Follow Us On

25

January

2022

Tuesday

ഇറാനിൽനിന്ന് വീണ്ടും സദ്വാർത്ത: കള്ളക്കേസിൽ കുടുക്കപ്പെട്ട വചനപ്രഘോഷകൻ ഉൾപ്പെടെ ഒൻപത് ക്രൈസ്തവർക്ക് ജയിൽ മോചനം

ഇറാനിൽനിന്ന് വീണ്ടും സദ്വാർത്ത: കള്ളക്കേസിൽ കുടുക്കപ്പെട്ട വചനപ്രഘോഷകൻ ഉൾപ്പെടെ ഒൻപത് ക്രൈസ്തവർക്ക് ജയിൽ മോചനം

ടെഹ്റാൻ: മതസ്വാതന്ത്ര്യം അനുവദിക്കുമ്പോഴും ഭരണകൂട പിന്തുണയോടെയുള്ള ക്രൈസ്തവ വിരുദ്ധതയ്ക്ക് കുപ്രസിദ്ധമായ ഇറാനിൽനിന്ന് വീണ്ടും ഒരു സദ്വാർത്ത. ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വചനപ്രഘോഷകൻ ഉൾപ്പെടെ ഒൻപത് ക്രൈസ്തവർക്ക് വിചാരണ പൂർത്തിയാകുന്നതുവരെ ജയിൽ മോചനം അനുവദിച്ച ഇറാൻ ഭരണകൂടത്തിന്റെ നടപടി ചർച്ചയാവുകയാണ്. ഒരുപക്ഷേ, ഇറാന്റെ ചരിത്രത്തിൽ ഇതാദ്യമായാകും വിചാരണ ചെയ്യപ്പെടുന്നവർക്ക് വിശിഷ്യാ, ക്രൈസ്തവർക്ക് താൽക്കാലിക ജയിൽ മോചനം അനുവദിക്കുന്നത്.

ക്രൈസ്തവർ വീടുകളിൽ ഒരുമിച്ചുകൂടി പ്രാർത്ഥിക്കുന്നത് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയല്ലെന്ന ഇറാനിയൻ സുപ്രീം കോടതി വിധിയും, തടവിൽ കഴിയുന്ന ക്രൈസ്തവർക്ക് കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ 10 ദിവസത്തെ അവധി പ്രഖ്യാപിച്ച ഭരണകൂട നടപടിയും ആഴ്ചകൾക്കുമുമ്പ് വാർത്തയായിരുന്നു. അതിന്റെ തുടർച്ചയെന്നോണം ഇപ്പോൾ ഉണ്ടായിരിക്കുന്ന നീക്കത്തെ പ്രതീക്ഷയോടെയാണ് ഇറാനിലെ ക്രൈസ്തവ സമൂഹം ഉറ്റുനോക്കുന്നത്, ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ഇറാനിയൻ പൗരന്മാർ വിശേഷിച്ചും.

പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗമായ ‘ചർച്ച് ഓഫ് ഇറാൻ’ പാസ്റ്റർ മത്തിയാസ് അബ്ദുൾറേസയും അതേ സഭയിലെതന്നെ എട്ട് അംഗങ്ങൾക്കുമാണ് വിചാരണക്കാലത്ത് ജയിൽ മോചനം അനുവദിച്ചിരിക്കുന്നത്. രാജ്യസുരക്ഷയെ അപകടത്തിലാക്കി, സയണിസ്റ്റ് ക്രിസ്തുമതത്തെ പ്രോത്സാഹിപ്പിച്ചു, ‘ഹൗസ് ചർച്ച്’ സ്ഥാപിച്ചു എന്നിങ്ങനെയുള്ള കുറ്റം ചുമത്തപ്പെട്ട ഇവർ ഏതാണ്ട് മൂന്ന് വർഷമായി ജയിലിലായിരുന്നു. ഡിസംബർ 30, ജനുവരി ഒന്ന് തിയതികളിൽ ഇവർ മോചിതരായെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വാർത്ത സ്ഥിരീകരിക്കപ്പെട്ടത്.

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും ഇറാനിയൻ നടപടിയെ സ്വാഗതം ചെയ്തു. എന്നാൽ, ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുന്നവരെ ‘രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തി’ എന്ന നിയമകുരുക്കിൽ പെടുത്തുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ന്യായമായ വിചാരണ സാധ്യമാകുമോ എന്ന ആശങ്കയും ചില സന്നദ്ധസംഘടനകൾ മുന്നോട്ടുവെക്കുന്നുണ്ട്. അതിനാൽതന്നെ, വിചാരണയ്ക്കുശേഷം ഇവർക്കെതിരെ പ്രതികൂല വിധി ഉണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

‘മതസ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിക്കുന്നതിന്റെ പേരിൽ അവർ ഇപ്പോഴും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നേരിടുകയാണ്. അവർ കുറ്റകൃത്യമൊന്നും ചെയ്തിട്ടില്ല. സമാധാനപരമായി വിശ്വാസം പ്രഖ്യാപിക്കുന്ന ക്രൈസ്തവരെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കുരുക്കുന്നത് ഭരണകൂടം അവസാനിപ്പിക്കണം,’ ‘സി.എസ്.ഡബ്ല്യു’ (ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ്വൈഡ്) പ്രസിഡന്റ് മെർവിൻ തോമസ് വ്യക്തമാക്കി.

ഇസ്ലാമിക റിപ്പബ്ലിക്കാണെങ്കിലും ന്യൂനപക്ഷമായ ക്രൈസ്തവ, ജൂത, സൗരാഷ്ട്രിയൻ വിഭാഗങ്ങളെ ഇറാൻ ഭരണകൂടം അംഗീകരിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയ്ക്ക് പുറമെ ഇതര ക്രൈസ്തവ വിഭാഗങ്ങളും ഇവിടെയുണ്ട്. ക്രൈസ്തവ വിരുദ്ധ പീഡനം ഏറ്റവും അധികമുള്ള രാജ്യങ്ങളിൽ ഒന്നാണെങ്കിലും ഇറാനിൽ ക്രിസ്തീയവിശ്വാസം അതിവേഗം വളരുന്നു എന്നതാണ് വാസ്തവം. ക്രിസ്തുവിശ്വാസം സ്വീകരിക്കുന്ന ഇറാനികളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെന്ന് ഇറാൻ ഇന്റലിജൻസ് വിഭാഗം മന്ത്രി മുഹമ്മദ് അലവി, നാളുകൾക്കുമുമ്പ് ഷിയാ മുസ്ലീം പുരോഹിതരെ അഭിസംബോധന ചെയ്യവേ വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?