Follow Us On

19

April

2024

Friday

‘ആമേൻ’ പറയാൻ മനസുണ്ടെങ്കിൽ!

‘ആമേൻ’ പറയാൻ മനസുണ്ടെങ്കിൽ!

‘ജീവിതത്തില്‍ സന്ദേശങ്ങള്‍ തരാന്‍ ചിറകുള്ള ഗബ്രിയേല്‍ അവതരിച്ചുവെന്നു വരില്ല, പക്ഷേ നല്ല മനുഷ്യമണമുള്ള നന്മയുടെ ചില രൂപങ്ങള്‍ നമുക്കായ് വഴികള്‍ തെളിച്ചു തന്നെന്നിരിക്കും’- ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 8

ദൈവവഴിയേ യാത്ര ചെയ്യാനുള്ള സന്നദ്ധതയാണ് മരിയഭക്തരില്‍നിന്നും അമലോത്ഭവനാഥ ആവശ്യപ്പെടുന്നത്. തനിക്കുവേണ്ടി അലങ്കരിക്കപ്പെട്ടിരിക്കുന്ന വഴികള്‍ക്കുമുന്നില്‍ (അത് എത്ര അനാകര്‍ഷകമായ വഴികളാണെങ്കില്‍ക്കൂടി) കൈകള്‍ കൂപ്പി ‘ഇതാ കര്‍ത്താവിന്‍റെ ദാസി/ദാസന്‍’ എന്നു പറയാനുള്ള ധൈര്യം! ദൈവേഷ്ടത്തിനു മുന്നിലുള്ള ആ വലിയ ആമേനിലാണ് വെറും വാര്‍ത്ത മംഗളവാര്‍ത്തയാകുന്നത്; പിറവി തിരുപ്പിറവിയാകുന്നത്; കുരിശ് വിശുദ്ധ കുരിശാകുന്നത്; മരണം സ്വര്‍ഗ്ഗത്തിലെ ജനനമാകുന്നത്. അമലോത്ഭവത്തിരുനാള്‍, ദൈവഹിതാനുഷ്‌ഠാനത്തിന്‍റെ ആഹ്വാനവും അഘോഷവുമാണ്.

അലങ്കാരങ്ങള്‍ സുന്ദരമായിരിക്കുമ്പോള്‍ ‘ഇതാ ദാസി’ എന്നു പറയാന്‍ എന്തെളുപ്പം. എന്നാല്‍ ജീവിതത്തെ മാറ്റി മറിക്കുന്ന ചില ദൂതസന്ദേശങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. അതിന് മാനുഷികദൃഷ്ടിയില്‍ അത്ര ലാവണ്യം തോന്നിയെന്നു വരില്ല. ഇത്തിരി കയ്പ്പും, ഇത്തിരി നൊമ്പരവും, ഇത്തിരി കണ്ണീരുമൊക്കെ ചേര്‍ത്ത് ഒരുക്കപ്പെടുന്ന പദ്ധതികള്‍ക്കുമുന്നില്‍ ‘ആമേന്‍’ പറയുവാന്‍ ദൈവീകമായ മനസുണ്ടെങ്കിലേ കഴിയൂ. ആ മനസാണ് പുല്‍ക്കൂടോളം ഒരു വ്യക്തിയെ വളര്‍ത്തുന്നത്.

ആമേന്‍ പറയാത്ത മനസുകള്‍ക്കു മുന്നില്‍ ചില തിരുപ്പിറവികള്‍ അന്യമായി പോകാറുണ്ട്; ചില അനുഗ്രഹങ്ങള്‍ കൈമോശം വരാറുണ്ട്. ആമേന്‍ പറയാന്‍ മടിക്കുന്നിടത്ത് കുരിശുകള്‍ മനം മടുപ്പിക്കുന്ന ദുരിതാനുഭവങ്ങളായി മാറും. ദൈവദൂതസന്ദേശങ്ങളെ സംശയിക്കാതെ സ്വീകരിക്കുക എന്നത് പ്രധാനം.

ജീവിതത്തില്‍ സന്ദേശങ്ങള്‍ തരാന്‍ ചിറകുള്ള ഗബ്രിയേല്‍ അവതരിച്ചുവെന്നു വരില്ല, പക്ഷേ നല്ല മനുഷ്യമണമുള്ള നന്മയുടെ ചില രൂപങ്ങള്‍ നമുക്കായ് വഴികള്‍ തെളിച്ചു തന്നെന്നിരിക്കും. പ്രാര്‍ത്ഥനയോടെ അവയെ സ്വീകരിക്കാന്‍ പറ്റുമോ? ജീവിതത്തിലെ സുഖകരമല്ലാത്ത അനുഭവങ്ങളെ ദൈവസന്നിധേ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാന്‍ കഴിയുമോ?

കൊണ്ടുനടക്കുന്ന ചില രോഗാവസ്ഥകളെയോര്‍ത്ത്, കുടുംബത്തിന്‍റെ അവസ്ഥയോര്‍ത്ത്, മക്കളുടെ തെറ്റുന്ന വഴികളോര്‍ത്ത്, ജീവിതത്തെ നിരാശയോടേ നോക്കിക്കാണാതെ- ആശ്രയബോധത്തോടെ അവനിലേയ്ക്ക് ഒരു പടികൂടി നടക്കാന്‍ കഴിയുമോ? “ദൈവത്തിന് ഒന്നും അസാധ്യമല്ല” എന്ന വചനം എത്രമേല്‍ ആവര്‍ത്തിച്ചാലും കൂടിപ്പോകുകയില്ല. അത് ശക്തി നിറയ്ക്കുന്ന ചൈതന്യം തന്നെയല്ലേ.

പുല്‍ക്കൂട്:

ഇതുവരെയുള്ള ജീവിതാനുഭവത്തിലൂടെ പഠിച്ച ഒരു പാഠം (കുടുംബജീവിതത്തെയോ, സമര്‍പ്പണത്തെയോ, സുഹൃദ്ബന്ധങ്ങളെയോ, സാമ്പത്തിക കാര്യങ്ങളെയോ, ആത്മീയകാര്യങ്ങളെയോ സംബന്ധിച്ച്‌) കണ്ടെത്തി- അമലോത്ഭവനാഥ വഴി ഉണ്ണീശോയ്ക്ക് സമര്‍പ്പിച്ച് ഒരു നല്ല തീരുമാനമെടുത്ത് പുല്‍ക്കൂട്ടിലേയ്ക്ക് യാത്ര തുടരാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?