Follow Us On

20

April

2024

Saturday

നൈജീരിയ: ക്രൈസ്തവ വിരുദ്ധതയ്‌ക്കെതിരെ ശബ്ദിച്ച ബിഷപ്പിനെ ‘ക്രൂശിക്കാൻ’ കോപ്പുകൂട്ടി ഭരണകൂടം

നൈജീരിയ: ക്രൈസ്തവ വിരുദ്ധതയ്‌ക്കെതിരെ ശബ്ദിച്ച ബിഷപ്പിനെ ‘ക്രൂശിക്കാൻ’ കോപ്പുകൂട്ടി ഭരണകൂടം

അബൂജ: ഇസ്ലാമിക തീവ്രവാദികൾ അഴിച്ചുവിടുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ രാജ്യത്ത് സമാനകളില്ലാത്തവിധം വർദ്ധിക്കുമ്പോഴും നിസംഗത തുടരുന്ന ഭരണകൂടത്തിനെതിരെ തുറന്നടിച്ച നൈജീരിയൻ ബിഷപ്പിനെ ‘ക്രൂശിക്കാൻ’ കോപ്പുകൂട്ടി ഭരണകൂടം. നൈജീരിയൻ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾക്കെതിരെ നിരന്തരം ശബ്ദിക്കുന്ന ബിഷപ്പ് മാത്യു കുക്കയെ ദേശീയ സുരക്ഷാ ഏജൻസി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്നാണ് റിപ്പോട്ടുകൾ. ക്രിസ്മസിനോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിൽ, പ്രസിഡന്റ് മുഹമ്മദ് ബുക്കാരി ഭരണകൂടത്തെ കടുത്ത ഭാഷയിൽ ബിഷപ്പ് വിമർശിച്ചത്, അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ വാർത്തയായിരുന്നു.

ഇതാണ്, ചോദ്യം ചെയ്യാനുള്ള പ്രകോപനമായി വിലയിരുത്തപ്പെടുന്നത്. ‘പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നൈജീരിയൻ ജനതയെ ദുഷ്ടന്റെ കരങ്ങളിൽ ഏൽപ്പിച്ച മട്ടാണ്,’ എന്ന് തുറന്നടിച്ച ക്രിസ്മസ് സന്ദേശത്തിലെ വാക്കുകകൾ ഭരണകൂടത്തെ മാത്രമല്ല, പ്രസിഡന്റിനെപ്പോലും പ്രതികൂട്ടിൽ നിറുത്തുന്നതായിരുന്നു. അതിന്റെ ജാള്യത മറക്കാനുള്ള നീക്കമായാണ് ഇപ്പോഴത്തെ ഭരണകൂട നടപടി വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഇത് നൈജീരിയൻ ഭരണകൂടത്തെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്നും നിരീക്ഷണങ്ങളുണ്ട്.

നൈജീരിയൻ ക്രൈസ്തവർ അനുഭവിക്കുന്ന ക്രൂര പീഡനങ്ങളെകുറിച്ചും ഭരണകൂടം പുലർത്തുന്ന അപകടകരമായ നിശബ്ദ്ദതയെ കുറിച്ചും ലോകത്തോട് നിരന്തരം വിളിച്ചുപറയുന്ന സഭാനേതാവാണ്, വത്തിക്കാനിലെ ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്മെന്റ് ഡികാസ്റ്ററി അംഗം കൂടിയായ ബിഷപ്പ് കുക്ക. ബോക്കോ ഹറാം ഭീകരർ തട്ടിക്കൊണ്ടുപോയ 100ൽപ്പരം പെൺകുട്ടികളെ കണ്ടെത്താനായിട്ടില്ല എന്നത് ഉൾപ്പെടെയുള്ള സമീപകാല സാഹചര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് ക്രിസ്മസ് സന്ദേശത്തിൽ ഭരണകൂടത്തിനെതിരെ ബിഷപ്പ് വിമർശനം ഉന്നയിച്ചത്.

‘വടക്കൻ സംസ്ഥാനങ്ങളിൽ അധിവസിക്കുന്ന നിരപരാധികളുടെമേൽ സമാനതകളില്ലാത്ത ക്രൂരതകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അവരുടെ ഉറക്കത്തിൽ, അവരുടെ കൃഷിയിടങ്ങളിൽ, മാർക്കറ്റിൽ, വഴിയിൽ പോലും നിരപരാധികളായ പൗരന്മാർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ ഞങ്ങൾ പൂർണമായും തിന്മയുടെ പിടിയിലാണ്,’ ബിഷപ്പ് സന്ദേശത്തിൽ വ്യക്തമാക്കി. ബിഷപ്പ് കുക്ക സർക്കാരിനെതിരെ പരസ്യമായി വിമർശിക്കുന്നത് ഇത് ആദ്യമല്ല.

സുരക്ഷ ഏജൻസികളിൽവരെ തീവ്ര ചിന്താഗതിക്കാർ നുഴഞ്ഞുകയറിയിട്ടുള്ളതിനാൽ സർക്കാരിന്റെ പണം തീവ്രവാദത്തിന് വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന സംശയം ഉന്നയിച്ചത് നാളുകൾക്കുമുമ്പ് വലിയ വാർത്തയായിരുന്നു. തീവ്രവാദികൾ തട്ടിക്കൊണ്ട് പോകുന്നവരെ മോചിപ്പിക്കാൻ വലിയ തുക സർക്കാർ ചെലവഴിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സംശയം ഉന്നയിച്ചത്. ഇപ്പോഴത്തെ നടപടി ബിഷപ്പ് കുക്കയെ നിശബ്ദനാക്കാനുള്ള നീക്കമായാണെങ്കിലും, പ്രവാചകധീരതയോടെയുള്ള ബിഷപ്പിന്റെ ഇടപെടൽ തടയാൻ ഇതിനാവില്ലെന്നാണ് വിലയിരുത്തലുകൾ.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നൈജീരിയയിൽ 60,000 ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. 2021 ജനുവരി ഒന്നു മുതൽ ജൂലൈ 18 വരെയുള്ള 200 ദിനങ്ങൾക്കിടയിൽ ക്രിസ്തുവിശ്വാസത്തെപ്രതി 3462 പേർ കൊല്ലപ്പെട്ടെന്ന സന്നദ്ധ സംഘടനയായ ‘ഇന്റർ സൊസൈറ്റി’യുടെ റിപ്പോർട്ട് ഈയിടെ പുറത്തുവിട്ടിരുന്നു. ദിനംപ്രതി 17 പേർ കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഭൂരിഭാഗം അരുംകൊലകൾക്ക് പിന്നിലും മുസ്ലീം തീവ്രവാദ സംഘടനകളും ഫുലാനി ഹെർഡ്‌സ്മാനുമാണ് കാരണക്കാർ. നൈജീരിയ ഭരിക്കുന്ന ഇസ്ലാമിക ഭരണകൂടത്തിന്റെ നിഷ്‌കൃതത്വമാണ് ആക്രമങ്ങൾ തുടർക്കഥയാകാൻ കാരണമെന്ന് നൈജീരിയൻ ക്രൈസ്തവർ ചൂണ്ടിക്കാട്ടുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?