Follow Us On

19

April

2024

Friday

ഫുട്‌ബോൾ ഗ്രൗണ്ടിൽനിന്ന് ബലിവേദിയിലേക്ക്; പൗരോഹിത്യ വിളി സ്വീകരിച്ച് അമേരിക്കൻ ഫുട്‌ബോൾ താരം

ഫുട്‌ബോൾ ഗ്രൗണ്ടിൽനിന്ന് ബലിവേദിയിലേക്ക്; പൗരോഹിത്യ വിളി സ്വീകരിച്ച് അമേരിക്കൻ ഫുട്‌ബോൾ താരം

കാലിഫോർണിയ: ‘അമേരിക്കൻ ഫുട്‌ബോളി’ൽ വലിയ നേട്ടങ്ങൾ കരസ്ഥമാക്കി എണ്ണം പറഞ്ഞ സെലിബ്രിറ്റികളിൽ ഒരാളാകണോ, ക്രിസ്തുവിന്റെ വിളി സ്വീകരിച്ച് പൗരോഹിത്യം തിരഞ്ഞെടുക്കണോ? ആരും പകച്ചുപോകുന്ന സാഹചര്യമായിരുന്നെങ്കിലും കൻസാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി താരമായ ലാൻഡ്രി വെബറിന് തിരഞ്ഞെടുക്കേണ്ട വഴിയെ കുറിച്ച് തെല്ലും സംശയമുണ്ടായില്ല. അമേരിക്കൻ ഫുട്‌ബോൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘റെഗ്ബി’യിൽ മിന്നും താരമായ ലാൻഡ്രി, ക്രിസ്തുവിന്റെ ക്ഷണം സ്വീകരിച്ച് സെമിനാരിയിലേക്ക്. കാൻസാസ് രൂപതയ്ക്കുവേണ്ടിയാണ് 23 വയസുകാരൻ ലാൻഡ്രി വൈദീക പരിശീലനം ആരംഭിക്കുന്നത്.

ലാൻഡ്രി സെമിനാരിയിൽ ചേരുന്ന വിവരം പുറംലോകം അറിഞ്ഞതിലും സവിശേഷതയുണ്ട്. ഈയിടെ ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുമായി നടന്ന മത്‌സരത്തോടെയാണ് ലാൻഡ്രി, പ്രൊഫഷണൽ കളിക്കളത്തിൽനിന്ന് വിടചൊല്ലിയത്. കോളജ് പഠനം പൂർത്തിയാക്കി ലാൻഡ്രി ഉടൻ പൗരോഹിത്യ പരിശീലനം ആരംഭിക്കുമെന്ന് മത്‌സരത്തിന്റെ കമന്റേറ്റർ ടോം ഹാർട്ട് അറിയിക്കുകയായിരുന്നു. പ്രസ്തുത പ്രഖ്യാപനം ‘ഇ.എസ്.പി.എൻ’ മുൻ റിപ്പോർട്ടർ ഡാരൻ റോവെൽ ട്വീറ്റ് ചെയ്തതോടെ വാർത്ത അതിവേഗം തരംഗമായി. ‘ഫുട്‌ബോൾ കളിക്കിടയിൽ താൻ ഇതിനുമുമ്പ് ഒരിക്കലും ഇതുപോലൊരു കാര്യം കേട്ടിട്ടില്ല,’ എന്ന വാക്കുകളോടെയായിരുന്നു ഡാരന്റെ ട്വീറ്റ്.

‘കോളജ് പഠനം ആരംഭിച്ച നാളുകളിൽതന്നെ പൗരോഹിത്യത്തെ കുറിച്ചുള്ള ചിന്തകൾ ഉണ്ടായിരുന്നെങ്കിലും അതത്ര കാര്യമായി എടുത്തില്ല. എന്നാൽ, തന്നെക്കുറിച്ചുള്ള ദൈവഹിതം അതുതന്നെയാണോ എന്ന ചിന്ത ശക്തമായപ്പോൾ കോളജിലെ ദൈവാലയ വികാരിയുടെ ഉപദേശം തേടുകയായിരുന്നു. അദ്ദേഹം വായിക്കാൻ നൽകിയ പുസ്തകങ്ങൾ ദൈവവിളികളെക്കുറിച്ച് പുതിയ ബോധ്യങ്ങൾ തന്നു. പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും എന്നെക്കുറിച്ചുള്ള ദൈവഹിതം ബോധ്യപ്പെട്ടതോടെയാണ് സെമിനാരി പരിശീലനം ആരംഭിക്കാനുള്ള തീരുമാനത്തിലെത്തിയത്,’ ‘കാത്തലിക് ന്യൂസ് ഏജൻസി’യോട് ലാൻഡ്രി വ്യക്തമാക്കി.

പരിശുദ്ധ അമ്മയോടുള്ള സവിശേഷമായ വണക്കവും തന്റെ ദൈവവിളിയിൽ നിർണായകമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു: ‘കോളജ് കാലഘട്ടത്തിൽ ഞാൻ എന്നെ രണ്ട് തവണ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. രണ്ടു തവണയും എനിക്കുണ്ടായത് സവിശേഷമായ അനുഭവമാണ്. ദൈവവിളി തിരിച്ചറിയാനും അതിനായി ഒരുങ്ങാനും ഇത് സഹായകമായിട്ടുണ്ട്.’ 18 മാസം നീണ്ട ആലോചനകൾക്കും വിചിന്തനങ്ങൾക്കും ശേഷമാണ് സെമിനാരി പരിശീലനത്തിനുള്ള തീരുമാനം കൈക്കൊണ്ടത്. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും സഹതാരങ്ങളുടെയും പ്രാർത്ഥനാ പിന്തുണ ഉറപ്പാക്കിയാണ് ലാൻഡ്രി പുതിയ ദൗത്യത്തിലേക്ക് പ്രവേശിക്കുന്നത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?