Follow Us On

25

January

2022

Tuesday

മുസ്ലീം രാജ്യമായ ബഹ്‌റൈനിൽ അറേബ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ ദൈവാലയം യാഥാർത്ഥ്യം; ഉദ്ഘാടനത്തിന് രാജാവ് എത്തും

മുസ്ലീം രാജ്യമായ ബഹ്‌റൈനിൽ അറേബ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ ദൈവാലയം യാഥാർത്ഥ്യം; ഉദ്ഘാടനത്തിന് രാജാവ് എത്തും

മനാമ: ആകാംക്ഷാഭരിതമായ കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് മുസ്ലീം രാജ്യമായ ബഹ്‌റൈനിൽ അറേബ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ ദൈവാലയം യാഥാർത്ഥ്യം! ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫ സമ്മാനിച്ച സ്ഥലത്ത് പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നിർമിച്ച ‘ഔർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രലിന്റെ ഉദ്ഘാടനവും കൂദാശാ കർമവും ഡിസംബർ ഒൻപത്, 10 തിയതികളിൽ നടക്കും. അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നിവ ഉൾപ്പെടുന്ന നേർത്ത് അറേബ്യൻ അപ്പസ്‌തോലിക് വികാരിയത്തിന്റെ ആസ്ഥാനകേന്ദ്രംകൂടിയായിരിക്കും ഇവിടം.

മിഡിൽ ഈസ്റ്റിലെ സമാധാനപരമായ സഹവർത്തിത്വത്തിലും മതസൗഹാർദത്തിലും പുതിയ അധ്യായം രചിക്കുന്ന ദൈവാലയത്തിന്റെ ഉദ്ഘാടന കർമം ബഹ്‌റൈൻ രാജാവ് നിർവഹിക്കുന്നു എന്നതും ശ്രദ്ധേയം. പാപ്പയെ പ്രതിനിധീകരിച്ച് എത്തുന്ന, ജനതകളുടെ സുവിശേഷവത്ക്കരണ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ; ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ അപ്പസ്‌തോലിക് നുൺഷ്യോ ആർച്ച്ബിഷപ്പ് യൂജിൻ ന്യൂജന്റ്; സതേൺ അറേബ്യ വികാരി അപ്പസ്‌തോലിക്കയും നോർത്തേൺ അറേബ്യ വികാരിയത്തിന്റെ അഡ്മിനിസ്‌ട്രേറ്ററുമായ ബിഷപ്പ് പോൾ ഹിൻഡർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടനം.

കത്തീഡ്രലിലെ അൾത്താര

ഡിസംബർ ഒൻപതിന് രാവിലെയാണ് ഉദ്ഘാടനം. സഭാനേതൃത്വവും അൽമായ വിശ്വാസികളെ പ്രതിനിധികരിച്ചെത്തുന്ന 100 പേരും ചേർന്ന് രാജാവിനെ ദൈവാലയത്തിലേക്ക് സ്വീകരിച്ച് ആനയിക്കുമെന്ന് കത്തീഡ്രൽ നിർമാണ പദ്ധതിക്ക് ചുക്കാൻ പിടിച്ച മലയാളികൂടിയായ ഫാ. സജി തോമസ് ‘SW NEWS’ നോട് പറഞ്ഞു. ‘കർദിനാൾ ടാഗ്ലെ കൈമാറുന്ന, പളുങ്ക് പ്രകാശഗോളം ഉപയോഗിച്ചുകൊണ്ടാവും രാജാവ് ഉദ്ഘാടനം ചെയ്യുക. പ്രത്യേകം ക്രമീകരിച്ച പീഢത്തിൽ പ്രകാശഗോളം സ്ഥാപിക്കുന്നതോടെ അവിടെയുള്ള മറ്റ് നാല് ഗോളങ്ങൾകൂടി പ്രകാശമാനമാകും. ക്രിസ്ത്യൻ മൂല്യങ്ങളായ സമാധാനം, സ്‌നേഹം, മനുഷ്യത്വം, വിശ്വാസം, പ്രത്യാശ എന്നിവയെയാണ് ഈ ഗോളങ്ങൾ പ്രതിനിധീകരിക്കുന്നത്,’ ഫാ. സജി പറഞ്ഞു.

ഉദ്ഘാടനത്തിനുശേഷം പരിശുദ്ധ സിംഹാസനത്തിനുവേണ്ടി കർദിനാൾ ടാഗ്ലെ നന്ദി പറയും. തുടർന്ന് വത്തിക്കാനും ബഹ്‌റൈനും തമ്മിലുള്ള ഊഷ്മള ബന്ധത്തെ സൂചിപ്പിക്കുന്ന മെമന്റോയും കൈമാറും. പ്രധാന അൾത്താരയുടെ കൂദാശയും കത്തീഡ്രലിന്റെ ആശീർവാദവും കർദിനാൾ ടാഗ്ലേയുടെ മുഖ്യകാർമികത്വത്തിൽ ഡിസംബർ 10ന് രാവിലെയാണ് നടക്കുക.

കത്തീഡ്രലിന്റെ മുൻവശം

തലസ്ഥാനമായ മനാമയിൽനിന്ന് 20 കിലോമീറ്റർ അകലെ അവാലി മുനിസിപ്പാലിറ്റിയിൽ രാജാവ് സമ്മാനിച്ച 9,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് കത്തീഡ്രലും വികാരിയത്തിന്റെ ആസ്ഥാന കാര്യാലയവും നിർമിച്ചിരിക്കുന്നത്. നോർത്ത്, സൗത്ത് അറേബ്യൻ വികാരിയത്തുകളുടെ സ്വർഗീയ മധ്യസ്ഥയായ ‘ഔർ ലേഡി ഓഫ് അറേബ്യ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, പരിശുദ്ധ കന്യകാമാതാവിന്റെ തിരുരൂപമായിരിക്കും ദൈവാലയത്തിലെ മുഖ്യആകർഷണം.

ഏതാണ്ട് 95,000 ചതുരശ്ര അടിയിൽ നിർമിച്ചിരിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഭാഗമായാണ് കത്തീഡ്രൽ നിർമിച്ചിരിക്കുന്നത്. കത്തീഡ്രലിൽ 2,300 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയും. രണ്ട് വശത്ത് ചാപ്പലുകളും വിശാലമായ പാർക്കിംഗ് സ്ഥലവും സവിശേഷതയാണ്. 2013ലെ ലൂർദ് മാതാവിന്റെ തിരുനാൾ ദിനമായ ഫെബ്രുവരി 11നാണ് കത്തീഡ്രൽ നിർമിക്കാനുള്ള തീരുമാനം ഉണ്ടായത്.

സ്ഥലം ലഭ്യമാക്കിയതിന് പുറമെ ദൈവാലയ നിർമാണത്തിലും രാജാവിന്റെ പിന്തുണ ഉണ്ടായിരുന്നു. രാജാവുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്ന, കാലംചെയ്ത നോർത്തേൺ അറേബ്യ വികാരി അപ്പസ്‌തോലിക്ക ബിഷപ്പ് കാമിലോ ബാലിന്റെ സ്വപ്‌നമായിരുന്നു ഈ പദ്ധതിയെന്നും ബിഷപ്പ് ഫാ. സജി അനുസ്മരിച്ചു. കത്തീഡ്രൽ നിർമാണത്തിനുള്ള ഭൂമി രാജാവ് സമ്മാനിക്കുമെന്ന് അറിഞ്ഞപ്പോൾ, ‘ഔർ ലേഡി ഓഫ് അറേബ്യ’യുടെ നാമധേയം നൽകാനുള്ള ആഗ്രഹം ബിഷപ്പ് കാമിലേ പ്രഖ്യാപിക്കുകയായിരുന്നു.

കത്തീഡ്രലിന്റെ ചെറുമാതൃക ബഹറൈൻ ഭരണാധികാരി 2014ൽ വത്തിക്കാനിലെത്തി പാപ്പയ്ക്ക് സമ്മാനിച്ചപ്പോൾ (ഫയൽ ചിത്രം)

2014 മേയ് 19ന് വത്തിക്കാൻ സന്ദർശന വേളയിൽ ബഹ്‌റൈൻ രാജാവ്, സമാധാനവും ഐക്യവും വളർത്തുന്നതിനുള്ള പ്രതിബദ്ധതയുടെ പ്രതീകമായി കത്തീഡ്രലിന്റെ ചെറുമാതൃക പാപ്പയ്ക്ക് സമ്മാനിച്ചത് വലിയ വാർത്തയായിരുന്നു. സമാധാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമായ ‘സമാധാന ദൂതന്റെ മെഡൽ’ പാപ്പ രാജാവിന് സമ്മാനിക്കുകയും ചെയ്തു. ഏതാണ്ട് 80,000ത്തോളം കത്തോലിക്കരാണ് ബഹ്‌റിനിലുള്ളത്. ഇതിൽ വലിയൊരു ശതമാനവും ഫിലിപ്പൈൻസിസ്, ഇന്ത്യ എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?