Follow Us On

25

January

2022

Tuesday

സ്‌നേഹമഞ്ഞ്‌

സ്‌നേഹമഞ്ഞ്‌

ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍

ദൈവികമായ ഇടപെടലുകളെല്ലാം മനസില്‍ മഞ്ഞുപെയ്യുന്ന അനുഭവമാണ് പ്രദാനം ചെയ്യുന്നത്. അതുകൊണ്ടാണ് സങ്കീര്‍ത്തകന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത്: നീ വന്ന് എന്നെ ഹീസോപ്പുകൊണ്ട് പവിത്രീകരിക്കണമേ! ഞാന്‍ നിര്‍മലനാകും; എന്നെ നീ വന്ന് കഴുകണമേ! ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്മയുള്ളവാകുമെന്ന്. സുഭാഷിതങ്ങളില്‍ പറയുന്നതുപോലെ കൊയ്ത്തുകാലത്ത് തണുപ്പുമായെത്തുന്ന മഞ്ഞുപോലെയാണവന്‍ (സുഭാ. 25:13).

ദൈവത്തിന്റെ ഓരോ ഇടപെടലുകള്‍ പരിശോധിച്ചാലും അവയിലെല്ലാം സ്‌നേഹത്തിന്റെ പൊടിമഞ്ഞ് പെയ്യുന്നത് കാണാതിരിക്കുകയില്ല. പറുദീസാ നഷ്ടത്തില്‍ ഉരുകിയ ജീവിതത്തിന് നടുവിലേക്ക് അവന്‍ സമാധാനത്തിന്റെ മഞ്ഞുമായിട്ടാണ് എത്തുന്നത്. നീ നിന്റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ജീവിക്കുമെന്ന് തെറ്റു ചെയ്ത ആദിമാതാപിതാക്കളോട് പറയുമ്പോള്‍ ആ വാക്കുകളില്‍ നിറയെ മഞ്ഞുതുള്ളികളല്ലാതെ മറ്റെന്താണ് നമ്മള്‍ അനുഭവിക്കുന്നത്. കുഞ്ഞിനെ കൊല്ലരുത് എന്ന് മോറിയ മലമുകളില്‍വച്ച് വിശ്വാസികളുടെ പിതാവായ അബ്രാഹത്തോട് ദൈവം ആവശ്യപ്പെടുമ്പോള്‍ മോറിയാമലയില്‍ മഞ്ഞുപെയ്യുകയായിരുന്നെന്ന് കണ്ണുള്ള ആര്‍ക്കും കാണാവുന്നതേയുള്ളൂ.

പാപം ചെയ്തവരെ ശിക്ഷിച്ച് നിത്യനരകത്തിലേക്ക് വലിച്ചെറിയാതെ രമ്യതയുടെ പാതയിലേക്ക് അവന്‍ കൂട്ടിക്കൊണ്ടുവരുമ്പോള്‍ ആ നടവഴിയിലും പുലരിമഞ്ഞു പെയ്യുന്നുണ്ടായിരുന്നു. ഏശയ്യാ പ്രവാചകനിലൂടെ അവന്‍ വാഗ്ദാനം ചെയ്യുന്നതും പാപികള്‍ക്കുള്ള ആശ്വാസത്തിന്റെ മഞ്ഞുമൊഴികള്‍തന്നെ. അവിടുന്ന് ഇപ്രകാരമാണ് അരുള്‍ ചെയ്യുന്നത്. വരുവിന്‍ നമുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും ഞാന്‍ അത് മഞ്ഞുപോലെ വെണ്മയുള്ളതാക്കാം (ഏശയ്യാ. 1:16).
ക്രിസ്മസ് എന്റെയും നിന്റെയും വരണ്ട ഹൃദയമണ്ണിലേക്ക് ദൈവം മഞ്ഞായി പെയ്തിറങ്ങുന്ന രക്ഷാകര നിമിഷംതന്നെ. പ്രവചനങ്ങളുടെ പ്രതീക്ഷയായ, രക്ഷയുടെ അടയാളമായ ക്രിസ്തുവിനെ മഞ്ഞിനോട് ഉപമിക്കാനും അവന്റെ ജനനവേളയില്‍ മഞ്ഞ് പെയ്തിരുന്നുവെന്ന് കുറിക്കാനും കവികള്‍ മാത്രമല്ല നമ്മളും ആഗ്രഹിക്കുന്നുണ്ട്.

ഡിസംബറില്‍ ഇത്രയേറെ മഞ്ഞു പെയ്യുന്നതിന്റെ നിലാവൊളി ഇപ്പോള്‍ മനസിലാകുന്നുണ്ട്. അവനെ വണങ്ങിയവരെല്ലാം മഞ്ഞുപോലെ കൃപയുള്ളവരായിട്ടുണ്ട്. അമ്മ മേരിയും താതനാം യൗസേപ്പും പൂജരാജാക്കന്മാരും ആട്ടിടയരും രക്ഷയുടെ മഞ്ഞനുഭവങ്ങള്‍ ആവോളം ആസ്വദിച്ചിട്ടുണ്ട്.
ക്രിസ്തു ആരുടെ ജീവിതത്തിലേക്കാണ് മഞ്ഞുപോലെ വരാതിരുന്നിട്ടുള്ളത്. മരിച്ചുപോയ ലാസറിന്റെ ഭവനത്തിലേക്കും സിക്കമൂര്‍ മരത്തില്‍ ഒളിച്ചിരുന്ന സക്കേവൂസിന്റെ അടുത്തേക്കും അവന്‍ വന്നുവെന്ന് പറയുന്നതിനെക്കാള്‍ ചന്തം മഞ്ഞുപോലെ അവന്‍ അവരില്‍ പെയ്തിറങ്ങി എന്ന് പറയുന്നതുതന്നെയാണ്. തെറ്റില്‍ പിടിക്കപ്പെട്ട പാപിനിയായ സ്ത്രീയോടും പന്ത്രണ്ടു വര്‍ഷത്തെ വേദനയിലൂടെ കടന്നുപോയ രക്തസ്രാവക്കാരി സ്ത്രീയോടും ജന്മനാ അന്ധനായ ബര്‍ത്തേമിയോസിനോടും ക്രിസ്തു നിനക്കാരാണെന്ന് ആരായുമ്പോള്‍ അവന്‍ എന്റെ മരുഭൂയാത്രയില്‍ മഞ്ഞുപോലെ പെയ്തിറങ്ങിയവന്‍ എന്ന വിശേഷണമേ അവര്‍ക്ക് നല്‍കാനുണ്ടാവൂ. കുരിശില്‍ കിടന്ന് അവന്‍ ചിന്തിയത് രക്തമല്ല പിന്നെയോ, മഞ്ഞിന്‍തുള്ളികളാണെന്നാണ് എന്റെ വിശ്വാസം. കാരണം ആ രക്തത്തുള്ളികള്‍ അവരെ നശിപ്പിക്കുകയോ നിര്‍വീര്യമാക്കുകയോ അല്ല ചെയ്തത്. പിന്നെയോ മഞ്ഞുപോലെ വെണ്മയുള്ളവരാക്കി എന്നതാണ് സത്യം.

ആരൊക്കെ അവനൊപ്പം യാത്ര ചെയ്യുന്നുവോ അവരെല്ലാം മഞ്ഞനുഭവം സ്വന്തമാക്കുകതന്നെ ചെയ്തിട്ടുണ്ട്. മര്‍ക്കോസിന്റെ സുവിശേഷത്തെ മാത്രം ധ്യാനിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അവന്റെകൂടെ രൂപാന്തരീകരണമലയിലേക്ക് യാത്രയായ പത്രോസും യാക്കോബും യോഹന്നാനും സ്വന്തമാക്കിയത് ആ മഞ്ഞനുഭവങ്ങള്‍തന്നെയാണ്. തിരുവചനം പറയുന്നത് ഇപ്രകാരമാണ്: യേശു ഒരു ഉയര്‍ന്ന മലയിലേക്ക് പോയി. അവന്‍ അവരുടെ മുമ്പില്‍ രൂപാന്തരപ്പെട്ടു. അവന്റെ വസ്ത്രങ്ങള്‍ ഭൂമിയിലെ ഏതൊരു അലക്കുകാരനും വെളുപ്പിക്കുവാന്‍ കഴിയുന്നതിനെക്കാള്‍ വെണ്മയും തിളക്കവുമുള്ളവയായി (മര്‍ക്കോ. 9:3). അതേ തിളക്കം ഈ ശ്ലീഹരും അനുഭവിച്ചതുകൊണ്ടാണ് നമുക്കിവിടെ മൂന്ന് കൂടാരങ്ങള്‍ പണിയാം എന്നൊക്കെ അവര്‍ ഏറ്റുപാടുന്നത്.

നാം ക്രിസ്തുവിന്റെ കൂടെ യാത്ര ചെയ്യുന്നുണ്ടോ എന്നാണ് പുലരിമഞ്ഞ് നമ്മോടു നിരന്തരം ചോദിക്കുന്നത്. അവനെ അനുഗമിച്ചവര്‍ക്ക് കല്ലറയില്‍പോലും അവന്‍ അത്ഭുതക്കാഴ്ചകള്‍ ഒരുക്കിയിട്ടുണ്ട്. ദൂതനെ കാണാനും ഭാവികാര്യങ്ങള്‍ അറിയാനും അവര്‍ക്ക് കഴിഞ്ഞത് ക്രിസ്തുവിനൊപ്പം യാത്ര ചെയ്തതുകൊണ്ടാണ്.
ക്രിസ്തുവിന്റെ കൂടെ നടക്കാത്തവരും ക്രിസ്തുവിനെ മറന്ന് യാത്ര ചെയ്തവരും ഏതൊക്കെയോ കുളക്കരയില്‍ സൗഖ്യത്തിനുവേണ്ടി ഇപ്പോഴും കാത്തിരിക്കുന്നുണ്ട്. ബെത്‌സയ്ദ കുളക്കരയിലെ രോഗിയെക്കുറിച്ച് ഒരു വായന കിട്ടി കഴിഞ്ഞ ദിവസം. അയാള്‍ക്ക് എന്തുകൊണ്ട് 38 വര്‍ഷം ആ കുളക്കടവില്‍ കിടക്കേണ്ടിവന്നു എന്നതിന്റെ ഉത്തരം അവന്‍ ക്രിസ്തുവിനൊപ്പം നടക്കാന്‍ മടിച്ചതാണെന്നാണ് വ്യാഖ്യാനം. ആ തളര്‍വാത രോഗിക്കൊരു പ്രശ്‌നം വന്നപ്പോള്‍ അവന്‍ വിളിച്ചതും ചേര്‍ന്നുനിന്നതും ആ നസ്രായനൊപ്പമായിരുന്നില്ലത്രേ. പിന്നെയോ അന്യദേവനായ ഏസ്‌ക്കലെ പീയൂസിനെയും ആ ദേവന്റെ ക്ഷേത്രത്തിലേക്കാണ് അവന്‍ അഭയം തേടി ചെന്നതെന്നുമാണ് വ്യാഖ്യാനം. അതുകൊണ്ടാണ് അവന് അത്രയും വര്‍ഷം സൗഖ്യം നിഷേധിക്കപ്പെട്ടത്. ക്രിസ്തുവിനൊപ്പമല്ലാതെയുള്ള മറ്റെല്ലാ വിഫലമായ യാത്രകളും എന്റെയും നിന്റെയും ജീവിതത്തിലെ കറുത്ത അധ്യായമല്ലേ ചങ്ങാതി?

അവന്റെകൂടെ യാത്ര ചെയ്യാന്‍ വിശ്വാസത്തോടെ തീരുമാനിച്ച രക്തസ്രാവക്കാരി സ്ത്രീയ്ക്ക് അവന്റെ വസ്ത്രവിളുമ്പില്‍നിന്നും സൗഖ്യം കിട്ടി. അവന്റെ വസ്ത്രം ഭാഗിച്ച് സ്വന്തമാക്കിയവര്‍ക്കോ വിശ്വാസമില്ലാത്തതുകൊണ്ട് ഒന്നും കിട്ടിയില്ല. അവന്റെകൂടെ യാത്ര ചെയ്താല്‍ മാത്രം പോര. അവന്‍ നമുക്കും മറ്റുള്ളവര്‍ക്കുംവേണ്ടി മഞ്ഞായ് പെയ്തിറങ്ങിയതും അപരനെ കുളിരണിയിച്ചതും നമുക്ക് ധ്യാനിക്കാന്‍ കഴിയണം.
എന്തുകൊണ്ടാണ് ആ രോഗിയെ ആരും സഹായിക്കാതെ കടന്നുപോയത് എന്നതിന്റെ വ്യാഖ്യാനം പറയുന്നത് അവനും അവന്റെ കുടുംബവും മറ്റുള്ളവര്‍ക്കുവേണ്ടി ഒരു നന്മയും ചെയ്യാതിരുന്നതുകൊണ്ടാണത്രേ. ഒരു കുഞ്ഞു സഹായമെങ്കിലും രോഗം വരുമുമ്പ് അയാള്‍ ചെയ്തിരുന്നെങ്കില്‍ അയാളെ വെള്ളമിളകുമ്പോള്‍ എടുത്തു കിടത്താനും കുളത്തിലേക്കിറക്കാനും ആരെങ്കിലുമൊക്കെ വന്നേനെ എന്ന് മാനുഷികമായിപ്പോലും ചിന്തിക്കുമ്പോള്‍ നമുക്ക് മനസിലാകുന്നുണ്ട്.

അപരനാത്മ സുഖത്തിനുവേണ്ടി മഞ്ഞാവാനാണ് പുലരിമഞ്ഞ് പഠിപ്പിക്കുന്നത്. ക്രിസ്തുവിനൊപ്പം യാത്ര ചെയ്യുന്നവര്‍ നിശ്ചയമായും അപരനെ തൊടാതെ കടന്നുപോവില്ല. എനിക്ക് ഒരു ഹൈന്ദവ സുഹൃത്തുണ്ട്, പേര് അനുരാജ്. എന്തുകൊണ്ടാണ് അവനെ ഈ കുറിപ്പെഴുതുമ്പോള്‍പോലും ഓര്‍ക്കുന്നു എന്നുചോദിച്ചാല്‍ ഒരേ ഒരു ഉത്തരമേ പറയാനുള്ളൂ. അവനില്‍ ക്രിസ്തുവിന്റെ സുഗന്ധമായിരുന്നു. അവന്‍ എന്നില്‍ ഒരുനാള്‍ മഞ്ഞായ് പെയ്തിട്ടുണ്ട്.
സംഭവം നടക്കുന്നത് ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. സ്‌കൂള്‍ യൂണിഫോം ഇല്ലാത്തതുകൊണ്ട് ജൂണ്‍ മാസം തുടങ്ങി എന്നും ഞാന്‍ ക്ലാസിനു പുറത്തായിരുന്നു. യൂണിഫോം ധരിച്ച് ക്ലാസില്‍ വന്നാല്‍ മതി എന്ന ക്ലാസ്ടീച്ചറുടെ ഭീഷണിയൊന്നും എനിക്കോ എന്റെ കുടുംബത്തിനോ ബാധകമായിരുന്നില്ല. മൂന്നുനേരം കഞ്ഞിയും പയറുംപോലും കഴിക്കാനില്ലാത്ത ഞങ്ങളുടെ കുടുംബത്തിന് യൂണിഫോം ഒരു അവശ്യഘടകമായിരുന്നില്ല. എങ്കിലും സ്‌കൂളില്‍ പോകാനുള്ള കൊതികൊണ്ട് എന്നും കീറിയ ഷര്‍ട്ടും നിക്കറും ധരിച്ചാണ് പോയിരുന്നത്.

ജൂണ്‍ മാസം മുഴുവന്‍ ക്ലാസ്‌റൂമിന് പുറത്തുനിന്ന് പഠിച്ച എന്റെ അടുത്തേക്ക് ഒരു ദിവസം പുഞ്ചിരിക്കുന്ന മുഖവുമായി അനുരാജ് എന്ന സഹപാഠി വന്നു. അവന്റെ കൈയിലുണ്ടായിരുന്ന കുറച്ച് രൂപ തന്ന് ഇങ്ങനെ പറഞ്ഞു: പൂരത്തിന് കളിപ്പാട്ടം വാങ്ങാനും ഐസ്‌ക്രീം വാങ്ങാനും എന്റെ ബന്ധുക്കള്‍ തന്ന പൈസയാണിത്. പക്ഷേ ഞാന്‍ അതൊന്നും വാങ്ങിയില്ല. ഈ പണം കൊണ്ട് നീ യൂണിഫോം വാങ്ങണം.
നീ പുറത്തുനിന്ന് മഴ നനയുമ്പോള്‍ ഞാന്‍ എങ്ങനെയാണ് അകത്തിരുന്ന് ക്ലാസ് ശ്രദ്ധിക്കുക. ഇത്രയും പറഞ്ഞ് അവന്‍ ആ പൈസ എന്റെ പോക്കറ്റിലിട്ട് കടന്നുപോയി. അവന്‍ ഏല്‍പിച്ച തുകകൊണ്ട് പിറ്റേന്ന് യൂണിഫോം വാങ്ങി ക്ലാസിലിരിക്കുമ്പോള്‍ എന്നില്‍ മഞ്ഞു പെയ്യുന്നുണ്ടായിരുന്നു.

ഇനി നമ്മുടെ ഊഴമാണ്; നീയും ഞാനും അപരന് മഞ്ഞനുഭവമാണോ അതോ കനല്‍ അനുഭവമാണോ സമ്മാനിക്കുന്നത്? സമീപ വാര്‍ത്തകളെല്ലാം നമ്മെ ഇന്ന് വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. മഞ്ഞാവാന്‍ ആര്‍ക്കും ഒഴിവും കഴിവുമില്ലാതെയാവുന്നു. സ്വന്തം കുടുംബാംഗങ്ങള്‍ക്കുപോലും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുന്ന അമ്മമാരും കുഞ്ഞുപെങ്ങളുടെ ശരീരം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത് കീശ നിറയ്ക്കുന്ന ആങ്ങളമാരും ജീവിതപങ്കാളിക്ക് നല്‍കേണ്ട ശരീരം ആര്‍ക്കും കടിച്ച് വലിച്ച് തിന്നാന്‍ ഇട്ടുകൊടുക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരും അധികാരത്തിന്റെ ലഹരി പിടിച്ച നേതാക്കളും നാട്ടില്‍ കനല്‍ക്കല്ലുകളാണ് വര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. പുല്‍ക്കൂട്ടിലെ ഉണ്ണിയെ ധ്യാനിച്ച് മഞ്ഞനുഭവങ്ങള്‍ നമുക്ക് സ്വന്തമാക്കാം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?