Follow Us On

25

January

2022

Tuesday

പ്രാർത്ഥന ആത്മാവിനെ ഉണർത്തും, ദൈവത്തിലേക്ക് നമ്മെ തിരിച്ചെത്തിക്കും: ഫ്രാൻസിസ് പാപ്പ

പ്രാർത്ഥന ആത്മാവിനെ ഉണർത്തും, ദൈവത്തിലേക്ക് നമ്മെ തിരിച്ചെത്തിക്കും: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: നമ്മുടെ ആത്മാവിനെ ഉണർത്തുകയും നമ്മെ ദൈവത്തിങ്കലേക്ക് തിരിച്ചെത്തിക്കുകയും ചെയ്യുന്ന പ്രാർത്ഥനയെ മുറുകെപ്പിടിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ജീവിത പ്രശ്‌നങ്ങളുടെ മുന്നിലും ശിരസുയർത്തി ക്രിസ്തുവിനെ വരവേൽക്കുന്നവരായി നാം മാറണണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ആഗമനകാലത്തിലെ ആദ്യ ഞായറിൽ ആഞ്ചലൂസ് സന്ദേശം നൽകവേയാണ് ക്രിസ്തീയ ജീവിതത്തിൽ പ്രാർത്ഥയ്ക്ക് നൽകേണ്ട പ്രാധാന്യത്തെ കുറിച്ച് പാപ്പ പങ്കുവെച്ചത്.

നാം ഓരോരുത്തരും ക്രിസ്തുവിന്റെ ആഗമനത്തിനായി വിളിക്കപ്പെട്ടവരാണെന്ന ബോധ്യത്തോടെ സന്തോഷപൂർവം അവിടുത്തേക്കായി കാത്തിരിക്കണം. ജീവിത പരീക്ഷണങ്ങളുടെ മധ്യേയും നിവർന്നുനിന്ന് ശിരസുയർത്തി അവിടുത്തെ വരവേൽക്കാൻ ഒരുങ്ങണം. ജീവിതവ്യഗ്രതയും കഷ്ടപ്പാടുകളും നമ്മെ വലയം ചെയ്യുമ്പോഴും വീണ്ടെടുപ്പിനായുള്ള വിളിയിൽനിന്ന് ശ്രദ്ധ അകലരുത്. ഉറക്കത്തിനു കീഴടങ്ങാതെ എല്ലാ സമയത്തും ജാഗതയോടെ പ്രാർത്ഥന തുടരണം.

ക്രിസ്തീയ ജീവിതത്തിന്റെ സുപ്രധാന ഭാഗമാണ് ജാഗ്രത. സദാ ജാഗ്രത പാലിക്കുകയും ജീവിതത്തിലെ സുപ്രധാന കാര്യങ്ങളിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കാതിരിക്കുകയും വേണം. ജാഗ്രത എന്നാൽ ആത്മീയ ചലനാത്മകത എന്നാണ് അർത്ഥം. അതായത്, പ്രാർത്ഥനയിൽ തീവ്രതയില്ലാത്ത മടിയന്മാരും ‘ഉറങ്ങുന്ന ക്രിസ്ത്യാനികളും’ ആകാതെ ഹൃദയങ്ങളെ സൂക്ഷിക്കണം എന്ന് അർത്ഥം. നാം നിസംഗതയിൽ വീഴരുത്.

അനുദിന ജീവിതത്തെ വെറും പതിവുകളിൽ ഒതുക്കാതെയുള്ള ജാഗ്രതയാണ് വേണ്ടത്. ജീവിതം എന്നത് ലൗകിക ഉത്കണ്ഠകളിൽ മാത്രം മുഴുകാനുള്ളതല്ല. അലസതയിലേക്കു ജീവിതം നിപതിക്കാതിരിക്കാനും ദുഷ്പ്രവണതകൾക്ക് കീഴടങ്ങാതിരിക്കാനും ആത്മാവിനെ ശക്തമാക്കണം. ആത്മാവിന്റെ സന്തോഷം കവർന്നെടുക്കുന്ന ഉദാസീനതയ്‌ക്കെതിരെയും ജാഗ്രത വേണം.

സുഭാഷിതങ്ങളുടെ പുസ്തകത്തിലെ, ‘നിന്റെ ഹൃദയത്തെ ജാഗരൂകതയോടെ കാത്തുസൂക്ഷിക്കുക; ജീവന്റെ ഉറവകൾ അതിൽനിന്നാണൊഴുകുന്നത്,’ എന്ന തിരുവചനം ധ്യാനിക്കാം. ജാഗ്രതയുള്ളവർ ആയിരിക്കുന്നതിന്റെ രഹസ്യം പ്രാർത്ഥനയാണ്. പ്രാർത്ഥന എപ്പോഴും നമ്മുടെ ഹൃദയത്തിലെ വിളക്ക് ജ്വലിപ്പിക്കും, നമ്മെ ദൈവത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. പ്രാർത്ഥന നമ്മുടെ ആത്മാവിനെ ഉറക്കത്തിൽനിന്ന് ഉണർത്തുകയും പ്രധാന കാര്യങ്ങളിലും അസ്തിത്വത്തിന്റെ ഉദ്ദേശ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.

പ്രാർത്ഥനയെ ഒരിക്കലും അവഗണിക്കരുത്. അപ്രകാരം സംഭവിക്കാതിരിക്കാൻ നമുക്ക് ഹൃദയത്തിൽ പ്രാർത്ഥനയെ കുടിയിരുത്താം. ദൈവത്തോട് നിരന്തരം ഹ്രസ്വമായ പ്രാർത്ഥനകൾ ഉരുവിടാം. ഈ ആഗമനകാലത്ത്, ‘ക്രിസ്തുനാഥാ, വന്നാലും’ എന്ന പ്രാർത്ഥന പതിവായി ഉരുവിടണമെന്ന് ഓർമിപ്പിച്ച പാപ്പ, ഈ പ്രാർത്ഥന മൂന്ന് തവണ ആവർത്തിക്കാൻ വത്തിക്കാൻ ചത്വരത്തിൽ സമ്മേളിച്ചവരെ ക്ഷണിക്കുകയും ചെയ്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?