Follow Us On

29

March

2024

Friday

പ്രാർത്ഥനയ്ക്കായി സമയം നീക്കിവെക്കണം, അനുദിനം തിരുവചനം വായിക്കണം: ഫ്രാൻസിസ് പാപ്പ

പ്രാർത്ഥനയ്ക്കായി സമയം നീക്കിവെക്കണം, അനുദിനം തിരുവചനം വായിക്കണം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: പ്രാർത്ഥന എന്നത് ഒരു പലായന മാർഗമോ, ആചാരമോ, മനഃപാഠമാക്കിയ മന്ത്രങ്ങളുടെ ആവർത്തനമോ അല്ല. മറിച്ച്, ദൈവസ്വരം ശ്രവിക്കാനുള്ള മാർഗമാണെന്ന് വിശ്വാസീസമൂഹത്തെ ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഈ ബോധ്യത്തോടെ പ്രാർത്ഥനയ്ക്കായും തിരുവചന വായനയ്ക്കായും അനുദിനം സമയം നീക്കിവെക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ക്ലേശകരമായ സാഹചര്യങ്ങളിൽ പോലും അവിടുന്ന് പറയുന്നത് ഗ്രഹിക്കാനായി നമ്മിൽ പ്രവർത്തിക്കാൻ ദൈവത്തെ അനുവദിക്കുന്നതിനുള്ള മാർഗമാണ് പ്രാർത്ഥനയെന്നും പാപ്പ വ്യക്തമാക്കി.

കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസ് പ്രാർത്ഥനയിൽ, ഈശോ ജോർദാനിൽവെച്ച് ജ്ഞാനസ്‌നാനം സ്വീകരിക്കുന്ന തിരുവചനത്തെ ആസ്പദമാക്കി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പ്രസ്തുത സുവിശേഷത്തിൽ യേശുവിന്റെ ജീവിതത്തിന്റെ ‘രണ്ട് നീക്കങ്ങൾ’ നമുക്ക് കാണാനാകും: അവിടുന്ന് നമ്മിലേക്ക്, ജോർദാനിലെ വെള്ളത്തിലേക്ക് ഇറങ്ങുന്നു; പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ അവിടുന്ന് കണ്ണുകളും ഹൃദയവും ഉയർത്തുന്നു. ഇത് നമുക്ക് വലിയൊരു പാഠമാണ്. ജീവിത പ്രശ്നങ്ങളും സങ്കീർണ സാഹചര്യങ്ങളും നമ്മെ അലട്ടാറുണ്ട്. ക്ലേശകരങ്ങളായ അത്തരം നിമിഷങ്ങളെയും വിളിക്കപ്പെട്ടവരാണ് നാം.

എന്നാൽ, തകർന്നുകിടക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, നാം സകലവും ഉന്നതത്തിലേക്ക് ഉയർത്തണം. അതിന് പ്രാർത്ഥന നമ്മെ സഹായിക്കും, കാരണം അത് നമ്മെ ദൈവവുമായി ഒന്നിപ്പിക്കുകയും അവിടന്നുമായുള്ള കൂടിക്കാഴ്ചയിലേക്കു നമ്മെ തുറക്കുകയും ചെയ്യുന്നു. അതെ, നമ്മുടെ ഹൃദയങ്ങളെ കർത്താവിലേക്ക് തുറക്കുന്ന താക്കോലാണ് പ്രാർത്ഥന. അത് ദൈവവുമായുള്ള ഭാഷണമാണ്, അത് അവിടത്തെ വചനം ശ്രവിക്കലാണ്, അത് ആരാധിക്കലാണ്. നമ്മുടെ ജീവിതത്തെ അവിടുത്തെ ഭരമേൽപ്പിച്ചുകൊണ്ട് മൗനം പാലിക്കലാണ്. ചില സമയങ്ങളിൽ ജോബിനെപ്പോലെ നിലവിളിച്ചുകൊണ്ട് അവിടുത്തോട് കാര്യങ്ങൾ ബോധിപ്പിക്കലാണ്.

പിതാവായ അവിടുന്നു നമ്മെ നന്നായി മനസ്സിലാക്കുന്നു. അവിടുന്ന് ഒരിക്കലും കോപിക്കില്ല. പ്രാർത്ഥന സ്വർഗം തുറക്കും, അത് ജീവിതത്തിന് പ്രാണവായു നൽകും, ആശങ്കകൾക്കിടയിലും അത് ആശ്വാസം നൽകും, കാര്യങ്ങളെ കൂടുതൽ വിശാലമായി കാണാൻ സഹായിക്കും. എല്ലാറ്റിനുമുപരി, ജോർദാനിൽവെച്ച് യേശുവിനുണ്ടായ അതേ അനുഭവം നമ്മിലും ഉളവാക്കുന്നു, പിതാവിനാൽ സ്‌നേഹിക്കപ്പെടുന്ന മക്കളാണെന്ന ബോധ്യം നമുക്കുണ്ടാകുന്നു. ദിവസത്തിലെ നിരവധിയായ കാര്യങ്ങൾക്കിടയിൽ നാം പ്രാർത്ഥന അവഗണിക്കരുതെന്ന് ഓർമിപ്പിച്ച പാപ്പ, നമ്മുടെ പ്രാർത്ഥന എപ്രകാരമാണെന്ന് ആത്മശോധന ചെയ്യണമെന്നും കൂട്ടിച്ചേർത്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?