Follow Us On

19

April

2024

Friday

പട്ടിക്കും പൂച്ചയ്ക്കുമെല്ലാം മക്കളുടെ സ്ഥാനം നൽകുന്ന പ്രവണതയ്‌ക്കെതിരെ തുറന്നടിച്ച് പാപ്പ

പട്ടിക്കും പൂച്ചയ്ക്കുമെല്ലാം മക്കളുടെ സ്ഥാനം നൽകുന്ന പ്രവണതയ്‌ക്കെതിരെ തുറന്നടിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: കുഞ്ഞുങ്ങൾക്ക് പകരമായി പട്ടിയെയും പൂച്ചയെയുമെല്ലാം പ്രതിഷ്ഠിക്കുന്ന പ്രവണതയ്‌ക്കെതിരെ തുറന്നടിച്ച് ഫ്രാൻസിസ് പാപ്പ. പിതൃത്വത്തെയും മാതൃത്വത്തെയും നിരാകരിക്കുന്ന ഈ നിഷേധാത്മകത നമ്മെ ക്ഷയിപ്പിക്കുമെന്നും പാപ്പ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസത്തെ പൊതുസന്ദർശമധ്യേ, വിശുദ്ധ യൗസേപ്പിതാവിനെ അധികരിച്ചുള്ള പ്രബോധന പരമ്പര തുടരുകയായിരുന്നു പാപ്പ. ജീവശാസ്ത്രപരമായ കാരണങ്ങളാൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനാകാത്ത ഭാര്യാഭർത്താക്കന്മാരെ, കുഞ്ഞുങ്ങളെ ദത്തെടുക്കാനും പാപ്പ പ്രചോദിപ്പിച്ചു.

‘ഇന്ന്, അനാഥത്വത്തിലും ഒരുതരം സ്വാർത്ഥതയുണ്ട്. കുട്ടികൾ വേണമെന്ന് പലരും ആഗ്രഹിക്കുന്നില്ല. പക്ഷേ, അവർക്ക് രണ്ട് നായ്ക്കളും രണ്ട് പൂച്ചകളുമുണ്ടാകും. പട്ടികളും പൂച്ചകളുമാണ് കുഞ്ഞുങ്ങളുടെ സ്ഥാനത്ത്. തമാശയായി തോന്നാം പക്ഷേ, ഇതാണ് യാഥാർത്ഥ്യം. പിതൃത്വത്തെയും മാതൃത്വത്തെയും നിരാകരിക്കുന്ന ഈ നിഷേധാത്മകത നമ്മെ ക്ഷയിപ്പിക്കും. നമ്മുടെ മനുഷ്യത്വത്തെ ഇല്ലാതാക്കും. മാതൃ-പിതൃത്വത്തിന്റെ സമ്പന്നത നഷ്ടപ്പെട്ടാൽ, നാഗരികത മനുഷ്യത്വ രഹിതമായിത്തീരും. കുട്ടികളില്ലാത്ത രാജ്യം യാതനയനുഭവിക്കേണ്ടിവരും,’ പാപ്പ തുറന്നടിച്ചു.

ഒരു വ്യക്തിയുടെ ജീവിതത്തിന്റെ പൂർണതയാണ് പിതൃത്വവും മാതൃത്വവും. ലോകത്തിൽ ജീവിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നവർ കുട്ടികൾക്ക് ജന്മം നൽകുന്നതിനെ കുറിച്ച്, ജീവൻ നൽകുന്നതിനെ കുറിച്ച് ചിന്തിക്കണം. കുട്ടികളുണ്ടാകുന്നില്ലെങ്കിൽ, ദത്തെടുക്കലിനെ കുറിച്ച് ചിന്തിക്കുക. ഇത് ഒരു സാഹസികതയാണ്. അതെ ഒരു കുട്ടി ഉണ്ടാകുന്നത്, അത് സ്വാഭാവികമായാലും ദത്തെടുക്കലിലൂടെ ആയാലും എല്ലായ്‌പ്പോഴും സാഹസികത തന്നെയാണ്. എന്നാൽ ഇതിനൊന്നും മുതിരാതെ, യഥാർത്ഥവും ആത്മീയവുമായ മാതൃ- പിതൃത്വത്തെ നിഷേധിക്കുന്നത് അപകടകരമാണ്.

തങ്ങളുടെ പരിപാലനം ആരെങ്കിലും ഏറ്റെടുക്കുമെന്ന് പ്രതിക്ഷിക്കുന്ന എത്രയോ കുഞ്ഞുങ്ങളുണ്ട്. അച്ഛനും അമ്മയും ആകാൻ ആഗ്രഹമുണ്ടെങ്കിലും ജീവശാസ്ത്രപരമായ കാരണങ്ങളാൽ അതിനു കഴിയാത്ത ഭാര്യാഭർത്താക്കന്മാരും ഏറെയാണ്. അതുപോലെ, കുടുംബസ്‌നേഹം അനുഭവിക്കാൻ കഴിയാത്തവരുമായി ആ സ്‌നേഹം പങ്കിടാൻ ആഗ്രഹിക്കുന്ന സന്താനഭാഗ്യമുള്ളവരും നിരവധിയുണ്ട്. അതിനാൽ ദത്തെടുക്കലിന്റെ പാത തിരഞ്ഞെടുക്കാനും സ്വാഗതം ചെയ്യലിന്റെ ‘സാഹസികത’ ഏറ്റെടുക്കാനും നാം ഭയക്കേണ്ടതില്ല.

ഈശോയുടെ വളർത്തു പിതാവ് എന്ന വിശുദ്ധ യൗസേപ്പിതാവിന്റെ അഭിധാനത്തിൽ കേന്ദ്രീകരിച്ചുകൊണ്ടാണ് ദത്തെടുക്കലിന്റെ മഹനീയത പാപ്പ ചൂണ്ടിക്കാട്ടിയത്. ‘ദത്തെടുക്കലിലൂടെ ജീവനെ സ്വാഗതം ചെയ്യാൻ തുറവുകാട്ടുന്നവരെ കുറിച്ച് ഞാൻ പ്രത്യേകമാംവിധം ചിന്തിക്കുന്നു. ഇത്തരത്തിലുള്ള ഒരു ബന്ധം രണ്ടാം തരമോ, താൽക്കാലികമോ അല്ലെന്ന് യൗസേപ്പിതാവ് നമുക്ക് കാണിച്ചുതരുന്നു. ഇത്തരത്തിലുള്ള ഒരു തിരഞ്ഞെടുപ്പ് സ്‌നേഹത്തിന്റെയും പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും പരമോന്നത രൂപങ്ങളിൽ ഉൾപ്പെടുന്നതുതന്നെയാണ്,’ പാപ്പ കൂട്ടിച്ചേർത്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?