകാരുണ്യ ഭക്തിയിൽ വളരുകയും ചെയ്ത ഒൻപതു വയസുള്ള ബ്രസീലിയൻ പെൺകുട്ടി ധന്യരുടെ നിരയിലേക്ക്. ഒരുപക്ഷേ, വിശുദ്ധ യൗസേപ്പിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഭക്ത എന്ന വിശേഷണത്തോടെയാകും ഒൻപതാം വയസിൽ ഇഹലോകവാസം വെടിഞ്ഞ ഒഡെറ്റ് വിഡാൽ ഡി ഒലിവേര ധന്യരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുക.

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിൽ തിരുസഭ വിശ്വാസീസമൂഹത്തിന് നൽകുന്ന സമ്മാനമായും ഈ നടപടിയെ വിശേഷിപ്പിക്കാം. ഒഡെറ്റ് ഒലിവേരയുടെ 82-ാം ചരമവാർഷികത്തിലായിരുന്നു വത്തിക്കാന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയം. മസ്തിഷ്‌ക ജ്വര ബാധിതയായി 1939 നവംബർ 25നാണ്, ആത്മീയ കാര്യങ്ങളിൽ പ്രായത്തിൽ കവിഞ്ഞ പക്വത പ്രകടിപ്പിച്ച ആ കുഞ്ഞുമാലാഖ ഇഹലോകവാസം വെടിഞ്ഞത്.

പോർച്ചുഗീസ് വംശജരായ മാതാപിതാക്കളുടെ മകളായി 1930 സെപ്റ്റംബർ 15ന് റിയോ ഡി ജനീറോയിലായിരുന്നു അവളുടെ ജനനം. വളരെ ചെറുപ്പത്തിൽത്തന്നെ അസാധാരണമായ ഭക്തിയും വിശുദ്ധിയും പ്രകടിപ്പിച്ച അവൾ പാവങ്ങളെ സഹായിക്കുന്നതിലും തൽപ്പരയായിരുന്നു. അമ്മയോടൊപ്പം അനുദിനം ദിവ്യബലിയിൽ പങ്കെടുത്തിരുന്ന അവൾ ദിവ്യകാരുണ്യ ഭക്തിക്കൊപ്പം മരിയഭക്തിയും ജീവിതവ്രതമാക്കി.

‘ആത്മീയ കാര്യങ്ങളിൽ പ്രായത്തിൽ കവിഞ്ഞ പക്വതയുള്ളവൾ’ എന്ന വിശേഷണം ആലങ്കാരികമായി ഉപയോഗിക്കുന്നതല്ല. നാലു വയസുമാത്രം പ്രായമുള്ളപ്പോൾ മുതൽ ദിവ്യകാരുണ്യ ഈശോയുമായി അവൾ ആത്മനാ സംസാരിച്ചിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ യൗസേപ്പിതാവിന് വിശ്വാസീസമൂഹം അർഹമായ പ്രാധാന്യം നൽകുന്നില്ല എന്ന സങ്കടം അവൾ പതിവായി പങ്കുവെച്ചിരുന്നു എന്നുകൂടി അറിയുമ്പോഴേ, ആ ആത്മീയ പക്വതയുടെ ആഴം വ്യക്തമാകൂ.

ഏഴാം വയസിലായിരുന്നു പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. 1937ലെ സ്വർഗാരോഹണ തിരുനാളിലാണ് ആദ്യമായി അവൾ ക്രിസ്തുവിനെ നാവിൽ രുചിച്ചറിഞ്ഞത്. അന്നേ ദിനം മുതൽ മരണംവരെ എപ്പോഴെല്ലാം ദിവ്യകാരുണ്യം സ്വീകരിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം അവൾ ഉരുവിട്ടിരുന്ന ആ സുകൃതജപം, അവളുടെ കുമ്പസാരക്കാരൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ‘എന്റെ ഈശോയെ, ഇപ്പോൾ എന്റെ ഹൃദയത്തിലേക്ക് വരേണമേ!’

ഒൻപതാം വയസിലാണ് മസ്തിഷ്‌ക ജ്വര ബാധിതയായത്. രോഗം സമ്മാനിച്ച കഠിനമായ വേദനകളെല്ലാം ഈശോയ്ക്ക് സമർപ്പിച്ച് അവൾ സകലരെയും ആശ്ചര്യപ്പെടുത്തി. മിഷണറി പ്രവർത്തനങ്ങൾക്കും പാവപ്പെട്ട കുട്ടികൾക്കും വേണ്ടിയാണ് തന്റെ സഹനങ്ങൾ അവൾ ക്രിസ്തുവിന് സമർപ്പിച്ചത്. 1939 നവംബർ 25ന് വിശുദ്ധ കുർബാന സ്വീകരിച്ച അവൾ, ‘എന്റെ യേശുവേ, എന്റെ സ്‌നേഹമേ, എന്റെ ജീവിതമേ, എന്റെ സർവ്വസ്വമേ,’ എന്ന് മൊഴിഞ്ഞുകൊണ്ടാണ് അവൾ കർത്താവിൽ നിദ്ര പ്രാപിച്ചത്.

ബോട്ടാഫോഗോയിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സെമിത്തേരിയിലെ ഒഡെറ്റ് ഒലിവേരയുടെ കബറിടത്തിൽ നിരവധി പേരാണ് പ്രാർത്ഥനയ്ക്ക് അണയുന്നത്. ഒഡെറ്റ് ഒലിവേരയുടെ മധ്യസ്ഥതയിലുള്ള നിരവധി അത്ഭുതങ്ങളും അവിടെനിന്ന് സാക്ഷ്യപ്പെടുത്തപ്പെടുന്നുണ്ട്. പ്രസവശേഷമുണ്ടായ ഗുരുതര രക്തസ്രാവത്തിൽനിന്ന് അത്ഭുത സൗഖ്യം നേടിയതാണ് അതിലൊന്ന്. വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപിക്കാൻ അനിവാര്യമായ, വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത അത്ഭുത രോഗസൗഖ്യമായി അത് മാറുമെന്ന പ്രത്യാശയിലാണ് വിശ്വാസീസമൂഹം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?