Follow Us On

25

January

2022

Tuesday

ഈജിപ്തിലെ ക്രൈസ്തവർക്ക് ഇതാ ഒരു സദ്വാർത്ത: ക്രിസ്ത്യൻ വ്യക്തി നിയമങ്ങൾക്ക് ഉടൻ അംഗീകാരം ലഭിക്കും

ഈജിപ്തിലെ ക്രൈസ്തവർക്ക് ഇതാ ഒരു സദ്വാർത്ത: ക്രിസ്ത്യൻ വ്യക്തി നിയമങ്ങൾക്ക് ഉടൻ അംഗീകാരം ലഭിക്കും

കെയ്‌റോ: ദൈവാലയങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകുന്ന ഭരണകൂട നടപടിക്ക് പിന്നാലെ, മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്റ്റിൽനിന്ന് ക്രൈസ്തവ സമൂഹത്തിന് ഇതാ മറ്റൊരു സദ്വാർത്തകൂടി: ഏറെനാളായി കാത്തുകാത്തിരിക്കുന്ന ക്രിസ്ത്യൻ വ്യക്തിനിയമങ്ങൾക്ക് പാർലമെന്റ് ഉടൻ അംഗീകാരം നൽകുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളുമായി കൂടിയാലോചിച്ച് തയാറാക്കിയ കരട് നിയമം ജനുവരി 23ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യുന്ന വിവരം പാർലമെന്റ് അംഗത്ത ഉദ്ധരിച്ച് ‘വത്തിക്കാൻ ന്യൂസാ’ണ് പുറത്തുവിട്ടത്.

കുടുംബം, വിവാഹം എന്നിവയുൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ ക്രൈസ്തവ സഭകൾക്ക് ബാധകമാകേണ്ട വകുപ്പുകൾ ഉൾക്കൊള്ളിച്ചുള്ള നിയമ നിർമാണത്തിനുള്ള ശ്രമങ്ങൾ 2014ലാണ് ആരംഭിച്ചത്. എല്ലാ ക്രൈസ്തവ വിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള, ഏതാണ്ട് ഏഴു വർഷം നീണ്ട ചർച്ചകൾക്കും പ~നങ്ങൾക്കുംശേഷം 2021ൽ കരട് നിയമത്തിന് നിയമ മന്ത്രാലയം രൂപം നൽകുകയായിരുന്നു. ഗവൺമെന്റ് അധികാരികളും നിയമ വിദഗ്ദ്ധരും സഭാ പ്രതിനിധികളും പങ്കെടുത്ത, ഏതാണ്ട് 16 സെഷനുകൾക്കു ശേഷമാണ് കരട് തയാറാക്കിയതെന്നതും ശ്രദ്ധേയം.

2014ൽ അബ്ദുൾ ഫത്താഹ് അൽ സിസി പ്രസിഡന്റായി സ്ഥാനമേറ്റതുമുതൽ ക്രിസ്ത്യൻ സഭകളോട് വിശിഷ്യാ, രാജ്യത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ സമൂഹമായ ഓർത്തഡോക്‌സ് കോപ്റ്റിക് സഭയോട് സൗഹൃദപരമായ നിരവധി സമീപനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. അതിൽ ഏറ്റവും പുതിയ അടയാളമായാണ് ഇപ്പോഴത്തെ നിയമ നിർമാണ നീക്കം വിലയിരുത്തപ്പെടുന്നത്. ഓർത്തഡോക്‌സ് കോപ്റ്റിക് സഭയുടെ ക്രിസ്മസ് തിരുക്കർമങ്ങളിൽ പങ്കെടുത്ത ആദ്യ പ്രസിഡന്റുകൂടിയാണ് അൽ സിസി.

കോപ്റ്റിക് സമൂഹം ഈജിപ്ഷ്യൻ വ്യക്തിത്വത്തിന്റെ അനിവാര്യഘടകമാണെന്ന് നിരവധി തവണ ആവർത്തിച്ചിട്ടുള്ള അദ്ദേഹം, ഐസിസ് തീവ്രവാദികൾ 21 കോപ്റ്റിക് ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തതിനെതിരെ ശബ്ദിച്ച മുസ്ലീം ഭരണാധികാരികൂടിയാണ്. മാത്രമല്ല, മതപരമായ അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷ നൽകുമെന്ന് 2016ൽ പ്രഖ്യാപിച്ചതും വലിയ വാർത്തയായിരുന്നു. ദൈവാലയങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകുന്ന നിയമം 2016ൽ പ്രാബല്യത്തിലാകാൻ കാരണവും ഇദ്ദേഹത്തിന്റെ ഇടപെടലാണ്.

അതുപ്രകാരം 2017 മുതൽ 2021വരെ ദൈവാലയങ്ങളും അനുബന്ധ കെട്ടിടങ്ങളും ഉൾപ്പെടെ 1958 നിർമിതികൾക്കാണ് ഭരണകൂടം അനുമതി നൽകിയത്. മുൻകാലങ്ങളിൽ രഹസ്യാന്വേഷണ, സുരക്ഷാ ഏജൻസികളായിരുന്നു ദൈവാലയങ്ങൾക്ക് ലൈസൻസ് അനുവദിച്ചിരുന്നത്. സങ്കീർണതകൾ ഏറെയുള്ള നടപടിക്രമം മൂലം പുതിയ ദൈവാലയങ്ങൾ നിർമിക്കാനെന്നല്ല, അറ്റകുറ്റ പണികൾപോലും സാധ്യമാകാത്ത സാഹചര്യമായിരുന്നു. അനൗദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ 10 കോടിയോളം വരുന്ന ജനസംഖ്യയിൽ ക്രൈസ്തവ ജനസംഖ്യ 15%ത്തിലും താഴെയാണ്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?