Follow Us On

25

January

2022

Tuesday

ഓണ്‍ലൈനിലെ മരണക്കെണികള്‍

ഓണ്‍ലൈനിലെ മരണക്കെണികള്‍

ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍

ഒരിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഫോണ്‍ ഉപയോഗം വിലക്കിയിരുന്ന രക്ഷിതാക്കള്‍, മികച്ച സൗകര്യങ്ങളുമുള്ള മൊബൈല്‍ ഫോണുകളും ടാബുകളും മക്കള്‍ക്കു വാങ്ങി നല്‍കാന്‍ മത്സരിക്കുന്ന കാഴ്ചയ്ക്കാണ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള കാലഘട്ടം സാക്ഷ്യം വഹിച്ചത്. സ്‌കൂളുകള്‍ തുറന്നെങ്കിലും പഠന മാധ്യമമായി ഇപ്പോഴും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കപ്പെടുന്നതിനാല്‍ ഇക്കാര്യം അനിവാര്യതയായി മാറിയിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള ക്രിയാത്മകമായ കരുത്തും സര്‍ഗാത്മകതയും അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്. പലപ്പോഴും അവ നന്‍മകളുടെ വിളയിടവും നന്‍മയിലേക്കു നയിക്കുന്ന ചാലകശക്തിയുമാണ്. എന്നാല്‍ സ്വകാര്യത അല്‍പ്പംപോലും അവകാശപ്പെടാനില്ലാത്ത ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിലൂടെ കെണിയിലകപ്പെടുന്ന കുഞ്ഞുങ്ങള്‍ ഇന്നിന്റെ പതിവുകാഴ്ചകളും വാര്‍ത്തകളുമായി മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകളെ ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവശ്യം വേണ്ട മാധ്യമാവബോധം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

കുട്ടിക്കളി തീക്കളിയാകുമ്പോള്‍
ചെറുപ്രായത്തിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം, പക്വതയില്ലാത്ത വഴിത്താരകളിലേക്ക് നമ്മുടെ കുട്ടികളെ നയിക്കാന്‍ സാധ്യതയുണ്ട്. പബ്ജി, ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകള്‍ അവരെ സ്വാഭാവികമായും കൊണ്ടുചെന്നെത്തിക്കുക അക്രമത്തിന്റെയും അസഹിഷ്ണുതയുടേയും അരാജകത്വത്തിന്റെയും മായിക ലോകത്തേക്കാണ്. ഇത് ഓണ്‍ലൈന്‍ ഗെയിമിംഗിനോടുള്ള അടിമത്വം സൃഷ്ടിക്കുന്നതിനോടൊപ്പം അക്രമവാസനകളെ പ്രോല്‍സാഹിപ്പിക്കുകയും ലക്ഷ്യം കൈവരിക്കാന്‍ കൊലപാതകമുള്‍പ്പടെ എന്ത് മാര്‍ഗവും അവലംബിക്കാമെന്ന മാനസികാവസ്ഥയിലേക്ക് അവരെ എത്തിക്കുകയും ചെയ്യുന്നു. മണിക്കൂറുകളോളം ഓണ്‍ലൈന്‍ ഗെയിം കളിക്കുന്ന കുട്ടികളുടെ കയ്യില്‍ നിന്ന് നിര്‍ബന്ധമായി ഫോണ്‍ പിടിച്ചു വാങ്ങിയതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്ന കുട്ടികളും, വിവിധ ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ, മാതാപിതാക്കളറിയാതെ അവരുടെ പണം നഷ്ടപ്പെടുത്തുന്ന മക്കളും, ഇന്നത്തെ നൊമ്പരകാഴ്ചകള്‍ തന്നെ.

ഫേസ്ബുക്കാണോ നിങ്ങളെ നിയന്ത്രിക്കുന്നത്?
ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന സാമൂഹ്യമാധ്യമങ്ങള്‍ നമ്മുടെ എല്ലാ ഇടപെടലുകളെയും നാമറിയാതെ വീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നമ്മള്‍ എന്തൊക്കെ കാണുന്നു, എന്തൊക്കെ ലൈക് ചെയ്യുന്നു, ഏതുതരം കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നു, എത്തരം പോസ്റ്റുകളിലാണ് നാം കമന്റ് ചെയ്യുന്നുത് തുടങ്ങിയ എല്ലാ കാര്യങ്ങളും ഇവര്‍ രേഖപ്പെടുത്തുന്നു. അറിഞ്ഞോ അറിയാതെയോ, പരസ്യമായോ രഹസ്യമായോ ചെയ്യുന്ന ഓരോ ക്ലിക്കുകളും കൃത്യമായി റെക്കോര്‍ഡ് ചെയ്യപ്പെടുന്നുവെന്ന് ചുരുക്കം. നാം ഏതെങ്കിലും ഒരു പോസ്‌റ്റോ പേജോ തുറന്നാല്‍ മാത്രം മതി, അതു ലൈക്കോ ഷെയറോ ചെയ്തില്ലെങ്കില്‍ പോലും നമ്മുടെ അഭിരുചികളെ നിര്‍വചിക്കുന്ന ഡാറ്റയായി ഇവ സൂക്ഷിക്കപ്പെടുന്നു. നമ്മെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന അല്‍ഗൊരിതമനുസരിച്ച് നമ്മുടെ അഭിരുചിക്ക് ചേര്‍ന്ന വിഭവങ്ങള്‍ മാത്രം ഈ സാമൂഹ്യമാധ്യമങ്ങള്‍ നമുക്ക് മുമ്പില്‍ വിളമ്പുന്നു.

സാമൂഹ്യപരമായോ വര്‍ഗീയപരമായോ വിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ നിരന്തരമായി കാണുന്ന ഒരാള്‍ക്ക്, തന്റെ ഇഷ്ട സമൂഹത്തോട് മാത്രം ബഹുമാനവും ബാക്കിയുളളവരോട് നിന്ദയും വെറുപ്പും തോന്നാനിടയുണ്ട്. അത്തരം പോസ്റ്റുകളില്‍ കൂടുതല്‍ വ്യാപൃതനാകുമ്പോള്‍, പതുക്കെപ്പതുക്കെ തന്റെ ന്യൂസ് ഫീഡില്‍ കാണുന്ന മുഴുവന്‍ ആളുകളും അത്തരക്കാരാണെന്ന ചിന്ത രൂപപ്പെടുകയും, കൂടുതല്‍ ആളുകള്‍ താന്‍ ചിന്തിക്കുന്ന അതേ ശൈലിയില്‍ തന്നെയാണ് ചിന്തിക്കുന്നതെന്ന മിഥ്യാധാരണയിലെത്തി ചേരുകയും ചെയ്യുന്നു. നാമൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തല്‍പ്പരനെങ്കില്‍, ആ രാഷ്ട്രീയ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ കൂടുതലായി നമ്മുടെ മുമ്പിലെത്തുന്നു. ഇതയാളെ നയിക്കുന്നത് ഏകപക്ഷീയമായി മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുന്നവരുടെയും ലോകത്തേക്കാണെന്നു വ്യക്തം. നന്മയും മൂല്യവുമുള്ള കാര്യങ്ങള്‍ കാണാനും വായിക്കുവാനുമുള്ള ബാധ്യതയ്‌ക്കൊപ്പം നമ്മുടെ കാഴ്ചപ്പാടുകളെ നിയന്ത്രിക്കുന്നത് സാമൂഹ്യമാധ്യമങ്ങള്‍ മാത്രമല്ല എന്നുറപ്പാക്കാനുള്ള ഉത്തരാവാദിത്വവും ഈ തിരിച്ചറിവ് അവശേഷിപ്പിക്കുന്നു.

പോണോഗ്രഫി എന്ന അടിമത്വം
സ്മാര്‍ട്ടു ഫോണുകള്‍, വിദ്യാര്‍ത്ഥികളുടെ സന്തതസഹചാരിയായതോടു കൂടി, അശ്ലീല വീഡിയോകള്‍ മറ്റാരെയും ആശ്രയിക്കാതെ തിരയാനും പങ്കുവയ്ക്കുവാനുമുള്ള സാധ്യത വര്‍ധിച്ചു. പക്വതയില്ലാത്ത പ്രായത്തിലെ ജിജ്ഞാസയും ആകാംക്ഷയുംമൂലം പോണോഗ്രഫിക്ക് അടിമകളായി മാറിയ നിരവധി കുട്ടികളാണ് ഇന്ന് കടുത്ത മാനസിക പ്രശ്‌നങ്ങളിലേക്കും വിഷാദ രോഗത്തിലേക്കും ചെന്നെത്തുന്നത്. ഇത്തരത്തിലുള്ള അസംഖ്യം വെബ് സൈറ്റുകളും യൂട്യൂബ് ചാനലുകളുമൊക്കെ നിരീക്ഷണത്തിലാണെങ്കിലും ഇന്ത്യക്കു പുറത്തുള്ള ഡൊമെയിനുപയോഗിച്ച് അവ ഇപ്പോഴും പ്രവര്‍ത്തനം തുടരുന്നു. മാത്രമല്ല, അശ്ലീല വീഡിയോകളുടെ പങ്കുവെപ്പിനുവേണ്ടി മാത്രമായി ടെലഗ്രാം ഗ്രൂപ്പുകളും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും ഉണ്ടെന്നത് പകല്‍പോലെ സത്യമാണ്. പോണോഗ്രഫിക്ക് അടിമകളായവരുടെ ലൈംഗികതയോടുള്ള അമിതമായ താല്‍പര്യങ്ങള്‍ ലൈംഗിക കുറ്റകൃത്യങ്ങളിലേക്കും അധാര്‍മ്മികതയിലേക്കും നയിക്കുമെന്ന് തീര്‍ച്ചയാണ്. കുട്ടികള്‍ക്കെതിരെയുള്ള പീഡന കേസുകളില്‍, പ്രതിസ്ഥാനത്തുള്ള പലരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നത് ഈ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

സംവാദത്തിന്റെ പുതിയ രൂപം
പണ്ട് ക്ലാസ്മുറികളില്‍ നടത്തിയിരുന്ന സംവാദങ്ങളുടെ പുതിയ പതിപ്പെന്ന് വേണമെങ്കില്‍ ക്ലബ്ബ് ഹൗസിനെ വിശേഷിപ്പിക്കാം. ക്ലബ്ബ് ഹൗസിലെ തുറന്ന ഗ്രൂപ്പുകളിലെ സംവാദങ്ങള്‍ ഭൂരിഭാഗവും ക്രിയാത്മകം തന്നെയാണ്. കാര്‍ഷിക അറിവുകളും കരിയര്‍ സാധ്യതകളും വിദ്യാഭ്യാസ സാധ്യതകളും സ്‌പോക്കണ്‍ ഇംഗ്ലീഷും നാടിന്റെ വികസനവുമൊക്കെ അത്തരം ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍ അടഞ്ഞ ഗ്രൂപ്പുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പലതും സംശയത്തിന്റെ നിഴലിലുള്ളതും ഇതിനകം തന്നെ ആരോപണ വിധേയവുമായിട്ടുണ്ട്. സംഭാഷണങ്ങളൊന്നും റെക്കോഡ് ചെയ്യരുതെന്നാണ് നിയമാവലിയെങ്കിലും ഇതിന്റെ നൈതികതയൊക്കെ സംശയാസ്പദമാണ്.

വേണ്ടത് ഗുണപരമായ ഉപയോഗം
സ്മാര്‍ട്ടു ഫോണുകളും സാമൂഹ്യ മാധ്യമങ്ങളും ഇന്നിന്റെ അനിവാര്യതയാണ്. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന എത്രയോ വിഷയങ്ങള്‍ അവ ഏറ്റെടുത്ത് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. അറിവിന്റെ വ്യാപനത്തിലും അവയുടെ ശക്തി വലുതാണ്. അതുകൊണ്ട് തന്നെ നിയന്ത്രണവിധേയമായി ക്രിയാത്മക ആവശ്യങ്ങള്‍ക്ക് മാത്രമായി അവയുടെ ഉപയോഗം പരിമിതപ്പെടുത്തിയാല്‍, വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകും. കുട്ടികളെ നിഷ്ഠയുള്ള ജീവിതക്രമത്തിലേക്കും ശൈലിയിലേക്കും നയിക്കാന്‍ പര്യാപ്തമാകുന്നൊരു സമയസൂചിക, മുതിര്‍ന്നവര്‍ തയ്യാറാക്കി അവര്‍ക്കു നല്‍കുകയും അതു പാലിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യണം. കുട്ടികളുടെ ഫോണുപയോഗം മുതിര്‍ന്നവരുടെ സാന്നിധ്യത്തിലാക്കുന്നത്, അനാവശ്യമായ തെരച്ചിലുകളില്‍ നിന്നും അനുബന്ധ സാധ്യതകളില്‍ നിന്നും അവരെ പിന്തിരിപ്പിക്കും. താഴ്ന്ന ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ മാധ്യമ ഉപയോഗം നിയന്ത്രിക്കുകയും പഠനാവശ്യങ്ങള്‍ക്കല്ലാതെ അവയുടെ ഉപയോഗം ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. നാലു ചുമരുകള്‍ക്കുള്ളിലെ ലോകത്തു നിന്ന്, വീട്ടുമുറ്റത്തേയ്ക്കും അടുക്കളത്തോട്ടങ്ങളിലേക്കും കളിക്കളത്തിലേക്കും ഇറങ്ങുവാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. അതുവഴി, മാനസികവും ശാരീരികവുമായ ഉന്‍മേഷവും അവര്‍ക്ക് ലഭിക്കും.

സാമൂഹ്യമാധ്യമങ്ങളെ ഗുണപരമായി ഉപയോഗിച്ചുകൊണ്ട് ധാര്‍മ്മികതയും മൂല്യബോധവും മാധ്യമാവബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ പരിശ്രമിക്കുകയും നന്മയുടെ പ്രായോക്താക്കളാകുകയും ചെയ്യാം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?