Follow Us On

25

January

2022

Tuesday

ബൈബിള്‍ ടാബ്ലോയുമായി ഒരു കലാകാരന്‍

ബൈബിള്‍ ടാബ്ലോയുമായി  ഒരു കലാകാരന്‍

പാലാ ടൗണ്‍ അമലോത്ഭവ കുരിശുപള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ ആഘോഷത്തിലെ നിറസാന്നിധ്യമാണ് ബാബു പാലാ എന്ന പാലാ വെളുത്തേടത്തുപറമ്പില്‍ ബാബുവിന്റെ ബൈബിള്‍ ടാബ്ലോ. 1983-ല്‍ ഈശോയുടെ ജ്ഞാനസ്‌നാനത്തെ സ്മരിച്ചുകൊണ്ടായിരുന്നു ബൈബിള്‍ ടാബ്ലോയുടെ ആരംഭം ബാബു കുറിച്ചത്. കഴിഞ്ഞ 37 വര്‍ഷക്കാലമായി ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. കോവിഡുകാരണം രണ്ടു വര്‍ഷമായി നടക്കുന്നില്ല.
മുപ്പതുവര്‍ഷം തുടര്‍ച്ചയായി സമ്മാനം ലഭിച്ചു. 25 വര്‍ഷം ഒന്നാം സ്ഥാനവും ട്രോഫിയും കാഷ് അവാര്‍ഡും ബാബുവിനായിരുന്നു. ഇപ്പോള്‍ മക്കളായ അഖില്‍ ബാബു, അജയ് ബാബു, അന്നു മരിയ ബാബു എന്നിവരാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
ഓരോ വര്‍ഷവും വ്യത്യസ്ത രീതിയിലാണ് ടാബ്ലോ അവതരിപ്പിച്ചിരുന്നത്. പഴയ നിയമവും പുതിയ നിയമവും മാറിമാറി പ്രമേയമാകും. ഒരോ വര്‍ഷത്തെയും ടാബ്ലോ കഴിയുമ്പോള്‍ തന്നെ അടുത്ത വര്‍ഷത്തെ പ്ലാനുകള്‍ രൂപപ്പെടുത്തി കഴിഞ്ഞിരിക്കും.
മാതാവിനോടുള്ള ഭക്തികൊണ്ടാണ് 101 ദിവസം നോമ്പെടുത്ത് ഇതെല്ലാം ചെയ്യുന്നത്. മൂന്നു പ്രാവശ്യം മരണകരമായ അവസ്ഥയില്‍നിന്ന് മാതാവ് അത്ഭുതകരമായി രക്ഷപ്പെടുത്തിയതിന് മാതാവിനോട് വളരെയേറെ നന്ദിയുണ്ടെന്ന് ബാബു പറയുന്നു.
പാലാ കത്തീഡ്രല്‍ ദൈവാലയം, ളാലം പുത്തന്‍പള്ളി, ളാലം പഴയ പള്ളി എന്നിവയുടെ ആഭിമുഖ്യത്തിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍നിന്നാരംഭിച്ച് ളാലം ജംഗ്ഷനിലുള്ള പന്തല്‍വരെയാണ് ടാബ്ലോ. 25 വര്‍ഷം തുടര്‍ച്ചയായി ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ബാബുവിനെ ആദരിച്ചിരുന്നു.
കോവിഡ് കാലഘട്ടത്തില്‍ യൂട്യൂബില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘മിഴിനീര്‍പൂവ്’ എന്ന സിനിമ ബാബു സംവിധാനം ചെയ്യുകയുണ്ടായി. പരിശുദ്ധ മാതാവിനെക്കുറിച്ചുള്ള ‘പാലാ തന്‍ അമ്മ’ എന്ന ഗാനം ഡിസംബര്‍ ഒന്നിന് യൂട്യൂബില്‍ റിലീസ് ചെയ്യും.
മീനച്ചില്‍ താലൂക്കിന്റെ കഥ പറയുന്ന ‘മീനച്ചില്‍ തമ്പ്രാന്‍’ എന്ന സിനിമയുടെ രചന ബാബു പാലായും തിരക്കഥ സുനില്‍ കെ. ആനന്ദുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സ്‌ക്രിപ്റ്റ് ആശീര്‍വദിച്ചു. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് മധുബാലകൃഷ്ണന്‍, ആലപ്പി ബെന്നി, ദലീമ, ബാബു പാലാ, സാന്ദ്ര ജിയോ എന്നിവരാണ്.
പാലാ സെന്റ് ജോര്‍ജ് ളാലം പുത്തന്‍പള്ളി ഇടവകാംഗമാണ് ബാബു. വി.റ്റി. ആന്റണി, പൊന്നമ്മ ആന്റണി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ ബിനു ബാബു.

 

 

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?