Follow Us On

25

January

2022

Tuesday

തടവുകാർ സംഘടിച്ചു, ജയിലിനുള്ളിൽ ഒരുങ്ങി വിശുദ്ധ കോൾബേയുടെ പേരിലുള്ള ചാപ്പൽ

തടവുകാർ സംഘടിച്ചു, ജയിലിനുള്ളിൽ ഒരുങ്ങി വിശുദ്ധ കോൾബേയുടെ പേരിലുള്ള ചാപ്പൽ

അർജന്റീന: നിരപരാധിയായിരുന്നിട്ടും ജയിലിൽ അടയ്ക്കപ്പെട്ട, മറ്റൊരാളെ രക്ഷിക്കാൻ സ്വന്തം ജീവൻ ത്യജിച്ച വിശുദ്ധ മാക്‌സിമില്യൺ കോൾബെയുടെ നാമധേയത്തിൽ ജയിലിനുള്ളിൽ ചാപ്പൽ നിർമിച്ച് ജയിൽപുള്ളികൾ. രണ്ടാം ലോകമഹായുദ്ധസമയത്ത് പോളണ്ടിലെ ഓഷ്വിറ്റ്‌സ് നാസി ക്യാമ്പിൽ രക്തസാക്ഷിത്വം വരിച്ച ഫാ. മാക്‌സിമില്യന്റെ ജീവിതം അറിയാത്തവരുണ്ടാവില്ല. അദ്ദേഹത്തോടുള്ള സ്‌നേഹാദരവുകൾ, മാനസാന്തരാനുഭവത്തിലൂടെ കടന്നുപോകുന്ന ഒരു സംഘം തടവുകാർ പ്രവൃത്തിയിലൂടെ വ്യക്തമാക്കിയതിന്റെ അടയാളമാണ് ജയിലിനുള്ളിലെ ചാപ്പൽ.

കാറ്റമാർക്കയിലെ ‘ജയിൽ നമ്പർ 1’ൽ തലയുയർത്തിയ ചാപ്പൽ കഴിഞ്ഞ ദിവസമാണ് കാറ്റമാർക്കാ രൂപതാ ബിഷപ്പ് ലൂയിസ് അർബാങ്ക് കൂദാശ ചെയ്ത് തുറന്നുകൊടുത്തത്. ജയിൽ ചാപ്ലൈൻ ഫാ. ഡാർഡോ ഒലിവേര, സുരക്ഷാ മന്ത്രാലയ അധികാരികൾ, പീനൽ യൂണിറ്റിലെ ജീവനക്കാർ, തടവുപുള്ളികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂദാശാകർമം. ഈ ചാപ്പൽ യാഥാർത്ഥ്യമാക്കാൻ ഏതെങ്കിലും വിധത്തിൽ സഹകരിച്ച എല്ലാവർക്കും ബിഷപ്പ് അർബാങ്ക് നന്ദി അർപ്പിക്കുകയും ചെയ്തു.

കൂദാശാ കർമത്തിൽനിന്ന്.

‘ഇവരുടെ പരിശ്രമത്തിന്റെയും സമർപ്പണത്തിന്റെയും സ്‌നേഹത്തിന്റെയും അടയാളമാണ് ഈ ഉദ്യമം. കാരണം, ഇവർതന്നെയാണ് നിർമാണവുമായി ബന്ധപ്പെട്ട ജോലികളെല്ലാം നിർവഹിച്ചത്. ദൈവമക്കൾക്ക് കൂടിച്ചേരാൻ നിർമിതമായ ഈ ആലയം, ജയിലിലെ മാനസാന്തരാനുഭവത്തിൽ നിർണായക പങ്കുവഹിക്കും,’ ബിഷപ്പ് വ്യക്തമാക്കി.

ക്രിസ്തുവുമായുള്ള മുഖാമുഖ ദർശനത്തിലൂടെ തടവുകാരുടെ ഹൃദയത്തിന്റെ മുറിവുകൾ ഉണങ്ങാനും കുടുംബവും സമൂഹവുമായി അവർക്ക് അനുരഞ്ജനപ്പെടാനുമുള്ള കൃപയ്ക്കായി വിശുദ്ധ കോൾബെയുടെ മാധ്യസ്ഥം യാചിക്കുകയും ചെയ്തു ബിഷപ്പ്. അത് സാധ്യമാകാൻ പ്രാർത്ഥന; നിശബ്ദത; ധ്യാനം; കൂദാശകളിലെ പങ്കാളിത്തം; വിശിഷ്യാ, വിശുദ്ധ കുർബാന; അനുരഞ്ജനം എന്നിവ വളരെ പ്രധാനമാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

കൂദാശാ കർമത്തിൽനിന്ന്.

ഓഷ്വിറ്റ്സ് ക്യാമ്പിൽ തടവിൽ കഴിയുമ്പോഴും, സഹതടവുകാർക്ക് പ്രത്യാശ പകരുന്നതിൽ വ്യാപൃതനായിരുന്ന കോൾബെ 1941 ഓഗസ്റ്റ് 14നാണ് അരുംകൊല ചെയ്യപ്പെട്ടത്. ഒരിക്കൽ അവിടെനിന്ന് മൂന്നു പേർ തടവുചാടി. അതിന് പ്രതികാരമായി തടവുകാരിൽ 10 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കാനായിരുന്നു സൈന്യത്തിന്റെ തീരുമാനം. നറുക്കിട്ട് എടുത്ത 10 പേരിൽ ഒരാൾ ഭാര്യയും മകനുമുണ്ടായിരുന്ന യുവാവായിരുന്നു. അയാളുടെ സങ്കടം കണ്ട് മനസലിഞ്ഞ് കോൾബെ അയാൾക്കു പകരം വധശിക്ഷ ഏറ്റുവാങ്ങി.

എല്ലാവരെയും പട്ടിണിക്കിട്ടു കൊല്ലാനായിരുന്നു സൈന്യത്തിന്റെ തീരുമാനം. ആഴ്ചകൾക്കുശേഷവും കോൾബെ മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയ പട്ടാളക്കാർ വിഷം കുത്തിവെച്ച് അദ്ദേഹത്തെ കൊല്ലുകയായിരുന്നു. പോൾ ആറാമൻ പാപ്പ 1971 ഒക്ടോബർ 17ന് വാഴ്ത്തപ്പെട്ടവനായും ജോൺ പോൾ രണ്ടാമൻ പാപ്പ 1982 ഒക്‌ടോബർ 10ന് രക്തസാക്ഷി വിശുദ്ധനായും പ്രഖ്യാപിച്ച കോൾബെയുടെ പാദസ്പർശനമേൽക്കാൻ കേരളത്തിനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. 1932ൽ കൊച്ചിയിലെത്തിയ അദ്ദേഹം ഏതാനും ദിനങ്ങൾ ഇവിടെ ചെലവിടുകയും ചെയ്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?