Follow Us On

21

September

2023

Thursday

നക്ഷത്രങ്ങള്‍ പിറന്ന നാളില്‍

നക്ഷത്രങ്ങള്‍ പിറന്ന നാളില്‍

ജോസഫ് മൈക്കിള്‍
[email protected]

വിദേശത്ത് ജനിച്ചു വളര്‍ന്ന ഡോ. ജോര്‍ജ് മാത്യു ജീവിതത്തിന്റെ വഴിത്താരയില്‍വച്ചാണ് ദൈവത്തെ കണ്ടുമുട്ടിയത്. അതിന് നിമിത്തമായത് ഡോക്ടറായ ഭാര്യയും. ഈ ക്രിസ്മസ് കാലത്ത് ഇവരുടെ ഭവനത്തിലും ഒരു ഉണ്ണി പിറക്കും. ഏഴാമത്തെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഡോക്ടര്‍ ദമ്പതികള്‍. ഡോക്ടര്‍മാരുടെ കഥ പറയുന്ന ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു സിനിമയുടെ നിര്‍മാതാവും ഭാഗികമായി അതിന്റെ കഥാകാരനും കൂടിയാണ് ഈ ഡോക്ടര്‍.
ഡോക്ടര്‍ ദമ്പതികള്‍ക്ക് ആറ് മക്കള്‍ എന്നു കേട്ടാല്‍ പലര്‍ക്കും അവിശ്വസനീയതയാകും. ഏഴാമത്തെ കുഞ്ഞിന്റെ ജനനവും പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലാണെന്നും മൂത്ത കുട്ടിയ്ക്ക് ഒമ്പതു വയസേ ആയിട്ടുള്ളൂ എന്നൊക്കെ അറിയുമ്പോള്‍ അമ്പരപ്പ് ഒന്നുകൂടി വര്‍ധിക്കും. ഓര്‍ത്തോപീഡിക്‌സ് സര്‍ജനാണ് ഡോ. ജോര്‍ജ് മാത്യു. ഭാര്യ ഡോ. ശ്വേത പതോളജിസ്റ്റും. നാല് പെണ്‍മക്കളും രണ്ട് ആണ്‍കുട്ടികളുമാണ് ഈ ദമ്പതികള്‍ക്ക്. ഇതിനിടയില്‍ ഒരു കുഞ്ഞ് ഉദരത്തില്‍വച്ച് നഷ്ടപ്പെട്ടിരുന്നു. മെഡിക്കല്‍ ഫീല്‍ഡില്‍ ഇത്രയും മക്കളുള്ള ചെറുപ്പക്കാരായ ദമ്പതികള്‍ വളരെ കുറവായതിനാല്‍ ചിലപ്പോഴെങ്കിലും ഇവര്‍ ഹാസ്യ കഥാപാത്രങ്ങളായിത്തീരാറുണ്ട്.

ദൈവ പദ്ധതിയോടു ചേര്‍ന്നുനില്ക്കുന്നതിന്റെ സന്തോഷമാണ് ഈ കുടുംബത്തെ നയിക്കുന്നത്. യുകെയില്‍നിന്നും മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ വിദഗ്ധ പരിശീലനം നേടിയ ഡോ. ജോര്‍ജ് എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള കീരംപാറയിലും കവളങ്ങാട്ടും വെല്‍കെയര്‍ ഓര്‍ത്തോ സ്‌പെഷ്യാലിറ്റി എന്ന പേരില്‍ സാധാരണ ക്ലിനിക്കുകള്‍ നടത്തുകയാണ്. ജനിച്ചത് വിദേശത്താണെങ്കിലും കുടുംബ വേരുകള്‍ ഇവിടെയാണ്. അറമ്പന്‍കുടി കുടുംബാംഗമായ പിതാവ് ഡോ. ബേബി മാത്യു കീരംപാറ പഞ്ചായത്തുകാരനാണ്. കീരംപാറ താന്‍ ശരിക്കും കാണുന്നത് ഡോക്ടര്‍ ആയതിനുശേഷമാണെന്ന് ഡോ. ജോര്‍ജ് പറയുന്നു. ക്ലിനിക്ക് ആരംഭിച്ചിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. വലിയ സാധ്യതകളുള്ള ഡോക്ടര്‍ സാധാരണ ഗ്രാമത്തില്‍ ഒതുങ്ങുന്നതിന്റെ പിന്നിലും ചില കാരണങ്ങളുണ്ട്. ഡോ. ശ്വേതയുടെ ആഗ്രഹം 11 മക്കള്‍ വേണമെന്നാണ്. ആ രണ്ട് രഹസ്യങ്ങളും വഴിയെ പറയാം.

വീട്ടില്‍ ഡോക്ടര്‍മാര്‍ ആറ്
ഡോ. ജോര്‍ജിന്റേത് ഡോക്ടര്‍മാരുടെ കുടുംബമാണ്. മാതാപിതാക്കളായ സാറാ മാത്യുവും ബേബി മാത്യുവും ഡോക്ടര്‍മാരാണ്. സഹോദരിയും ഭര്‍ത്താവും ഡോക്ടര്‍മാര്‍. ഭാര്യയും ഡോക്ടറായതോടെ അവരുടെ കുടുംബത്തിലെ ഡോക്ടര്‍മാരുടെ എണ്ണം ആറായി. ജോര്‍ജ് ജനിച്ചതും വളര്‍ന്നതും ദുബായിലെ റാസല്‍ഖൈമയിലായിരുന്നു. അവിടെയുള്ള ഒരു ആശുപത്രിയിലായിരുന്നു മാതാപിതാക്കള്‍ക്ക് ജോലി. അങ്ങനെ സ്‌കൂള്‍ വിദ്യാഭ്യാസം ദുബായിലായി. ആത്മീയതയോട് ബന്ധമുള്ളതായിരുന്നില്ല ബാല്യവും കൗമാരവും. എഞ്ചിനീയറിംഗ് പഠനത്തിനായാണ് കേരളത്തില്‍ എത്തിയത്. കോഴിക്കോട് ആര്‍ഇസി കോളജില്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നു. തന്റെ വഴി അതല്ലെന്ന് ഏതാനും മാസങ്ങള്‍കൊണ്ട് ജോര്‍ജ് തിരിച്ചറിഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എഞ്ചിനീയറിംഗിനോട് വിടപറഞ്ഞ് മുംബൈയില്‍ എംബിബിഎസിന് ചേര്‍ന്നു. തുടര്‍ന്ന് എംഎസ് ചെയ്തത് ബംഗളൂരുവിലായിരുന്നു.
2008 ലായിരുന്നു തൊടുപുഴ പുളിമൂട്ടില്‍ കുടുംബാംഗമായ ഡോ. ശ്വേത ജോസുമായുള്ള വിവാഹം. പുളിമൂട്ടില്‍ ടെക്സ്റ്റയില്‍സ് സ്ഥാപകന്റെ മകന്റെ മകള്‍. ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നെങ്കിലും രണ്ട് വ്യത്യസ്തമായ സംസ്‌കാരങ്ങളില്‍നിന്നും വന്നവരായിരുന്നു രണ്ടു പേരും. അവരുടെ ആത്മീയതയിലും അന്തരം ഏറെയായിരുന്നു.

ദൈവാലയത്തോട് മുഖംതിരിച്ച ഡോക്ടര്‍
ഡോ. ജോര്‍ജ് ദൈവാലയത്തില്‍ പോകുന്നതുപോലും വിരളമായിരുന്നു. വിവാഹശേഷമാണ് ഞായറാഴ്ചകളില്‍ സ്ഥിരമായി ദൈവാലയത്തില്‍ പോകാന്‍ ആരംഭിച്ചത്. അതിന്റെ പിന്നിലും ഡോ. ശ്വേതയായിരുന്നു. ആഴമേറിയ ആത്മീയ അടിത്തറയായിരുന്നു ഡോ. ശ്വേതയുടേത്. അമ്മയില്‍നിന്ന് പാരമ്പര്യംപോലെ പകര്‍ന്നുകിട്ടിയതായിരുന്നത്. തനിക്ക് 10 വയസ് കഴിഞ്ഞപ്പോഴായിരുന്നു മാതാപിതാക്കള്‍ ധ്യാനം കൂടി ആത്മീയതയിലേക്ക് വന്നതെന്ന് ഡോ. ശ്വേത പറയുന്നു. നാല് പെണ്‍മക്കളായിരുന്നവര്‍. പിന്നീട് മക്കളെ ക്രിസ്റ്റീന്‍ ധ്യാനത്തിനൊക്കെ വിടുമായിരുന്നു. അങ്ങനെ ആത്മീയത രൂപപ്പെട്ടെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ ആ ബന്ധം കുറഞ്ഞു. എംബിബിഎസ് പഠനം മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജിലായിരുന്നു. അവിടെവച്ച് ജീസസ് യൂത്തുമായി ബന്ധമുണ്ടായി. ആ കാലങ്ങളില്‍ ദിവസവും വി. കുര്‍ബാന മുടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

തന്നെ ആത്മീയതയുടെ വഴികളിലേക്ക് എത്തിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും ഭാര്യക്കാണ് ഈ ഭര്‍ത്താവ് നല്‍കുന്നത്. ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഡോ. ജോര്‍ജ് ആദ്യം ധ്യാനം കൂടുന്നത്. തുടക്കത്തില്‍ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. അതു പിന്നീട് ആസ്വദിച്ചുതുടങ്ങിയെന്നാണ് ഡോക്ടര്‍ പറയുന്നത്. ആദ്യമൊക്കെ ധ്യാനത്തിന് പോകുമ്പോള്‍ മനസിലുള്ള ആശയങ്ങള്‍ എഴുതാനും ചിന്തിക്കാനുമുള്ള അവസരമായാണ് കണ്ടിരുന്നത്. ആരോടും ഒന്നും സംസാരിക്കണ്ട. ആലോചിക്കാന്‍ ഇഷ്ടംപോലെ സമയം ലഭിക്കുന്നു.

മൂന്നു വര്‍ഷത്തെ കാത്തിരിപ്പ്
വിവാഹം കഴിഞ്ഞ ഉടനെ കുഞ്ഞുങ്ങള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും മൂന്ന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു ആദ്യത്തെ കുഞ്ഞിനെ ലഭിക്കാന്‍. തനിക്ക് വണ്ണം അല്പം കൂടുതല്‍ ഉള്ളതുകൊണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടാകുമോ എന്നൊക്കെയുള്ള സന്ദേഹങ്ങള്‍ മനസില്‍ കയറിക്കൂടിയിരുന്നതായി ഡോ. ശ്വേത ഓര്‍മിക്കുന്നു. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുശേഷം എംസിഎച്ച് പഠിക്കുന്നതിനായി ഡോ. ജോര്‍ജ് യുകെയിലേക്ക് യാത്രയായി.
ഒന്നര വര്‍ഷം യുകെയിലായിരുന്നു. മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ സ്‌പെഷ്യലൈസു ചെയ്തു. ആ സമയം ഡോ. ശ്വേത മംഗലാപുരത്ത് സ്വകാര്യ മെഡിക്കല്‍ കോളജില്‍ പതോളജിയില്‍ (ബയോപ്‌സി റിപ്പോര്‍ട്ട് നല്‍കുന്നവര്‍) പിജിക്കു പഠിക്കുകയായിരുന്നു. യുകെയില്‍നിന്നും തിരിച്ചെത്തിയ ഡോ. ജോര്‍ജ് അസോസിയേറ്റ് പ്രഫസറായി ഡോ. ശ്വേത പഠിച്ചിരുന്ന മെഡിക്കല്‍ കോളജില്‍ ജോയിന്‍ ചെയ്തു.

മംഗലാപുരത്ത് താമസം ആരംഭിച്ചതിനുശേഷം അവര്‍ ഒരുമിച്ച് ദമ്പതി ധ്യാനത്തില്‍ പങ്കെടുത്തു. അതും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. പിജി പഠനകാലത്താണ് മൂത്തമകളുടെ ജനനം. അന്യ നാട്ടിലായിരുന്നെങ്കിലും എല്ലാം ദൈവം ക്രമീകരിക്കുന്നതു പോലെയായിരുന്നു കാര്യങ്ങള്‍. ഇവിടെ എച്ച്ഒഡിയുടെ രൂപത്തിലായിരുന്നു ദൈവം പ്രവര്‍ത്തിച്ചത്. പിജി ചെയ്യുന്ന സമയത്തുതന്നെ കുഞ്ഞുങ്ങള്‍ ഉണ്ടാകണമെന്നതായിരുന്നു ആ വനിതാ ഡോക്ടര്‍ എപ്പോഴും വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചിരുന്നത്.

ഭാര്യയുടെ ആഗ്രഹം ഭര്‍ത്താവിന്റെയും
അതിന്റെ പിന്നില്‍ ഉണ്ടായിരുന്നത് വേദനിപ്പിക്കുന്ന ഒരു അനുഭവമായിരുന്നു. ആ ഡോക്ടര്‍ പിജിക്കു പഠിക്കുമ്പോഴായിരുന്നു അവര്‍ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. അക്കാലത്ത് സഹായിക്കാനോ പിന്തുണക്കാനോ ആരും ഇല്ലാതിരുന്നതിനാല്‍ ഏറെ പ്രയാസപ്പെട്ടു. അതുകൊണ്ടുതന്നെ ഡോക്ടര്‍ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞു സഹായിക്കുമായിരുന്നു. കുഞ്ഞിന് പാലുകൊടുക്കാന്‍ ഇടവേളകളില്‍ അവര്‍ പറഞ്ഞയച്ചിരുന്നു. അടുത്താണ് താമസിച്ചിരുന്നെങ്കിലും അന്നത്തെ ഓട്ടം അല്പം കടുപ്പമേറിയതായിരുന്നു എന്ന് ഡോ. ശ്വേത ഓര്‍മിക്കുന്നു.

മകള്‍ ജനിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ ഡോ. ജോര്‍ജിന് വിദേശത്ത് മികച്ച ജോലി ലഭിച്ചു. വിദേശത്തേക്ക് പോയെങ്കിലും ഒരു മാസത്തിനുശേഷം തിരികെവന്നു. കുടുംബത്തിന്റെ കൂടെ നില്ക്കുകയാണെന്ന ഉറച്ച തീരുമാനത്തോടെ. ഇതിനിടയില്‍ ഡോ. ശ്വേതയുടെ പിജി പഠനം പൂര്‍ത്തിയായിരുന്നു. രണ്ടുപേരും എറണാകുളം ജില്ലയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജില്‍ അസോസിയേറ്റ് പ്രഫസര്‍മാരായി ജോയിന്‍ ചെയ്തു.

മകള്‍ ജനിച്ച് 10 മാസം കഴിഞ്ഞപ്പോള്‍ രണ്ടാമത് ഗര്‍ഭിണിയായി. മകള്‍ക്കു കൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ല സമ്മാനമാണ് സഹോദരങ്ങള്‍ എന്ന ചിന്തയായിരുന്നു അവരെ നയിച്ചത്. കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടങ്ങളെക്കാളും നല്ലത് സഹോദരങ്ങള്‍ ആണെന്ന തിരിച്ചറിവ്. പിന്നീട് ഒന്നര-രണ്ടു വര്‍ഷത്തെ ഇടവേളകളില്‍ കുഞ്ഞുങ്ങള്‍ ഉണ്ടായി. ആദ്യത്തെ ഒന്നും രണ്ടും കുടുംബത്തില്‍ മക്കള്‍ വേണമെന്ന സ്വഭാവിക ചിന്തയുടെ ഭാഗമായിട്ടായിരുന്നു. എന്നാല്‍, പിന്നീട് മക്കള്‍ ദൈവത്തിന്റെ അനുഗ്രഹമാണെന്ന തിരിച്ചറിവിലേക്ക് എത്തുകയായിരുന്നു. മൂന്നാമത്തെ കുഞ്ഞിന് ശേഷമാണ് കൂടുതല്‍ കുട്ടികള്‍ വേണമെന്ന തീരുമാനത്തിലേക്ക് അവര്‍ എത്തിയത്. 5 കുട്ടികള്‍ ആകുന്നതുവരെ ഡോ. ശ്വേത പ്രാക്ടീസ് ചെയ്തിരുന്നു. ഇപ്പോള്‍, മക്കള്‍ക്കുവേണ്ടി തല്‍ക്കാലം പ്രാക്ടീസ് വേണ്ടെന്നുവച്ചിരിക്കുകയാണ്. റെയ്ച്ചല്‍ (9), ജസിക്ക (7), മിഷേല്‍ (5), ജോസഫിന്‍ (4), ബഞ്ചമിന്‍ (2.5), ദാനിയേല്‍ (1.5) എന്നിവരാണ് മക്കള്‍. എല്ലാ പ്രസവങ്ങളും നോര്‍മലായിരുന്നു. ഭാര്യക്കാണ് കൂടുതല്‍ മക്കള്‍ വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നത്. തന്നിലേക്ക് ആ ആഗ്രഹം പതുക്കെ എത്തുകയായിരുന്നു എന്നാണ് ഡോ. ജോര്‍ജ് പറയുന്നത്.

തിരക്കഥാകൃത്ത്, നിര്‍മാതാവ്
അക്ഷരങ്ങള്‍ ചെറുപ്പം മുതല്‍ ഡോ. ജോര്‍ജിന്റെ കൂട്ടുകാരായിരുന്നു. അങ്ങനെ എഴുതിതുടങ്ങി. ജീവിതം മറ്റു മേഖലകളിലേക്ക് പറിച്ചുനടപ്പെട്ടെങ്കിലും സാഹിത്യവും ചെറുകഥകളുമൊക്കെ മനസിന്റെ കോണില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് സിനിമയുടെ ലോകത്തേക്ക് എത്തിയത്. ഏറെ ഇഷ്ടമുള്ള എഴുത്തിന്റെയും സിനിമയുടെയും വഴികളിലൂടെയാണ് ദൈവം തന്നെ വിളിച്ചതെന്നാണ് ഡോക്ടര്‍ പറയുന്നത്. സിനിമപോലുള്ള മേഖലകളിലേക്ക് വരുമ്പോള്‍ ദൈവത്തില്‍നിന്ന് അകന്നുപോകുന്നതാണ് പൊതുവേ കണ്ടുവരുന്നത്. എന്നാല്‍, സിനിമ ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചതിന്റെ കഥകളാണ് ഈ ഡോക്ടര്‍ക്ക് പറയാനുള്ളത്.

സുരേഷ് ഗോപി നായകനായ ‘അപ്പോത്തിക്കിരി’യുടെ നിര്‍മാതാവാണ് ഡോ. ജോര്‍ജ് മാത്യു. അതിന്റെ കഥ രൂപപ്പെടുത്തിയതിന്റെ പിന്നിലും ഡോക്ടറുടെ കരങ്ങളുണ്ട്. ആ സിനിമയുടെ അസോസിയേറ്റ് തിരക്കഥാകൃത്തുകൂടിയാണ്. 2013 ലായിരുന്നു സിനിമയുടെ നിര്‍മാണം ആരംഭിച്ചത്. അപ്പോത്തിക്കിരി ലാറ്റിന്‍ വാക്കാണ്. സുഖപ്പെടുത്തുന്നവന്‍ എന്നാണ് അര്‍ത്ഥം. ഡോക്ടര്‍മാരെക്കുറിച്ചായിരുന്നു സിനിമ. അതും അല്പം വിമര്‍ശനാത്മകമായി. സ്വാഭാവികമായും വിവാദങ്ങള്‍ ഉണ്ടായി. ഏതു മേഖലയിലാണെങ്കിലും സുവിശേഷാധിഷ്ഠിതമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്ന തിരിച്ചറിവിന്റെ കാലംകൂടിയായിരുന്നു സിനിമയിലെ പ്രവര്‍ത്തന കാലം.

 

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്
മൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് പ്രാക്ടീസ് ചെയ്യാന്‍ വിഷമിക്കുന്ന ഒരു ഡോക്ടറുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയായിരുന്നു അപ്പോത്തിക്കിരി. വലിയ ആശുപത്രിയിലെ ജോലി വേണ്ടെന്നുവച്ച് ചെറിയ ആശുപത്രിയിലേക്ക് പോകുന്ന ഡോക്ടറുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. മരുന്നു കമ്പനികളുമായുള്ള ഡോക്ടര്‍മാരുടെ അവിശുദ്ധ ബന്ധവും രോഗികളില്‍ നടത്തുന്ന മരുന്ന് പരീക്ഷണവുമൊക്കെ സിനിമ ചര്‍ച്ചചെയ്യുന്നുണ്ട്. തന്റെ രോഗിയില്‍ മരുന്ന് പരീക്ഷണം നടത്തുന്ന ഡോക്ടര്‍ അപകടത്തെതുടര്‍ന്ന് കോമയിലാകുമ്പോള്‍ ആ മരുന്ന് അദ്ദേഹത്തിന്റെ ശരീരത്തിലും കുത്തിവയ്ക്കപ്പെടുകയാണ്.

ജീവിതത്തിനും മരണത്തിനും ഇടയിലൂടെ സഞ്ചരിക്കുമ്പോള്‍ സ്‌ക്രീനില്‍ എന്നവണ്ണം തെളിയുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന തിരിച്ചറിവുകളില്‍ മാറിമറിയുന്ന ഡോക്ടറുടെ ജീവിതമാണ് സിനിമയുടെ കേന്ദ്രബിന്ദു. 2014 ല്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് സിനിമയ്ക്ക് ലഭിച്ചിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചു. പിന്നീട് ഒരു സിനിമയ്ക്ക് സ്‌ക്രിപ്റ്റ് എഴുതി, താരങ്ങളുടെ ഡേറ്റ് ലഭിച്ചു. എന്നാല്‍ അപ്പോഴേക്കും സമാനമായ സിനിമ ഇറങ്ങി. സൂപ്പര്‍ഹിറ്റ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍.

ആരോഗ്യമേഖലയിലെ ശുശ്രൂഷയാണ് ദൈവം എന്നില്‍നിന്ന് ആഗ്രഹിക്കുന്നതെന്ന തിരിച്ചറിവാണ് തുടര്‍ന്ന് സിനിമയില്‍നിന്നും അകലംപാലിക്കാന്‍ കാരണമായത്; ഡോ. ജോര്‍ജ് പറയുന്നു. ഭാവിയില്‍ താന്‍ ആത്മീയ ശുശ്രൂഷകനായാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍ അതോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നു. ദൈവം നാളെ തന്നോട് രോഗീ ശുശ്രൂഷയ്ക്കുപകരം ആത്മീയ ശുശ്രൂഷ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ പൂര്‍ണ സന്തോഷത്തോടെ അതു ചെയ്യുമെന്ന് ഡോ. ജോര്‍ജ് പറയുന്നത്. അങ്ങനെയൊരു പ്രാര്‍ത്ഥന മനസില്‍ രൂപപ്പെട്ടു കഴിഞ്ഞു. ഡോ. ജോര്‍ജിന് ഇപ്പോഴും മലയാളം നന്നായി വഴങ്ങില്ല. വായിക്കനറിയാം, എഴുതാന്‍ ബുദ്ധിമുട്ടാണ്. സ്‌ക്രിപ്റ്റ് എഴുതുന്നത് മംഗ്ലീഷിലാണ്.

ദൈവത്തിന്റെ സമ്മാനങ്ങള്‍
ഡോ. ശ്വേതയെ സംബന്ധിച്ച് ഓരോ പ്രസവം കഴിയുംതോറും ബുദ്ധിമുട്ടുകള്‍ കുറഞ്ഞുവരുകയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല. അതിനെ ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്. മാത്രമല്ല, ഓരോ ജനനം കഴിയുംതോറും ദൈവത്തോട് കൂടുതല്‍ അടുക്കുന്ന അനുഭവമാണ് ഉള്ളത്. ഓരോ കുഞ്ഞും സ്വാഭാവികമായി ജനിക്കുന്നതല്ല, ദൈവം നല്‍കുന്ന സമ്മാനമായിട്ടാണ് ഇവര്‍ കാണുന്നത്. ഉദരത്തില്‍വച്ച് കുഞ്ഞു നഷ്ടപ്പെട്ടപ്പോള്‍ ഉള്‍ക്കൊള്ളാന്‍ ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നു. കുടുംബത്തിനുവേണ്ടി മാധ്യസ്ഥം വഹിക്കാന്‍ സ്വര്‍ഗത്തില്‍ ഒരാളുണ്ട് എന്നൊരു ബോധ്യത്തിലേക്ക് എത്തിയപ്പോഴാണ് അംഗീകരിക്കാന്‍ സാധിച്ചത്.

ആദ്യത്തേത് നാലും പെണ്‍കുട്ടികളായപ്പോള്‍ ആണ്‍കുഞ്ഞിനുവേണ്ടിയായിരിക്കും കാത്തിരിക്കുന്നതെന്ന് കരുതിയവര്‍ ഉണ്ടായിരുന്നു. അഞ്ചാമത് ആണ്‍കുട്ടി പിറന്നതിനുശേഷം വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ആണ്‍കുഞ്ഞിനുവേണ്ടി അല്ലായിരുന്നോ കാത്തിരുന്നത് എന്നു ചോദിച്ചവരുണ്ട്. മൂത്തമക്കള്‍ നാലും പെണ്‍കുട്ടികള്‍ ആയപ്പോള്‍ ചിലര്‍ അടക്കംപറഞ്ഞു. ഇതു പാരമ്പര്യമാണെന്ന വിധത്തില്‍. കാരണം, ഡോ. ശ്വേതയുടെ വീട്ടില്‍ അവര്‍ നാല് പെണ്‍മക്കളാണ്.
മൂത്തമക്കളില്‍ അമ്മഭാവം വളരുന്നുണ്ട്. ഒമ്പതും ഏഴും വയസുകാര്‍ സഹോദരങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന ശ്രദ്ധ അത്രയുമാണെന്ന് ഡോ. ശ്വേത പറയുന്നു. മൂത്തമക്കള്‍ക്കുള്ള ശ്രദ്ധ കുറയുന്നില്ലേ എന്ന ചോദ്യം പലയിടത്തുനിന്നും ഉണ്ടാകാറുണ്ട്. എന്നാല്‍, അതില്‍ കഴമ്പില്ല. മൂത്തവര്‍ ഇളയവരുടെ കാര്യം നോക്കാന്‍ കഴിയുന്ന വിധത്തിലേക്ക് വളര്‍ന്നിരിക്കുന്നു. ഷെയറിംഗ്-കെയറിംഗ് എന്നതാണ് വ്യക്തിത്വ വികസനത്തിലെ ഏറ്റവും നല്ല പാഠങ്ങളെന്ന് ഡോ. ശ്വേത പറയുന്നു. ഒരു കുഞ്ഞിന്റെ കൈകാലുകള്‍ വളരുന്നുണ്ടോ എന്ന് നോക്കുന്നതിലും എത്രയോ നല്ലതാണ് കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കുന്നതെന്ന് അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് ഈ ദമ്പതികള്‍ ചോദിക്കുന്നു.

സംശയങ്ങള്‍ക്കൊരു മറുപടി
”വിവാഹത്തിന്റെ സമയത്ത് തനിക്ക് ഉണ്ടായിരുന്നതിലും ഉറച്ച ആത്മീയ അടിത്തറ ഭര്‍ത്താവില്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ എന്നെക്കാള്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നത് അദ്ദേഹമാണ്. എല്ലാ ദിവസവും കുര്‍ബാനയില്‍ പങ്കെടുക്കും. മൂത്ത രണ്ട് മക്കളെയും കൂട്ടിയാണ് ദൈവാലയത്തില്‍ പോകുന്നത്. രണ്ട് ജപമാല എങ്കിലും ദിവസവും വ്യക്തിപരമായി ചൊല്ലും. എത്ര താമസിച്ചു കിടന്നാലും നേരത്തെ എഴുന്നേറ്റു പ്രാര്‍ത്ഥിക്കും.” ഡോ. ശ്വേത പറയുന്നു. എല്ലാ ദിവസവും അതിരാവിലെ എഴുന്നേറ്റ് പ്രാര്‍ത്ഥിക്കുന്നത് ഡോ. ജോര്‍ജിന്റെ മുടക്കമില്ലാത്ത പതിവുകളില്‍ ഒന്നാണ്. അതിനിടയില്‍ കുട്ടികളുടെ ബഹളങ്ങള്‍ സാധാരണമാണ്. എങ്കിലും പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നു എന്നാണ് ഡോക്ടറുടെ അനുഭവം. ഇത്രയും മക്കളുള്ളവര്‍ പുതിയ തലമുറയില്‍ അവരുടെ കുടുംബത്തിലോ ബന്ധുക്കളിലോ ആരുമില്ല.
ജനിച്ചതും വളര്‍ന്നതും വിദേശത്ത്, പഠിച്ചത് മുംബൈയില്‍, യു.കെയില്‍ ഉന്നത പഠനം, മെഡിക്കല്‍ കോളജിലെ ജോലി ഉപേക്ഷിച്ച് നാട്ടിന്‍പുറത്തെ ചെറിയ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുന്നു, അതും മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ സ്‌പെഷ്യലൈസ് ചെയ്‌തൊരാള്‍. എന്താണ് ഇങ്ങനെ? ഗ്രാഫ് തിരിച്ചല്ലേ വരേണ്ടത്? അനേകരുടെ സംശയമാണിത്.
ദൈവത്തിന്റെ പദ്ധതിയായിട്ടാണ് ഡോ. ജോര്‍ജ് ഇതിനെ കാണുന്നത്. ലോകത്തിന്റെ വഴി വേണോ ദൈവത്തിന്റെ വഴി വേണോ എന്നൊരു ചോദ്യം ഹൃദയത്തില്‍ മുഴങ്ങിയപ്പോള്‍ ദൈവത്തിന്റെ വഴിക്ക് സമ്മതം പറഞ്ഞു. മെഡിക്കല്‍ കോളജില്‍നിന്നും രാജിവച്ചപ്പോള്‍ വട്ടായോ എന്ന് ചോദിച്ചവരുണ്ട്. ദിവസംചെല്ലുംതോറും പ്രാക്ടീസ് തിരക്കുള്ളതായി മാറുകയാണ്. വലിയ ആശുപത്രികളില്‍ ചെയ്യേണ്ട പലതും നിസാരമായി ചെറിയ ചെലവില്‍ ചെയ്യാന്‍ സാധിക്കുന്നു.

അധ്യാപികയുടെ വിഷമങ്ങള്‍
മുട്ടുമാറ്റല്‍ പോലുള്ള വലിയ ശസ്ത്രക്രിയകള്‍ മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കോതമംഗലത്തുള്ള ‘ധര്‍മ്മഗിരി’ ആശുപത്രിയിലാണ് ഇപ്പോള്‍ ചെയ്യുന്നത്. വീഴ്ചയില്‍ ഇടുപ്പ് എല്ല് ഒടിഞ്ഞ് കിടപ്പിലായ 98 കാരിയുടെ ഇടുപ്പ് ശസ്ത്രക്രിയ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വിജയകരമായി നടത്തിയ ഡോ. ജോര്‍ജ് വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. വെല്‍കെയര്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ പിതാവ് ഡോ. ബേബി മാത്യുവിന്റെ നേതൃത്വത്തിലാണ്. അമ്മ ഡോ. സാറാ മാത്യു ഇപ്പോള്‍ പ്രാക്ടീസ് ചെയ്യുന്നില്ല. എന്തുകൊണ്ട് വിദേശത്തുപോകുന്നില്ല എന്ന ചോദ്യവും ഉയരാറുണ്ട്. ദൈവം തന്നോട് ആവശ്യപ്പെടുന്നത് ഇതാണെന്ന തിരിച്ചറിവാണ് ഡോ. ജോര്‍ജിനെ മുമ്പോട്ടു നയിക്കുന്നത്. തനിക്ക് ഗ്രാമത്തിലെ ആശുപത്രിയില്‍ വലിയ സന്തോഷത്തോടെ ജോലി ചെയ്യാന്‍ കഴിയുന്നതിന്റെ കാരണം ആത്മീയ ബലമാണെന്ന് ഡോക്ടര്‍ക്ക് നിശ്ചയമുണ്ട്.

അധ്യാപനം വളരെ ഇഷ്ടപ്പെട്ടിരുന്ന ഡോ. ശ്വേതയ്ക്ക് അതു നഷ്ടമാകുന്നതിന്റെ ചെറിയൊരു വിഷമം ഉണ്ട്. പരീക്ഷാ ഡ്യൂട്ടികള്‍ക്ക് പോകാറുണ്ട്. സ്വന്തമായി വരുമാനം ഇല്ലാത്തതിന്റെ വിഷമം ചിലപ്പോള്‍ അനുഭവപ്പെടും. എന്നാല്‍, പണത്തില്‍ അല്ല കാര്യമെന്ന തിരിച്ചറിവുകൊണ്ട് അതിനെ മറികടക്കുമെന്നാണ് ഡോ. ശ്വേത പറയുന്നത്. ദൈവം എത്ര മക്കളെ തന്നാലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ഡോ. ജോര്‍ജ് പറയുമ്പോള്‍ ഡോ. ശ്വേതയുടെ ആഗ്രഹം 11 എന്നാണ്. സ്വന്തമായി ഫുട്‌ബോള്‍, ക്രിക്കറ്റ് ടീം ഉണ്ടാക്കണമെങ്കില്‍ 11 വേണ്ടേ എന്നാണ് ഡോ. ശ്വേതയുടെ തമാശ നിറഞ്ഞ ചോദ്യം.
അപ്പോത്തിക്കിരി എന്ന സിനിമയിലേക്ക് ഒരിക്കല്‍ക്കൂടി തിരികെപോകാം. മരിച്ചെന്ന് എല്ലാവരും വിധിയെഴുതിയ ഡോക്ടര്‍ ജീവിതത്തിലേക്ക് തിരികെ എത്തുമ്പോള്‍ ആശുപത്രിയെ ആണ് എല്ലാവരും പുകഴ്ത്തുന്നത്. എന്നാല്‍, ഡോക്ടര്‍ അതു നിഷേധിക്കുന്നു. ദൈവത്തിന്റെ കരങ്ങളാണ് തന്നെ രക്ഷിച്ചതെന്നാണ് ഡോക്ടറുടെ വാക്കുകള്‍. അതുകൊണ്ട് ഇനി എന്റെ നാട്ടിലെ പാവങ്ങളെ ശുശ്രൂഷിക്കാന്‍ ജീവിതം മാറ്റിവയ്ക്കുകയാണെന്നു പറഞ്ഞ് ഡോക്ടര്‍ അവിടെനിന്നും പടിയിറങ്ങുകയാണ്. കഥയിലൂടെ തന്റെ മനസുകൂടിയാകും ഒരുപക്ഷേ ഡോ. ജോര്‍ജ് ആ കഥാപാത്രത്തെക്കൊണ്ട് പറയിച്ചിട്ടുണ്ടാകുക.
സിംപിള്‍ ആയിട്ടു പ്രസവിച്ചുവരുന്നു എന്നൊരു തമാശ ചിലരെങ്കിലും ഡോ. ശ്വേതയെക്കുറിച്ച് പറയാറുണ്ട്. പോകുന്നു, പ്രസവിച്ചു തിരിച്ചുവരുന്നു, ആരും അറിയുന്നില്ല. ഓരോ കുഞ്ഞ് ഉണ്ടാകുമ്പോഴും ദൈവം നമ്മെ സന്ദര്‍ശിക്കാന്‍ വരുമെന്നാണ് അനുഭവത്തില്‍നിന്നും ഡോക്ടര്‍ പറയുന്നത്. അതെ, ദൈവത്തിന്റെ സന്ദര്‍ശനങ്ങള്‍ ഇനിയും ഉണ്ടാകട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?