Follow Us On

29

March

2024

Friday

‘വിശുദ്ധ അൽഫോൻസാമ്മ’ സീരിയലിന്റെ സംവിധായകൻ സിബി യോഗ്യാവീടൻ യാത്രയായി

പ്രിന്‍സ് അശോക്

‘വിശുദ്ധ അൽഫോൻസാമ്മ’ സീരിയലിന്റെ സംവിധായകൻ സിബി യോഗ്യാവീടൻ യാത്രയായി

മികച്ച കലാസൃഷ്ടികളിലൂടെ ക്രിസ്തുവിന്റെ സുവിശേഷം ജനലക്ഷങ്ങളിലെത്തിച്ച പ്രഗത്ഭ തിരക്കഥാകൃത്തും സംവിധായകനും ശാലോം ടെലിവിഷന്റെ ചീഫ് പ്രൊഡ്യൂസറുമായിരുന്ന സിബി യോഗ്യാവീടൻ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖം മൂലം ഇന്ന് (ഡിസംബര്‍ 30) രാവിലെ 11ന് പെരുമ്പാവൂര്‍ സാന്‍ജോ ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം.
സിബി യോഗ്യാവീടന്‍ സംവിധാനം ചെയ്ത് ശാലോം ടി.വി  നിര്‍മിച്ച ‘വിശുദ്ധ അല്‍ഫോന്‍സാമ്മ- ദ പാഷന്‍ ഫ്‌ളവര്‍’, ‘വിശുദ്ധ മറിയം ത്രേസ്യാ- കുടുംബങ്ങളുടെ മധ്യസ്ഥ’, ‘തപസ്വിനി -വിശുദ്ധ എവുപ്രാസ്യാമ്മ’ എന്നീ ടെലീസീരിയലുകള്‍ക്ക് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

ബാബാ ക്രിസ്തുദാസിന്റെ ജീവിതം പ്രമേയമാക്കിയ ‘ഇന്ത്യയുടെ ഡാമിയന്‍’, പ്രോ ലൈഫ് സന്ദേശം പകരുന്ന ‘മദര്‍ സേവ് മീ’ എന്നീ ഡോക്യുമെന്ററികള്‍ക്ക് ഗലീലിയന്‍ ഇന്റര്‍നാഷല്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ശാലോമിന്റെ ആത്മീയ പിതാവായിരുന്ന മോണ്‍. സി.ജെ. വര്‍ക്കിയച്ചനെക്കുറിച്ചുള്ള ‘ഗുരുദക്ഷിണ’, ‘ഇന്‍ഡോര്‍ റാണി’, ‘ധന്യന്‍ വിതയത്തിലച്ചന്‍’, ‘അനാമിക’ എന്നിവ സിബി യോഗ്യാവീടന്റെ ശ്രദ്ധേയമായ ഡോക്യുഫിക്ഷനുകളാണ്. ‘ഊന്നുവടികള്‍’ എന്ന ടെലിഫിലിം ഉള്‍പ്പെടെ ആറ് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും  ലഭിച്ചിട്ടുണ്ട്. കൂടാതെ കെ.സി.ബി.സി മാധ്യമ പുരസ്‌കാരവും അന്താരാഷ്ട്ര ക്രിസ്ത്യന്‍ മാധ്യമ പുരസ്‌കാരമായ രണ്ട് ഗലീലിയന്‍ അവാര്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലുള്ള മുഹമ്മയിലെ പ്രശസ്ത കുടുംബമായ യോഗ്യാവീട്ടിലെ ചാണ്ടിയുടെയും ആനിയമ്മയുടെയും എട്ട് മക്കളില്‍ നാലാമനായി ജനിച്ചു. സിബി ജന്മനാ കലാകാരനായിരുന്നുവെന്ന് യോഗ്യാവീട്ടിലെ കാര്‍ണവര്‍ പറയുമായിരുന്നു. ജനിച്ച് ആശുപത്രിയില്‍നിന്നും വീട്ടിലേക്ക് കുഞ്ഞിനെയുംകൊണ്ട് പോകുംവഴി അമ്മാവന്‍ അന്ന് അടുത്ത തിയറ്ററില്‍ മാറ്റിനിയായി പ്രദർശിപ്പിച്ചിരുന്ന ഹോളിവുഡ് ചലച്ചിത്രമായ ‘ബന്‍ഹര്‍’ കാണാന്‍ കയറി.

ആ ചലച്ചിത്രം തീരുന്നതുവരെ ഏതാണ്ട് മൂന്നു മണിക്കൂറോളം കുഞ്ഞുസിബി
ആ സിനിമ ഇമവെട്ടാതെ കണ്ട് ആസ്വദിക്കുന്ന കാഴ്ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.  പിന്നീട് വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ നൂറില്‍ അധികം കുടുംബാംഗങ്ങളുള്ള തന്റെ കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കുന്ന സന്ദര്‍ഭങ്ങളില്‍ സിബിയുടെ രചനയിലും സംവിധാനത്തിലും നാടകങ്ങള്‍ അവതരിപ്പിക്കുക പതിവായിരുന്നു. സുഹൃത്തുക്കള്‍ പറയുന്നത് ഇദ്ദേഹം നല്ലൊരു നടനുകൂടിയായിരുന്നുവെന്നാണ്.

സിനിമയില്‍ ഹിറ്റുകള്‍ സൃഷ്ടിച്ച നവോദയ സ്റ്റുഡിയോയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമായിരുന്നു ഈ കലാകാരന് കോളജ് പഠനകാലത്ത്. അങ്ങനെ ഒരുപിടി നല്ല ചലച്ചിത്രങ്ങള്‍ കൂടാതെ ഇന്ത്യയിലെ ആദ്യത്തെ 70 എം.എം, ആദ്യത്തെ ‘3 ഡി’  സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. അതുകൂടാതെ അന്നത്തെ പല പ്രഗത്ഭ സംവിധായകരുടെ ഒപ്പം പ്രവര്‍ത്തിക്കാനും ഇടയായി.

മൂല്യവത്തായ ചലച്ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹിച്ചിരിക്കുമ്പോഴായിരുന്നു ശാലോം ടി.വി തുടങ്ങുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത കേള്‍ക്കുന്നതും അതില്‍ പ്രവര്‍ത്തിക്കാനുള്ള ക്ഷണം ലഭിക്കുന്നതും. ഇത് ദൈവം തന്നെ പ്രത്യേകമായി തിരഞ്ഞെടുത്തതാണെന്ന ഉത്തമ ബോധ്യത്തില്‍ തന്റെ അറിവും കഴിവുകളും പൂര്‍ണമായി കര്‍ത്താവിനുവേണ്ടി വിനിയോഗിക്കുവാന്‍ തീരുമാനിച്ചുകൊണ്ടാണ് ശാലോമിന്റെ പടികയറിയത്. പിന്നീട് സംഭവിച്ചതെല്ലാം ദൈവകൃപയുടെ അനുഭവങ്ങളായിരുന്നു.

സിബി യോഗ്യാവീടന്റെ രചനയിലും സംവിധാനത്തിലും സൃഷ്ടിക്കപ്പെട്ട മികച്ച ടെലിസീരിയലുകളിലൂടെ വന്നവരാണ് ഇന്നത്തെ ചലച്ചിത്ര താരങ്ങളായ മിയയും നിഖിലയുമടക്കം  പലരും. നവോദയ അപ്പച്ചന്‍, ജിജോ, സിബി മലയില്‍, ജോഷി, പ്രിയദര്‍ശന്‍, ഫാസില്‍, സ്റ്റാന്‍ലി ജോസ്, പോള്‍സണ്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ ശാലോമിലെ തന്റെ ഷൂട്ടിംഗ് സെറ്റുകളില്‍ അഭിമാനത്തോടെ അദ്ദേഹം പങ്കുവയ്ക്കുമായിരുന്നു.
തന്റെ കലാസൃഷ്ടികള്‍ ഒരിക്കലും പ്രേക്ഷകര്‍ക്ക് മടുപ്പുളവാക്കരുതെന്ന നിര്‍ബന്ധം ഉണ്ടായിരുന്നു ഈ കലാകാരന്. ശാലോമില്‍ ചീഫ് പ്രൊഡ്യൂസര്‍ എന്നതിനെക്കാളുപരി എല്ലാവരുടെയും സുഹൃത്തും സഹോദരനുമായിരുന്നു സിബി യോഗ്യാവീടന്‍.

പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരനെയാണ് ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നത്. കര്‍ത്താവ് തിരഞ്ഞെടുത്ത ആ പ്രതിഭയുടെ മിഴികള്‍ ഇന്ന് അടഞ്ഞിരിക്കുകയാണ് – നവചൈതന്യത്തിന് ആരംഭം കുറിക്കാന്‍. വിശുദ്ധരായ അല്‍ഫോന്‍സാമ്മയുടെയും മറിയം ത്രേസ്യായുടെയും എവുപ്രാസ്യാമ്മയുടെയും  വാഴ്ത്തപ്പെട്ട റാണി മരിയയുടെയും ധന്യന്‍ വിതയത്തിലച്ചന്റെയും മാധ്യസ്ഥവും പ്രാര്‍ത്ഥനയും അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്ന് തീര്‍ച്ച.
ഭാര്യ: റാണി സിബി. മകന്‍: ചാണ്ടി നാനാര്‍ (പ്രൊഡ്യൂസര്‍, ശാലോം വേള്‍ഡ്). മകള്‍: അന്നാ സിബി. മരുമകള്‍: ജിംസാ (യു.കെ)  മുഹമ്മ സെന്റ് ജോര്‍ജ് ദൈവാലയ സെമിത്തേരിയില്‍ നാളെ (ഡിസംബര്‍ 31) ഉച്ചകഴിഞ്ഞ് മൂന്നിന് സംസ്‌കാരം നടക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?