Follow Us On

25

January

2022

Tuesday

പാഴ്‌വേലയാകുമോ കുമ്പസാരങ്ങള്‍…

പാഴ്‌വേലയാകുമോ കുമ്പസാരങ്ങള്‍…

ജോര്‍ജ് മുരിങ്ങൂര്‍

കുമ്പസാരക്കൂട്ടില്‍നിന്ന് കിട്ടിയ കല്പനപ്രകാരം വെറുപ്പു തോന്നിയ നാല് വ്യക്തികളെ ഈശോയുടെ കുരിശിന്‍ചുവട്ടില്‍ സമര്‍പ്പിച്ചുകൊണ്ട് ഞാനിപ്രകാരം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഈശോയേ, ക്ഷമിക്കാനും പൊറുക്കാനും സഹിക്കാനും സ്‌നേഹിക്കാനും എനിക്ക് കൃപയും ശക്തിയും നല്‍കണമേ. അങ്ങയുടെ തിരുരക്തം ഒഴുകിവീഴുന്ന ഈ കുരിശിന്‍ചുവട്ടില്‍, എനിക്ക് സ്‌നേഹിക്കാന്‍ കഴിയാത്ത ഈ നാലുപേരെയും ഞാന്‍ സമര്‍പ്പിക്കുന്നു. വര്‍ഷങ്ങളായി എന്നെ അപമാനിക്കുകയും നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇവരോട് പൂര്‍ണമായും ആത്മാര്‍ത്ഥമായും ഞാന്‍ ക്ഷമിക്കുന്നു. എന്റെ ഹൃദയത്തില്‍നിന്ന് ആട്ടിയിറക്കിയ ഈ നാലുപേരെയും സ്‌നേഹപൂര്‍വം ഞാനെന്റെ ഹൃദയത്തില്‍ വീണ്ടും സ്വീകരിക്കുന്നു.

ആഴ്ചതോറും കുമ്പസാരിക്കുമ്പോള്‍ ഏറ്റുപറഞ്ഞുകൊണ്ടിരുന്ന പാപങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അതില്‍നിന്ന് മോചനമില്ലാതെ വര്‍ഷങ്ങള്‍ കടന്നുപോയി. കുമ്പസാരക്കൂട്ടില്‍ ഇരിക്കുന്ന വൈദികനോട് നിരന്തരം ഈ പാപങ്ങളൊക്കെയും ഏറ്റുപറയുമായിരുന്നു. വെറുപ്പും വിദ്വേഷവും ശത്രുതയും മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. അതൊന്നും എടുത്തുമാറ്റാന്‍ കഴിയുന്നില്ല. വാക്കുകൊണ്ടെങ്കിലും പ്രതികാരം ചെയ്യാനുള്ള മോഹം. അതുകൊണ്ട് പ്രതികാര ചിന്തകള്‍ ഉള്ളിന്റെയുള്ളില്‍ തിളച്ചുമറിയുന്നു. പുറമെ ചിരിക്കുമ്പോഴും ഉള്‍ക്കാമ്പില്‍ വെറുപ്പ് സൂക്ഷിച്ചുവച്ചു. ‘നിന്നെ പിന്നെ കണ്ടോളാം’ എന്നതായിരുന്നു മനോഭാവം.

അടുപ്പിച്ചുള്ള കുമ്പസാരം ഒരു പാഴ്‌വേലയായി തോന്നി. പാപങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഒരു മാറ്റവുമില്ല. ഈ അസ്വസ്ഥത കുമ്പസാരക്കൂട്ടില്‍ വൈദികനോട് തുറന്നുപറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. അടുപ്പിച്ചുള്ള കുമ്പസാരത്തിന്റെ അര്‍ത്ഥം നിങ്ങള്‍ ഈശോയോടൊപ്പം ചേര്‍ന്നുപോകുന്നു എന്നുതന്നെയാണ്. സാത്താന്റെ കൂടെയല്ല എന്നതിന്റെ തെളിവാണത്.

പാപം ചെറുതോ വലുതോ ആയിക്കൊള്ളട്ടെ; കുമ്പസാരത്തില്‍ നിന്നകന്നുപോകുന്നു എന്നു പറഞ്ഞാല്‍ സാത്താനോട് ചേര്‍ന്നു പോകുന്നു എന്നാണ് അര്‍ത്ഥം. പാപികളെ തേടി വന്ന കര്‍ത്താവിന് നിങ്ങളെ മനസിലാക്കാന്‍ കഴിയും. അതുകൊണ്ട് നിങ്ങളോട് ക്ഷമിക്കാനും കഴിയും. കാരണം, ഏഴ് എഴുപത് പ്രാവശ്യം ക്ഷമിക്കണമെന്നാണ് (മത്തായി 18:22) കര്‍ത്താവ് പഠിപ്പിച്ചത്.

കുമ്പസാരിപ്പിക്കുന്ന വൈദികന്‍ തുടര്‍ന്ന് ഉപദേശിച്ചു. നിങ്ങള്‍ക്ക് വെറുപ്പു തോന്നുന്ന വ്യക്തികളെ കര്‍ത്താവിന്റെ കുരിശിന്‍ചുവട്ടില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. ഇവരോട് ക്ഷമിക്കുന്നുവെന്ന് കര്‍ത്താവിനോട് തുറന്നുപറയണം. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം. നിങ്ങളെയും കുരിശിന്‍ചുവട്ടില്‍ സ്വയം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. കുരിശിലൂടെ ഒഴുകിവരുന്ന തിരുരക്തം എല്ലാവരെയും വിശുദ്ധീകരിക്കും. കര്‍ത്താവ് ഇടപെടും. തീര്‍ച്ചയായും നിങ്ങള്‍ക്കീ തിന്മകളില്‍നിന്ന് മോചനം കിട്ടും.

വൈദികന്‍ കല്പിച്ച പാപപരിഹാരം ചെയ്തു കഴിഞ്ഞപ്പോള്‍തന്നെ ഞാന്‍ വെറുത്തിരുന്ന നാലുപേരെയും കര്‍ത്താവിന്റെ കുരിശിന്‍ചുവട്ടില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. വല്ലപ്പോഴുമല്ല; ഓര്‍ക്കുമ്പോഴൊക്കെ, അവരെ നാലുപേരെയും കുരിശിന്‍ചുവട്ടില്‍ സമര്‍പ്പിച്ചിരുന്നു. ആദ്യമൊക്കെ ഈ പ്രാര്‍ത്ഥന ഒരു ചടങ്ങുപോലെ മാത്രമായിരുന്നു. പിന്നീട് ഈ പ്രാര്‍ത്ഥനകള്‍ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ ഹൃദയസ്പന്ദനങ്ങളായി മാറി. അപ്പോള്‍ മുതല്‍ കര്‍ത്താവിന്റെ സാന്നിധ്യം പൂര്‍ണമായും ഹൃദയത്തില്‍ അനുഭവിച്ചറിയാന്‍ കഴിഞ്ഞു.
കര്‍ത്താവ് എന്റെ ഹൃദയത്തിലും ഞാന്‍ കര്‍ത്താവിന്റെ ഹൃദയത്തിലും. അത് യഥാര്‍ത്ഥവും പരിപൂര്‍ണവുമായ ആനന്ദമാണ് സമ്മാനിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?