Follow Us On

18

April

2024

Thursday

ദിവ്യകാരുണ്യ ആരാധനയുടെ പ്രാധാന്യം വിസ്മരിക്കരുത്: ഫ്രാൻസിസ് പാപ്പ

ദിവ്യകാരുണ്യ ആരാധനയുടെ പ്രാധാന്യം വിസ്മരിക്കരുത്: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ദിവ്യകാരുണ്യ ആരാധനയുടെ പ്രാധാന്യം വിസ്മരിക്കരുതെന്നും ക്രിസ്തുവിലൂടെ രൂപാന്തരപ്പെടാൻ നാം സ്വയം വിട്ടുകൊടുക്കണമെന്നും ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. പൂജരാജാക്കന്മാരുടെ പുൽക്കൂട്ടിലേക്കുള്ള സന്ദർശനം അനുസ്മരിക്കുന്ന, പ്രത്യക്ഷീകരണ തിരുനാളിൽ ദിവ്യബലി അർപ്പിച്ച് വചനസന്ദേശം നൽകുകയായിരുന്നു പാപ്പ. പൂജരാജാക്കന്മാർ പുൽക്കൂട്ടിലേക്ക്‌ നടത്തിയ തീർത്ഥാടനം യേശുവിന്റെ അടുത്തേക്ക് നടക്കാൻ നമ്മെ ആഹ്വാനം ചെയ്യുന്നുവെന്നും വിശ്വാസയാത്രയുടെ പൂർത്തീകരണം ദൈവസന്നിധിയിലാണെന്നുമുള്ള ഓർമപ്പെടുത്തലോടെയായാരുന്നു പാപ്പയുടെ വാക്കുകൾ.

‘പൂജരാജാക്കന്മാർ തങ്ങളുടെ യാത്രയുടെ പൂർത്തീകരണത്തിൽ യേശുവിനെ വണങ്ങി ആരാധിക്കുന്നു. വിശ്വാസജീവിതത്തിലും ആരാധന പ്രധാനപ്പെട്ടതാണ്. കാരണം, ദൈവസന്നിധിയിലാണ് വിശ്വാസയാത്രയുടെ പൂർത്തീകരണം. നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒന്നായി ചുരുങ്ങിയാൽ മനസ് രോഗബാധിതമാകും. എന്നാൽ, ദൈവമാകട്ടെ നമ്മുടെ ആഗ്രഹങ്ങളെ ശുദ്ധീകരിച്ച് സ്വാർത്ഥതയിൽനിന്ന് മോചിപ്പിക്കുകയും സഹോദരങ്ങളോടും ദൈവത്തോടുമുള്ള സ്‌നേഹത്തിലേക്ക് തുറക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നമുക്ക് ദിവ്യകാരുണ്യ ആരാധനയുടെ പ്രാധാന്യം മറക്കാതിരിക്കാം,’ പാപ്പ വ്യക്തമാക്കി.

പ്രശസ്തിയും സമ്പത്തും ഉണ്ടായിരുന്നെങ്കിലും, പോകാതിരിക്കാൻ ന്യായങ്ങളുണ്ടായിരുന്നെങ്കിലും ദിവ്യരക്ഷകന്റെ ജനനം നടന്നത് എവിടെയെന്ന് പൂജരാജാക്കന്മാർ അന്വേഷിക്കുന്നു. നിസംഗതയിൽ ഇരിക്കാതെ, പുതിയ ചക്രവാളങ്ങളിലേക്ക് അവരുടെ ഹൃദയങ്ങൾ തുറന്നിരിക്കുന്നു. അവരിൽ തീർത്ഥാടനത്തിനുള്ള ആരോഗ്യകരമായ ഒരു അസ്വസ്ഥത നിറച്ചതും അവരെ നയിച്ചതും അവരുടെ ഉള്ളിലുള്ള ആഗ്രഹമാണ്. ആഗ്രഹിക്കുക എന്നാൽ, പ്രത്യക്ഷമായി കാണപ്പെടുന്നവയ്ക്ക് അപ്പുറത്തേക്ക് പോകാനും അന്വേഷിക്കാനുമുള്ള അഗ്‌നിയെ ഉള്ളിൽ സൂക്ഷിക്കുക എന്നാണർത്ഥം.

ജ്ഞാനികളുടേതുപോലെ, നമ്മുടെ ജീവിതയാത്രയിലും ആഗ്രഹങ്ങളുടെയും ഉൾപ്രേരണയുടെയും ആവശ്യമുണ്ട്. പൂജരാജാക്കന്മാരിൽനിന്ന്, ആഗ്രഹങ്ങളെ വീണ്ടെടുക്കാൻ നാമും പഠിക്കണം. രാജാക്കന്മാർ നക്ഷത്രം ഉദിച്ചത് കണ്ടപ്പോൾ യാത്ര ചെയ്യുന്നു. ജ്ഞാനികളെപ്പോലെ ഓരോ ദിവസവും വീണ്ടും യാത്രയാരംഭിക്കാൻ നാം പഠിക്കണം. ജ്ഞാനികൾ ജെറുസലേമിലെത്തിയപ്പോൾ ദിവ്യശിശുവിനായി അന്വേഷിച്ചു. ഇതുപോലെ നാമും ചോദ്യങ്ങൾ ചോദിക്കാനും ഹൃദയത്തിന്റെയും മനഃസാക്ഷിയുടെയും ചോദ്യങ്ങൾ ശ്രവിക്കാനും തയാറാകണം.

ഉത്തരങ്ങളെക്കാൾ, ചോദ്യങ്ങളിലൂടെയാണ് ദൈവം നമ്മോട് പലപ്പോഴും സംസാരിക്കുന്നത്. ദിവ്യരക്ഷകനെ കണ്ട് വണങ്ങിയ പൂജരാജാക്കന്മാർ ഒടുവിൽ മറ്റൊരു വഴിയേ തിരികെ പോകുന്നു. അതുപോലെ,നാമും പുതിയ വഴികളിലൂടെ സഞ്ചരിക്കാൻ തയാറാകണം. കാതുകൾ തുറന്ന്, പുതിയ വഴികൾ നിർദേശിക്കുന്ന പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട്, സന്തോഷം ആഗ്രഹിക്കുന്ന, പ്രത്യാശ നഷ്ടപ്പെട്ടവരിലേക്ക് സുവിശേഷം എത്തിക്കാനുള്ള സഭാദൗത്യം തുടരണണെന്നും പാപ്പ കൂട്ടിച്ചേർത്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?