സ്വന്തം ലേഖകന്‍
മക്കളെ പാലിക്കുന്നത് ദൈവമാണ്. അതുകൊണ്ട് മക്കളുടെ എണ്ണം തീരുമാനിക്കാനുള്ള അധികാരം ദൈവത്തിന് ഉള്ളതാണെന്ന് വിശ്വസിക്കുന്ന ദമ്പതികളാണ് ടോജിയും റിന്റയും.
ഇടുക്കി, വണ്ടന്‍മേട് കണ്ടത്തിന്‍കര ചാക്കോച്ചന്‍-സൂസമ്മ ദമ്പതികളുടെ മകന്‍ ടോജി എന്ന ജോസഫും തോപ്രാന്‍കുടി മലമാക്കല്‍ ചെറിയാന്‍-ഗ്രേസി ദമ്പതികളുടെ മകള്‍ റിന്റ എന്ന മേരിയും വിവാഹിതരായത് 2007 ഓഗസ്റ്റ് 30-നായിരുന്നു. ജോസഫിനെയും മേരിയെയും ദൈവം യോജിപ്പിച്ചത് ഒരു ‘തിരുക്കുടുംബം’ ആയിത്തീരുന്നതിനാണെന്ന് ഇരുവര്‍ക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു.
ബി.ഫാം പഠനം പൂര്‍ത്തിയാക്കിയശേഷം ഒരു വര്‍ഷക്കാലം മുഴുവന്‍ സമയവും ഏതെങ്കിലുമൊരു ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷകനായി സേവനം ചെയ്തശേഷമേ ജോലിയില്‍ പ്രവേശിക്കൂ എന്ന തീരുമാനപ്രകാരം ബംഗളൂരു മടിവാളയിലുള്ള റിന്യൂവല്‍ റിട്രീറ്റ് സെന്ററില്‍ ടോജി എത്തി.
കുടുംബത്തില്‍നിന്ന് ലഭിച്ച വിശ്വാസബോധ്യങ്ങളും ധാരണകളും സ്ഥിരീകരിക്കുന്നതിനും ക്രിസ്തീയജീവിതശൈലി സ്വന്തമാക്കുന്നതിനും ഈ ശുശ്രൂഷ സഹായിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഇക്കാലത്ത് അവിടെ ദൈവാലയത്തില്‍ വന്നിരുന്ന ഒരു ‘വലിയ’ കുടുംബം എല്ലാവരുടെയും ശ്രദ്ധ നേടിയിരുന്നു. ഒന്നും രണ്ടും മക്കള്‍ മാത്രമുണ്ടായിരുന്നവരുടെ ഇടയില്‍ അഞ്ച് മക്കള്‍ ഉണ്ടായിരുന്ന ഈ കുടുംബം തനിക്ക് വലിയ പ്രചോദനമായിരുന്നുവെന്ന് ടോജി പറഞ്ഞു. അവരുടെ പരസ്പര സ്‌നേഹവും കളിയും ചിരിയുമെല്ലാം വലിയ കുടുംബത്തോട് ഉള്ളിലൊരിഷ്ടം ഉളവാക്കി.
മക്കള്‍ ദൈവദാനം
കുട്ടികളുടെ എണ്ണത്തെ സംബന്ധിച്ച് ടോജിയും റിന്റയും തീരുമാനമൊന്നുമെടുത്തില്ല. ഒരു ജന്മവും യാദൃശ്ചികമല്ല; മനുഷ്യന്റെ ഇഷ്ടമനുസരിച്ചല്ല അത് നടക്കുന്നത്. റിന്റയുടെ മൂത്ത സഹോദരന് കുട്ടികളില്ല. രണ്ടു സഹോദരിമാര്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ ദീര്‍ഘമായ കാത്തിരിപ്പും ചികിത്സയുമൊക്കെ വേണ്ടിവന്നു. അതുകൊണ്ട് ഒരു കുഞ്ഞിനുവേണ്ടിയുള്ള ആഗ്രഹം എത്ര തീവ്രമാണെന്ന് ഇവര്‍ക്കറിയാം.
2008-ല്‍ ടോജിക്കും റിന്റയ്ക്കും ആദ്യത്തെ കുട്ടി ജനിച്ചു. തെരേസ (13), ഡെറിക്ക് (11മ്മ), ജോനാഥന്‍ (8മ്മ), സാറ (7മ്മ), എസ്‌തേര്‍ (5മ്മ), ഡേവിഡ് (3), ഡാനിയേല്‍ (1മ്മ), ബഞ്ചമിന്‍ (3 മാസം). അങ്ങനെ എട്ട് മക്കള്‍. ഇളയ കുട്ടിക്ക് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലായിരുന്നു മാമ്മോദീസ നല്‍കിയത്.
കൊച്ചുവെളിപാടുകള്‍
ഓരോ കുട്ടിയെയും ഗര്‍ഭം ധരിക്കുന്നതിനുമുമ്പ് അതിന്റെ വരവിനെക്കുറിച്ച് കൃത്യമായ സന്ദേശം തങ്ങള്‍ക്കും മക്കള്‍ക്കും ലഭിച്ചിരുന്നതായി ഇവര്‍ പറയുന്നു. സാധാരണ കുടുംബപ്രാര്‍ത്ഥനയ്ക്കുപുറമേ കുട്ടികള്‍ക്ക് ചില പ്രത്യേക പ്രാര്‍ത്ഥനകളുണ്ട്. കുര്‍ബാനയ്ക്ക് മുടങ്ങാതെ പോകും. തിരിച്ച് വീട്ടിലെത്തി ഒരു ജപമാല ചൊല്ലും. തുടര്‍ന്ന് ഒരു ദൈവവചനം 33 പ്രാവശ്യം ആവര്‍ത്തിച്ച് പറയും. ഇങ്ങനെയുള്ള പ്രാര്‍ത്ഥനകള്‍ക്കുശേഷം അടുത്ത ഒരാള്‍ വരുന്നുണ്ട്, പെണ്ണാണ് അല്ലെങ്കില്‍ ആണാണ് എന്ന് കുട്ടികള്‍ തങ്ങളോട് പറയുമായിരുന്നു. ഒരു കുട്ടിയെക്കൂടി തരുന്നതിനെയോര്‍ത്ത് നന്ദി പറഞ്ഞ് അവര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യും. എന്നാല്‍ ആദ്യമൊക്കെ മക്കള്‍ പറഞ്ഞത് തങ്ങള്‍ ഗൗരവമായെടുത്തില്ലയെന്ന് ടോജിയും റിന്റയും പറയുന്നു. എന്നാല്‍ കുട്ടികള്‍ പറഞ്ഞതുപോലെ ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ജനിക്കുകയും ഇത് മാറ്റമില്ലാതെ ആവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ അതിലൂടെ വെളിപ്പെട്ട ദൈവഹിതത്തെയോര്‍ത്ത് അവരും ദൈവത്തിന് നന്ദി പറഞ്ഞു.
ഫലമുള്ള പ്രാര്‍ത്ഥനകള്‍
”പ്രാര്‍ത്ഥനയാണ് ഞങ്ങളുടെ ശക്തി. കുടുംബപ്രാര്‍ത്ഥനയ്ക്ക് പുറമേ ഞങ്ങള്‍ മൂന്ന് ജപമാല എങ്കിലും ചൊല്ലും. കുട്ടികളില്‍ വായിക്കാനറിയാവുന്നവര്‍ ബൈബിളിന്റെ രണ്ടധ്യായമെങ്കിലും എല്ലാ ദിവസവും വായിക്കും. പ്രാര്‍ത്ഥന ദൈവാശ്രയബോധത്തിന്റെ അടയാളമാണല്ലോ. അത് ഒരിക്കലും വ്യര്‍ത്ഥമായിട്ടില്ല. വിവാഹാശീര്‍വാദ സമയത്ത് വൈദികന്‍ നല്‍കിയ ആശീര്‍വാദത്തെ അര്‍ത്ഥവത്താക്കുന്ന രീതിയില്‍ ആവശ്യനേരത്ത് ധാരാളംപേര്‍ ദൈവദൂതന്മാരെപ്പോലെ ഞങ്ങളെ സഹായിക്കാനായി ദൈവത്താല്‍ അയക്കപ്പെട്ടിട്ടുണ്ട്.” ടോജി പറയുന്നു.
പ്രസവസമയത്തും തുടര്‍ന്നും ഒട്ടനവധിപേര്‍ സഹായിക്കാനെത്തി. ജീസസ് യൂത്തിലുള്ള അപര്‍ണ, ആര്‍ഷ, നിമിത, സോണിയ, ശീതള്‍, രമ്യ, ഡാര്‍ലി, സിസ്റ്റര്‍ റോസ അങ്ങനെ എത്രയോപേര്‍. അവസാനത്തെ കുട്ടിയെ ഒമ്പതുമാസം ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ റിന്റയ്ക്ക് കോവിഡ് ബാധിച്ചു. ആദ്യം ടോജിക്കാണ് അസുഖം വന്നത്. തുടര്‍ന്ന് എല്ലാവര്‍ക്കും രോഗബാധയുണ്ടായി. ഇതു വലിയ പ്രതിസന്ധിയുണ്ടാക്കി. അങ്ങനെയിരിക്കെ ഈസ്റ്റ് ഹില്‍ ഇടവക വികാരി ഫാ. മനോജ് കൊല്ലംപറമ്പിലും എഫ്‌സിസി കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സ്റ്റെല്ലയും ഞങ്ങളുടെ രോഗവിവരമറിഞ്ഞു. അതോടെ ഏറ്റവും വലിയ പ്രതിസന്ധിയുണ്ടാക്കിയ ഭക്ഷണപ്രശ്‌നത്തിന് പരിഹാരമായി. ഞങ്ങളുടെ കുടുംബത്തിനാവശ്യമായ ഭക്ഷണം സമയം തെറ്റാതെ വീട്ടിലെത്തിക്കാന്‍ അച്ചനും മദറും ശ്രദ്ധിച്ചു. രണ്ടാഴ്ചക്കാലം ഇതു തുടര്‍ന്നു. അവരിലൂടെ ദൈവം ഞങ്ങളെ പരിപാലിച്ചതോര്‍ത്താല്‍ നന്ദി പറഞ്ഞു തീരില്ല; ടോജി പറയുന്നു.
നിന്ദനം, അഭിനന്ദനം
കേവലം മാനുഷികമായിമാത്രം എല്ലാ കാര്യങ്ങളെയും കാണുന്നവര്‍ ധാരാളം കളിയാക്കി. വിശ്വാസബോധ്യങ്ങളും ദൈവാശ്രയബോധവുമുള്ളവര്‍ അഭിനന്ദിച്ചു, പ്രോത്സാഹിപ്പിച്ചു, സഹായിച്ചു. പരസ്യമായി കളിയാക്കിയവരില്‍ പലരും വ്യക്തിപരമായി കൂടുതല്‍ കുഞ്ഞുങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അവര്‍ വിമര്‍ശനങ്ങളെ പേടിച്ചും സൗകര്യം പരിഗണിച്ചുമൊക്കെ ഒഴുക്കിനൊത്തു പോകുന്നുവെന്നേയുള്ളൂ എന്നാണ് തന്റെ അനുഭവമെന്ന് ടോജി പറയുന്നു. ഞങ്ങള്‍ക്ക് ദൈവം തന്ന മക്കളില്‍ ഒരാളെയെങ്കിലും ഒഴിവാക്കി ചിന്തിച്ചാല്‍ ഞങ്ങളുടെ സന്തോഷം പൂര്‍ണമാകില്ല. ഈ ഒരു സത്യം തിരിച്ചറിയാന്‍ വിമര്‍ശനങ്ങളും നിന്ദനവുമൊക്കെ ഞങ്ങളെ സഹായിച്ചുവെന്ന് റിന്റയും ടോജിയും പറയുന്നു. സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റാണ് ടോജി. എംബിഎ ബിരുദധാരിയായ റിന്റ മക്കള്‍ക്കുവേണ്ടി ഇപ്പോള്‍ ജോലി വേണ്ടെന്നുവച്ചിരിക്കുകയാണ്.
ദൈവത്തിന്റെ വിളിയനുസരിച്ചുള്ള ജീവിതാന്തസ് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ അവിടുത്തെ ഹിതാനുസരണം നിര്‍വഹിക്കുക എന്നതാണ് വിശുദ്ധി പ്രാപിക്കാനും മനുഷ്യന്റെ ആത്യന്തിക ലക്ഷ്യമായ നിത്യഭാഗ്യം സ്വന്തമാക്കാനുമുള്ള വഴി എന്ന ബോധ്യം ഉള്‍ക്കൊണ്ടവരാണ് ടോജി-റിന്റ ദമ്പതികള്‍. ”വിവാഹം കഴിച്ച് മക്കള്‍ക്ക് ജന്മം നല്‍കുവിന്‍… നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്” (ജറെ. 29:5). ഈ ദൈവവചനത്തോട് പ്രത്യുത്തരിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഈ യുവ ദമ്പതികള്‍.
Leave a Comment
Your email address will not be published. Required fields are marked with *