Follow Us On

25

January

2022

Tuesday

പിരിമുറുക്കം കുറയ്ക്കാന്‍ മദ്യശാലകളോ?

പിരിമുറുക്കം കുറയ്ക്കാന്‍ മദ്യശാലകളോ?

യുവജനങ്ങളുടെ ലോകമാണ് ഐടി മേഖല. വലിയ പ്രതീക്ഷയോടെയാണ് ലോകം ഐടിയെ കാണുന്നത്. യുവജനങ്ങള്‍ ഇപ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതും ഐടിക്കാണ്. തുടക്കക്കാരനുപോലും മോശമല്ലാത്ത ശമ്പളമാണ് ലഭിക്കുന്നത്. ഏതൊരു ബിസിനസ് മേഖല വളരണമെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമാണ്. ഇന്റര്‍നെറ്റിന്റെ സ്പീഡ് അടക്കമുള്ള നിരവധി ഘടകങ്ങള്‍ ഐടിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അത്തരം സൗകര്യങ്ങള്‍ ഇല്ലാത്ത സ്ഥലത്തേക്ക് സംരംഭകര്‍ വരില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ഐടി ബിസിനസില്‍ വമ്പന്‍ കുതിച്ചുചാട്ടം നടത്തിയപ്പോള്‍ കേരളം വളരെ പിന്നിലായിരുന്നു. ഏതായാലും കേരളത്തിലും ഐടി മേഖല വളര്‍ച്ചയുടെ പാതയിലാണെന്നത് പ്രതീക്ഷ നല്‍കുന്നതാണ്.
ഐടി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഗണത്തിലാണ് വൈന്‍ പാര്‍ലറുകളെയും പബുകളുമൊക്കെ സംസ്ഥാന ഗവണ്‍മെന്റ് കാണുന്നതെന്നത് ഞെട്ടല്‍ ഉളവാക്കുന്നതാണ്. ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലര്‍റുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പബുകള്‍ ഇല്ലാത്തത് കേരളത്തിലേക്ക് വരാന്‍ പല കമ്പനികളെയും പിന്തിരിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഐടി മേഖലയുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ഉയരാറുണ്ട്. പ്രത്യേകിച്ച് മദ്യവും ലഹരിയിലുമൊക്കെ അവര്‍ സജീവമാണെന്നുള്ള രീതിയിലുള്ള വാര്‍ത്തകള്‍. എന്നു കരുതി ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും മദ്യം ഉപയോഗിക്കുന്നവരാണെന്ന് അര്‍ത്ഥമില്ല.
അടുത്ത തലമുറ വളരെ പ്രതീക്ഷയോടെ കാണുന്ന മേഖലയില്‍ വൈന്‍ പാര്‍ലറുകളും പബുകളുമൊക്കെ യഥേഷ്ടം തുറന്നാല്‍ അതു സൃഷ്ടിക്കാന്‍ പോകാന്‍ സാമൂഹ്യ പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കണം. ഇത്തരം സംസ്‌കാരം നിലനില്ക്കുന്ന രാജ്യങ്ങളിലെ അവസ്ഥ എന്താണെണ് പരിശോധിക്കണം. പബുകളും പാര്‍ലറുകളുമൊക്കെ പിരിമുറുക്കത്തില്‍നിന്നും റിലാക്‌സേഷന്‍ ലഭിക്കുന്നതിനുള്ള ഔഷധം എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. ഇതുപോലെ പിരിമുറുക്കം അനുഭവപ്പെടുന്ന മേഖലകളില്‍ മദ്യശാലകള്‍ അനുവദിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമോ? വൈന്‍ പാര്‍ലറുകളല്ലേ തുടങ്ങുന്നത് എന്നു ചോദിക്കാം. വൈനില്‍ തുടങ്ങിയാല്‍ മദ്യത്തിലേക്ക് എത്താന്‍ അധികം സമയം വേണ്ടിവരില്ല. മദ്യപിച്ച് ആരുടെയെങ്കിലും പിരിമുറുക്കം കുറഞ്ഞതായി കേട്ടിട്ടുണ്ടോ? ലഹരിയിലൂടെ പിരിമുറുക്കം കൂടുകയാണ് ചെയ്യുന്നത്.
കേരളത്തില്‍ ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ ഇല്ലെന്നത് പോരായ്മയായിട്ടല്ല കാണേണ്ടത്. മറിച്ച്, അതില്‍ അഭിമാനമാണ് തോന്നേണ്ടത്. മദ്യപാനവും പബുകളിലെ ആഘോഷങ്ങളുമൊക്കെ നല്ലൊരു സംസ്‌കാരത്തിന്റെ ലക്ഷണങ്ങളല്ല. ഏതൊക്കെ രീതിയില്‍ മഹത്വവല്ക്കരിക്കാന്‍ ശ്രമിച്ചാലും അതിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന മകനും മകളുമൊക്കെ മദ്യപിച്ച് നിലതെറ്റി വീട്ടിലെത്തുന്നതിനെ ഏതെങ്കിലും മാതാപിതാക്കള്‍ സ്വാഗതം ചെയ്യുമോ? അങ്ങനെ ഒരിക്കലും സംഭവിക്കരുതേ എന്ന് ആഗ്രഹിക്കുന്നവരും പ്രാര്‍ത്ഥിക്കുന്നവരുമാണ് രക്ഷിതാക്കള്‍. ഇത് പുതിയ തലമുറയെ എവിടേക്ക് നയിക്കുമെന്നതിന് വലിയ ഗവേഷണത്തിന്റെ ആവശ്യമില്ല. മദ്യത്തിന് അടിമകളായി മാറിയവരുടെ ചരിത്രം പരിശോധിച്ചാല്‍ മതി. വെറുതെ രസത്തിന് തുടങ്ങിയവരാണ് പിന്നീട് അതിന്റെ അടിമകളായി മാറിയത്. മദ്യപിക്കുന്നവര്‍ ഉയര്‍ത്തുന്ന ന്യായീകരമാണ് ടെന്‍ഷന്‍ മൂലമാണ് ഇതു ചെയ്യുന്നതെന്ന്. അതുതന്നെയല്ലേ ഇപ്പോള്‍ ഗവണ്‍മെന്റും പറയുന്നത്? മദ്യപാനത്തിന്റെ ദുരിതങ്ങള്‍ പേറുന്ന വലിയൊരു സമൂഹം നമ്മുടെ നാട്ടിലുണ്ട്. ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ട് ഭാവി നഷ്ടപ്പെടുത്തിയ യുവാക്കളാണ് അതില്‍ വലിയൊരു ശതമാനവും.
ഐടി മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ തിരിച്ചറിയണം. ഐ.ടി വേറിട്ടൊരു ലോകമാണ്. പുറംലോകവുമായി പറയത്തക്ക ബന്ധങ്ങളില്ല. പാശ്ചാത്യ ലോകത്തെ തകര്‍ച്ചയിലേക്ക് നയിച്ച സംസ്‌കാരത്തിന്റെ സ്വാധീനം അവിടെ പ്രബലമാണ്. പെണ്‍കുട്ടികള്‍ മദ്യത്തിന്റെ വലയത്തില്‍ പെടാനുള്ള സാധ്യത വൈന്‍ പാര്‍ലറുകളിലൂടെ വര്‍ധിക്കുകയാണ്. ബാറുകളില്‍ പോയി മദ്യപിക്കാന്‍ ധൈര്യം കാണിക്കുന്ന പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടില്‍ കുറവാണ്. അങ്ങനെയുള്ളവര്‍ക്ക് പുതിയ അവസരങ്ങളാണ് ഇതു നല്‍കുന്നത്. ഐ.ടി മേഖലയില്‍ വിവാഹമോചനങ്ങള്‍ വര്‍ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഐ.ടി കേന്ദ്രങ്ങളായ ബംഗളൂരു, മുംബൈ, ചെന്നൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലെ വിവാഹമോചന കേസുകളുടെ വര്‍ധനവ് അമ്പരപ്പിക്കുന്ന തരത്തിലാണ്. ചെന്നൈയിലെ കുടുംബ കോടതികളില്‍ എത്തുന്ന വിവാഹ മോചനക്കേസുകളില്‍ അമ്പത് ശതമാനത്തോളം ഐ.ടി രംഗത്തു ജോലി ചെയ്യുന്നവരുടേതാണ്. വിവാഹ മോചിതരുടെ ശരാശരി പ്രായം 25 നും 38 നുമിടയ്ക്കാണ്.
മദ്യമോ അതുമായി ബന്ധപ്പെട്ട ഒന്നും ഒരു മേഖലയിലും വളര്‍ച്ച കൊണ്ടുവരില്ല. പുതിയ തലമുറയുടെ തകര്‍ച്ചക്ക് കാരണമാകുന്നതൊന്നും ആരംഭിക്കില്ല എന്നാണ് സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്ന സര്‍ക്കാരുകള്‍ തീരുമാനിക്കേണ്ടത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?