Follow Us On

25

January

2022

Tuesday

ഈശോ സ്‌നാനം സ്വീകരിച്ച ജോർദാൻ നദിക്കരയിൽ വീണ്ടും ദിവ്യബലി അർപ്പണം; വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി വിശുദ്ധനാട്

ഈശോ സ്‌നാനം സ്വീകരിച്ച ജോർദാൻ നദിക്കരയിൽ വീണ്ടും ദിവ്യബലി അർപ്പണം; വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി വിശുദ്ധനാട്

അമാൻ: സ്നാപക യോഹന്നാനിൽനിന്ന് ഈശോ സ്നാനം സ്വീകരിച്ച ജോർദാൻ നദിക്കരയിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ചാപ്പലിൽ ജ്ഞാനസ്‌നാന തിരുനാൾ ദിവ്യബലി അർപ്പിച്ച് വിശുദ്ധനാട്ടിലെ ജനത. ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ഇവിടം അരനൂറ്റാണ്ടിനുശേഷം തുടർച്ചയായി രണ്ടാം തവണയാണ് ഈശോയുടെ ജ്ഞാനസ്‌നാ തിരുനാൾ ആഘോഷങ്ങൾക്ക് വേദിയാകുന്നത്. 1967ൽ ഇസ്രായേലും അറബ് രാജ്യങ്ങളുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അടച്ചുപൂട്ടേണ്ടിവന്ന ഈ ചാപ്പലിൽ 54 വർഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വർഷത്തെ ജ്ഞാനസ്‌നാന തിരുനാളിലാണ് ആദ്യമായി ദിവ്യബലി അർപ്പിക്കപ്പെട്ടത്.

ജോർദാൻ നദിക്കരയിൽ വീണ്ടും ഒരിക്കൽകൂടി അർപ്പിക്കപ്പെട്ട ദിവ്യബലി വൈകാരിക നിമിഷങ്ങളാണ് വിശുദ്ധനാടിന് സമ്മാനിച്ചത്. നല്ല ഇടയന്റെ നാമധേയത്തിൽ ജെറിക്കോയിൽ സ്ഥിതിചെയ്യുന്ന ഫ്രാൻസിസ്‌കൻ കോൺവെന്റിൽനിന്നുള്ള പ്രദക്ഷിണത്തോടെയായിരുന്നു തിരുക്കർമങ്ങളുടെ ആരംഭം. ജോർദാൻ നദിക്കരയിലേക്കുള്ള പ്രദക്ഷിണത്തിൽ ഫ്രാൻസിസ്‌ക്കൻ സന്യാസികൾക്കും അൽമായർക്കുമൊപ്പം ഗവർണറും മേയറും ഉൾപ്പെടെയുള്ള സിവിൽ അധികാരികളും ജെറിക്കോ മോസ്‌ക്കിലെ ഇമാമും അണിചേർന്നതും ശ്രദ്ധേയമായി. വിശുദ്ധനാടിന്റെ സംരക്ഷണ ചുമതലയുള്ള ഫ്രാൻസിസ്‌ക്കൻ സഭാംഗം ഫാ. ഫ്രാൻസെസ്‌ക്കോ പാറ്റണിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുക്കർമങ്ങൾ.

ഇസ്രായേലും അറബ് രാജ്യങ്ങളുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് ക്വാസർ അൽ യഹുദിൽ സ്ഥിതിചെയ്യുന്ന, നൂറു വർഷത്തോളം പഴക്കമുള്ള ചാപ്പലും സന്യാസ ആശ്രമവും ഫ്രാൻസിസ്‌ക്കൻ സഭ ഉപേക്ഷിച്ചത്. പിന്നീട് ഈ സ്ഥലം ഇസ്രായേൽ തിരിച്ചു പിടിച്ചെങ്കിലും ഇസ്രായേൽ- പലസ്തീൻ സംഘർഷംമൂലം അവിടേക്ക് വിശ്വാസികൾക്ക് പ്രവേശനം നിഷേധിക്കപ്പെടുകയായിരുന്നു. പോരാട്ടത്തിന്റെ മുറിപ്പാടുകൾപോലെ വെടിയുണ്ടയേറ്റ പാടുകൾ ചാപ്പലിന്റെയും സന്യാസ ആശ്രമത്തിന്റെ ചുവരുകളിൽ ഇപ്പോഴും കാണാം. താഴെ ആശ്രമവും മുകളിൽ ഓപ്പൺ എയർ മാതൃകയിലുള്ള ചാപ്പലുമായാണ് ഇത് നിർമിച്ചിരിക്കുന്നത്.

1920കളുടെ ആരംഭത്തിലാണ് ഫ്രാൻസിസ്‌ക്കൻ സഭാംഗങ്ങൾ ഇവിടെ ദൈവാലയ നിർമാണത്തിനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചത്. 1933ൽ ചെറിയൊരു ചാപ്പൽ നിർമിച്ചു, പിന്നീട് 1935ൽ വലിയ ദൈവാലയം നിർമിച്ചെങ്കിലും 1956ൽ ഉണ്ടായ ഭൂമികുലുക്കത്തിൽ അത് തകരുകയായിരുന്നു. ആ ദൈവാലയം നിലനിന്നിരുന്ന സ്ഥലത്താണ് ഇപ്പോഴത്തെ ചാപ്പൽ നിർമിക്കപ്പെട്ടത്. ഇസ്രായേൽ- പലസ്തീൻ സംഘർഷാവസ്ഥയെ തുടർന്ന്, പ്രദേശത്ത് സ്ഥാപിച്ച കുഴിബോംബുകൾ പൂർണമായും മാറ്റാത്തതിനാലാണ് തീർത്ഥാടകർക്ക് പ്രവേശനം നിഷേധിച്ചിരുന്നത്.

എന്നാൽ, ജോർദാനുമായി സമാധാന കരാർ ഒപ്പിട്ടശേഷം 1994 മുതൽ ദനഹാ തിരുനാളിനും ഉയർപ്പ് തിരുനാളിവും വിശ്വാസികൾക്ക് സംഘമായി ഇവിടേക്ക് എത്തിച്ചേരാൻ അനുവാദം നൽകുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന കുഴിബോബുകൾ പൂർണമായി മാറ്റുകയും ചെയ്തു. തീർത്ഥാടകർക്ക് ജ്ഞാനസ്നാനം സ്വീകരിക്കാൻ 2011ൽ ജോർദാൻ നദിയോട് ചേർന്ന് സൗകര്യവും ഒരുക്കിതുടങ്ങി. 2016ലാണ് വിശുദ്ധനാടിന്റെ സംരക്ഷണ ചുമതലയുള്ള ഫ്രാൻസിസ്‌ക്കൻ സഭയ്ക്ക് ഈ ചാപ്പൽ തിരികെ ലഭിച്ചത്. ‘യുനസ്‌കോ’യുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച സ്ഥലംകൂടിയാണിത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?