Follow Us On

29

March

2024

Friday

കാഴ്ചയുടെ കാവലാള്‍

കാഴ്ചയുടെ  കാവലാള്‍

സൈജോ ചാലിശേരി

കണ്ണുകള്‍ ദാനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക എന്നത് പി.ജെ. ബെന്നിക്ക് ഒരു ആത്മീയ പ്രവര്‍ത്തനമാണ്. തൃശൂരിലെ കാരമുക്ക് പ്രദേശത്ത് ആരെങ്കിലും മരിച്ച വിവരം അറിഞ്ഞാല്‍ ബെന്നി അവിടെ എത്തും. ഒരു വ്യക്തി മരണപ്പെട്ടാലും ജീവനോടെയിരിക്കുന്ന അയാളുടെ കണ്ണുകള്‍ ബന്ധുക്കളെക്കൊണ്ട് ദാനം ചെയ്യിപ്പിക്കുകയാണ് മരണവീട് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. 1999-ല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
‘കനിവിന്റെ മാലാഖ’ എന്ന പുസ്തകം 1998-ല്‍ വായിച്ചതാണ് ബെന്നിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. എന്തെങ്കിലും സമൂഹത്തിനുവേണ്ടി ചെയ്യണം എന്ന ചിന്ത ഈ പുസ്തക വായനക്കുശേഷം ബെന്നിക്കുണ്ടായി. അങ്ങനെയിരിക്കെയാണ് പാലയൂരിനടുത്ത് പാലുവായ് എന്ന സ്ഥലത്ത് ഒരു നേത്രദാന സമിതി തുടങ്ങുന്ന വിവരമറിഞ്ഞത്. അവിടെ ചെന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി.

അങ്ങനെ 1999 ഏപ്രില്‍ 15-ന് കണ്ടശാംകടവ് നേത്രദാന സമിതി രൂപംകൊണ്ടു. വടക്കെ കാരമുക്കിലെ നീലങ്കാവില്‍ ചാതോലി ജോസിന്റെ ഭാര്യ മേരിയുടെ കണ്ണുകളാണ് ആദ്യം ലഭിച്ചത്. പിന്നീട് തൃശൂരിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നും കണ്ണുകള്‍ ദാനം ചെയ്യിക്കാന്‍ ബെന്നിയ്ക്ക് കഴിഞ്ഞു.
ഇതിനകം അയ്യായിരത്തോളം പേരുടെ നേത്രദാന സമ്മതപത്രങ്ങള്‍ ജാതിമത ഭേദമെന്യേ ബെന്നിയുടെ നേതൃത്വത്തില്‍ ശേഖരിച്ചിട്ടുണ്ട്. എണ്ണൂറോളം മരണവീടുകളിലാണ് ബെന്നി കണ്ണുകള്‍ക്കുവേണ്ടി സന്ദര്‍ശിച്ചത്. അതില്‍ 91 പേരുടെ കണ്ണുകളാണ് ദാനം ചെയ്യിക്കാന്‍ കഴിഞ്ഞതെന്ന് ബെന്നി പറയുന്നു.
തൃശൂര്‍ ജൂബിലി മിഷന്‍ ഐ ബാങ്ക്, അങ്കമാലി ലിറ്റില്‍ ഫഌവര്‍ ഐ ബാങ്ക്, തൃശൂര്‍ മെഡിക്കല്‍ കോളജ് ഐ ബാങ്ക് എന്നിവിടങ്ങളിലേക്കാണ് കണ്ണുകള്‍ നല്‍കുന്നത്. അഞ്ചുമുതല്‍ എഴുപത് വയസുവരെയുള്ളവരുടെ കണ്ണുകള്‍ എടുക്കാം. അതിനുശേഷവും സുതാര്യതയുള്ള കണ്ണുകള്‍ എടുക്കാം.

കണ്ണുകള്‍ ദാനം ചെയ്ത കണ്ടശാംകടവിലും പരിസരത്തുമുള്ള 85 വ്യക്തികള്‍ക്കായി കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍ ഫാ. ഡേവീസ് ചിറമലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. കണ്ണുകള്‍ ദാനം ചെയ്തവരുടെ കുടുംബങ്ങളെ പ്രത്യേകമായി ദിവ്യബലിക്ക് ക്ഷണിച്ചിരുന്നു.
ബെന്നിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായിരുന്ന അമ്മ 2009-ലാണ് മരിച്ചത്. അതിനുമുമ്പുതന്നെ അമ്മയുടെ കണ്ണുകളും ദാനം ചെയ്യാനുള്ള സന്നദ്ധത ബെന്നിയെ അറിയിച്ചിരുന്നു. ബെന്നിയുടെ പിതാവിന്റെ കണ്ണുകള്‍ (2017) ദാനം ചെയ്തു. ബെന്നിയുടെ പിതാവ് പൊറത്തൂര്‍ കിട്ടന്‍ ജേക്കബിന്റെ 41-ാം ചരമദിനാചരണത്തോടനുബന്ധിച്ച് കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍ കണ്ണുകള്‍ ദാനം ചെയ്ത വ്യക്തികള്‍ക്കുവേണ്ടി പ്രത്യേക അനുസ്മരണ ദിവ്യബലി നടത്തി. അവരുടെ കുടുംബാംഗങ്ങള്‍ക്കായി സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

ഒരിക്കല്‍ ഒരു മരണവിവരം അറിയിച്ച് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍നിന്നും വരുന്ന നേത്രബാങ്കിന്റെ വാഹനവും കാത്ത് കണ്ടശാംകടവില്‍ നില്‍ക്കുകയായിരുന്നു ബെന്നി. അപ്പോഴാണ് അവിടെ മറ്റൊരു മരണംകൂടി നടന്ന വിവരം അറിഞ്ഞത്. ഉടനെ അവരുടെ കണ്ണുകളും ദാനം ചെയ്യാന്‍ തക്കരീതില്‍ ആ കുടുംബത്തെ ഒരുക്കാന്‍ ബെന്നിക്ക് സാധിച്ചു. രണ്ട് കണ്ണുകള്‍ എടുക്കാന്‍ വന്ന ആ വാഹനം നാല് കണ്ണുകളുമായി അന്ന് യാത്രയായത് ബെന്നി ഓര്‍ക്കുന്നു.
നേത്രബാങ്കിന്റെ വാഹനം വന്ന് കണ്ണുകള്‍ കൊണ്ടുപോകുന്നതുവരെ ബെന്നി അവിടെ ഉണ്ടാകും. തയ്യല്‍ക്കടക്കാരനായ ബെന്നി ഈ പ്രവര്‍ത്തനത്തിനുള്ള സമയം കണ്ടെത്തുന്നത് കടയ്ക്ക് അവധി നല്‍കിയാണ്. കടയിലുള്ള സമയത്ത് ഒരു ആംബുലന്‍സോ ശവമഞ്ചമോ കാണുന്നതിലൂടെയാണ് പലപ്പോഴും മരണം നടന്ന വിവരം ബെന്നി അറിയുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?